കണക്കുകൂട്ടൽ പിഴയ്ക്കുമ്പോൾ ഓർക്കാൻ

കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്. ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. നല്ല മുഹൂർത്തം. മൂന്നാം ദിവസം. നല്ല അതിഥികൾ. യേശുവും മറിയവും ശിഷ്യന്മാരും പരിസരവാസികളും. നല്ല വധൂവരന്മാർ. ദൈവഭക്തിയുള്ള കുടുംബം. എന്നിട്ടും എന്തൊക്കെയോ പിശകി. അഞ്ഞൂറ് പേരെ കല്യാണം വിളിച്ചിട്ട് ആരും മുന്നൂറുപേരുടെ സദ്യയുണ്ടാക്കില്ല. മുന്നൂറുപേരെ വിളിച്ചിട്ട് നൂറുപേരുടെയും ഉണ്ടാക്കില്ല. പക്ഷേ, കണക്കുകൂട്ടലുകൾ തെറ്റി. എല്ലാ ഒരുക്കങ്ങളും നടത്തിയാലും വിശുദ്ധ കുടുംബമായിരുന്നാലും ചിലപ്പോൾ പിശകുകൾ വരാം.

യഥാർത്ഥത്തിൽ കാനായിൽ കണക്കുതെറ്റിയതല്ല, തെറ്റിച്ചതാണ്. ചിലതു നിവർത്തിതമാകാൻ ഇങ്ങനെയൊക്കെ ചില പിശകുകൾ ഉണ്ടാകണം. സകല ഒരുക്കങ്ങൾക്കുശേഷവും ജീവിതത്തിൽ ചിലത് മങ്ങിപ്പോകുന്നുവെങ്കിൽ, തെറ്റിപ്പോകുന്നുവെങ്കിൽ അത് അവിടുത്തെ പ്രവൃത്തിതന്നെ. കാനായിൽ മറിയത്തിന് ചിലത് പറയാനുണ്ട്. ഈശോയ്ക്ക് ചിലത് പ്രവർത്തിക്കാനുണ്ട്. അവർക്ക് ചിലത് തയാറാക്കാനുമുണ്ട്. ഇന്ന് അതിന്റെ രഹസ്യം നാമറിയുന്നുണ്ട്. എന്നിട്ടും, നമ്മുടെ ചില പദ്ധതികൾ തകരുമ്പോൾ നാം ഇത്രയേറെ ക്ഷുഭിതരാകുന്നതെന്തേ?

നമ്മുടെ കൊച്ചുകൊച്ചു സ്വപ്നഗോപുരങ്ങൾ തകരുമ്പോൾ ആവശ്യത്തിലേറെ പരിഭവം വേണ്ട. അതു തകർന്നെങ്കിലേ, അവന്റെ ഉന്നതമായ സ്വപ്നം നമ്മിൽ സംഭവിക്കൂ. കാനായിൽ നടന്ന കല്യാണത്തിന് വീഞ്ഞു തീർന്നതിനൊപ്പം ആ കുടുംബത്തിന്റെ അഭിമാനവും സൽപേരും ഒക്കെ നഷ്ടമായി. ശരിയാണ്, ഏഴുനാൾ നീണ്ടുനില്ക്കുന്ന യഹൂദകല്യാണത്തിൽ വീഞ്ഞ് തീർന്നുപോകാൻ പാടില്ല. പക്ഷേ, അന്നത് തീർന്നുപോയതിനാലാണ് ഇന്നും കാനായിലെ വീട് ഓർമിക്കപ്പെടുന്നത്. സ്മാരകമാകാനും ശ്രേഷ്ഠമാകാനും ചിലതെല്ലാം തകിടം മറിയണം.
നിന്റെ ജീവിതത്തിന്റെ വിരുന്നുമേശകളിൽ ചില കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നുണ്ടെങ്കിൽ ഓർക്കുക, അവിടെ മറിയത്തിന് ചിലത് പറയാനുണ്ട്, ഈശോയ്ക്ക് ചിലത് പ്രവർത്തിക്കാനുണ്ട്, ചിലത് ഒരുക്കാനുമുണ്ട്.

റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *