വീഴ്ചയുടെ ഫലമായി കിടപ്പിലായിപ്പോയ ഇരുപത്തഞ്ചുകാരിയായിരുന്നു റെസ്ൽ. വീണ്ടും എഴുന്നേൽക്കാനുള്ള ശ്രമങ്ങൾ പലപ്പോഴും അവൾ നടത്തുമായിരുന്നു. അങ്ങനെയൊരു ശ്രമത്തിനിടെ നെറ്റിയിടിച്ചു പരിക്ക് പറ്റി. കാഴ്ചശക്തിയെ ആ ആഘാതം സാരമായി ബാധിച്ചു. പിന്നീട് കാഴ്ച പൂർണമായും നഷ്ടമായി. ആയിടയ്ക്കാണ് റോമിൽ ലിസ്യൂവിലെ തെരേസ എന്ന കൊച്ചുത്രേസ്യയുടെ വിശുദ്ധപദപ്രഖ്യാപന നടപടികൾ നടന്നത്.
ആ വിശുദ്ധനാമകരണത്തിന് മുന്നോടിയായി റെസ്ൽ നൊവേന ചൊല്ലി ഒരുങ്ങുന്നുണ്ടായിരുന്നു. വിശുദ്ധ പദപ്രഖ്യാപനദിവസം തന്റെ മുറിയിലെ കൊച്ചുത്രേസ്യയുടെ ചിത്രം പൂക്കളാൽ അലങ്കരിച്ചു വയ്ക്കുകയും ചെയ്തിരുന്നു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ വിശുദ്ധപദപ്രഖ്യാപനം നടന്നുകൊണ്ടിരുന്ന സമയത്ത് വിശുദ്ധ കൊച്ചുത്രേസ്യ ജീവിതകാലത്ത് വാഗ്ദാനം ചെയ്തിരുന്നതുപോലെ ‘സ്വർഗ്ഗത്തിൽനിന്നുള്ള റോസാപ്പൂക്കളു’മായി റെസ്‌ലിനടുത്തെത്തി. നഷ്ടപ്പെട്ടുപോയ കാഴ്ചശക്തി ആ സമയംതന്നെ തിരിച്ചുകിട്ടി!
വിശുദ്ധ കൊച്ചുത്രേസ്യയുടെ ആ കൂട്ടുകാരി പിന്നീട് ജർമ്മൻ മിസ്റ്റിക്കും പഞ്ചക്ഷതധാരിയുമായി അറിയപ്പെട്ടു. റെസ്ൽ എന്ന് ഓമനപ്പേരുള്ള തെരേസ ന്യൂമാനായിരുന്നു പ്രസ്തുതയുവതി. അവളുടെ ജീവിതത്തിൽ വിശുദ്ധ കൊച്ചുത്രേസ്യ ചെലുത്തിയ സ്വാധീനവും വലുതായിരുന്നു.