ഒരു സിനിമാക്കഥ

‘ഡിസയർ ഓഫ് ദ എവർലാസ്റ്റിംഗ് ഹിൽസ്’ എന്ന ശീർഷകത്തിൽ അറിയപ്പെടുന്ന ഒരു സിനിമയുണ്ട്. നിരീശ്വരവാദികളും സ്വവർഗഭോഗികളുമായ മൂന്ന് ചെറുപ്പക്കാരുടെ മാനസാന്തരകഥയാണിത്. അവരിൽ ഒരുവൻ, പോൾ എന്നാണവന്റെ പേര്. എങ്ങനെയാണ് ഈ നിലനില്ക്കുന്ന ദൈവാനുഭവത്തിലേക്ക് കടന്നുവരുവാൻ ഇടയായത് എന്ന് വിവരിക്കുന്നുണ്ട്.

ഒരു ദിവസം പോൾ നമ്മളൊക്കെ സാധാരണ ചെയ്യാറുള്ളതുപോലെ റിമോട്ട് കൺട്രോൾ കൊണ്ട് ചാനലുകൾ മാറ്റുകയായിരുന്നു. അങ്ങനെ മാറ്റിക്കൊണ്ടിരിക്കുമ്പോൾ ഒരു ചാനലിൽ ഒരു കന്യാസ്ത്രീ പ്രസംഗിക്കുന്നത് കണ്ടു. ഈ കന്യാസ്ത്രീക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. അവരുടെ ഇടത് കണ്ണ് ഒരു കറുത്ത തുണികൊണ്ട് മറച്ചിരുന്നു. ഈ കാഴ്ച അവനെ രസിപ്പിച്ചു.

കൊള്ളക്കാരി കന്യാസ്ത്രീ!
‘ഇത് സാധാരണ കാണാത്ത ഒരു കന്യാസ്ത്രീ ആണല്ലോ. ഒരു കൊള്ളക്കാരി കന്യാസ്ത്രീ!’ അവൻ ചിരിച്ചുകൊണ്ട് തന്നോടുതന്നെ പറഞ്ഞു. അതിനാൽത്തന്നെ ആ സിസ്റ്റർ എന്താണ് പറയുന്നത് എന്നറിയുവാൻ അവന് ആകാംക്ഷയുണ്ടായി. അവൻ മെല്ലെ റിമോട്ടിൽനിന്ന് വിരൽ എടുത്തു. അവരുടെ പ്രസംഗം ശ്രദ്ധയോടെ കേട്ടു. അവർ വ്യാഖ്യാനിച്ചുകൊണ്ടിരുന്ന യേശുവിന്റെ ജീവനുള്ള വചനം അവന്റെ ഹൃദയത്തെ ആഴമായി സ്പർശിച്ചു. അവൻ ആ ചാനലിന്റെ സ്ഥിരം പ്രേക്ഷകനായി – അവന്റെ ജീവിതം രൂപാന്തരപ്പെട്ടു. വിശ്വാസം സ്വീകരിച്ച് അവൻ സഭയിൽ അംഗമായി.

ഒരാൾക്ക് യഥാർത്ഥത്തിലുള്ള ആഴമായ ദൈവാനുഭവം ഉണ്ടായാൽ അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുവാൻ സാധിക്കുകയില്ല. അവരുടെ മനസിലുള്ള ആ ദൈവസ്‌നേഹാനുഭവം അവരറിയാതെ തന്നെ മറ്റുള്ളവരിലേക്ക് ഒഴുകും. പോളിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. അവനറിഞ്ഞ ജീവിക്കുന്ന ദൈവപുത്രനെക്കുറിച്ച്, പാപവിമോചകനെക്കുറിച്ച്, അന്ധകാരത്തിൽ കഴിയുന്ന തന്റെ സുഹൃത്തുക്കളോട് അവൻ സംസാരിച്ചു. വചനം പങ്കുവച്ചു. ദൈവത്തിന്റെ വചനം ഒരിക്കലും ഫലം തരാതെ തിരിച്ചുവരികയില്ല. അവന്റെ സുഹൃത്തുക്കളും യേശുവിനെ അറിഞ്ഞു. അവരുടെ പാപവഴികൾ ഉപേക്ഷിച്ചു. അവരുടെ ആ ആനന്ദത്തിന്റെ അനുഭവമാണ് ഈ സിനിമ നമ്മോട് പറയുന്നത്.

പോളിന്റെ ജീവിതത്തെ മാറ്റിമറിച്ച വചനപ്രഘോഷക ആരാണ്? അവരുടെ പേര് മദർ ആഞ്ചലിക്ക. ലോകപ്രസിദ്ധമായ ഇ.ഡബ്ല്യു.റ്റി.എൻ എന്ന ടെലിവിഷൻ ശൃംഖലയുടെ സ്ഥാപക. ഇന്ന് 144 രാജ്യങ്ങളിലായി 264 മില്യൺ പ്രേക്ഷകരുള്ള ആ ചാനലിന്റെ ആരംഭം വളരെ എളിയ തോതിലായിരുന്നു. ലോകരക്ഷകൻ ഒരു കാലിത്തൊഴുത്തിൽ പിറന്നതുപോലെ ലോകത്തെ മുഴുവൻ വചനത്താൽ നനയ്ക്കുന്ന ഈ ചാനൽ പിറന്നുവീണത് ഒരു കാർഷെഡിലാണ്. തുടങ്ങുമ്പോഴുണ്ടായിരുന്ന മൂലധനമോ വെറും ഇരുന്നൂറ് ഡോളർ! അതെ, ദൈവത്തിൽ പൂർണമായും ആശ്രയിക്കുന്നവരെ അവിടുന്ന് ഇന്നും ഒന്നിനും കുറവില്ലാതെ വളർത്തുകയും ഉയർത്തുകയും ചെയ്യുന്നു എന്നതിന്റെ ഒന്നാംതരം ഉദാഹരണമാണ് ഈ ടെലിവിഷൻ ചാനൽ.
എപ്പോൾ വേണമെങ്കിലും, കാത്തിരിക്കുകയാണ്

നമുക്ക് ആ യുവാക്കളുടെ ജീവിതത്തിലേക്ക് മടങ്ങിവരാം. അവരുടെ മാനസാന്തരം മൂന്ന് സന്ദേശങ്ങളെങ്കിലും നമുക്ക് നല്കുന്നുണ്ട്. ഒന്ന്: ദൈവത്തിന് എപ്പോൾ വേണമെങ്കിലും നിങ്ങളുടെയും എന്റെയും ജീവിതത്തിൽ ഇടപെടുവാൻ സാധിക്കും. അത് നിങ്ങൾ അശ്രദ്ധമായി ഒരു ചാനൽ മാറ്റുമ്പോഴാകാം, ഒരു ലേഖനം വായിക്കുമ്പോഴാകാം, ഒരു വചനം കേൾക്കുമ്പോഴാകാം. അത് ഏത് നിമിഷം വേണമെങ്കിലും സംഭവിക്കാം. ഒരുവൻപോലും നശിച്ചുപോകാതെ എല്ലാവരും രക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന ദൈവം നിന്റെ ജീവിതത്തിൽ ഇടപെടുവാൻ, നിന്നെ പിടികൂടുവാൻ ഒരു തക്കസമയം നോക്കിയിട്ടുണ്ട്. നാം എത്ര ദൂരത്താണെങ്കിലും അവിടുന്ന് നമ്മെ കണ്ടെത്തും. നമ്മുടെ സാഹചര്യങ്ങളെ അതിന് അനുസൃതമായി അവിടുന്ന് ക്രമീകരിക്കുകതന്നെ ചെയ്യും.
രണ്ടാമത്തെ ഒരു കാര്യം നമുക്കുവേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ദൈവം ഉണ്ടെന്നുള്ളതാണ്. പോളും അവന്റെ കൂട്ടുകാരും ദൈവത്തെ ഉപേക്ഷിച്ച് പോയപ്പോഴും ദൈവം അവരെ ഉപേക്ഷിച്ചില്ല. ദൈവം അവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു. ധൂർത്തപുത്രന്റെ തിരിച്ചുവരവും കാത്ത്, വഴിയിൽ കണ്ണുംനട്ടിരിക്കുന്ന ഒരു പിതാവ് ഇന്നും ജീവിക്കുന്നു!

കാത്തിരിക്കുന്ന ദൈവത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിൽ വളരെ ഹൃദയഹാരിയായ ഒരു രംഗം നിങ്ങളുടെ ശ്രദ്ധയിൽപെടുത്തട്ടെ. നട്ടുച്ച നേരത്ത് കൊടുംവേനലിന്റെ കാഠിന്യം അവഗണിച്ചുകൊണ്ട്, വിശപ്പിന്റെ വിളി ശ്രദ്ധിക്കാതെ കാത്തിരിക്കുന്ന ദൈവപുത്രൻ. ‘എന്റെ പിതാവിന്റെ ഇഷ്ടം പൂർത്തിയാക്കുന്നതാണ് എന്റെ ഭക്ഷണം’ എന്ന് യേശു പറയുന്നത് പ്രത്യേകം ശ്രദ്ധിക്കുക. അവിടുന്ന് കാത്തിരിക്കുന്നത് പാപത്തിൽ ജീവിക്കുന്ന ഒരു സ്ത്രീയ്ക്കുവേണ്ടിയാണ്. അവൾ തീർച്ചയായും കിണറ്റിൻകരയിൽ വെള്ളം കോരുവാൻ വരുമെന്ന് യേശുവിന് അറിയാമായിരുന്നു. യേശു അവളോട് സംസാരിക്കുവാൻ ആരംഭിച്ചു.

അവളുടെ കഴിഞ്ഞകാല ജീവിതത്തിലേക്ക് വെളിച്ചം വീശി. അത് അവളെ അതിശയിപ്പിക്കുകയും വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്തു. യേശു ഇന്നും അത് ചെയ്തുകൊണ്ടിരിക്കുന്നു. ഒരു കൗൺസിലിങ്ങിലൂടെ, ഒരു രോഗശാന്തിയിലൂടെ, ഒരു അപകടത്തിൽനിന്നോ തകർച്ചയിൽനിന്നോ രക്ഷിക്കുന്നതിലൂടെ, അവിടുന്ന് നമ്മുടെ ഹൃദയത്തെ തൊടുന്നു. ജീവിക്കുന്ന ദൈവത്തിന്റെ സാന്നിധ്യം വെളിപ്പെടുത്തുന്നു. ആ തിരിച്ചറിവാണ് മാനസാന്തരത്തിലേക്ക്, നിലനില്ക്കുന്ന ദൈവാനുഭവത്തിലേക്ക് നയിക്കുന്നത്.

പാപിനിയായ ആ സ്ത്രീയുടെ ഹൃദയം സ്‌നേഹത്തിനുവേണ്ടി ദാഹിക്കുകയായിരുന്നു. അവൾ അതിനായി അഞ്ച് പുരുഷന്മാരെ നേടി. ഇപ്പോൾ കൂടെയുള്ളവനും അവളുടെ ഭർത്താവല്ല. ഭൗതികമായ ഒന്നിനും അവളുടെ ഹൃദയത്തെ ശമിപ്പിക്കുവാൻ സാധിക്കുകയില്ലെന്ന് യേശു അവളെ ബോധ്യപ്പെടുത്തി. എല്ലാ മനുഷ്യരുടെയും ദാഹത്തെ ശമിപ്പിക്കുന്ന ജീവജലമായ പരിശുദ്ധാത്മാവിനെക്കുറിച്ച് അവളോട് സംസാരിച്ചു. ആ ജീവജലത്തിനുവേണ്ടണ്ടിയുള്ള ശക്തമായ ഒരു ദാഹം അവൾക്കുണ്ടായി. ആ നദിയിൽ അവൾ സ്‌നാനം ചെയ്തു. പൊങ്ങിയത് ഒരു പുതിയ വ്യക്തിയായിട്ടാണ്. അവളും പോളിനെപ്പോലെ ചെയ്തു. താൻ അനുഭവിച്ചറിഞ്ഞ സദ്‌വാർത്ത പ്രഘോഷിക്കുന്ന ഒരു മിഷനറിയായി അവളും രൂപാന്തരപ്പെട്ടു.

സ്വീകരിക്കേണ്ട വെല്ലുവിളി
മൂന്നാമത്തെ സംഗതി പാപത്തെ ദൈവം കാണുന്നതുപോലെ കാണണം എന്നാണ്. ദൈവം ഒന്ന് തെറ്റാണ് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് നാം അംഗീകരിച്ചേ മതിയാവൂ. ദൈവം പറയുന്നത് അംഗീകരിക്കാത്ത ഒരുവന് ദൈവം നല്കുന്ന ആനന്ദം അനുഭവിക്കുവാൻ സാധിക്കുകയില്ല. ഉദാഹരണമായി പോളിന് വേണമെങ്കിൽ ഇങ്ങനെ ചിന്തിക്കാമായിരുന്നു. സ്വവർഗഭോഗം ഒരു തെറ്റല്ല. സമൂഹം അതിനെ അംഗീകരിക്കുന്നുണ്ട്. അത് മനസിലാക്കപ്പെടേണ്ട ഒരു ബലഹീനതയായി സമൂഹം കാണുന്നു. അത് ചെയ്യുന്നത് പാപമല്ല. പക്ഷേ അവൻ ചിന്തിച്ചത് സമൂഹത്തിന്റെ ഭാഗത്തുനിന്നല്ല, ദൈവത്തിന്റെ ഭാഗത്തുനിന്നാണ്. അതിനാൽ ദൈവം അവനെ ചേർത്തുപിടിച്ചു. പാപം ഏറ്റുപറയുന്നവനേ ദൈവാനുഭവം ഉണ്ടാകുകയുള്ളൂ.

സങ്കീർത്തകൻ ഇപ്രകാരം പറയുന്നു: പാപികളുടെ വഴിയിലൂടെ നടക്കാത്തവൻ ഭാഗ്യവാൻ. അവൻ രാവും പകലും കർത്താവിന്റെ നിയമത്തെക്കുറിച്ച് ധ്യാനിക്കുന്നു. കർത്താവിന്റെ നിയമത്തിലാണ് അവൻ ആനന്ദിക്കുന്നത്. സങ്കീർത്തകൻ മനോഹരമായ ഒരു ഉപമ നല്കുന്നുണ്ട്. ആ മനുഷ്യൻ ആറ്റുതീരത്ത് നടപ്പെട്ട വൃക്ഷംപോലെയാണ്. അത് എപ്പോഴും ഫലം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു.
ദൈവമാകുന്ന നദിയോട് ചേർന്നുനില്ക്കുന്ന ഒരു വൃക്ഷം വേനലിനെ ഭയപ്പെടുന്നില്ല. വേനൽ വരികയും പോവുകയും ചെയ്യും. ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങൾ ദൈവത്തോട് ചേർന്ന് നില്ക്കുന്ന ഒരു വ്യക്തിയെ ഒരിക്കലും തളർത്തുകയില്ല. കാരണം അവൻ എപ്പോഴും ജീവജലം ഉറവയിൽനിന്ന് സ്വീകരിച്ചുകൊണ്ടിരിക്കുന്നു. നീർച്ചാലിനരികെ നടപ്പടുവാൻ തീരുമാനമെടുത്ത ആ യുവാക്കൾ നമുക്ക് നല്കുന്ന വെല്ലുവിളി നമുക്ക് സ്വീകരിക്കാം. ദൈവകരങ്ങളിൽ നമ്മുടെ ജീവിതത്തെ പൂർണമായും സമർപ്പിച്ച് പ്രാർത്ഥിക്കാം:

ഞങ്ങളുടെ ജീവിതത്തിൽ ഇടപെടുവാൻ തക്കസമയം കാത്തിരിക്കുന്ന സ്‌നേഹപിതാവേ ഞങ്ങൾ അങ്ങയെ ഹൃദയപൂർവം സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഞാൻ പാപത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുമ്പോഴും അവിടുന്ന് എന്നെ തള്ളിക്കളയുന്നില്ലല്ലോ. എനിക്കുവേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്ന അങ്ങയുടെ തിരുമുഖം എപ്പോഴും ധ്യാനിക്കുവാൻ എന്നെ അനുവദിച്ചാലും. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിനാൽ എന്നെയും സ്‌നാനപ്പെടുത്തണമേ. ഞാൻ ഒരു പുതിയ വ്യക്തിയായി രൂപാന്തരപ്പെടട്ടെ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എന്നെ എപ്പോഴും ദൈവപൈതലായി നിലനിർത്തുവാൻ പ്രാർത്ഥിക്കണമേ – ആമ്മേൻ.

കെ.ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *