ഒരിക്കൽ ഒരു സഹോദരി വലിയ വിലാപത്തോടെ പ്രാർത്ഥനാസഹായം ചോദിക്കാനെത്തി. കരച്ചിലടക്കി സഹോദരി പറഞ്ഞു: ബ്രദർ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ കടുകുപാത്രം താഴെവീണ്, കടുക് നിലത്തുപോയി. ഞാൻ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: സാരമില്ല, കടുക് അടിച്ചുവാരി പുറത്ത് കളഞ്ഞാൽ പ്രശ്‌നം തീർന്നല്ലോ. അപ്പോൾ അവൾ വീണ്ടും കരഞ്ഞുകൊണ്ട് പറഞ്ഞു: പുറത്ത് കളഞ്ഞാൽ പ്രശ്‌നം വീണ്ടും വഷളാകും. കടുക് പുറത്ത് കിടന്ന് മുളച്ചാൽ ഭർത്താവ് തെറ്റിപ്പിരിയുമെന്നും ആ ബന്ധം തകരുമെന്നുമാണ് പാരമ്പര്യ വിശ്വാസമെന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ വിസ്മയിച്ചുപോയി.
സ്വന്തമാക്കേണ്ട തിരിച്ചറിവ്
ദൈവം മനുഷ്യന് നല്കുന്ന അധികാരത്തെയും പദവിയെയുംകുറിച്ച് തിരിച്ചറിവ് ലഭിക്കുമ്പോൾ മാത്രമേ ഒരു യഥാർത്ഥ ക്രിസ്ത്യാനിയും കരുത്തുള്ള വിശ്വാസിയും ജന്മമെടുക്കുകയുള്ളൂ. വിശുദ്ധ റീത്തായുടെ വാക്കുകൾ ശ്രദ്ധേയമാണ്: ”നീ ആരാണെന്ന് നീ അറിഞ്ഞിരുന്നെങ്കിൽ നീ ലോകത്തെ തകിടം മറിക്കുന്നവൻ ആകുമായിരുന്നു.” യേശുവിന്റെ ശിഷ്യസമൂഹത്തെ ശ്രദ്ധിക്കുക. അവർ തീർത്തും സാധാരണക്കാരായിരുന്നു. നിരക്ഷരരും മുക്കുവരുമായ അവർ കർത്താവിന്റെ സ്വന്തമായപ്പോൾ, അവർ ചെന്നെത്തിയ ദേശങ്ങളിലെല്ലാം ജനം അവരെക്കുറിച്ച് ബഹുമാനത്തോടും ഭയത്തോടുംകൂടെ പറഞ്ഞു: ‘ഇതാ ലോകത്തെ തല കീഴായ് മറിക്കുന്നവർ ഇവിടെയും വന്നിരിക്കുന്നു.’ ദൈവശക്തി നിറഞ്ഞ അവരോട് ചേരാൻ, അടുക്കാൻ പലരും ഭയപ്പെട്ടു. അവർ വേറിട്ടവരായി ജീവിച്ചു. ലോകത്തിലുള്ള ഒന്നിനെയും അവർ ഭയപ്പെട്ടില്ല. മരണത്തിനും അവരെ തോല്പിക്കാൻ കഴിഞ്ഞില്ല. ലോകത്തെയും ജഡത്തെയും പിശാചിനെയും അവർ കാൽക്കീഴിലാക്കി.
എന്നാൽ ഈ ആധുനിക ലോകത്തിൽ ഒരു വിശ്വാസി എന്ന് അഭിമാനിക്കുന്ന നമ്മുടെയും ക്രൈസ്തവ സമൂഹത്തിന്റെയും അവസ്ഥ എന്താണ്? നമ്മെ നോക്കി, നമ്മുടെ ചുറ്റുപാടുമുള്ളവർ എന്താണ് പറയുന്നത്? നമ്മുടെ ചുറ്റുപാടുമുള്ള സകലതും സകലരും നമ്മെ ഭയപ്പെടുത്തുന്നു. സത്യത്തിൽ ഈ ഭൂമിയിലുള്ള എല്ലാറ്റിനെയും നയിക്കുവാനും നിയന്ത്രിക്കുവാനും അധികാരമുള്ളവർ ഇന്ന് ചുറ്റുപാടുകളെ ഭയപ്പെട്ട് ഒരു ഭീരുവിെനപ്പോലെ ജീവിക്കുന്നു.
ഇന്ന് രോഗവും മരണവും പിശാചും ആഭിചാരക്രിയകളും ക്രിസ്തുപീഡകരും സകല ജീവജ്വാലങ്ങളും നമ്മെ ഭയപ്പെടുത്തുന്നു, നമ്മെ ഭരിക്കുന്നു. എന്തിനേറെ, ധ്യാനങ്ങളും ആത്മീയ അറിവുകളും നാം സ്വന്തമാക്കിയിട്ടും കൈനോട്ടം, നക്ഷത്രഫലം, രാഹുകാലം, മനുഷ്യരുടെ ശാപവാക്കുകൾ, കരിനാക്ക് എന്നിങ്ങനെ… ഈ ലോകത്തിന്റേതായ ഒട്ടനവധി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നമ്മെ ഇന്നും സ്വാധീനിക്കുന്നു അഥവാ നാം വിശ്വസിക്കുന്നു. ഈ കാലഘട്ടത്തിന്റെ മറ്റൊരു ദുരവസ്ഥ പിശാചിനെയും അവന്റെ തിരിച്ചടികളെയും ഭയപ്പെട്ട് ശുശ്രൂഷാജീവിതത്തിൽപോലും ഒതുങ്ങിക്കൂടുന്നവരും പ്രാർത്ഥനാജീവിതം (നവീകരണം) അവസാനിപ്പിക്കുന്നവരും ഏറിവരുന്നു എന്നതുമാണ്.
യേശുവിന്റെ പരമാധികാരത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ദൈവം മനുഷ്യന് നല്കുന്ന അധികാരത്തെയും പദവിയെയുംകുറിച്ചുള്ള അജ്ഞതയുമാണ് ഇതിനെല്ലാം പിന്നിൽ എന്ന് നമുക്ക് മനസിലാക്കാൻ കഴിയും. ഏശയ്യാപ്രവചനം 5:13-ൽ നാം വായിക്കുന്നു: ”എന്റെ ജനം അജ്ഞത നിമിത്തം അടിമതത്തത്തിലേക്ക് നീങ്ങുന്നു.” അജ്ഞത വലിയൊരു അടിമത്തമാണ്. വിശുദ്ധ ലിഖിതവും ദൈവത്തിന്റെ ശക്തിയും അറിയാത്തതുമൂലം നമുക്ക് തെറ്റു പറ്റുന്നു എന്ന് ഈശോ പറഞ്ഞുതരുന്നു.
ആരാണ് മനുഷ്യൻ?
സങ്കീർത്തനം എട്ടാം അധ്യായം അഞ്ചാം വാക്യത്തിൽ നാം വായിക്കുന്നു: ”അവിടുന്ന് അവനെ ദൈവദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി. മഹത്വവും ബഹുമാനവുംകൊണ്ട് അവനെ മകുടമണിയിച്ചു. അങ്ങ് സ്വന്തം കരവേലകൾക്കുമേൽ അവന് ആധിപത്യം നല്കി; എല്ലാറ്റിനെയും അവന്റെ പാദത്തിൻകീഴിലാക്കി.” ജ്ഞാനം 9:2-3, ഉൽപത്തി 1:28 വചനങ്ങളും നമ്മെ പഠിപ്പിക്കുന്നത് സത്യത്തിൽ നാം ആരാണ് എന്ന പരമമായ അറിവാണ്. ദൈവദൂതനോളം മഹത്വമുള്ളവനായി ദൈവം തന്റെ സാദൃശ്യത്തിൽ എന്നെയും നിങ്ങളെയും സൃഷ്ടിച്ചു. എല്ലാ സൃഷ്ടികളുടെയും മകുടമാണ് മനുഷ്യൻ. ഈ ഭൂമിയിൽ മറ്റെല്ലാ സൃഷ്ടികളും മനുഷ്യനുവേണ്ടിയാണ് ദൈവം സൃഷ്ടിച്ചത്. ഈ ലോകത്തിലുള്ള സകലതിനെയും നയിക്കാനും നിയന്ത്രിക്കാനുമുള്ള അധികാരമാണ് എന്റെ ദൈവം എനിക്ക് നല്കിയിരിക്കുന്നത്. അതാണ് ദൈവസ്‌നേഹത്തിന്റെ പാരമ്യം. പ്രഭാഷകൻ 17:1-13 ഇതെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. 2-3: ”ഭൂമിയിലുള്ള സകലത്തിന്റെയുംമേൽ അവർക്ക് അധികാരം കൊടുത്തു. അവിടുന്ന് അവർക്ക് തന്റെ ശക്തിക്ക് സദൃശമായ ശക്തി നല്കുകയും തന്റെ സാദൃശ്യത്തിൽ അവരെ സൃഷ്ടിക്കുകയും ചെയ്തു.”
നമ്മിലെ ശക്തി
1 യോഹന്നാൻ 4:4-ൽ നാം പഠിക്കുന്നു ”നിങ്ങളുടെ ഉള്ളിലുള്ളവൻ ലോകത്തിലുള്ളവനെക്കാൾ വലിയവനാണ്.” ലോകത്തിലുള്ള സകല ശക്തിക്കും അതീതമായ ശക്തി നമ്മിൽ വസിക്കുമ്പോൾ ലോകവും നമ്മുടെ ചുറ്റുപാടുമുള്ള സകലതും നമ്മെ ഭയപ്പെടും.
ഈ ശക്തിവിശേഷം വിശ്വസിക്കുന്ന ഏതൊരു മനുഷ്യനിൽനിന്നും ചുറ്റുപാടുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കും. അതാണ് അന്നും ഇന്നും യേശുനാമത്തിൽ അനേകർ പ്രാർത്ഥിക്കുമ്പോൾ രോഗികൾ സുഖപ്പെടുന്നു, പിശാചുക്കൾ ബഹിഷ്‌കരിക്കപ്പെടുന്നു, മരിച്ചവർ എഴുന്നേല്ക്കുന്നു. സഭാചരിത്രത്തിൽ അനേകം മരിച്ചവർക്ക് ജീവൻ നല്കിയ വിശുദ്ധരെക്കുറിച്ച് നാം വായിക്കുന്നു. വെള്ളത്തിനുമീതെ നടന്നവരും തീയിൽ നശിക്കാത്തവരും ഏറെയാണ്. ചില വിശുദ്ധർ ദേശങ്ങളിൽ കാലു കുത്തിയപ്പോൾ തിന്മ ആ ദേശങ്ങളിൽനിന്ന് പലായനം ചെയ്തു. ഇത് ചുരുക്കം ചില വ്യക്തികൾക്കുമാത്രം കൈവരുന്ന ശക്തിയല്ല. മറിച്ച് യേശുക്രിസ്തുവിനെ രക്ഷിതാവും നാഥനുമായി സ്വീകരിക്കുന്ന സകലർക്കും ലഭ്യമാകുന്ന അഭിഷേകമാണ്, അവകാശമാണ്. യേശു പറഞ്ഞു, എന്നിൽ വിശ്വസിക്കുന്നവൻ ഞാൻ ചെയ്തതിലും വലിയ കാര്യങ്ങൾ ചെയ്യും.
അഭിഷിക്ത വൈദികരും ശുശ്രൂഷകരും ആദികാലംമുതൽ വന്യമൃഗങ്ങളെയും കാട്ടാനകളെയും വിലക്കി നമ്മുടെ കൃഷിയിടങ്ങളെ സംരക്ഷിച്ചത് ഇതുകൊണ്ടാണ്. മനുഷ്യനെക്കാൾ ശക്തിയും വലിപ്പവുമുള്ള ആനകളെയും മറ്റു വന്യമൃഗങ്ങളെയുമെല്ലാം ഒരു ആയുധംപോലുമില്ലാതെ മനുഷ്യൻ വളർത്തുന്നതും നിയന്ത്രിക്കുന്നതും ശ്രദ്ധിക്കുമ്പോൾ ഈ സത്യമാണ് പരിശുദ്ധാത്മാവ് നമ്മെ ഓർമ്മിപ്പിക്കുന്നത്.
അതെ, ഇന്ന് ഭയപ്പെടുന്ന ഒരു ശക്തിക്കും ഒരു പിശാചിനും ഒരു അന്ധവിശ്വാസത്തിനും ഒരു സഹനത്തിനും എന്നെ തോല്പിക്കാൻ സാധ്യമല്ല. ദൈവത്തിന്റെ ഇസ്രായേലും യാക്കോബുമായ നമുക്ക് മന്ത്രവാദമോ കൂടോത്രമോ ഫലിക്കയില്ല (സംഖ്യ 23:23). ശത്രുവിന്റെ സകല ശക്തികൾക്കും മീതെ അജയ്യരായി ചവിട്ടി നടക്കാൻ (ലൂക്കാ 10:19) നമ്മുടെ കർത്താവ് അധികാരം തന്നിരിക്കുന്നു. യാതൊന്നും എന്നെ ഉപദ്രവിക്കുകയില്ല. നമുക്കും വിശ്വാസത്തോടെ പറയാം, എന്നെ സൃഷ്ടിച്ച എന്റെ കർത്താവിനല്ലാതെ മറ്റാർക്കും എന്നെ തോല്പിക്കാൻ കഴിയില്ല (ജോബ് 40:19). സൃഷ്ടിച്ചവനുമാത്രമേ തോല്പിക്കാൻ കഴിയൂ.
മാത്യു ജോസഫ്