ആശുപത്രിയിലെ ഒ.പിയിലെ തിരക്കിനിടയിലേക്കാണ് ആ കോൾ വന്നത്. ”അച്ചന്റെ വീട് കത്തിക്കൊണ്ടിരിക്കുകയാണ്. ഞങ്ങൾ വാതിൽ പൊളിച്ച് അകത്ത് കടക്കാൻ പോവുകയാണ്.” അയൽപക്കത്തെ ബന്ധുവാണ് വിളിക്കുന്നത്. വേറെയൊന്നും ആലോചിച്ചില്ല. പൊളിച്ചോളൂ എന്ന് മാത്രം പറഞ്ഞു. ഫോൺ കട്ടായി. ഇരുപത് മിനിറ്റിനുശേഷം വീട് കത്തുന്നുവെന്ന് കേട്ട് ഓടിച്ചെന്ന ഇളയ സഹോദരനും വൈദികനുമായ മത്തായിയച്ചന്റെ ഫോൺ കോൾ വന്നു. ”ഇവിടെ നിറച്ച് പുകയും കരിയുമാണ്. ഒന്നും കാണാൻ പറ്റുന്നില്ല, എല്ലാം കത്തിപ്പോയി എന്ന് തോന്നുന്നു.” അര മണിക്കൂർകൂടി കഴിഞ്ഞപ്പോൾ വാട്സ് ആപ്പിൽ വീഡിയോ വന്നു.
എന്നും ഓർമകളിൽ നിറഞ്ഞുനിന്ന തിരുഹൃദയത്തിന്റെ രൂപവും പ്രാർത്ഥനാസ്ഥലവും. ചെറുപ്പം മുതലേ ഞങ്ങൾ മക്കൾ മൂന്നുപേർക്കും ലഭിച്ച ചെറുതും വലുതുമായ സമ്മാനങ്ങളും തിരുപ്പട്ട സ്വീകരണത്തിന്റെ ചിത്രങ്ങളുമെല്ലാം ഒരുപിടി ചാരംമാത്രം. സംഭവം കേട്ട് തങ്ങൾ സംബന്ധിച്ചുകൊണ്ടിരുന്ന വിവാഹച്ചടങ്ങ് വിട്ട് മടങ്ങിവന്നുകൊണ്ടിരുന്ന മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെട്ട് എല്ലാം പറഞ്ഞുതീരുന്നതിനുമുമ്പേ ഇങ്ങോട്ട് മറുപടി വന്നു: പഴയ നിയമത്തിലെ ജോബിനെപ്പോലെ പറയാം. ദൈവം തന്നു, ദൈവം എടുത്തു. അവിടുത്തെ നാം മഹത്വപ്പെടട്ടെ.
മൂന്നു മക്കളിൽ രണ്ടുപേർ കപ്പൂച്ചിൻ സഭയിലെ വൈദികർ. മാതാപിതാക്കൾ രണ്ടുപേരും പ്രാർത്ഥനാകൂട്ടായ്മയിലും ഇടവക മതബോധനരംഗത്തും മറ്റു സംഘടനകളിലും സജീവപ്രവർത്തകർ. ദിവ്യബലിയും കുടുംബപ്രാർത്ഥനയും മുടക്കാത്തവർ. ചിലരെങ്കിലും ഉള്ളിൽ ചോദിച്ചിരിക്കാം – എന്തുകൊണ്ട് ഇവർക്ക് ഇങ്ങനെ സംഭവിച്ചു? കുടുംബത്തിൽ ആരും ഇത് മുൻജന്മശാപമാണെന്നോ ദൈവികശിക്ഷയാണെന്നോ ഞങ്ങൾ ചെയ്ത തെറ്റുകളുടെ ശിക്ഷയാണെന്നോ വ്യാഖ്യാനിച്ചിട്ടില്ല.
ഉൾക്കാഴ്ചകൾ
അപ്രതീക്ഷിതമായ അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, രോഗങ്ങൾ, മരണം… എന്തുകൊണ്ട്? ഒരിക്കലും ഉത്തരം കിട്ടാൻ പോകാത്ത ദൈവശാസ്ത്രപരവും തത്വശാസ്ത്രപരവുമായ വളരെ ലളിതമായ ചോദ്യമാണ്. പക്ഷേ ഒരു കാര്യം തീർച്ചയാണ് – എല്ലാ തിന്മകളിൽനിന്നും നന്മ ഉളവാക്കാൻ പറ്റുന്ന ദൈവത്തിന്റെ പൈതലാണ് ഞാൻ എന്ന് കരുതുന്നവർക്ക് ഇത്തരം അനിഷ്ടസംഭവങ്ങളെ ശാന്തമായി നേരിടാൻ കഴിയും. തന്നെ സ്നേഹിക്കുന്നവർക്ക്, തന്റെ പദ്ധതി അനുസരിച്ച് വിളിക്കപ്പെട്ടവർക്ക് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കും എന്നാണല്ലോ വചനം.
എല്ലാ പ്രതിസന്ധികളും ചില ഉൾക്കാഴ്ചകൾ നമുക്ക് നല്കുന്നുണ്ട്. പ്രതിസന്ധികളിൽ നമ്മുടെ വിശ്വാസത്തിന്റെ മാറ്റാണ് ആദ്യം ഉരച്ചു നോക്കപ്പെടുന്നത്. അനുദിനം പ്രാർത്ഥിച്ചതുകൊണ്ട്, വിശ്വാസത്തിന്റെ നല്ല ജീവിതം നയിച്ചതുകൊണ്ട് എന്റെ ഈലോകത്തിലെ ജീവിതയാത്ര വളരെ സുഖപ്രദവും ആയാസകരവുമായിരിക്കുമെന്ന് കരുതാനാവില്ല. പാറപ്പുറത്ത് ഭവനം പണിത വിവേകമതിയായ മനുഷ്യനെപ്പോലെ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോഴാണ് ഒരുവന്റെ ദൈവാശ്രയബോധത്തെക്കുറിച്ച് ലോകം അറിയുന്നത്.
കാറ്റിലും കോളിലുംപെട്ട് ഉലയുന്ന വഞ്ചിയിൽ ശാന്തമായി തലയിണവച്ച് ശിശുവിനെക്കണക്ക് ഉറങ്ങുന്ന ക്രിസ്തുവിനെപ്പോലെ ശാന്തമായി അനുദിന ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടാൻ നമുക്കാകുന്നുണ്ടോ? എങ്കിൽ ഉറപ്പിക്കാം ദൈവത്തിന്റെ പ്രിയപ്പെട്ട പൈതലാണെന്ന് ആഴത്തിൽ ബോധ്യമുള്ള വ്യക്തിയാണ് ഞാനെന്ന്. എന്റെ പിതാവറിയാതെ ഒരു തലമുടി ഇഴപോലും നിലത്തു വീഴുന്നില്ല എന്ന് ഉറപ്പുള്ള പൈതൽ (ലൂക്കാ 12:7).
ഈ ലോകജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് ഏറെ കാര്യങ്ങൾ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തിൽ വന്നുചേരുന്ന അനർത്ഥങ്ങളും വ്യാധികളും നമ്മെ പഠിപ്പിക്കുന്നുണ്ട്. നമ്മുടെയൊക്കെ അനുദിന ജീവിതം കണ്ടാൽ ഈ ലോകത്തെ സ്ഥിരതാമസക്കാരാണ് നമ്മൾ എന്ന് തോന്നിപ്പോകും. സമ്പാദിച്ചു കൂട്ടുന്ന കോടികളുടെ ബാങ്ക് ബാലൻസുകൾ, പണിയുകയും വീണ്ടും വീണ്ടും പുതുക്കി പണിയുകയും ചെയ്തുകൊണ്ടിരിക്കുന്ന ആഡംബര പൂർണമായ വീടുകൾ, ജന്മദിനം, വിവാഹവാർഷികം, മനഃസമ്മതം, കുർബാനസ്വീകരണം തുടങ്ങി പ്രധാനവും അപ്രധാനവുമായ ചെറുതും വലതുമായ ആഘോഷങ്ങൾ…
ഇങ്ങനെ പരലോകചിന്തയില്ലാതെ ജീവിക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന ചില നഷ്ടങ്ങളും തകർച്ചകളും ഈ ലോകം നശ്വരമാണെന്നും ഇവയെല്ലാം ഉപേക്ഷിച്ച് ദൈവസന്നിധിയിൽ പോകേണ്ടവരാണ് നമ്മളെന്നു മുള്ള അവബോധം നമുക്ക് തരുന്നുണ്ട്. പലപ്പോഴും സ്വന്തം ആത്മരക്ഷയെക്കുറിച്ചുള്ള തീക്ഷ്ണത പലർക്കും വരുന്നത് ചില പ്രതിസന്ധികളിൽ ജീവിതം വഴിമുട്ടി നില്ക്കുമ്പോഴാണ്.
ഊഷ്മളത അറിയുന്നതിന്
നമ്മുടെ കുടുംബബന്ധങ്ങളുടെയും സുഹൃദ്വലയത്തിന്റെയും ഊഷ്മളത നമ്മൾ അറിയുന്നത് നമുക്ക് വ്യക്തിപരമായോ കുടുംബപരമായോ ചില അനിഷ്ടങ്ങൾ സംഭവിക്കുമ്പോഴാണ്. അപകടകാലത്ത് കൂടെ നില്ക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത് എന്ന് നമ്മൾ പറയാറുണ്ടല്ലോ. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ നമ്മളെ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നവരുടെ സ്നേഹം അനുഭവിക്കുമ്പോൾ ഞാൻ ഇത്രയേറെ സ്നേഹത്തിന് അർഹനാണോ എന്നും ഇവർക്കൊക്കെ ഇത്രയേറെ സ്നേഹം ഉള്ളിലുണ്ടായിരുന്നോ എന്നും നമ്മൾ മനസിലാക്കുന്നു. നമുക്ക് ചുറ്റും പ്രാർത്ഥനയുടെ ഒരു വലയം തീർത്ത് ദൈവസന്നിധിയിൽ മാധ്യസ്ഥ്യം വഹിക്കുന്നവരെ കണ്ട് കണ്ണു നിറഞ്ഞുപോകുന്നതും ഇത്തരം സന്ദർഭങ്ങളിലാണ്.
ഒരു ക്രിസ്തുശിഷ്യനെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികൾ ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് ദൈവികപദ്ധതികളുടെ തുടക്കമാണ്. എല്ലാവിധ തിന്മയുടെ സാഹചര്യങ്ങളിലും നന്മയുളവാക്കാൻ കഴിവുള്ള ദൈവത്തിലുള്ള വിശ്വാസം പ്രതിസന്ധികൾക്കുമീതെ കഴുകനെപ്പോലെ ചിറകടിച്ചുയരുവാൻ നമ്മെ സഹായിക്കും (ഏശയ്യാ 40:31). പ്രതിസന്ധിഘട്ടങ്ങളിൽ ഒരു ക്രിസ്ത്യാനി ചോദിക്കുന്നത് എന്തുകൊണ്ട് എന്നായിരിക്കുകയില്ല. മറിച്ച് പരിശുദ്ധ അമ്മ ചോദിച്ചതുപോലെ എങ്ങനെ എന്നായിരിക്കും. അപ്പോൾ നമ്മുടെ ഉള്ളിൽ ഒരു മൃദുമന്ത്രണം കേൾക്കും. നിന്റെയുള്ളിലുള്ള എന്റെ ആത്മാവിന്റെ ചൈതന്യം ഇത് നിറവേറ്റുമെന്ന്.
ഫാ. ഡോ. ദേവ് അഗസ്റ്റിൻ അക്കര