മട്ടുപ്പാവിലേക്കു വരിക

പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പുണ്യാത്മാക്കളിൽ ഒരാളും പരിശുദ്ധാരൂപിയുടെ ഒബ്‌ളേറ്റ് സിസ്‌റ്റേഴ്‌സ് എന്ന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയുമായിരുന്ന വാഴ്ത്തപ്പെട്ട എലേന ഗുവേര, ഒരുനാൾ സഭയുടെ പരമാധ്യക്ഷനായ 13-ാം ലെയോ മാർപാപ്പയെ സന്ദർശിച്ചു. അവർക്കു പാപ്പയുടെ മുമ്പിൽ സമർപ്പിക്കാനുണ്ടായിരുന്ന ഏക അപേക്ഷ ഇതായിരുന്നു, ‘പരിശുദ്ധ പിതാവേ, സഭയെ അവിടുന്നു വീണ്ടും മട്ടുപ്പാവിലേക്കു നയിച്ചാലും. യേശുവിന്റെ അപ്പസ്‌തോല്ന്മാരെ അഗ്‌നി കൊണ്ട് നിറച്ച സ്ഥലമാണല്ലോ സെഹിയോൻ മാളികയുടെ മട്ടുപ്പാവ്.
ആ ദിവ്യ വചസുകളിൽ ലെയോ പതിമൂന്നാമൻ പാപ്പ ദൈവിക ആഹ്വാനം കണ്ടു. തുടർന്ന് 1895-നും 1900-നും ഇടയിൽ അദ്ദേഹം ഒരേ ആഹ്വാനവുമായി വിവിധ അപ്പസ്‌തോലിക ലേഖനങ്ങൾ എഴുതി. സ്വർഗ്ഗാരോഹണം മുതൽ പന്തക്കുസ്ത വരെയുള്ള കാലയളവിൽ സഭയിലാകമാനം പരിശുദ്ധാത്മാവിനോടുള്ള ആഘോഷമായ നൊവേന നടത്തണമെന്ന് ആഹ്വാനം ചെയ്തു.

രണ്ടാം സഹസ്രാബ്ദം പിറന്നു വീണ 1901 ജനുവരി ഒന്നിനും മാർപാപ്പ ആഗോള സഭക്കു വേണ്ടി പരിശുദ്ധാത്മാവിന്റെ പുത്തൻ പ്രവാഹം തേടി പ്രാർത്ഥിച്ചു. വത്തിക്കാൻ അരമനയിൽ നടന്ന തിരുകർമ്മങ്ങൾക്കു മധ്യേ വേനി ക്രിയേറ്റർ സ്പിരിറ്റസ് (സൃഷ്ടിക്കുന്നവനായ ആത്മാവേ വന്നാലും) എന്ന സഭയുടെ പരമ്പരാഗത കീർത്തനം പാടി അദ്ദേഹം ആഗോള സഭയ്ക്കായി പ്രാർത്ഥിച്ചു. അത്തരം വെല്ലുവിളികളിലൂടെ കടന്നു പോവുകയാണ്, കത്തോലിക്കാ സഭ വീണ്ടും.

പരിശുദ്ധാത്മാവിൽ വീണ്ടും
ജനിക്കുന്നില്ലെങ്കിൽ?
നൈരാശ്യവും അശുഭ ചിന്തകളും, ജഡികാസക്തികളും കൊണ്ട് നിറഞ്ഞ ഒരു കാലത്തിലൂടെയാണ് ഇന്ന് ആധുനിക മനുഷ്യന്റെ യാത്ര. ഒരു സത്യവിശ്വാസിയായിരിക്കുക എന്നത് അസാധ്യമെന്ന് തോന്നിപ്പിക്കും വിധം കാപട്യവും മരവിപ്പും നമ്മുടെ ദൈവാലയത്തിനകത്തും ഭവനങ്ങൾക്കുള്ളിലും നിറയ്ക്കുന്നതിൽ വലിയൊരളവോളം ശത്രു വിജയിച്ചു കഴിഞ്ഞു.

കേരളത്തിനു വെളിയിൽ പ്രശസ്തമായ ഒരു നഗരത്തിൽ ജീവിക്കുന്ന ഒരു തീക്ഷ്ണമതിയായ യുവപ്രേഷിതൻ പറയുന്നത് ധാരാളം മലയാളി ചെറുപ്പക്കാർ അവിടെ ഞായറാഴ്ച പോലും ബലിയർപ്പിക്കാതെ പാപം നിറഞ്ഞ മ്ലേഛ ജീവിതം നയിക്കുന്നുവെന്നാണ്. മറ്റു ചിലരാകട്ടെ പ്രത്യേകതരം മെഡിറ്റേഷൻ ഗ്രൂപ്പിലൊക്കെ അംഗങ്ങളായി ക്രിസ്തുവിനെയും സഭയെയുമൊക്കെ ഉപേക്ഷിച്ച് അങ്ങ് ജീവിക്കുന്നു.
ഒരു കാലത്ത് െ്രെകസ്തവ രാഷ്ട്രമായിരുന്ന ഓസ്‌ട്രേലിയയിൽ, ഈയടുത്ത് ധ്യാനശുശ്രൂഷക്കായി ചെന്നപ്പോൾ വേദനയോടെ ഒരു വൈദികൻ പങ്കു വച്ചത് 1962 ൽ 82 ശതമാനം ക്രിസ്ത്യാനികളുള്ള ഒരു ക്രിസ്തീയ രാജ്യമായിരുന്ന അവിടെ, ഇന്ന് അത് കേവലം 52 ശതമാനം ആയി കുറഞ്ഞുവെന്നാണ്. കഴിഞ്ഞ വർഷം മാത്രം 26,000 ത്തോളം പേർ ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചു. പലർക്കും Sunday is a Funday എന്നാണ് പ്രമാണം. വിശുദ്ധ പൗലോസ് തിമോത്തേയോസിന് എഴുതിയിട്ടുണ്ട് വരാനിരിക്കുന്ന ദുഷ്‌ക്കരമായ ഒരു കാലത്തെക്കുറിച്ച്,

”ഒരു കാര്യം മനസ്സിലാക്കിക്കൊള്ളുക, അവസാനനാളുകളിൽ ക്ലേശപൂർണ്ണമായ സമയങ്ങൾ വരും. അപ്പോൾ സ്വാർത്ഥസ്‌നേഹികളും ധന മോഹികളും അഹങ്കാരികളും ഗർവ്വിഷ്ഠരും ദൈവ ദൂഷകരും മാതാപിതാക്കന്മാരെ അനുസരിക്കാത്തവരും കൃതഘ്‌നരും വിശുദ്ധിയില്ലാത്തവരുമായ മനുഷ്യരുണ്ടാകും. അവർ മനുഷ്യത്വമില്ലാത്തവരും ഒന്നിനും വഴങ്ങാത്തവരും അപവാദം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മയെ വെറുക്കുന്നവരും വഞ്ചകരും എടുത്തുചാട്ടക്കാരും അഹന്തയുള്ളവരും ദൈവത്തെ സ്‌നേഹിക്കുന്നതിനുപകരം സുഖഭോഗങ്ങളിൽ ആസക്തിയുള്ളവരുമായിരിക്കും” (2 തിമോത്തിയോസ് 3 : 1-4)
ഇത്തരം മനുഷ്യരെ അപ്പസ്‌തോലനായ വിശുദ്ധ യൂദാസ് കായേന്റെ മാർഗ്ഗത്തിൽ ചരിക്കുന്നവരെന്നും കാറ്റിനാൽ തുരത്തപ്പെടുന്ന ജല ശൂന്യമായ മേഘങ്ങൾ എന്നുമൊക്കെയാണ് വിളിച്ചത്, ഒടുവിൽ നൽകുന്ന വിശേഷണം ‘പരിശുദ്ധാത്മാവില്ലാത്ത കേവലം ലൗകികർ’ എന്നാണ്. (യൂദാസ് 1 : 19)
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പരിശുദ്ധാത്മാവിനെക്കുറിച്ച് പഠിപ്പിക്കുന്നത് ‘മനുഷ്യ ശരീരത്തിന് ആത്മാവ് എന്തായിരിക്കുന്നുവോ അതാണ് ക്രിസ്തുവിന്റെ അംഗങ്ങൾക്ക് അതായത്, സഭയാകുന്ന ക്രിസ്തു ശരീരത്തിന് പരിശുദ്ധാത്മാവ്’ (CCC 810) എന്നാണ്. മറ്റൊരർത്ഥത്തിൽ ആത്മാവില്ലാത്ത മനുഷ്യശരീരത്തെ ജഡമെന്നു വിളിക്കുന്നതു പോലെ പരിശുദ്ധാത്മാവില്ലാത്ത ക്രിസ്തീയ ജീവിതം കേവലം ലൗകികതയും ജഡികാഭിലാഷങ്ങളും നിറഞ്ഞ മരണപ്പെട്ട ഒരു ജീവിതംമാത്രമായിരിക്കുമെന്നത് ഇതിനാൽ സുവ്യക്തം.

‘ജഡത്തിൽനിന്ന് ജനിക്കുന്നത് ജഡമാണെന്നും ആത്മാവിൽനിന്നു ജനിക്കുന്നത് ആത്മാവാണെന്നും വീണ്ടും ജനിക്കുന്നില്ലെങ്കിൽ ദൈവരാജ്യം കാണാനാവില്ലെന്നും നിക്കോദേമോസിനോട് യേശു പറയുന്നത് ഈ വെളിച്ചത്തിൽ വേണം വായിച്ചെടുക്കാൻ. ടോണി ഡിമെല്ലോ എഴുതി വച്ചതു പോലെ ‘കുളം വറ്റി മത്സ്യം കരയിൽ കിടന്ന് പിടയുമ്പോൾ അതിനെ ഊതി കൊടുത്തതു കൊണ്ടോ, ഉമിനീരു കൊണ്ട് നനച്ചു കൊടുത്തതു കൊണ്ടോ, അതിനെ ജലാശയത്തിലിടുന്നതിനു പകരമാവില്ല’

സമരിയാക്കാരി സ്ത്രീയോട് സിക്കാർ കിണറ്റിൻ കരയിൽ വച്ച് യേശു പറഞ്ഞു, ഞാൻ നൽകുന്ന ജലം പാനം ചെയ്യുവോളം ഈ വെള്ളമെന്നല്ല, മറ്റൊന്നിനാലും സ്ത്രീയെ നിന്റെ ദാഹം ശമിക്കപ്പെടുകയില്ല. (യോഹന്നാൻ 4) ഈ സുവിശേഷം പ്രസംഗിക്കപ്പെടണം, പരിശുദ്ധാത്മാവാകുന്ന ജീവജലം മാത്രമാണ് നമ്മുടെ മന്ദീഭവിച്ച ക്രിസ്തീയതക്കുള്ള ഏക ഉത്തരം.

അത്യുന്നതങ്ങളിൽനിന്നുള്ള അഗ്‌നിനാളം
പരിശുദ്ധാത്മാവില്ലാത്ത െ്രെകസ്തവ ജീവിതം യാന്ത്രികതയും മടുപ്പും സമ്മാനിക്കുന്നു എന്ന് വിശദീകരിച്ച ലത്താക്യായിലെ മെത്രാപ്പോലീത്ത മാർ ഇഗ്‌നാത്യോസിന്റെ വാക്കുകൾ എത്രയോ പ്രസക്തമാണ്. അപ്പോളോസ് കോറിന്തോസിലായിരുന്ന സമയം പൗലോസ് ഉൾനാടുകളിലൂടെ സഞ്ചരിച്ച് എഫേസോസിലെത്തി. അവിടെ ഏതാനും ശിഷ്യരെ കണ്ടുമുട്ടിയപ്പോൾ അവരോടു ചോദിച്ച ആദ്യത്തെ ചോദ്യം ‘നിങ്ങൾ വിശ്വാസികളായപ്പോൾ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുവോ എന്നായിരുന്നു. (ഞലള അപ്പസ്‌തോല പ്രവർത്തനങ്ങൾ 19 : 12) മറ്റൊന്നും ചോദിക്കാനില്ലെന്ന മട്ടിൽ ചോദിച്ച ആദ്യ ചോദ്യം! സെഹിയോനിലെ മട്ടുപ്പാവിൽ പറന്നിറങ്ങിയ അഭിഷേകാഗ്നിക്ക് മറ്റെന്തിലുമുപരിയായ പ്രാധാന്യം അവർക്കിടയിലുണ്ടായിരുന്നു എന്ന് വ്യക്തം. ‘ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ ക്രിസ്തുവിനുള്ളവനല്ല’ എന്ന് റോമായിലെ സഭയെ പൗലോസ് ഓർമ്മിപ്പിച്ചിരുന്നു (റോമാ 8:9).
ഒരിക്കൽ ഒരു െ്രെകസ്തവ ചിന്തകൻ എഴുതി ‘ആദിമസഭയിൽനിന്ന് ദൈവം പരിശുദ്ധാത്മാവിനെ പിൻവലിച്ചിരുന്നെങ്കിൽ അവർ ചെയ്തിരുന്ന 95 ശതമാനം കാര്യങ്ങളും നിലച്ചുപോകുമായിരുന്നു, എന്നാൽ ഇന്നാണെങ്കിൽ നാം ചെയ്യുന്ന 5 ശതമാനം കാര്യങ്ങൾ നിലയ്ക്കും 95 ശതമാനം കാര്യങ്ങളും ഒരു മുടക്കവും തട്ടാതെ തുടരും’ വിളിക്കപ്പെട്ടവരായ നാമോരോരുത്തരും തിരിച്ചറിയേണ്ട ചില അപകട സൂചനകൾ ഈ വാക്കുകളിൽ ഒളിഞ്ഞിരിപ്പില്ലേ?
പാപത്തിന്റെ കുറ്റബോധം വേട്ടയാടുന്നതും സ്വന്തം വീട്ടിനകത്ത് നടന്ന അരുതായ്മകളുടെ വേദനകൾ സങ്കടപ്പെടുത്തുന്നതുമായ ഒരു രാവിൽ അനുതാപസങ്കീർത്തനമെഴുതുന്ന ദാവീദിന്റെ അവസ്ഥ എത്ര പരിതാപകരമാണ്. എന്നിട്ടും ദാവീദ് ദൈവത്തോടുള്ള ആ നിലവിളിയിൽ യാചിക്കുകയാണ് ‘അങ്ങയുടെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്ന് എടുത്തുകളയരുതേ! (സങ്കീർത്തനങ്ങൾ 51 : 11 )
വാഴ്ത്തപ്പെട്ട എലേനയുടെ വാക്കുകളിൽ ലെയോ പതിമ്മൂന്നാമൻ പാപ്പ ദൈവിക ആഹ്വാനം കണ്ടെത്തിയതുപോലെ നമ്മുടെ ശുശ്രൂഷകളെ, വ്യക്തിപരമായ വിശ്വാസ ജീവിതത്തെ, പ്രാർത്ഥനാ സമൂഹത്തെ, ശ്ലീഹന്മാരെ അഗ്‌നിയാൽ ഉറകൂട്ടിയ മട്ടുപ്പാവിലേക്ക് വിശ്വാസത്തോടെ ആനയിക്കാനുള്ള ഒരു തീരുമാനം നമുക്കെടുക്കാം. വാടിപ്പോയതിനെ നനയ്ക്കുന്ന, ആറിപ്പോയതിനെ ചൂടാക്കുന്ന, രോഗമുള്ളതിനെ സുഖമാക്കുന്ന പരിശുദ്ധാത്മാവ് ഇന്നലെകളിൽ ചെയ്ത അത്ഭുതങ്ങൾ ഇന്നും ചെയ്യാൻ ശക്തനാണെന്ന തിരിച്ചറിവിൽ അരൂപിയെ ഉജ്ജ്വലിപ്പിക്കണമേ എന്ന് തീക്ഷ്ണമായി പ്രാർത്ഥിക്കാം. •

ശശി ഇമ്മാനുവൽ

Leave a Reply

Your email address will not be published. Required fields are marked *