ക്രിസ്റ്റി സ്റ്റേജിൽ ശ്വാസംപിടിച്ചു നിന്നു. കുഞ്ഞുചുണ്ടുകൾ വിറയ്ക്കുന്നുണ്ട്. എങ്ങനെ തുടങ്ങുമെന്നറിയില്ല. ഏറ്റം പിൻനിരയിൽ മമ്മയും ഡാഡും ഇരിക്കുന്നതുകണ്ടപ്പോൾ ഭയമൊക്കെ എങ്ങോ പോയി. ഒരു പിഞ്ചുകുഞ്ഞിന്റെ ഫോട്ടോ ഉയർത്തിക്കാണിച്ചു അവൻ പറഞ്ഞു: ‘ഇത് എന്റെ അനുജൻ ക്രിസ്‌വിൻ. ഞങ്ങൾ വലിയ കൂട്ടാ…. എന്നാൽ ഒന്നിച്ചുകളിക്കാനും കെട്ടിപ്പിടിച്ചുരുളാനും അവനിപ്പം ഇല്ല. ആറുമാസമായി അവനെ കണ്ടിട്ട്. എനിക്ക്… എന്റെ ക്രിസിനെ കാണാൻ കൊതിയാകുവാ…. ക്രിസ്റ്റി തേങ്ങിപ്പോയി. എങ്കിലും അവൻ തുടർന്നു. ഇപ്പോ എനിക്ക് സങ്കടമില്ലാട്ടോ. മമ്മ പറഞ്ഞു, ക്രിസ് ഇപ്പം ഈശോയുടെ കയ്യിൽ ഊഞ്ഞാലാടുവാന്ന്. പിന്നെ ഈശോ അവനെ സ്വർഗത്തിലെ ഡാഡിന്റെ തോളിൽ കയറ്റി നിർത്തുംന്ന്. അപ്പോളവന് നമ്മളെയെല്ലാം ശരിക്കും കാണാന്ന്. ഹോ എന്തു രസമായിരിക്കും!!! ക്രിസ്റ്റിയുടെ മുഖം പൂത്തിരിപോലെ പ്രകാശിച്ചു. എനിക്കതു മതി. എന്റെ ക്രിസ് സന്തോഷമായിരുന്നാ മതി.
ഡാഡ് പറഞ്ഞു, ഈസ്റ്റർ ഉള്ളതുകൊണ്ട് നമുക്കു ക്രിസിനെ കാണാൻ പറ്റൂന്ന്. അതുകേട്ടപ്പോ എനിക്ക് വലിയ സന്തോഷമായി. അതെങ്ങനെയാ, മരിച്ചവരെ കാണുന്ന ദിവസമാണോ ഈസ്റ്റർ? ഞാൻ ചോദിച്ചു. നമുക്കെല്ലാർക്കും ഒരു ഈസ്റ്റർ ഉണ്ടെന്ന്. ഈശോ നമുക്കുവേണ്ടി മരിച്ച് ഉയിർത്തതുകൊണ്ട് നമ്മൾ മരിച്ചാലും ഉയിർക്കൂന്നാ ഡാഡ് പറഞ്ഞേ.. അപ്പോൾ നമ്മുടെ ക്രിസിനെ നമുക്കു കാണാലോ. മാത്രമോ? ഈശോയെ നമുക്കപ്പം നല്ലോണം കാണാൻ പറ്റൂന്ന്, വൗ!!! ക്രിസ്റ്റി സ്റ്റേജിൽ നിന്ന് എക്‌സൈറ്റഡായി.
അതു കേട്ടപ്പോ ഞാൻ തുളളിച്ചാടി. എനിക്ക് എന്റെ ക്രിസിനെക്കാണാം, എന്റെ പൊന്നീശോയെയും കാണാം… പിന്നെ അവൻ വലിയ പ്രാസംഗികരെപ്പോലെ സ്വരമുയർത്തി പറഞ്ഞു: നിങ്ങൾ ആരും സങ്കടപ്പെടരുതുട്ടോ. നിങ്ങളുടെ കുഞ്ഞനുജനോ അനുജത്തിയോ മരിച്ചുപോയോ? വിഷമിക്കരുത്. ചേച്ചിയോ ചേട്ടനോ – നിങ്ങൾക്ക് ഒത്തിരി ഇഷ്ടമുള്ള ആരെങ്കിലും മരിച്ചുപോയ സങ്കടത്തിലാണോ നിങ്ങൾ? എന്നാൽ ഇനി നിങ്ങൾ സങ്കടപ്പെടരുത്. കാരണം നമുക്കവരെ കാണാൻ കഴിയും. ഈശോ അവരെ നുക്കു കാണിച്ചു തരും. ഈശോ ഉയിർത്തപോലെ നമ്മളും ഉയിർക്കും. അപ്പോൾ നമുക്കവരെ കാണാം, അവരുടെ അടുത്തു പോവുകേം ചെയ്യാം.”
കുഞ്ഞു ക്രിസ്റ്റിയുടെ ‘വലിയ’ പ്രസംഗം അവിടെയിരുന്ന പലരുടെയും കണ്ണു നനയിച്ചു. വേർപാടിന്റെയും ഒപ്പം പ്രത്യാശയുടെയും കണ്ണുനീർ. മരണത്താൽ വേർപിരിഞ്ഞവരെക്കുറിച്ച് ദൈവത്തോടും മറ്റുള്ളവരോടുമുള്ള അവരുടെ പരാതികളെയൊക്കെയും ക്രിസ്റ്റിയുടെ വാക്കുകളാൽ മഞ്ഞുപോലെ ഉരുകിത്തുടങ്ങി.
അമ്മ ഒന്നു മരിക്കണേ…
”ക്രിസ്തുവിൽ എല്ലാവരും പുനർജീവിക്കും” (1 കോറിന്തോസ് 15:22) എന്നുറപ്പ്. കാരണം ”ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും”(യോഹന്നാൻ 11:25). എന്നത് ഈശോയുടെ തന്നെ വാക്കാണല്ലോ. അതിനാൽ ആരും നിത്യമായി നമ്മിൽനിന്നും അകന്നുപോയിട്ടില്ല. മഹത്വപൂർണമായൊരു പുനസമാഗമത്തിനായി അല്പനേരത്തേക്ക് മാറിനില്ക്കുന്നുവെന്നേ ഉള്ളൂ. കുടുംബങ്ങളിൽനിന്ന് ചിലർ സമ്പന്ന രാജ്യങ്ങളിൽ ആദ്യം പോയി ജോലിയും വീടുമെല്ലാം ക്രമീകരിക്കാറുണ്ടല്ലോ. അതിനുശേഷം കുടുംബാംഗങ്ങളെയും അവിടേക്ക് കൊണ്ടുപോകും. ഈ ലോകത്തുനിന്നുള്ള യാത്രയും ഏതാണ്ട് ഇതുപോലെയാണ്. ഭൂമിയിലെ ഏതു സമ്പന്ന രാഷ്ട്രത്തോടും സ്വർഗത്തെ തുലനം ചെയ്യാേന സാധിക്കില്ല. ”ദൈവം തന്നെ സ്‌നേഹിക്കുന്നവർക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകൾ കാണുകയോ ചെവികൾ കേൾക്കുകയോ മനുഷ്യമനസ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല” (1 കോറിന്തോസ് 2:9) അത്രമാത്രം ദൈവിക ആനന്ദവും സന്തോഷവും സ്‌നേഹവും സ്വർഗത്തിൽ ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അവിടെ നമ്മുടെ പ്രിയപ്പെട്ടവർ നമുക്കുമുമ്പേ സ്വർഗ്ഗത്തിൽ എത്തിച്ചേർന്നതിൽ നാം സന്തോഷിക്കുകയല്ലേ വേണ്ടത്? അല്പനേരത്തേക്ക് നമ്മെ പിരിയുന്നത് വേദനയെങ്കിലും അവരുടെ സന്തോഷമല്ലേ നമ്മുടെ സന്തോഷം!
‘ഈ അമ്മച്ചി ഒന്നു പെട്ടെന്നു മരിക്കണേ’ എന്ന് വിശുദ്ധ കൊച്ചുത്രേസ്യ സ്വന്തം അമ്മയ്ക്കുവേണ്ടി പ്രാർത്ഥിക്കുമായിരുന്നു. അവൾ അമ്മയെയാണ് എറ്റം അധികം സ്‌നേഹിച്ചത്. അതിനാൽ സ്വർഗീയ സന്തോഷത്തിൽ തന്റെ അമ്മ എത്രയും വേഗം എത്തിച്ചേരാൻ അവൾ ആഗ്രഹിച്ചു. അതുകൊണ്ടാണ് വിശുദ്ധ അങ്ങനെ പ്രാർത്ഥിച്ചിരുന്നത്.
നമ്മുടെ പ്രിയപ്പെട്ടവർ മരണശേഷം സ്വർഗത്തിൽ അനുഭവിക്കുന്ന ആനന്ദത്തിൽ നാം ദു:ഖിച്ചാൽ, പരാതിപ്പെട്ടാൽ, നിരാശരായാൽ യഥാർത്ഥത്തിൽ നാം അവരെ സ്‌നേഹിക്കുന്നില്ല എന്നല്ലേ? അവർ അങ്ങനെ തനിയെ സന്തോഷിക്കണ്ടാ, എന്റെ കൂടെ ആയിരിക്കുന്നതിന്റെ സന്തോഷം എനിക്കുവേണം എന്ന സ്വാർത്ഥതയാണോ നമ്മെ സങ്കടപ്പെടുത്തുന്നത്? ‘പ്രത്യാശയില്ലാത്തവരാണ് മരിച്ചവരെപ്രതി ദുഖിക്കുന്നത്’ – (1 തെസലോനിക്ക 4:13) എന്ന് തിരുവചനം ഓർമപ്പെടുത്തുന്നു.
ഈസ്റ്റർ ജനത എന്നാണ് ക്രൈസ്തവർ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ മരണത്തിൽ വേദനിക്കുമ്പോഴും ഉത്ഥാനത്തിന്റെ പ്രത്യാശയാൽ നാം കരുത്തുള്ളവരാകണം. കാരണം ക്രിസ്തുവിനോടുകൂടെയാണ് നാം പുനരുത്ഥാനം ചെയ്യുന്നത്, വെറുതെയല്ല. ക്രിസ്തുവിനോടുകൂടെയെങ്കിൽ അവിടുന്ന് ആയിരിക്കുന്നിടത്ത് നാം ആയിരിക്കുകയും ചെയ്യും. ”നാം ക്രിസ്തുവിനോടുകൂടെ മരിച്ചുവെങ്കിൽ അവനോടുകൂടെ ജീവിക്കും… ”(റോമാ 6:8). ”ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്റെ മഹത്വത്തിൽ ഉയിർത്തെഴുന്നേറ്റതുപോലെ നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്‌കരിക്കപ്പെട്ടത്” (റോമ 6:4).
മക്കൾ മരിക്കാൻ പ്രാർത്ഥിച്ചവർ
പ്രിയപ്പെട്ടവരുടെ മരണത്തിൽ മനസുനുറുങ്ങുമ്പോഴും ആത്മാവിൽ ആനന്ദിക്കുന്നവരുണ്ട്. ‘നമ്മുടെ അപ്പച്ചനെ കൊന്നവരെ നമ്മൾ വലുതാകുമ്പോൾ നാം കൊന്നിരിക്കും’ എന്ന് മക്കൾ പറയുന്നത് ആ അമ്മ കേട്ടു. മക്കളെ അതിരറ്റു സ്‌നേഹിച്ചിരുന്ന അവർക്ക് മക്കൾ കൊലപാതകികളാകുന്നത് താങ്ങാൻ കഴിയുമായിരുന്നില്ല. കൊലപാതകികളാകുന്നതിനുമുമ്പേ മക്കൾ മരിക്കുന്നതിനായി അന്നുമുതൽ നന്മരണ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം പ്രാർത്ഥിച്ചു തുടങ്ങി. പുനരുത്ഥാനത്തിൽ അവരെ തിരികെ കിട്ടുമെന്ന് അവർക്കറിയാമായിരുന്നു. അമ്മയുടെ പ്രാർഥനപോലെ, ഇരുവർക്കും വിശുദ്ധമായ മരണം വിശുദ്ധ യൗസേപ്പിതാവ് സാധിതമാക്കി. അവരുടെ പ്രഥമ ദിവ്യകാരുണ്യ ദിനം.. ഏറ്റം വിശുദ്ധരായി ഈശോയെ സ്വീകരിച്ച് അവർ ഇരുവരും സ്വർഗത്തിലേക്ക് യാത്രയായി.
ഇന്ന് നിർമലരും വിശുദ്ധരുമായവർ നാളെ ലോകത്തിന്റെ തിന്മകളിലകപ്പെട്ടുപോകാനിടയില്ലേ? ദുർമാർഗികളായ മക്കളെപ്രതി എത്രയോ മാതാപിതാക്കൾ കേഴുന്നു? ഇങ്ങനെയുള്ള മക്കൾ ഇല്ലാതിരുന്നെങ്കിൽ എന്ന് കേഴുന്നവരുമുണ്ട്. അശുദ്ധിയിലും അധർമത്തിലും ജീവിക്കുന്നതിനെക്കാൾ അഭികാമ്യം വിശുദ്ധരായി അല്പംമുമ്പേ സ്വർഗത്തിലെത്തുന്നതല്ലേ?
‘നീതിമാന്മാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്. ഒരു ഉപദ്രവവും അവരെ സ്പർശിക്കുകയില്ല. … അവർ ശാന്തി അനുഭവിക്കുന്നു. … അനശ്വരമായ പ്രത്യാശയുള്ളവരാണ് അവർ. ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്ന് കാണുകയും ചെയ്തു. .. അവിടുത്തെ സന്ദർശനത്തിൽ അവർ പ്രശോഭിക്കും’ (ജ്ഞാനം 3:1-7).
ഈശോയുടെ കരങ്ങളിൽ ഊഞ്ഞാലാടുകയും പിതാവിന്റെ തോളത്തു കയറിനിന്ന് സ്വർഗസവാരി നടത്തുകയും ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ടവരെപ്രതി നമുക്കു അഭിമാനിക്കാം. ക്രിസ്തുവിനോടൊപ്പം ഉത്ഥിതരായി അവരോടൊപ്പം ആനന്ദിക്കാൻ നാം എത്തുന്നതും കാത്ത്, സ്വർഗത്തിൽ നമുക്കുവേണ്ടതെല്ലാം മുൻകൂട്ടി ക്രമീകരിച്ചുകൊണ്ടിരിക്കുന്ന അവർ ഭൂമിയിൽ നമുക്കാവശ്യമായതെല്ലാം സകലത്തിനും ഉടയവനോട് പറഞ്ഞ് നേടിത്തരും. എങ്കിൽപ്പിന്നെ, ഇനി എനിക്കാര്? ഇനി എന്ത്? എന്നുള്ള തേങ്ങലുകൾക്ക് പ്രസക്തിയെവിടെ? സർവശക്തനായ ദൈവമല്ലേ ഇതുവരെ പരിപാലിച്ചത്? അവിടുന്നുതന്നെ ഇനിയും പരിപാലിക്കില്ലേ?
ഉത്ഥിതനായ ഈശോയുടെ തിരുമുറിവുകൾ സൂര്യനെ വെല്ലുന്ന ശോഭയാൽ പ്രകാശിച്ചിരുന്നുവെന്നും അവിടുന്ന് അപ്പോൾ അതീവ കോമളനും മഹത്വപ്രതാപവാനുമായിരുന്നു എന്നും മിസ്റ്റിക്കുകൾ വെളിപ്പെടുത്തുന്നു. എങ്കിൽ അവിടുത്തോടൊപ്പം മരിക്കുന്നവരെല്ലാം അവിടുത്തെപ്പോലെ മഹത്വത്തിൽ ഉത്ഥിതരാകും. ”അവന്റെ മരണത്തിന് സദൃശമായ ഒരു മരണത്തിൽ നാം അവനോട് ഐക്യപ്പെട്ടവരായെങ്കിൽ അവന്റെ പുനരുത്ഥാനത്തിനു സദൃശമായ പുനരുത്ഥാനത്തിലും അവനോട് ഐക്യപ്പെട്ടവരായിരിക്കും”(റോമാ 6:5).
നാം മരണത്തെ ഭയപ്പെടുകയോ പ്രിയപ്പെട്ടവരുടെ മരണത്തിൽ വേദനിക്കുകയോ ചെയ്യുന്നവരാണോ? എങ്കിൽ പരിശുദ്ധ അമ്മ നമ്മെ ആശ്വസിപ്പിക്കും. അമ്മയ്ക്കുമാത്രം അതിനു കഴിയും. പരിശുദ്ധരിൽ പരിശുദ്ധനായ തന്റെ പൊന്നുമോനെ നമുക്കുവേണ്ടി ക്രൂരമായ മരണത്തിനു വിട്ടുകൊടുത്ത അമ്മ പരാതിപ്പെട്ടില്ല, കുറ്റപ്പെടുത്തിയില്ല, നമ്മെയും ദൈവത്തെയും. ആ അമ്മയ്ക്ക് നമ്മെ മനസിലാകും. മൂന്നു ദിനങ്ങൾ മൂവായിരം വർഷങ്ങൾപ്പോലെ ഇഴയുമ്പോഴും പ്രതീക്ഷയോടെ പ്രാർത്ഥിച്ചു കാത്തിരുന്ന അമ്മ, ഉയിർപ്പിന്റെ പ്രത്യാശയാൽ നമ്മെ ബലപ്പെടുത്തും.
ആൻസിമോൾ ജോസഫ്