ആത്മാവിനെ ജയിപ്പിച്ച ക്രിക്കറ്റ് മാച്ച്

ചെറുപ്പംമുതലേ ക്രിക്കറ്റ് കളിയുടെ ഭ്രാന്ത് തലയ്ക്ക് പിടിച്ചവനായിരുന്നു ഞാൻ. കോളജിൽ പഠിച്ചിരുന്ന സമയത്ത് ചിലപ്പോഴൊക്കെ ക്ലാസ് കട്ട് ചെയ്ത് ദിവസം മുഴുവനും ടി.വിയുടെ മുമ്പിൽ ഇരുന്നിട്ടുണ്ട്. ഇതൊക്കെ എന്റെ നിയന്ത്രണത്തിൽ ആണെന്നാണ് അന്നു ഞാൻ കരുതിയിരുന്നത്. എന്നാൽ ഇതൊരു ബന്ധനം ആണെന്ന് തിരിച്ചറിഞ്ഞത് വൈദികനാകാൻ സെമിനാരിയിൽ ചേർന്നതിനുശേഷമാണ്.
വീട്ടിലും ഹോസ്റ്റലിലും ആയിരുന്നപ്പോൾ ഇഷ്ടമുള്ളപ്പോഴൊക്കെ ടി.വി കാണാമായിരുന്നു. എന്നാൽ സെമിനാരിയിൽ ചേർന്നതിനുശേഷം ടി.വി കാണാൻ അനുവാദം വൈകുന്നേരങ്ങളിൽ ഒരു മണിക്കൂർ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ചില ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ വന്നപ്പോഴൊക്കെ ഞാൻ ശരിക്കും അസ്വസ്ഥനായിരുന്നു. അന്നത്തെ കാലത്ത് റേഡിയോയിലൂടെയുള്ള കമന്ററി പലപ്പോഴും ഒളിച്ചും പാത്തും കേട്ടു. അധികം താമസിയാതെ ഈ അടിമത്തം ഒരു വലിയ പ്രശ്‌നമായിത്തീർന്നു. ഒന്നോ രണ്ടോ തവണ അസമയത്ത് ക്രിക്കറ്റ് കണ്ടതിന് പിടിക്കപ്പെട്ടു. റെക്ടറിൽനിന്നും വഴക്കും ശിക്ഷയും കിട്ടി. വൈകുന്നേരം പഠനത്തിന്റെ സമയത്ത് വാക്ക്മാൻ വച്ച് കമന്ററി കേട്ടുകൊണ്ടിരുന്നപ്പോൾ വീണ്ടും പിടിക്കപ്പെട്ടു. റെക്ടറച്ചൻ ആ വാക്ക്മാൻ എടുത്തുകൊണ്ടുപോയി.
എങ്ങനെയും ഈ സ്വഭാവത്തിൽ നിന്ന് പുറത്തുകടക്കണം എന്ന ആഗ്രഹം എപ്പോഴും എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. ഈ സ്വഭാവം എന്റെ ദൈവവിളിയെ നശിപ്പിക്കാം എന്ന് ഞാൻ തിരിച്ചറിഞ്ഞു. അങ്ങനെ ഒരിക്കൽ ഞാൻ എന്റെ ആത്മീയപിതാവിനോട് ഈ വിഷമം പങ്കുവച്ചു. അദ്ദേഹം എനിക്ക് കുറേ കാര്യങ്ങൾ പറഞ്ഞുതന്നു. അന്ന് അദ്ദേഹം പറഞ്ഞുതന്ന ഒരു കാര്യം എന്റെ മനസിൽ ആഴത്തിൽ പതിഞ്ഞു. അച്ചൻ പറഞ്ഞതിങ്ങനെയാണ്: ”നിനക്ക് അനുവദനീയമായ സന്തോഷങ്ങൾ വേണ്ടാ എന്ന് വയ്ക്കുമ്പോൾ ലഭിക്കുന്ന ഒരു ആത്മീയ ബലം ഉണ്ട്. ആ ആത്മീയബലം ഉണ്ടെങ്കിൽ നിനക്ക് അനുവദനീയമല്ലാത്ത, പാപകരമായ പ്രലോഭനങ്ങൾ നിന്റെ വാതിൽക്കൽ മുട്ടുമ്പോൾ അതിനോട് വേണ്ടാ എന്ന് പറയാൻ സാധിക്കും.”
എന്റെ ആത്മീയപിതാവ് ഇപ്രകാരം പറഞ്ഞപ്പോൾ അത് വെറുമൊരു ഉപദേശമല്ല, അച്ചന്റെ ജീവിതംതന്നെയാണെന്ന് എനിക്കറിയാമായിരുന്നു. വലിയൊരു സ്‌കോളർ ആയ അദ്ദേഹം വളരെ ലളിതമായ ജീവിതം നയിച്ച വ്യക്തിയായിരുന്നു. ആരുടെയും നാവിന് രുചി തോന്നുന്ന കുറെ ഭക്ഷണങ്ങൾ ആ അച്ചൻ കഴിക്കാറില്ലായിരുന്നു. അദ്ദേഹം കിടന്നിരുന്നത് വെറും ഒരു മരക്കട്ടിലിൽ ബെഡ്ഷീറ്റ് വിരിച്ചായിരുന്നു. വലിയൊരു ധനികകുടുംബത്തിൽനിന്നും വന്ന അദ്ദേഹം വലിയ പരിത്യാഗത്തിന്റെയും പ്രാർത്ഥനയുടെയും ജീവിതം നയിച്ച വിദഗ്ധനായ ഒരു വൈദികനായിരുന്നു. അച്ചന്റെ ജീവിതവും ഉപദേശവും എന്നെ വല്ലാതെ സ്വാധീനിച്ചു.

പതിയെ പതിയെ…
പതിയെ പതിയെ ദൈവകൃപയാൽ എനിക്ക് അപ്പോഴുള്ള ചെറിയ ചെറിയ സന്തോഷങ്ങൾ വേണ്ടാ എന്നു വയ്ക്കുവാൻ ശ്രമിച്ചു. അതിലൂടെ ഒരു ആത്മീയശക്തി എന്നിലേക്ക് കടന്നുവരുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇഷ്ടമുള്ള ചില ഭക്ഷണ സാധനങ്ങൾ, എനിക്കിഷ്ടമുള്ള അനുവദനീയമായ ചില സന്തോഷങ്ങൾ വേണ്ടാ എന്നുവയ്ക്കാൻ ദൈവകൃപയാൽ എനിക്ക് സാധിച്ചു. ഈ നിയോഗംവച്ച് ചില ദിവസങ്ങളിൽ ഉപവസിക്കാൻ സാധിച്ചു.
പിശാചുബാധിതനായ ഒരു ബാലനെ ശിഷ്യന്മാർക്ക് സുഖപ്പെടുത്താൻ സാധിക്കാതിരുന്നതിന് അവർ കാരണം അന്വേഷിച്ചപ്പോൾ, യേശു പറഞ്ഞു: ”പ്രാർത്ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വർഗം പുറത്തുപോവുകയില്ല” (മർക്കോസ് 9:29). അതായത് ഒരു തിന്മയുടെ ശക്തി (ഈ വർഗം) നമ്മിൽനിന്ന് വിട്ടുപോകാൻ നാം പ്രാർത്ഥനയിലൂടെയും പരിത്യാഗ പ്രവൃത്തികളിലൂടെയും ആത്മീയശക്തി നേടണം.
ദാനിയേൽ ഒരു പ്രത്യേക നിയോഗം മുമ്പിൽവച്ച് മൂന്നാഴ്ചത്തേക്ക് (21 ദിവസം) പ്രാർത്ഥനയും ഉപവാസവും നടത്തിയതായി നാം ദാനിയേലിന്റെ പുസ്തകം പത്താം അധ്യായത്തിൽ വായിക്കുന്നു. ”ദാനിയേലെന്ന ഞാൻ മൂന്നാഴ്ചക്കാലത്തേക്ക് വിലാപം ആചരിക്കുകയായിരുന്നു. ആ മൂന്നാഴ്ചക്കാലം മുഴുവൻ ഞാൻ രുചികരമായ ഭക്ഷണം കഴിക്കുകയോ മാംസവും വീഞ്ഞും ആസ്വദിക്കുകയോ സുഗന്ധലേപനം നടത്തുകയോ ചെയ്തില്ല.” അങ്ങനെ പ്രാർത്ഥിച്ചപ്പോൾ ദൈവദൂതൻ ദാനിയേലിന് ഉത്തരവുമായി വരുന്നത് നാം അവിടെ കാണുന്നു. എനിക്കും ഒരു നിയോഗമുണ്ടായിരുന്നു. എന്നെ വരിഞ്ഞ് മുറുക്കിയ ബന്ധനത്തിൽനിന്നും പുറത്തുവരണം. ഇഷ്ടപ്പെട്ട, അനുവദനീയമായ പല സന്തോഷങ്ങളും സുഖങ്ങളും വേണ്ടെന്നുവച്ച് ആത്മീയമായി ബലപ്പെടാൻ ആത്മാർത്ഥമായി ശ്രമിച്ചു.

കെട്ട് പൊട്ടിച്ച ദിവസം
അങ്ങനെ ഒരു ദിവസം എന്റെ യഥാർത്ഥ പരീക്ഷ വന്നു, ഒരു ഇന്ത്യ-പാക്കിസ്ഥാൻ വൺഡേ ക്രിക്കറ്റ് മാച്ച്. അതൊരു അവധി ദിവസമായിരുന്നു. അതുകൊണ്ട് റെക്ടറച്ചൻ എല്ലാവർക്കും ടി.വിയിൽ മാച്ച് കാണാൻ അനുവാദം തന്നു. എന്റെ മനഃസാക്ഷി എന്നോട് പറഞ്ഞു: ”ഇതാണ് നിന്റെ കെട്ട് പൊട്ടിക്കാനുള്ള ദിവസം.” ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് അന്ന് രാവിലെ വിശുദ്ധ കുർബാനയുടെ സമയത്ത് ഞാൻ ഒരു തീരുമാനം എടുത്തു – ഇന്നു ഞാൻ ക്രിക്കറ്റ് മാച്ച് കാണുന്നില്ല.
എനിക്കറിയാം ടി.വി റൂമിന്റെ ഭാഗത്തേക്ക് പോയാൽ ഞാൻ ചിലപ്പോൾ വീണുപോകുമെന്ന്. ആരിൽനിന്നെങ്കിലും കളിയുടെ കാര്യങ്ങൾ, ആരാണ് ആദ്യം ബാറ്റ് ചെയ്യുന്നത്, സ്‌കോർ…. തുടങ്ങിയവ അറിഞ്ഞാൽ ഞാൻ ചിലപ്പോൾ വീണുപോകും. അതുകൊണ്ട് രാവിലെ പ്രാതൽ കഴിഞ്ഞ് ഞാൻ സെമിനാരിയുടെ തൊട്ടടുത്തുള്ള മാതാവിന്റെ ഗ്രോട്ടോയിൽ പ്രാർത്ഥനയിലായിരുന്നു. കുറെ സമയം സെമിനാരി ലൈബ്രറിയിൽ പുസ്തകങ്ങളുമായും ചെലവഴിച്ചു.
അതൊരു വിടുതലിന്റെ ദിവസമായിരുന്നു. അന്ന് വൈകുന്നേരം എന്റെ ആത്മാവിൽ ആ സന്തോഷം ഞാൻ അനുഭവിച്ചു. ദൈവികശക്തിയാൽ ഒരു ബലഹീനതയോട് പൊരുതി കീഴടക്കാൻ സാധിച്ചതിലുള്ള ആത്മീയ സന്തോഷം. ഈശോ പൗലോസ് ശ്ലീഹായോട് പറഞ്ഞു: നിനക്ക് എന്റെ കൃപ മതി… നിന്റെ ബലഹീനതയിൽ എന്റെ ശക്തി ഞാൻ പ്രകടമാക്കും (2 കോറിന്തോസ് 12:8).

അങ്ങനെ ദൈവികശക്തി തിരിച്ചറിഞ്ഞ പൗലോസ് ശ്ലീഹ ഇതാ ഉദ്‌ഘോഷിക്കുന്നു: ”എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും.” അതെ, എന്നെ ശക്തനാക്കുന്ന യേശുവിലൂടെ എന്നിലെ ബന്ധനങ്ങളിൽനിന്നും എനിക്ക് മോചനം ഉണ്ട്. ക്രിക്കറ്റ് ഇന്നും എനിക്ക് ഇഷ്ടമാണ്. എന്നാൽ ഞാൻ അതിന് അടിമയല്ല. എന്നെ നിയന്ത്രിക്കുന്നത് ക്രിക്കറ്റ് അല്ല. എന്നെ ബന്ധനത്തിൽനിന്നും മോചിപ്പിച്ച ദൈവത്തിന് മഹത്വം.
വർഷങ്ങൾക്കുശേഷവും എന്റെ ആത്മീയ ഗുരുവിന്റെ ശബ്ദം കാതുകളിൽ മുഴങ്ങുന്നു. നിനക്ക് അനുവദനീയമായ സുഖസന്തോഷങ്ങൾ വേണ്ടെന്ന് വച്ച് നേടുന്ന ആത്മീയശക്തിയാൽ തിന്മയുടെ പ്രലോഭനങ്ങളെ എതിരിടാൻ സാധിക്കും. ശാരീരികമായി ബലഹീനനായ ഒരു വ്യക്തിയെ കീഴ്‌പ്പെടുത്താൻ എളുപ്പമായിരിക്കുന്നതുപോലെ നാം ആത്മീയരായി ബലഹീനരാണെങ്കിൽ തിന്മ നമ്മെ കീഴ്‌പ്പെടുത്തും. ശാരീരികമായ ബലമുള്ളവരാകാൻ നാം നല്ല ഭക്ഷണം കഴിക്കും, നന്നായി വ്യായാമം ചെയ്ത് നല്ല മസിൽ(മാംസപേശി) ഉണ്ടാക്കും.

ഇതുപോലെ ആത്മാവിന് ആവശ്യമായ ഭക്ഷണം പ്രാർത്ഥനയിലൂടെയും കൂദാശകളിലൂടെയും ദൈവവചനത്തിലൂടെയും നാം നല്കണം. എന്താണ് ആത്മാവിന്റെ മസിൽ? അത് പരിത്യാഗപ്രവൃത്തികളും ആശടയടക്കവും ഉപവാസവും നടത്തി അനുവദനീയമായ സന്തോഷങ്ങളോട് നോ എന്നു പറഞ്ഞ് ആത്മാവിനെ ബലപ്പെടുത്തുന്നതാണ്. ”ആകയാൽ ദൈവത്തിനു വിധേയരാകുവിൻ; പിശാചിനെ ചെറുത്തുനില്ക്കുവിൻ, അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഓടിയകന്നുകൊള്ളും. ദൈവത്തോടു ചേർന്നുനില്ക്കുവിൻ, അവിടുന്ന് നിങ്ങളോടും ചേർന്നുനില്ക്കും” (യാക്കോബ് 4:7-8)

ഫാ. ജോൺ മസിയാസ് ഓത്തിക്കൽ ഒ.പി

Leave a Reply

Your email address will not be published. Required fields are marked *