എന്റെ ജീവിതത്തിന്റെ ഒന്നാമത്തെ വഴിത്തിരിവ് ആരംഭിക്കുന്നത് സൗദി അറേബ്യയിൽവച്ചാണ്. ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയില്ലാതിരുന്ന കാലഘട്ടം. പണമായിരുന്നു എന്റെ ലക്ഷ്യം. കാരണം സാമ്പത്തികമായി കുടുംബത്തിൽ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. സൗദിയിലായിരുന്നതുകൊണ്ട് പള്ളിയിൽ പോകാതിരിക്കാനും പ്രാർത്ഥിക്കാതിരിക്കാനും കൂടുതൽ സ്വാതന്ത്ര്യം കിട്ടി.
മൂന്നരക്കൊല്ലം സൗദിയിൽ ജോലി ചെയ്തിരുന്ന കാലത്ത് എനിക്ക് ശമ്പളം കിട്ടുന്നതിന്റെ സന്തോഷം ഉണ്ടായെങ്കിലും മറുവശത്ത് രോഗങ്ങൾ എന്നെ വിഷമിപ്പിച്ചിരുന്നു. ഞാൻ നിരാശയിലായിരുന്നു. എല്ലാ ദിവസവും ജോലി കഴിഞ്ഞ് വന്നാൽ ഉടനെ ഞാൻ തൊട്ടടുത്ത മുറിയിൽ സിനിമ കാണാൻ പോകും.
അതിനടുത്ത മുറിയിൽ രഹസ്യമായി പ്രാർത്ഥനാകൂട്ടായ്മ എന്നും നടക്കുന്നുണ്ട്. പക്ഷേ ഞാൻ അവിടെ പോകാറില്ല. എന്നാൽ പ്രാർത്ഥനാഗ്രൂപ്പിന്റെ ലീഡർ എനിക്കുവേണ്ടി പ്രാർത്ഥിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ എനിക്ക് ശക്തമായ നടുവേദന അനുഭവപ്പെട്ടു. മരുന്ന് കഴിച്ച് വിശ്രമിച്ചു. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റപ്പോൾ ഒരു കാല് തറയിൽ കുത്താൻ പ്രയാസമായി. വേദന കൂടിവന്നു. ഡോക്ടറിനെ കാണിച്ചപ്പോൾ സ്‌കാൻ ചെയ്യാൻ പറഞ്ഞു.
അതുവരെ ഒരു ചിത്രശലഭത്തെപ്പോലെ എന്റേതായ ലോകത്ത് നടന്നിരുന്ന ഞാൻ പ്രത്യേകിച്ച് നഴ്‌സുകൂടിയായിരുന്നതുകൊണ്ട് മറ്റുള്ളവരുടെ ശാരീരികമായും മാനസികമായുമുള്ള വേദന മനസിലാക്കിയിരുന്നില്ല. പക്ഷേ എനിക്ക് രോഗം വന്നപ്പോൾ ഞാനറിയാതെ ദൈവത്തിന്റെ മുഖത്തേക്ക് നോക്കി. എന്നു മാത്രമല്ല, മറ്റുള്ളവരുടെ പ്രയാസങ്ങളും മനസിലാക്കാൻ തുടങ്ങി. അങ്ങനെ ഞാൻ ആദ്യമായി പ്രാർത്ഥിക്കാനായി കൂട്ടായ്മയിലേക്ക് പോയി.
പ്രാർത്ഥനയ്ക്ക് പോയിരുന്നപ്പോൾ എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു – എന്റെ രോഗങ്ങൾ മാറണം, വിവാഹം നടക്കണം, നല്ലൊരു ജീവിതം വേണം. പക്ഷേ മൂന്നര വർഷം ആയപ്പോഴേക്കും ഞാൻ ശരിക്കും രോഗിയായി. മൂന്നര വർഷത്തെ കോൺട്രാക്ടിൽ പോയതുകൊണ്ട് അതു കഴിഞ്ഞപ്പോൾ പുതുക്കണോ അതോ നാട്ടിൽ പോകണോ എന്നൊരു തീരുമാനം എടുക്കാൻ പറ്റാതെ വന്നു. ആ അവസ്ഥയിൽ പ്രാർത്ഥനാഗ്രൂപ്പിന്റെ ലീഡർ എനിക്കുതന്ന സന്ദേശം, ഞാൻ ആ ദേശത്തുനിന്നും കിടക്കയുമെടുത്ത് സ്വന്തം നാട്ടിലേക്ക് പോകണമെന്നും അതാണ് കർത്താവിന് എന്നെക്കുറിച്ചുള്ള പദ്ധതിയെന്നുമാണ്.
പക്ഷേ അങ്ങനെയൊരു സന്ദേശം ഉൾക്കൊള്ളാൻ എന്റെ സാഹചര്യം അനുവദിച്ചില്ല. ഞാൻ ചോദിച്ചു, കർത്താവിനറിയില്ലേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ. അങ്ങനെ ഞാൻ പിന്നെയും അവിടെ തങ്ങി. ഇക്കാമ പുതുക്കി. പക്ഷേ എന്റെ കണക്കുക്കൂട്ടലുകൾ തകരാൻ തുടങ്ങി. നിരാശയും രോഗവും കൂടിവന്നു. അങ്ങനെ ഞാൻ പൂർണമായി സൗദി ഉപേക്ഷിച്ചുപോന്നു.
മാറ്റങ്ങൾ
നാട്ടിൽ എത്തുന്നതിനുമുമ്പേ ഞാൻ ഒരു തീരുമാനം എടുത്തു. നാട്ടിൽ എത്തിയാൽ ഉടൻ ഡിവൈനിൽ ധ്യാനം കൂടാൻ പോകുമെന്ന്. 1998 ആഗസ്റ്റ് 30-ന് ഞാൻ നാട്ടിലെത്തി. അങ്ങനെ ആഗസ്റ്റ് മുതൽ ഫെബ്രുവരിവരെ എല്ലാ മാസവും ഓരോ ധ്യാനം കൂടി. 1999 ഫെബ്രുവരി എട്ടിന് എന്റെ വിവാഹം നടന്നു. ഈ സമയങ്ങളിൽ എനിക്ക് ഒരു പ്രത്യേക തരത്തിലുള്ള അലർജിരോഗം പിടിപെട്ടു. പലവിധ ചികിത്സ ചെയ്തു. മാറ്റം വന്നില്ല. അതുപോലെ വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ മനസിലായി, ഭർത്താവിന്റെ മസ്‌ക്കറ്റിലെ ജോലി നഷ്ടപ്പെട്ടുവെന്ന്.
പിന്നെയും ധ്യാനങ്ങൾക്കുപോയി. 1999 ഏപ്രിൽ മാസത്തിൽ ഒരാഴ്ചത്തെ ധ്യാനത്തിനായി ഡിവൈനിൽ പോകാനിടയായി. ജോർജ് പനയ്ക്കലച്ചന്റെ വചനശുശ്രൂഷയിൽ പലവിധമായ രോഗശാന്തി ലഭിച്ചു. പക്ഷേ ദൈവാനുഭവം ഉണ്ടാകണമെന്നോ പരിശുദ്ധാത്മാവിനാൽ നിറയപ്പെടണമെന്നോ ആഗ്രഹമില്ലായിരുന്നു. ഈ അവസരത്തിൽ ഞാൻ ഗർഭിണിയായി. ഗർഭാവസ്ഥയിൽ ഈ കുഞ്ഞ് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ പറഞ്ഞു. ഈ ദിവസങ്ങളിൽ പത്തനാപുരത്ത് ഒരു ധ്യാനം നടക്കുന്നുണ്ടെന്നറിഞ്ഞ് ധ്യാനത്തിൽ പങ്കെടുക്കാൻ പോയി. ധ്യാനം കൂടിയതിന്റെ ഫലമായി കുഞ്ഞിനെ ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ സൗഖ്യപ്പെട്ടു. ഞങ്ങൾക്ക് നല്ലൊരു ആൺകുഞ്ഞിനെ നൽകി ദൈവം അനുഗ്രഹിച്ചു. അവിടെവച്ചാണ് ഞാൻ ആദ്യമായി ശാലോം ടൈംസ് മാസിക കാണുന്നത്. കവർപേജ് കണ്ടപ്പോൾത്തന്നെ അത് എന്നെ വല്ലാതെ ആകർഷിച്ചു. പക്ഷേ വരിക്കാരാകുന്നതിനെക്കുറിച്ച് ചിന്തിച്ചില്ല.
സന്തോഷം
അങ്ങനെയിരിക്കെ ശാലോം ടി.വിയിലൂടെ ശാലോം ടൈംസ് മാസികയെക്കുറിച്ച് അറിഞ്ഞപ്പോൾ വായിക്കണമെന്ന് ആഗ്രഹം തോന്നി. അങ്ങനെ ഒരെണ്ണം വരുത്താനാരംഭിച്ചു. പിന്നീട് അഞ്ചെണ്ണം, നാലാമത്തെ വർഷമായപ്പോൾ മുപ്പത് മാസികയുടെ വരിക്കാരിയായി. മാസിക വരാൻ തുടങ്ങിയപ്പോൾ ഇതെങ്ങനെ കൊടുക്കുമെന്ന് പേടിയുണ്ടായിരുന്നു. പക്ഷേ ആർക്ക് കൊടുക്കണമെന്ന് ദൈവം കാണിച്ചുതരുന്ന അനുഭവമാണുണ്ടായത്. എല്ലാം ഫ്രീ ആയി കൊടുക്കുന്നു. എന്നെ ഏറ്റവും അധികം സ്പർശിച്ച അനുഭവം ആദ്യമായി ശാലോമിന്റെ ഏജൻസി മീറ്റിങ്ങിന് ക്ഷണിച്ചുകൊണ്ടുള്ള കത്താണ്. ഇന്നത്തെ ലോകത്ത് പലതിന്റെയും ഏജന്റുമാരായി പ്രവർത്തിക്കാൻ ആളുകളുണ്ട്. പക്ഷേ കർത്താവിന്റെ ഏജന്റ് ആകാൻ ആരുമില്ല. തിരുവചനം അരുളിച്ചെയ്യുന്നു: ”വിളവധികം വേലക്കാരോ ചുരുക്കം” (മത്തായി 9:37).
നാളുകൾ കഴിഞ്ഞപ്പോൾ, കൃത്യമായി പറഞ്ഞാൽ, 2012 ഫെബ്രുവരിമാസം അപ്പച്ചൻ യൂദാശ്ലീഹായുടെ നാമധേയത്തിലുള്ള ദൈവാലയത്തിൽവച്ച് കണ്ട ഒരു മാസിക വാങ്ങിത്തന്നിട്ട് എന്നോട് പറഞ്ഞു, നിന്റെ മകനെ വായിച്ച് കേൾപ്പിക്കണമെന്ന്. അത് ക്രിസ്റ്റീൻ മാസികയായിരുന്നു. ഇന്ന് എന്റെ ഭവനത്തിൽ ചെറിയൊരു ലൈബ്രറി തന്നെയുണ്ട്. അനേകം ക്രൈസ്തവപ്രസിദ്ധീകരണങ്ങൾ അവിടെ ശേഖരിക്കുന്നു. പഴയ മാസികകൾ ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നുമുണ്ട്. ഇന്ന് കർത്താവിന്റെ വചനം ആവുന്ന വിധത്തിൽ അനേകരിലേക്ക് എത്തിക്കാൻ കഴിയുന്നതിൽ ഭർത്താവും മകനും മകളും ഞാനുമടങ്ങുന്ന കുടുംബം അനുഭവിക്കുന്ന സന്തോഷം വലുതാണ്.
ശോഭ മാത്യു