‘വാത്ത’ല്ല, വിശുദ്ധ!

എല്ലാക്കാര്യങ്ങളിലും സാവധാനമായിരുന്നതിനാൽ ‘വാത്ത്’ എന്ന പേരു വീണിരുന്നു ആ പെൺകുട്ടിക്ക്. ഇറ്റലിയിലെ ഒരു കൊച്ചുപട്ടണത്തിൽ ജനിച്ചുവളർന്ന അവൾക്ക് സ്‌കൂളിൽ കൃത്യമായി പോകാനും കഴിഞ്ഞിരുന്നില്ല. വീട്ടിലെ കൃഷിജോലികളിൽ സഹായിക്കണമെന്നതായിരുന്നു കാരണം. മാത്രവുമല്ല, സ്‌കൂളിൽ പോകുന്ന ദിവസങ്ങളിൽപ്പോലും അയൽപക്കത്തുള്ള വീട്ടിൽ വേലക്കാരിയായി പോകുകയും വേണം. പിതാവാകട്ടെ കോപശീലനും മദ്യപനും. അനറ്റ് എന്നു വിളിക്കപ്പെട്ടിരുന്ന അന്നാ ഫ്രാൻസെസ്‌കാ ബോസ്‌കാർഡിന്റെ ജീവിതം സന്തോഷിക്കാനുള്ള വകയൊന്നും നല്കുന്നതായിരുന്നില്ല.
സാവധാനമാണ് എന്ന കാരണത്താൽത്തന്നെ പില്ക്കാലത്ത് ചില സന്യാസസമൂഹങ്ങളിൽ പ്രവേശനം ലഭിച്ചില്ല. പിന്നീട് മരിയ ബർട്ടില്ല എന്ന പേരിൽ ഒരു സന്യാസസമൂഹത്തിൽ അംഗമായപ്പോൾ തന്നെക്കുറിച്ച് നേരത്തേയുള്ള വിമർശനം അവൾ സ്വന്തമാക്കി. തന്റെ ഗുരുത്തിയമ്മയോട് അവൾ പറഞ്ഞിരുന്നത് ”എനിക്കൊന്നും ചെയ്യാനറിഞ്ഞുകൂടാ. ഞാനൊരു മഠയയാണ്, വാത്ത്. എന്നെ പഠിപ്പിച്ചുതരണമേ. എനിക്കൊരു പുണ്യവതിയാകണം” എന്നാണത്രേ. അടുക്കളക്കാരിയായും അലക്കുകാരിയായും പിന്നീട് നഴ്‌സായുമെല്ലാം സേവനം ചെയ്ത അവൾ തന്റെ ലാളിത്യവും അർപ്പണബോധവുംകൊണ്ടണ്ടുതന്നെ അനേകരെ സ്വാധീനിച്ചു. ട്യൂമർനിമിത്തം 1922 ഒക്‌ടോബർ 20-ന് തന്റെ 34-ാമത്തെ വയസ്സിലായിരുന്നു മരണം. ‘വാത്തെ’ന്നു വിളിക്കപ്പെടുമ്പോഴും സ്വർഗ്ഗത്തിന്റെ പാതയിൽ താൻ വേഗത്തിലായിരുന്നു എന്നു തെളിയിച്ച മരിയ ബർട്ടില്ല 1961-ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *