വിശുദ്ധരാകണോ? ഇതാ രഹസ്യം

സമ്മതിച്ചാലും ഇല്ലെങ്കിലും നമുക്കെല്ലാവർക്കും ഒരു സങ്കടമുണ്ട് – വിശുദ്ധരാകാൻ പറ്റുന്നില്ലല്ലോ… വിശുദ്ധരാകാൻ പറ്റുന്നില്ലല്ലോ… എന്ന്. എന്നാൽ ആ സങ്കടം ഇനി വേണ്ടേ വേണ്ടാ.. കാരണം മറ്റൊന്നുമല്ല, വിശുദ്ധിപ്രാപിക്കാനുള്ള ഒറ്റമൂലി കണ്ടെത്തിയിരിക്കുന്നു! ആ രഹസ്യത്തിന്റെ ചുരുളഴിക്കുകയാണ് ‘ഭൂലോകത്തിന്റെ വിജയരാജ്ഞി’ എന്ന ഗ്രന്ഥം.

‘ഒരു വൈകുന്നേരം ആകാശസൗന്ദര്യം ആസ്വദിക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് വീടിന്റെ ഗെയ്റ്റ് തുറന്ന് ഒരു സ്ത്രീ ഉള്ളിൽ കടന്നു. ഞാൻ അവരുടെ അടുക്കലേക്ക് ഓടിച്ചെന്നു. എന്തൊരു സൗന്ദര്യം! രാത്രി വീട്ടിൽ തങ്ങാൻ അനുവാദം വേണമവർക്ക്. ഒരു സ്റ്റൂളോ കസേരയോ മതിയത്രേ. ഞാൻ മാതാപിതാക്കളെ വിവരമറിയിച്ചു. സൗകര്യങ്ങൾ പരിമിതമെങ്കിലും സമ്മതംകിട്ടി. രാത്രിമുഴുവൻ അവർ സ്വർഗത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. ശിരോവസ്ത്രം മാറ്റിയപ്പോൾ അഭൗമികമായ പ്രഭാപൂരം വിതറുന്ന സമൃദ്ധമായ മുടി. അവരുടെ സാന്നിധ്യവും സൗന്ദര്യവും വർണിക്കാൻ കഴിയുന്നില്ല. ഒരു രാത്രി സ്വർഗത്തിൽ ജീവിച്ചപോലെ. പിറ്റേന്ന് ദിവ്യബലിക്കുശേഷം അവർ യാത്രയായി.’ പരിശുദ്ധ ദൈവമാതാവിനെ നേരിൽ കണ്ട്, സംസാരിച്ച, അവിടുത്തോടൊപ്പം ഒരു രാത്രി ചിലവഴിക്കാൻ ഭാഗ്യം ലഭിച്ച സിസ്റ്റർ നതാലിയ തന്റെ ഡയറിയിൽ കുറിച്ചിട്ടു. ഈശോയും പരിശുദ്ധ അമ്മയും സിസ്റ്ററിലൂടെ വെളിപ്പെടുത്തിയ സ്വർഗീയ രഹസ്യങ്ങളുടെ സമാഹാരമാണ് ഗ്രന്ഥം.

തനതുവിധി – ഒരു ഇന്റർവ്യൂ
മരണശേഷം ഓരോ ആത്മാവും നേരിടേണ്ട തനതു വിധി ഈശോ സിസ്റ്റർ നതാലിയക്ക് കാണിച്ചുകൊടുത്തു. ഒറ്റനിമിഷംകൊണ്ട് ആത്മാവിന് സ്വന്തം ജീവിതംമുഴുവൻ കാണാൻ സാധിക്കും. അത് സ്വന്തം കണ്ണുകൾകൊണ്ടല്ല, ഈശോയുടെ കണ്ണുകൾകൊണ്ടാണ് കാണുന്നത്. തന്റെ കുറവുകൾ മനസിലാക്കുന്ന ആത്മാവുതന്നെ തനിക്കുളള സ്ഥലം തിരഞ്ഞെടുക്കുന്നു. കൂടുതൽ ആത്മാക്കളെയും ഈശോ സ്‌നേഹവായ്‌പോടെ നിത്യതയിലേക്ക് സ്വീകരിക്കുന്നതാണ് കണ്ടത്. അവരിലേറെപ്പേരും ശുദ്ധീകരണസ്ഥലത്തേക്ക് നീങ്ങി. ആത്മാക്കൾക്കുവേണ്ടി വാദിക്കാൻ പരിശുദ്ധ അമ്മയും മാലാഖമാരുമെല്ലാം സന്നിഹിതരാകുന്നുണ്ട് തനതുവിധിയിൽ. നരകത്തിന് അർഹരായവർ ഈശോയ്ക്ക് എതിർദിശയിലേക്ക് തിരിയുമ്പോൾത്തന്നെ പിശാചുക്കൾ നരകത്തിലേക്ക് അവരെ വലിച്ചിഴച്ചിരിക്കും.

ത്രികാല ജപത്തിന്റെ ശക്തി, നരകം സൃഷ്ടിക്കപ്പെട്ടത് എന്തിന്? ജീവിതകാലം മുഴുവൻ തിന്മപ്രവർത്തിച്ച് മരണനേരത്തു മാത്രം അനുതപിക്കുന്ന ആത്മാക്കൾ രക്ഷപ്പെടുമോ? പ്രാർത്ഥിക്കാൻ പറ്റാത്തപ്പോൾ എങ്ങനെ ഫലപ്രദമായി പ്രാർത്ഥിക്കാം? സാത്താനെ തുരത്താനുള്ള ഏറ്റം എളുപ്പ മാർഗം? നരകം ഇല്ലാതാക്കാൻ എന്തു ചെയ്യണം? ദൈവതിരുമുമ്പിൽ മിടുക്കന്മാരാകാനുള്ള കുറുക്കുവഴി എന്ത്? എന്നെല്ലാം ഈശോ വെളിപ്പെടുത്തുന്നു.

മാർപാപ്പയും ബോംബും
രണ്ടാം ലോകമഹായുദ്ധകാലത്ത് പന്ത്രണ്ടാം പിയൂസ് പാപ്പായെ അറിയിക്കാൻ ഈശോ സിസ്റ്റർ നതാലിയക്ക് ഒരു അടിയന്തിര സന്ദേശം നല്കി. മാർപാപ്പ ഒരു കാരണവശാലും റോം വിട്ടുപോകരുത്. അദ്ദേഹം റോം വിട്ടുപോയാൽ തല്ക്ഷണം വത്തിക്കാൻ ആക്രമിക്കപ്പെടും. മാർപാപ്പ വത്തിക്കാനിൽ ഉണ്ടെങ്കിൽ ഞാൻ വത്തിക്കാനെ സംരക്ഷിക്കും. ഇതായിരുന്നു സന്ദേശം. പാപ്പാ സന്ദേശം അനുസരിച്ചു, വേനൽക്കാല വസതിയായ കാസിൽ ഗണ്ടോൾഫോയിലേക്കു പോകാനുള്ള തീരുമാനം അദ്ദേഹം മാറ്റി, റോമിൽ തന്നെ താമസിച്ചു. തത്ഫലമായി കാസിൽ ഗണ്ടോൾഫോയിൽ ബോംബ് വീഴുകയും തന്റെ വികാരിയെപ്രതി കർത്താവ് വത്തിക്കാൻ സംരക്ഷിക്കുകയും ചെയ്തു.

സാത്താന് മനുഷ്യന്റെ ചിന്തകൾ അറിയാമോ?
സാത്താന്റെ കാര്യങ്ങൾ വളരെ വിചിത്രമാണ്. അവൻ സിസ്റ്റർ നതാലിയയോടു പറഞ്ഞു: നീ എന്നെ ശപിക്കുക. സിസ്റ്റർ ചോദിച്ചു, ‘അതിന് നീ വേണ്ടത്ര ശപിക്കപ്പെട്ടിട്ടില്ലേ?’ ‘നീ ഒന്ന് ശപിച്ചാൽ മതി. വേറൊന്നും വേണ്ടെണ്ടന്നേ… എന്നെയല്ലേ ശപിക്കുന്നത്. നീ വെറുപ്പു പ്രകടിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു- അതുവഴി എനിക്ക് അവിടുത്തെ പ്രഹരിക്കാൻ സാധിക്കും.’- നോക്കൂ മനുഷ്യനെക്കൊണ്ട് ദൈവത്തെ പ്രഹരിപ്പിക്കാൻ സ്വയം ശാപം ഏറ്റുവാങ്ങാൻപോലും തയ്യാറാകുന്ന ശത്രുവിന്റെ തന്ത്രം! സാത്താനെ ശപിക്കാനോ വെറുക്കാനോ പാടില്ലെങ്കിൽ ദൈവമക്കളായ മനുഷ്യരെ നാം ശപിക്കുകയോ വെറുക്കുകയോ ചെയ്യുമ്പോൾ സാത്താൻ എത്രയധികമായി നമ്മുടെ ദൈവത്തെ പ്രഹരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്?
സാത്താന് നമ്മുടെ ചിന്തകൾ അറിയാൻ കഴിയുമോ? ഇല്ല, അവന് നമ്മുടെ മനസ് വായിച്ചെടുക്കാൻ സാധ്യമല്ല. എന്നാൽ അവൻ വ്യക്തിയെ ശ്രദ്ധിച്ചുകൊണ്ടിരിക്കും, മുഖഭാവത്തിൽനിന്ന് എന്താണ് സംഭവിക്കുന്നതെന്ന് ഊഹിച്ചെടുക്കാൻ ശ്രമിക്കും. മുഖത്തുനിന്ന് തിന്മ വായിച്ചാൽ വിജയം അവന്റേതാക്കാൻ അവൻ കൂടുതൽ തിന്മനിറഞ്ഞകാര്യങ്ങളിലേക്ക് അയാളെ നയിക്കും, അങ്ങനെയാണ് സാത്താൻ പലപ്പോഴും വിജയിക്കുന്നത്.

വിശുദ്ധരാകണോ? ഇതാ രഹസ്യം
വിശുദ്ധരാകാൻ ചെയ്യേണ്ടതെന്തെന്ന് ഈശോ: വിശുദ്ധിക്കുവേണ്ടി എന്തുചെയ്യണം എന്നതിനെക്കുറിച്ച് ആവശ്യത്തിലധികം ചിന്താകുലരാകരുത്. എന്നെ സ്‌നേഹിക്കുകമാത്രം ചെയ്യുക. സ്‌നേഹിച്ച് നിങ്ങളെത്തന്നെ എന്നിൽ ആഴ്ത്തുക. എന്നെക്കുറിച്ച് സദാ ചിന്തിക്കുക. ഞാനുമായി എപ്പോഴും സംസാരിക്കുക. ജീവിതത്തിന്റെ ഓരോ നിമിഷവും എന്നോടു ചേർന്നു നില്ക്കുക. നിന്നെ വിശുദ്ധയാക്കുന്നവൻ ഞാനാണ്. അത് എന്റെ പ്രവൃത്തിയാണ്. ഇപ്രകാരം ജീവിച്ചാൽ നിങ്ങൾക്കു ലഭിക്കുന്ന പ്രതിഫലം നിങ്ങളുടെ സകല പ്രതീക്ഷകളെയും അതിലംഘിക്കുന്നതായിരിക്കും.

സാത്താന് പിടുത്തംകിട്ടാത്തവർക്കെതിരെയുള്ള അവന്റെ അവസാന ആയുധംതന്നെ കൂടുതൽ വിശുദ്ധിക്കുവേണ്ടി ശ്രമിക്കാൻ പ്രലോഭിപ്പിക്കുക എന്നതാണ്. ആ ആയുധം എങ്ങനെ നിർവീര്യമാക്കാം? പഴയ പാപങ്ങളെക്കുറിച്ചുള്ള ഓർമകൾ അലട്ടുമ്പോൾ സ്വീകരിക്കേണ്ട നിലപാട്, അഹങ്കാരവും സ്വയംസ്‌നേഹവും തകർക്കാനുള്ള സൂത്രവാക്യം, മുറിപ്പെടുന്ന അനുഭവങ്ങളിൽനിന്ന്, ഡിപ്രഷനിൽനിന്ന്, പ്രകോപനങ്ങളിൽനിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ഈശോ പറഞ്ഞുതരുന്നു.

ദൈവത്തെപ്പോലെ പൂർണരാകാൻ
ദൈവം പൂർണനായിരിക്കുന്നതുപോലെ പൂർണരാകാൻ അവിടുന്നു ആവശ്യപ്പെടുന്നു. ”മനുഷ്യന് ഇത് അസാധ്യം. എന്നാൽ ഒരു ആത്മാവ് എന്നിൽ വസിച്ചാൽ ഞാൻതന്നെയാണ് ആ ആത്മാവിന്റെ പൂർണത.” നാം നിരന്തരം ഈശോയിൽ ആയിരുന്നാൽ അവിടുന്നു നമ്മുടെ പൂർണതയാകുമെന്നതിനാൽ നമുക്കും ദൈവത്തെപ്പോലെ പൂർണരാകാൻ കഴിയുമെന്നത് എത്രവലിയ സൗഭാഗ്യം! ഭൂമിയിൽ ആയിരിക്കെത്തന്നെ സ്വർഗം ദർശിക്കാനും അനുഭവിക്കാനും രുചിക്കാനുമുള്ള അവസരവും ഈശോ തുറന്നുതരുന്നുണ്ട്.

ഈശോയിലേക്കു കൂടുതൽ അടുക്കാൻ ഒരു എളുപ്പമാർഗമുണ്ട്- പരിശുദ്ധ മറിയത്തെ സന്തോഷിപ്പിക്കുന്നതിനായി ദിവസവും അമ്മയോടു ചേർന്ന് മുട്ടുകുത്തിനിന്ന് 3 നന്മനിറഞ്ഞ മറിയമേ എന്ന ജപം ചൊല്ലുക. അമ്മ മംഗളവാർത്ത സ്വീകരിച്ചത് മുട്ടിന്മേൽ നിന്നുകൊണ്ടായതിനാലാണ് ഇത്. അങ്ങനെ പരിശുദ്ധ മറിയം നിങ്ങളെ എന്നിലേക്ക് കൂടുതൽ അടുപ്പിക്കും. പ്രാർത്ഥന ആവശ്യപ്പെടുന്നവരുടെ നിയോഗങ്ങൾ പെട്ടെന്ന് ലഭ്യമാകാൻ നാം ഈശോയിൽ ആയിരുന്നുകൊണ്ട്, അവിടുന്നിൽനിന്നു പുറത്തുപോകാതെ, ‘പ്രാർത്ഥിക്കാം’ എന്നു പറഞ്ഞാൽ മതിയത്രേ. അപ്പോൾത്തന്നെ അവിടുന്ന് അത് നല്കിക്കഴിയുെമന്ന്! എത്ര ഈസിയാണല്ലേ?

ഈശോ പറഞ്ഞു: ഞാൻ നിങ്ങളുടെ ചാരെയല്ല, ഇടയിലുമല്ല, നിങ്ങളുടെ ഉള്ളിലാണ്. ഏതൊരു കഠിന പാപിയിലും ഞാൻ വസിക്കുന്നു. അതുകൊണ്ട് അവരെയും ആദരിക്കുകയും സ്‌നേഹിക്കുകയും വേണം. എന്നിട്ട് അവിടുന്ന് പാപികളിൽ എപ്രകാരം വസിക്കുന്നുവെന്ന് കാണിച്ചുകൊടുത്തു. ഈശോയാണെന്ന് തിരിച്ചറിയാനാകാത്തവിധം മുറിവുകളാൽ വികൃതമായ മുഖം. മുറിവുകളിൽ നിന്ന് രക്തം ഒഴുകുന്നു. അവിടുത്തെ കണ്ണുകൾ കണ്ടിട്ടാണ് പരിശുദ്ധ അമ്മപോലും ഈശോയെ തിരിച്ചറിഞ്ഞത്. നാം പാപം ചെയ്യുമ്പോൾ നമ്മിലെ ഈശോയെ ക്രൂരമായി ദ്രോഹിക്കുന്നു. മറ്റുള്ളവരെ വെറുക്കുകയും വേദനിപ്പിക്കുകയും ചെയ്യുമ്പോൾ അവരിലെയും നമ്മിലെയും ഈശോ എത്ര കഠിനമായി സഹിക്കേണ്ടിവരുന്നു!

മാതാവിനെ കൂടുതൽ സ്‌നേഹിക്കുക
പരിശുദ്ധ മാതാവിനെ വണങ്ങുകയും പ്രകീർത്തിക്കുകയും അമ്മയോടു പ്രാർത്ഥിക്കുകയും ചെയ്യുന്നവർ ഈശോയ്ക്കുതന്നെയാണ് ഇവയെല്ലാം അർപ്പിക്കുന്നതെന്ന് അഭിമാനത്തോടും ആനന്ദത്തോടുംകൂടെ ഈശോ വ്യക്തമാക്കുന്നു. സ്വർഗവും ഭൂമിയും പരിശുദ്ധ കന്യകയ്ക്ക് നല്കുന്ന മുഴുവൻ മഹത്വവും ആദരവും ചേർത്താലും ഈശോ അമ്മയെ ആദരിക്കുന്നതിന്റെ അടുത്തുപോലും എത്തുകയില്ലത്രേ.. അതുകൊണ്ടുതന്നെ മാതാവിനെ കൂടുതൽ സ്‌നേഹിച്ചുപോകുന്നോ എന്ന ചിലരുടെ ഭയം എത്ര അപ്രസക്തം!

സ്ഥാനാരോഹണച്ചടങ്ങ്
ഭൂലോകങ്ങളുടെ വിജയരാജ്ഞി പദത്തിലേക്കുള്ള പരിശുദ്ധ അമ്മയുടെ സ്ഥാനാരോഹണച്ചടങ്ങ് നമ്മെയും സ്വർഗീയ ആനന്ദത്തിലെത്തിക്കും. ദൈവദൂതരോടൊപ്പം നാമും ആഘോഷങ്ങളിൽ പങ്കെടുക്കുന്ന അനുഭവം… സാത്താന്റെ ആക്രമണങ്ങളിൽ ഒന്നും ഏശാത്തവിധം വളരെ കൂളായി നിന്ന് അവനെ തോല്പിച്ചോടിക്കുന്ന പരിശുദ്ധ അമ്മയുടെ മഹത്വപൂർണമായ പ്രത്യക്ഷപ്പെടൽ നമ്മുടെ ഹൃദയങ്ങളെ സന്തോഷംകൊണ്ട് ഇളക്കിമറിക്കും.
ഈശോയെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നതെങ്ങനെ? പരിശുദ്ധ ത്രിത്വം പരിശുദ്ധ അമ്മയെ എങ്ങനെ ആദരിക്കുന്നു, സ്വർഗത്തിൽ അമ്മ എവിടെ ഉപവിഷ്ടയായിരിക്കുന്നു? ലോകത്ത് പരിശുദ്ധ അമ്മയുടെ പ്രസക്തി, ക്രിസ്തുവിന്റെ രണ്ടാം വരവിൽ അമ്മയുടെ ദൗത്യം, നരകസൈന്യം മുഴുവൻ ചേർന്ന് ആക്രമിച്ചാൽ മാതാവിനെ തോല്പിക്കാമോ? അമ്മയെക്കൂടാതെ ക്രിസ്തുവിന്റെ സ്വന്തമാകാൻ കഴിയുമോ? പരിശുദ്ധ അമ്മയുടെ രൂപം പതിച്ച നാണയങ്ങളിലൂടെ സംഭവിച്ച അത്ഭുതങ്ങൾ, ജപമാല ചൊല്ലുമ്പോൾ ഈശോ എന്തുചെയ്യുന്നു എന്നെല്ലാം ഏറെ കൗതുകകരമായി എന്നാൽ ഗൗരവത്തോടെ പുസ്തകം രേഖപ്പെടുത്തുന്നു.
എല്ലാ മാസത്തിലെയും ഒരു ദിവസം നരകത്തിന്റെ വാതിൽ പൂർണമായും അടയ്ക്കപ്പെട്ടിരിക്കും. അന്ന് ഒരാത്മാവുപോലും നരകത്തിൽ പതിക്കുകയില്ലത്രേ! അങ്ങനെയും ഒരു ദിവസമോ? എങ്കിൽ ആ ദിവസം മരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? ആ തിരഞ്ഞെടുക്കപ്പെട്ട ദിവസമായ ആദ്യശനിയാഴ്ചയെയും അതിന്റെ പ്രത്യേകതകളെയും വെളിപ്പെടുത്തി നമ്മെ നിത്യതയിലെത്താൻ സഹായിക്കുന്ന ഈ ഗ്രന്ഥം മാത്യു വർഗീസ് പോളയ്ക്കൽ വിവർത്തനം ചെയ്ത് സോഫിയ ബുക്‌സ് പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുന്നു.

ഫോൺ : 999 55 74 308

Leave a Reply

Your email address will not be published. Required fields are marked *