‘നെയ്യോർ’ നാഗർകോവിലിനടുത്തുള്ള ഒരു ചെറുപട്ടണമാണ്. ഏറെക്കാലം മുമ്പ് അവിടുത്തെ മിഷൻ ഹോസ്പിറ്റലിൽ സേവനം ചെയ്തിരുന്ന പ്രശസ്തനായ ഒരു സർജനാണ് ഡോ. സോമർവെൽ. ഒരു ദിവസം അദ്ദേഹം ഓപ്പറേഷൻ തിയറ്ററിൽ ഒരു സാധുസ്ത്രീയുടെ ഓപ്പറേഷൻ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ഡോക്ടറുടെ മകൻ ഗുരുതരമായ ഒരു അപകടത്തിൽപെട്ടു. അദ്ദേഹത്തിന്റെ ഭാര്യ മകനെയുംകൊണ്ട് ഓടി ഹോസ്പിറ്റലിൽ എത്തി. ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ആയിരുന്ന ഡോക്ടറെ വിവരമറിയിച്ചു. വിവരം അറിഞ്ഞിട്ടും യാതൊരു വികാരഭേദങ്ങളും പ്രദർശിപ്പിക്കാതെ അദ്ദേഹം ഏകാഗ്രതയോടെ ആ സാധുസ്ത്രീയുടെ സർജറി വിജയകരമായി പൂർത്തിയാക്കി. അതിനുശേഷം പുറത്തിറങ്ങിയപ്പോഴേക്ക് ഡോക്ടറുടെ മകൻ മരിച്ചു കഴിഞ്ഞിരുന്നു. തന്റെ മകന് ലഭിക്കേണ്ട അടിയന്തിര വൈദ്യസഹായം നിഷേധിച്ചുകൊണ്ട് ഓപ്പറേഷൻ തിയേറ്ററിലായിരുന്ന ആ സാധുസ്ത്രീയുടെ ജീവൻ അദ്ദേഹം രക്ഷിച്ചു.
ഈസ്റ്ററിന് ഒരുക്കമായുള്ള നോമ്പുകാലവും ഇത്തരത്തിലുള്ള ഒരു സംഭവത്തിന്റെ അനുസ്മരണമാണ്. പാപമെന്ന മഹാരോഗം വഴി മരണത്തിന്റെ നിഴലിൽ വസിക്കുന്ന മനുഷ്യർ. അവരെ രക്ഷിക്കുവാൻവേണ്ടി ദൈവപിതാവിന് സ്വന്തം പുത്രനെ ബലി കൊടുക്കേണ്ടി വന്നു. നോമ്പുകാലത്ത് ക്രിസ്തുവിന്റെ പീഡാസഹനത്തെയും നമ്മുടെ പാപങ്ങളെയും ഓർത്ത് നാം വിലപിക്കാറുണ്ട്. അതിനിടയിൽ പലപ്പോഴും നഷ്ടപ്പെട്ടുപോകുന്ന ഒരു വിഷയമുണ്ട്. രക്ഷാകരകർമത്തിന്റെ പിന്നിലുള്ള മഹാസ്‌നേഹം.
”തന്റെ ഏകജാതനെ നല്കുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹന്നാൻ 3:16). ഈ സ്‌നേഹത്തെ മറന്ന് സ്‌നേഹത്തിന്റെ പ്രവൃത്തിയായ കുരിശിലെ ബലിയെമാത്രം ധ്യാനിക്കുമ്പോൾ ഉയർപ്പിന്റെ സന്തോഷം കണ്ടെത്തുക പ്രയാസകരമായിരിക്കും.
ദൈവം നമ്മെ ഒരുപാട് സ്‌നേഹിക്കുന്നു. അതുകൊണ്ടാണ് നാം നശിച്ചുപോകാതിരിക്കുവാൻ അവിടുന്ന് പുത്രനെ ബലി നൽകിയത്. ഏറെ കുറവുകളുണ്ടെങ്കിലും നാം സ്‌നേഹിക്കപ്പെടുന്നു. അത്യുന്നതനായ ദൈവത്താൽ സ്‌നേഹിക്കപ്പെടുന്നു എന്ന തിരിച്ചറിവാണ് നമ്മളെ ശക്തിയും പ്രത്യാശയും നിറഞ്ഞവരാക്കി മാറ്റുന്നത്.
ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചുവെന്ന് വിശ്വസിക്കുന്ന അനേകായിരങ്ങൾക്ക് ഇന്നും ദൈവം തങ്ങളെ സ്‌നേഹിക്കുന്നുവെന്ന് ബോധ്യപ്പെടുന്നില്ല.
ഞാൻ വേണ്ടപോലെ പ്രാർത്ഥിക്കാത്തതുകൊണ്ട്,
എനിക്ക് തെറ്റു പറ്റിയതുകൊണ്ട്,
കഷ്ടപ്പാടുകൾമൂലം-
ദൈവം കൈവിട്ടു, ദൈവം എന്നെ സ്‌നേഹിക്കുന്നില്ല എന്ന അബദ്ധ ധാരണയിൽ ജീവിക്കുന്ന വിശ്വാസികൾക്ക് ഒരിക്കലും ആത്മധൈര്യമുണ്ടാവുകയില്ല. അവരുടെ അജ്ഞതയെ മുതലെടുത്തുകൊണ്ട് സാത്താൻ അവരെ നിരന്തരം പീഡിപ്പിച്ച് തളർത്തുന്നു.
അതിനാൽ സാത്താനെ ജീവിതത്തിൽനിന്നും നിഷ്‌ക്കാസനം ചെയ്യുവാൻ ദൈവത്തിന്റെ സ്‌നേഹപ്രകാശംകൊണ്ട് നാം നിറയണം. അതിനായി ഓരോ ദിവസവും നാം പ്രാർത്ഥിക്കണം.
ദൈവമേ…. അങ്ങയുടെ സ്‌നേഹം എനിക്ക് കൂടുതലായി മനസിലാക്കിത്തരണമേ. ഈ ലോകത്തിലെ മറ്റൊരു വ്യക്തിയുടെയും സ്‌നേഹത്തിനുവേണ്ടി ദാഹിക്കാത്തവിധത്തിൽ അങ്ങയുടെ സ്‌നേഹംകൊണ്ട് എന്റെ ഹൃദയത്തെ നിറച്ചാലും. ഈ പ്രാർത്ഥന ആത്മാർത്ഥതയോടെ നിരന്തരം ഹൃദയത്തിൽ നിന്നുയരട്ടെ. അപ്പോൾ ഉയിർപ്പിന്റെ മഹിമയിൽ നമ്മുടെ ജീവിതവും ശോഭിക്കപ്പെടും.
ബെന്നി പുന്നത്തറ