എന്റെ താക്കീത് കേൾക്കാൻ ആരാണുള്ളത്?

സംഭവിക്കുവാൻ സാധ്യതയുള്ള അപകടങ്ങൾ, പ്രശ്‌നങ്ങൾ അഥവാ അനിഷ്ട സംഭവങ്ങളെപ്പറ്റി ആളുകൾക്ക് ഏതെങ്കിലും തരത്തിൽ മുന്നറിയിപ്പ് നൽകുന്നതിനെയാണ് താക്കീത് എന്ന് പറയുന്നത്. നിയമങ്ങൾ ലംഘിച്ചാൽ, പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ശിക്ഷിക്കും എന്നതും താക്കീതാണ്.
ദൈവം മനുഷ്യർക്ക് പല നിയമങ്ങളും നല്കിയിട്ടുണ്ട്. ഈ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ ശിക്ഷ ഉണ്ടാകും, സഹനം ഉണ്ടാകും എന്ന് ദൈവം മുന്നറിയിപ്പും നല്കിയിട്ടുണ്ട്. എന്നാൽ ദൈവം തന്നിരിക്കുന്ന താക്കീതുകളെ മനുഷ്യർ എപ്പോഴും ഗൗരവത്തിൽ എടുക്കുന്നില്ല.

നിയമാവർത്തന പുസ്തകം 5:32-ൽ കർത്താവ് മുന്നറിയിപ്പ് നല്കി: ആകയാൽ, നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളോട് കല്പിക്കുന്നതുപോലെ പ്രവർത്തിക്കാൻ നിങ്ങൾ ശ്രദ്ധാലുക്കൾ ആയിരിക്കണം. നിങ്ങൾ ഇടംവലം വ്യതിചലിക്കരുത്. നിങ്ങൾ ജീവിച്ചിരിക്കാനും നിങ്ങൾക്ക് നന്മ ഉണ്ടാകാനും നിങ്ങൾ കൈവശമാക്കുന്ന ദേശത്ത് ദീർഘനാൾ വസിക്കാനുംവേണ്ടി നിങ്ങളുടെ ദൈവമായ കർത്താവ് കല്പിച്ചിട്ടുള്ള മാർഗത്തിലൂടെ ചരിക്കണം.

ദൈവകല്പനകൾ ഇസ്രായേൽ രാജാക്കന്മാരും പുരോഹിതരും ജനങ്ങളും അനുസരിച്ച് ജീവിച്ച കാലത്ത് അവർക്ക് സമാധാനവും ഐശ്വര്യവും ഉണ്ടായി. യുദ്ധങ്ങളിൽ അവർ വിജയിച്ചു. അനുസരണക്കേട് കാണിച്ച കാലത്തെല്ലാം പ്രശ്‌നങ്ങളും യുദ്ധങ്ങളും ഉണ്ടായി. യുദ്ധത്തിൽ പരാജയങ്ങൾ ഉണ്ടായി. ധാരാളംപേർ കൊല്ലപ്പെട്ടു. അടിമത്വം അനുഭവിക്കേണ്ടിവന്നു. ആഹാബ് രാജാവിന്റെ കാലത്ത് മൂന്നരവർഷം മഴ ഉണ്ടായില്ല. അങ്ങനെ എന്തെല്ലാം സഹനങ്ങൾ.
കർത്താവിന്റെ മുന്നറിയിപ്പ് ധിക്കരിച്ച കാലങ്ങളിലെല്ലാം പ്രവാചകന്മാർവഴി ദൈവം വീണ്ടും വീണ്ടും തിരുത്താൻ ശ്രമിക്കുകയും മുന്നറിയിപ്പുകൾ ആവർത്തിക്കുകയും ചെയ്തു. എന്നിട്ടും മാറ്റങ്ങൾ ഉണ്ടായില്ല. അതിനാൽ, കർത്താവ് ചോദിച്ച ചോദ്യമാണിത്: എന്റെ താക്കീത് കേൾക്കാൻ ആരാണ് ഉള്ളത്?
പഴയ നിയമകാലം കഴിഞ്ഞു. യേശുവിന്റെ കാലവും കഴിഞ്ഞു. യേശുവും ധാരാളം മുന്നറിയിപ്പുകളും താക്കീതുകളും തന്നു. ഭോഷനായ ധനികന്റെ ഉപമ (ലൂക്കാ 12), ദുഷ്‌പ്രേരണകൾ നല്കുന്നത് (മത്തായി 18:6), നിർദയനായ ഭൃത്യന്റെ കഥ (മത്തായി 18), സദാ ജാഗരൂകരായിരിക്കുവിൻ (മർക്കോസ് 13), പശ്ചാത്തപിക്കുന്നില്ലെങ്കിൽ നശിക്കും (ലൂക്കാ 13), ഒരുവൻ ലോകം മുഴുവൻ നേടിയാലും ആത്മാവ് നശിച്ചാൽ എന്ത് ഫലം… അങ്ങനെ പലതും. ഈ താക്കീതുകളും മുന്നറിയിപ്പുകളും കാര്യമായി എടുക്കുന്ന ധാരാളം പേരുണ്ട്. എന്നാൽ ഇന്നും താക്കീതുകളെ അവഗണിക്കുന്നവരല്ലേ കൂടുതൽ? അവരുടെ എണ്ണം കൂടുകയുമല്ലേ? സങ്കടകരമല്ലേ ഇത്?

ഫാ. ജോസഫ് വയലിൽ CMI

Leave a Reply

Your email address will not be published. Required fields are marked *