കേട്ടുകേൾവിയുള്ള സംഭവകഥ കുറിക്കാം. ഒരിടത്ത് സത്യവാനും നീതിനിഷ്ഠയുള്ളവനുമായ ഒരു രാജാവ് ഉണ്ടായിരുന്നു. കുറ്റവാളികൾക്ക് ഏറ്റവും നീതിയുക്തമായ ശിക്ഷ കൊടുക്കേണ്ടത് രാജ്യത്ത് ക്രമസമാധാനം നിലനിർത്തുന്നതിന് അനിവാര്യമാണെന്ന് മനസിലാക്കിയ ആ രാജാവ് അക്രമികൾക്കും കൊലപാതകികൾക്കും വധശിക്ഷ നല്കിവന്നിരുന്നു. അങ്ങനെയിരിക്കെ മഹാ അക്രമിയും അനേക കൊലപാതകങ്ങൾ ചെയ്തിട്ടുള്ളവനുമായ ഒരു പിടികിട്ടാപ്പുള്ളി പിടിയിലായി. മഹാരാജാവിന്റെ നീതിപീഠത്തിന്റെ മുമ്പിലേക്ക് ആനയിക്കപ്പെട്ടു. അവൻ വിധവയായ ഒരമ്മയുടെ ഏക മകനായിരുന്നു. രാജാവ് അവന് അവനർഹിക്കുന്ന തൂക്കിക്കൊല വിധിച്ചു.
ഈ വിവരമറിഞ്ഞ അവന്റെ അമ്മ രാജാവിന്റെ സിംഹാസനത്തിന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് തന്റെ മകനോടും തന്നോടും കരുണയായിരിക്കണമേയെന്ന് യാചിച്ചു. അവൾ ഇപ്രകാരം രാജാവിനോട് നിലവിളിച്ചു. മഹാരാജാവേ, അവനെന്റെ ഏകമകനാണ്. എന്റെ വാർധക്യത്തിൽ എന്നെ സംരക്ഷിക്കുവാൻ എനിക്ക് മറ്റാരുമില്ല. എന്നോട് കരുണ തോന്നി എന്റെ മകനെ വധശിക്ഷയിൽനിന്നും വിടുവിക്കാൻ തിരുമനസാകണമേ. മഹാരാജാവ് പ്രതിവചിച്ചു. ഒരുക്കലുമില്ല, ക്രൂരനും അക്രമിയും കൊലപാതകിയുമായ നിന്റെ മകന് എല്ലാ വിധത്തിലും അർഹിക്കുന്ന ശിക്ഷയാണ് ഞാൻ നല്കാൻ പോകുന്നത്. നീ എത്ര നിലവിളിച്ചാലും ഞാനവനെ വധശിക്ഷയിൽനിന്ന് വിടുവിക്കുകയില്ല. അതെന്റെ നീതിബോധത്തിന് ചേർന്നതല്ല.
അപ്പോൾ ആ വിധവ ഇപ്രകാരം പറഞ്ഞുകൊണ്ട് നിലവിളിച്ചു. രാജാവേ, അവിടുന്ന് നീതിനിഷ്ഠനാണെന്ന് എനിക്ക് നന്നായറിയാം. എന്റെ മകൻ അർഹിക്കുന്ന ശിക്ഷതന്നെയാണ് അവിടുന്ന് വിധിച്ചിരിക്കുന്നതെന്നും അടിയൻ നന്നായറിയുന്നു. എന്നാൽ വിധവയായ ഞാൻ അങ്ങയുടെ നീതിപീഠത്തോടല്ല നിലവിളിച്ചത്, അങ്ങയുടെ കരുണയുടെ സിംഹാസനത്തോടാണ്. കരുണയുള്ള രാജാവേ, എന്റെ മകന് നീതി നടത്തിക്കൊടുക്കണമേ എന്നല്ല ഞാൻ യാചിച്ചത്. അവനോടും അതുവഴി വിധവയായ എന്നോടും കരുണ കാണിക്കണമേ എന്നാണ്. രാജാവ് ഒരു നിമിഷം ചിന്താമഗ്നനായി. അവസാനം കരുണ നീതിയുടെമേൽ വിജയം നേടി. രാജാവ് ആ വിധവയോടും അതുവഴി അവളുടെ ഏകമകനോടും കരുണ കാണിച്ചു. ആ വിധവയുടെ ഏകപുത്രനെ വധശിക്ഷയിൽനിന്നും വിടുവിച്ചു.
ഇത് കേവലം മനുഷ്യൻ മാത്രമായ ഒരു മഹാരാജാവിന്റെ കാരുണ്യത്തിന്റെ കഥ. എന്നാൽ രാജാക്കന്മാരുടെ മഹാരാജാവായ ദൈവത്തിന്റെ കരുണയുടെ സിംഹാസനം ഇതിനെക്കാൾ എത്രയോ മടങ്ങ് ഉദാരമാണ്. തന്റെ ഏകമകനായ യേശുവിന്റെ അതിദാരുണമായ പീഡാസഹനത്തെയും കുരിശുമരണത്തെയും ഓർത്തുകൊണ്ട് അവിടുന്ന് ലോകം മുഴുവനുമുള്ള സകല പാപികളോടും കരുണ കാണിക്കുന്നു. പക്ഷേ മനുഷ്യരായ നമ്മൾ അജ്ഞതകൊണ്ടോ അലംഭാവംകൊണ്ടോ പിതാവായ ദൈവത്തിന്റെ കരുണയുടെ സിംഹാസനത്തിന്റെ മുമ്പിൽ നിന്നുകൊണ്ട് അവിടുത്തെ കരുണ ചോദിക്കാൻ മടി കാണിക്കുന്നു. ഫലമോ നീതിയുക്തമായ ശിക്ഷാവിധികൾ നാം ഏറ്റുവാങ്ങേണ്ടിവരുന്നു.
ഏറ്റുപറച്ചിലിന്റെ അനിവാര്യത
സ്വന്തം തെറ്റുകൾ ഏറ്റുപറയുന്നവനാണ് ദൈവസന്നിധിയിൽനിന്നും കരുണ ലഭിക്കുക. ദൈവവചനം ഇപ്രകാരം നമ്മോടു സംസാരിക്കുന്നു ”നമ്മൾ പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, അവൻ വിശ്വസ്തനും നീതിമാനുമാകയാൽ, പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതികളിലുംനിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും” (1 യോഹന്നാൻ 1:9).
മുകളിൽ നാം കണ്ട വിധവ, തന്റെ മകനുവേണ്ടി കരുണ യാചിക്കുമ്പോൾ രാജാവിന്റെ നീതിവിധി കുറ്റമറ്റതാണെന്നും തന്റെ മകൻ വധശിക്ഷക്ക് അർഹനാണെന്നും രാജാവിനോട് ഏറ്റുപറയുന്നു. ഇത് അവനുവേണ്ടിയുള്ള ഒരമ്മയുടെ കുറ്റമേറ്റുപറച്ചിൽ കൂടിയാണ്. ആ ഏറ്റുപറച്ചിലിനുശേഷമാണ് അവളുടെ മകന് കരുണ ലഭിക്കാൻ ദൈവം ഇടവരുത്തുന്നത്. ഇതുപോലെ ലോകത്തിലെ ഏറ്റവും ക്രൂരനും നീചനുമായ പാപിക്കുപോലും ദൈവസുതനായ യേശുവിന്റെ പീഡാസഹനങ്ങളുടെ യോഗ്യതകളെപ്രതി ദൈവപിതാവിന്റെ കരുണയുടെ സിംഹാസനത്തിൽനിന്നും കരുണയും പാപമോചനവും ശിക്ഷാവിധിയിൽനിന്ന് വിടുതലും ലഭിക്കും. പക്ഷേ, നമ്മുടെ തെറ്റ് നാം ഏറ്റുപറയാൻ തയാറാകണം എന്നതൊരു അനിവാര്യതയാണ്.
ഒരിക്കൽ ശാലോമിലെ ചാപ്പലിൽവച്ച് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ ഹൃദയം അനുതാപപൂരിതമായി. ഞാൻ ചെയ്തിട്ടില്ലാത്തതും ചെയ്യണമെന്ന് ചിന്തയിൽപ്പോലും വന്നിട്ടില്ലാത്തതുമായ പാപങ്ങളാണ് ആ സമയത്ത് ഏറ്റുപറഞ്ഞു പ്രാർത്ഥിച്ചത്. അത് വരുംകാലങ്ങളിൽ ശാലോം ശുശ്രൂഷകളിലൂടെ അനുഗ്രഹിക്കപ്പെടുവാൻ പോകുന്ന മറ്റനേകർക്കുവേണ്ടിയാണ് എന്ന ബോധ്യം അതുകഴിഞ്ഞപ്പോൾ കർത്താവ് തന്നു.
അനേകർക്കുവേണ്ടിയുള്ള ഏറ്റുപറച്ചിൽ
ആ അനുഭവത്തിനുശേഷം അനേകവട്ടം അനേകർക്കുവേണ്ടി പാപങ്ങൾ ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ ദൈവമെനിക്ക് തന്നു. ഞാൻ കൂടെക്കൂടെ മനസ്താപ പ്രകരണം ചൊല്ലാൻ തുടങ്ങി. മനസ്താപ പ്രകരണം മാത്രമല്ല എന്റെ ദൈവമേ എന്നോടു കരുണ തോന്നണമേ. എന്റെ അപരാധങ്ങൾ കഴുകിക്കളയുകയും തെറ്റുകൾ തുടച്ചുമാറ്റുകയും ചെയ്യണമേ എന്ന് തുടങ്ങുന്ന അനുതാപ സങ്കീർത്തനവും (51-ാം സങ്കീർത്തനം) പരിശുദ്ധാത്മാവ് എന്നെക്കൊണ്ട് പ്രാർത്ഥിപ്പിക്കാൻ തുടങ്ങി. മറ്റനേകരുടെ പാപങ്ങൾക്കുവേണ്ടികൂടി ഉള്ളതാണ് ഈ ഏറ്റുപറച്ചിൽ എന്ന് സമയാസമയങ്ങളിൽ അവിടുന്നെനിക്ക് വെളിപ്പെടുത്തിത്തരികയും ചെയ്തുകൊണ്ടിരിക്കുന്നു.
പാപമേറ്റുപറച്ചിൽ ശുശ്രൂഷാരംഗങ്ങളിൽ
നാം ആർക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്നുവോ അവരുടെ പാപങ്ങൾക്കുവേണ്ടി യേശുക്രിസ്തുവിന്റെ നാമത്തിൽ പാപമോചനം യാചിച്ച് പ്രാർത്ഥിക്കുന്ന രീതി ഞാനറിയാതെ എന്റെ ജീവിതത്തിൽ കടന്നുവന്നു. അത് എന്റെ ശുശ്രൂഷകളെ കൂടുതൽ ഫലദായകമാക്കിത്തീർക്കുന്നത് അനുഭവിക്കുവാൻ കഴിഞ്ഞു. മധ്യസ്ഥപ്രാർത്ഥന നടത്തുമ്പോഴും കൗൺസലിങ്ങ് ശുശ്രൂഷ ചെയ്യുമ്പോഴും എഴുത്തുശുശ്രൂഷ ചെയ്യുമ്പോഴുമെല്ലാം ആർക്കെല്ലാംവേണ്ടി യേശുവിന്റെ നാമത്തിൽ പാപമോചനം യാചിച്ചു പ്രാർത്ഥിച്ചുവോ അവരുടെയെല്ലാം ജീവിതങ്ങൾ ത്വരിതമായി അനുഗ്രഹത്തിലേക്ക് കടന്നുവരുന്നത് കാണാൻ ദൈവമെനിക്ക് ഇടവരുത്തി.
കത്തോലിക്കാ സഭയുടെ പ്രബോധനപ്രകാരം ഞാൻ നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നുവെന്നു പറയാൻ ഒരു പട്ടക്കാരന് മാത്രമേ അധികാരമുള്ളൂ. എന്നാൽ മറ്റൊരാളുടെ പാപം ക്ഷമിക്കണമേയെന്ന് യേശുവിനോടും യേശുവിന്റെ നാമത്തിൽ പിതാവിനോടും യാചിക്കാൻ ഏതൊരു ക്രിസ്തുവിശ്വാസിക്കും അവകാശമുണ്ട്. യേശുവിന്റെ അതിദാരുണമായ പീഡാസഹനങ്ങളെപ്രതി എന്റെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ എന്ന് കരുണയുടെ ജപമാലയിൽ നാം പ്രാർത്ഥിക്കുമ്പോഴും പരോക്ഷമായി നമ്മൾ നമ്മുടെയും ലോകത്തിലുള്ള എല്ലാ പാപികളുടെയും പാപമോചനത്തിനായി പ്രാർത്ഥിക്കുകയാണ്.
കത്തോലിക്കേതര ക്രിസ്തീയ സഭകളിൽ ചിലതിലെല്ലാം കുമ്പസാരം ഇല്ലെങ്കിലും രക്ഷയ്ക്കുവേണ്ടിയുള്ള പാപങ്ങളുടെ ഏറ്റുപറച്ചിൽ ഒരു നിർബന്ധിത ഘടകമാണ്. ദീർഘകാലങ്ങളായി നാം പലതിനുവേണ്ടിയും പലർക്കുവേണ്ടിയും പ്രാർത്ഥിക്കുന്നവരായിരിക്കാം. പക്ഷേ ഇതുവരെ യാതൊരു ചലനവും നമ്മുടെ പ്രാർത്ഥനാവിഷയങ്ങളുടെമേലും നാം ആർക്കുവേണ്ടി പ്രാർത്ഥിക്കുന്നുവോ അവരുടെ ജീവിതത്തിലും ഇല്ലായിരിക്കാം. അതിനുള്ള പ്രധാന കാരണം പ്രാർത്ഥിക്കുന്ന നമ്മുടെ ജീവിതത്തിലും നാം ആർക്കുവേണ്ടി പ്രാർത്ഥിക്കുന്നുവോ അവരുടെ ജീവിതത്തിലുമുള്ള ഏറ്റുപറയപ്പെടാത്ത പാപങ്ങളാണ്.
”രക്ഷിക്കാൻ കഴിയാത്തവിധം കർത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേൾക്കാനാവാത്ത വിധം അവിടുത്തെ കാതുകൾക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല. നിന്റെ അകൃത്യങ്ങൾ നിന്നെയും ദൈവത്തെയും തമ്മിൽ അകറ്റിയിരിക്കുന്നു. നിന്റെ പാപങ്ങൾ അവിടുത്തെ മുഖം നിന്നിൽനിന്നും മറച്ചിരിക്കുന്നു. അതിനാൽ അവിടുന്ന് നിന്റെ പ്രാർത്ഥന കേൾക്കുന്നില്ല. നിന്റെ കരങ്ങൾ രക്തപങ്കിലമാണ്. വിരലുകൾ അകൃത്യങ്ങളാൽ മലിനമായിരിക്കുന്നു. നിന്റെ അധരം വ്യാജം പറയുന്നു. നാവ് ദുഷ്ടത പിറുപിറുക്കുന്നു…” (ഏശയ്യാ 59:1-8).
ലോകത്തിന്റെ പാപങ്ങൾക്കുവേണ്ടി
ലോകം ഇന്ന് പേറുന്ന പാപഭാരം വളരെ വലുതാണ്. ലോകത്തിൽ മനുഷ്യർ ചെയ്യുന്ന പാപങ്ങൾ നിമിത്തം ഭൂമി ഇന്ന് പലവട്ടം ദൈവകോപത്താൽ നശിപ്പിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എങ്കിലുമെന്തേ ലോകമിന്ന് നശിപ്പിക്കപ്പെടാതെ തുടരുന്നു? അതിന്റെ ഒരു കാരണം യേശുവിന്റെ പീഡാസഹനങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള അനേകരുടെ കരുണയ്ക്കുവേണ്ടിയുള്ള നിലവിളിയും പരിഹാരം ചെയ്തുള്ള പ്രാർത്ഥനകളുമാണ്. സർവംസഹ എന്നാണ് ഭൂമിയെക്കുറിച്ച് കവികൾ പാടിയിട്ടുള്ളത്. ആ ഭൂമിക്കുപോലും വഹിക്കാനും സഹിക്കാനും കഴിയാത്തവിധം മനുഷ്യന്റെ പാപം അത്രമേൽ പെരുകിയിരിക്കുന്നു.
ഏശയ്യാ പ്രവചനത്തിൽ ഈ നാളുകളെക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: ”ഭൂമിയുടെ അടിസ്ഥാനങ്ങൾ വിറകൊള്ളുന്നു. ഭൂമി നിശേഷം തകർക്കപ്പെട്ടിരിക്കുന്നു. അത് ഛിന്നഭിന്നമായി, അതു പ്രകമ്പനം കൊള്ളുന്നു. ഭൂമി ഉന്മത്തനെപ്പോലെ ആടിയുലയുന്നു; കുടിൽപോലെ ഇളകിയാടുന്നു. അത് താങ്ങുന്ന അകൃത്യം അത്ര ഭാരമേറിയതാണ്” (ഏശയ്യാ 24:18-20). മനുഷ്യന്റെ പാപങ്ങൾ നിമിത്തം ആസന്നമായ മഹാദുരിതങ്ങളുടെയും നാശത്തിന്റെയും വക്കിലാണ് ലോകമിന്ന്. അത് എപ്പോൾ വേണമെങ്കിലും നമ്മെ ഭീകരനാശത്തിലേക്ക് തള്ളിയിടാം. എന്നിട്ടും ഇപ്പോഴും നമ്മൾ ഇതെക്കുറിച്ചെല്ലാം അജ്ഞരായി സാമോദം ഉറങ്ങിക്കഴിയുന്നു. ‘പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല’ എന്ന മട്ടിൽ ഞാൻ, എന്റെ ഭാര്യ, എന്റെ മക്കൾ, എന്റെ വേലിക്കെട്ട്, എന്റെ ഇടവക, എന്റെ രൂപത, എന്റെ കോൺഗ്രിഗേഷൻ, എന്റെ പ്രൊവിൻസ്, എന്റെ സ്ഥാപനം, എന്റെ ധ്യാനമന്ദിരം എന്നിങ്ങനെയുള്ള സങ്കുചിത ചിന്താഗതിയുമായി സസുഖം വാഴുന്നു.
ഏതു നിമിഷമാണ് വിനാശത്തിന്റെ ചുഴലിക്കാറ്റ് നമ്മെ തൂത്തെറിഞ്ഞ് നിലംപരിശാക്കുക എന്ന് അറിഞ്ഞുകൂടാ. അതു നമ്മെ നശിപ്പിക്കുംമുമ്പ് നമ്മുടെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് യേശുവിന്റെ രക്തത്താൽ മോചനം ലഭിക്കുവാൻവേണ്ടി കരുണയുടെ ജപമാലയും കരുണക്കുവേണ്ടിയുള്ള പ്രാർത്ഥനയും ചൊല്ലി നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെയും ലോകം മുഴുവന്റെയും പാപത്തിന് പരിഹാരം ചെയ്ത് നമുക്ക് പ്രാർത്ഥിക്കാം. ഉയിർപ്പു തിരുനാളിന്റെ മംഗളങ്ങൾ ആശംസിക്കുന്നു. ഉത്ഥിതനായ കർത്താവ് പുതിയൊരു ആത്മീയ നവോത്ഥാനം ആഗോളസഭക്ക് നല്കട്ടെ. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന പഴമൊഴിയുടെ ഭോഷത്തത്തെ നമുക്ക് ഇനിയെങ്കിലും തിരിച്ചറിഞ്ഞ് തിരുത്താം.
നമുക്ക് ഇപ്രകാരം പ്രാർത്ഥിക്കാം
ഉത്ഥിതനായ യേശുവേ അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവുകൊണ്ട് എന്നെ നിറക്കണമേ. സകല മനുഷ്യരുടെയും പാപങ്ങളുടെ മോചനത്തിനുവേണ്ടി ബലിയർപ്പിക്കപ്പെട്ട ഈശോയേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങളുടെ മോചനത്തിനുവേണ്ടി കരുണ ചോദിക്കുവാനും അവിടുത്തെ സഹനബലിയോടു ചേർന്ന് പരിഹാരം ചെയ്ത് പ്രാർത്ഥിക്കുവാനും അവിടുത്തെ ആത്മാവിനാൽ എന്നെ അഭിഷേകം ചെയ്ത് ശക്തിപ്പെടുത്തണമേ, ആമ്മേൻ.
സ്റ്റെല്ല ബെന്നി