ഒരു ചെറിയ കോഫി ഷോപ്പ്. അവിടെയെത്തിയ രണ്ടു പേർ കോഫി ഓർഡർ ചെയ്യുന്നത് ഇങ്ങനെയാണ്, ”5 കോഫി. രണ്ടെണ്ണം ഞങ്ങൾക്ക്, മൂന്നെണ്ണം പെൻഡിംഗ്”
എന്താണ് ഈ ‘പെൻഡിംഗ് കോഫി’ എന്നു നാം ചിന്തിച്ചുകൊണ്ടിരിക്കുന്ന നേരത്ത് രണ്ടുപേർ വരുന്നു. അവർ രണ്ട് കോഫി വാങ്ങി അതിനുള്ള തുകയും നല്കി കുടിച്ചിട്ട് പോകുന്നു. തുടർന്നു വരുന്നത് 3 പേരുള്ള ഒരു സംഘമാണ്. അവർക്കുള്ള മൂന്നും പെൻഡിംഗായി നാലും ചേർത്ത് ഏഴു കോഫിക്കുള്ള തുക നല്കി മടങ്ങുന്നു.
അപ്പോഴാണ് ഒരു സാധുവൃദ്ധൻ വരുന്നത്. ”പെൻഡിംഗ് കോഫിയുണ്ടോ?” എന്നു ചോദിക്കുന്ന അദ്ദേഹത്തിന് കോഫി ഷോപ്പിൽനിന്ന് രുചികരമായ കോഫി ലഭിക്കുകയാണ്. പണം നല്കേണ്ട കാര്യമില്ല.
ഇറ്റലിയിലെ നേപ്പിൾസിലാണത്രേ ഇത്തരത്തിലുള്ള ഉപവിപ്രവർത്തനം ആരംഭിച്ചത്. പണം നല്കാനില്ലാത്തവർക്ക് ഭക്ഷണത്തിനായി ഈ സൗകര്യമുപയോഗിച്ച് മുൻകൂട്ടി പണമടയ്ക്കാൻ മറ്റുള്ളവർക്ക് കഴിയും.
”നീതിയും കാരുണ്യവും പിന്തുടരുന്നവർ ജീവനും ബഹുമതിയും നേടും”
(സുഭാഷിതങ്ങൾ 21:21)