ചൂട്ടുമാത്രം മതിയോ?

വിളക്കിൽനിന്ന് ചൂട്ടിലേക്ക് തീ പിടിപ്പിച്ച് അമ്മ അത് അടുപ്പിലേക്ക് വച്ചു. എന്നിട്ട് അതിനു മുകളിൽ വിറകു വയ്ക്കുകയാണ്. അതുകണ്ട് കുട്ടൻ ചോദിച്ചു: ”എന്തിനാണ് ചൂട്ടിനു മുകളിൽ വിറകടുക്കുന്നത്?”
”ചൂട്ടുമാത്രമായാൽ അത് പെട്ടെന്നു കത്തിത്തീരില്ലേ? അതിനാലാണ് വിറകു വയ്ക്കുന്നത്”
അമ്മയുടെ മറുപടി കേട്ട കുട്ടന് വീണ്ടും സംശയം, ”എന്നാൽപ്പിന്നെ ആദ്യമേ വിറകിൽ തീ പിടിപ്പിച്ചാൽപ്പോരേ?”
”വിളക്കിന്റെ നാളത്തിൽനിന്ന് വിറകിൽ തീ പിടിപ്പിക്കാനാവില്ല. അതുകൊണ്ടാണ് ആദ്യം ചൂട്ടിലേക്കും പിന്നെ ചൂട്ടിൽനിന്ന് വിറകിലേക്കും തീ പിടിപ്പിക്കുന്നത്. മാത്രവുമല്ല വിറകിലെ തീ ഏറെ നേരം കത്തുകയും ചെയ്യും” അമ്മ കുട്ടന്റെ സംശയം തീർത്തുകൊടുത്തു.
നമ്മുടെ ആധ്യാത്മികജീവിതം ആളിക്കത്തുന്നത് അനുഭവങ്ങളിലൂടെയാണ്. അത്ഭുതങ്ങളും രോഗശാന്തിയുമെല്ലാം ചൂട്ടുപോലെയേ ഉള്ളൂ. ഭക്തിയുടെ പ്രാഥമികഭാവങ്ങളാണവ. ആ തീയിൽ ആധ്യാത്മികതയുടെ ഗൂഢഭാവങ്ങളാകുന്ന വിറകടുക്കിയില്ലെങ്കിൽ ചൂട്ടുപോലെ എരിഞ്ഞടങ്ങിത്തീരും. ദൈവവുമായുള്ള സംസർഗം കൂടുതൽ ദൃഢമാക്കാനായി യത്‌നിക്കണം. വിറകടുക്കുന്നതുപോലെയാണത്. എങ്കിലേ പുതിയ സൃഷ്ടികളാക്കുന്ന നിലനില്ക്കുന്ന ദൈവാനുഭവം സ്വന്തമാക്കാനും ശോഭിക്കാനും കഴിയൂ.

Leave a Reply

Your email address will not be published. Required fields are marked *