അമ്മയ്‌ക്കൊപ്പം ടൗണിൽ പോയതായിരുന്നു ജോണുട്ടൻ. കുറേ സാധനങ്ങൾ വാങ്ങിക്കാനുണ്ടായിരുന്നു. ഒരു കടയിൽനിന്ന് അവനൊരു ബലൂൺ കിട്ടി, കടയുടെ പേരെഴുതിയ ബലൂൺ. ഒരു തണ്ടുമുണ്ടായിരുന്നു അതിന്. ഒരു കൈയിൽ ആ ബലൂണുമായി അമ്മയുടെ കൈയിൽ പിടിച്ച് അവനങ്ങനെ നടന്നു.
അടുത്ത കടയിൽ കയറി അമ്മ തിരക്കിട്ട് സാധനങ്ങൾ നോക്കി വാങ്ങുകയാണ്.
അപ്പോഴാണ് അടുത്തു നിൽക്കുന്ന കുട്ടിയെ ജോണുട്ടൻ ശ്രദ്ധിച്ചത്. അവനെക്കാളും ചെറിയ ഒരാൺകുട്ടി. അവൻ കരയുകയാണ്. ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത്, ജോണുട്ടന്റെ കൈയിലിരിക്കുന്നതുപോലെ ബലൂൺ വേണമെന്നു പറഞ്ഞാണ് അവൻ കരയുന്നതെന്ന്. അവന്റെ അമ്മ അവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതു കണ്ട് ജോണുട്ടൻ ആകെ വിഷമത്തിലായി. ”എന്തുചെയ്യും?”
കൈയിലിരിക്കുന്ന ബലൂൺ കൊടുക്കുന്ന കാര്യം ആലോചിക്കാനേ വയ്യ. ജോണുട്ടൻ കുറച്ചു നേരം നിന്ന് ആലോചിച്ചു. അപ്പോഴേക്കും അമ്മ സാധനങ്ങൾ വാങ്ങിച്ചുകഴിഞ്ഞിരുന്നു. ജോണുട്ടനെയും കൂട്ടി കടയിൽനിന്നിറങ്ങാൻ തുടങ്ങിയപ്പോൾ അവൻ അല്പം ചമ്മലോടെ അമ്മയെ വിളിച്ചു. ബലൂൺ അമ്മയുടെ കൈയിൽ കൊടുത്തിട്ട് ചിണുങ്ങുന്ന കുട്ടിയെ കാണിച്ചുകൊടുത്തിട്ടു പറഞ്ഞു, ”ഇത് അവനു കൊടുത്തേക്ക്”
”അതെന്താ, നിനക്കു വേണ്ടേ?”
”വേണ്ടാഞ്ഞിട്ടല്ല…. അവനു കൊടുത്തോ.”
”എന്നാൽ നീതന്നെ കൊടുക്കാത്തതെന്താ?”
”അത്…. എനിക്കു ചമ്മലായിട്ടാ..”
അതു കേട്ടപ്പോൾ അമ്മ വേഗം ബലൂൺ ‘മോനിതെടുത്തോട്ടോ’ എന്നു പറഞ്ഞ് ആ കുട്ടിക്കു കൊടുത്തു. വേണ്ട എന്നൊക്കെ ആ കുട്ടിയുടെ അമ്മ പറഞ്ഞെങ്കിലും അതു സാരമില്ല എന്നു പറഞ്ഞ് അമ്മ ജോണുട്ടന്റെ കൈ പിടിച്ച് പുറത്തിറങ്ങി.
നടക്കുമ്പോൾ അമ്മ ചോദിച്ചു, ”എന്താ ജോണുട്ടാ, ബലൂൺ ആ കുട്ടിക്ക് കൊടുക്കാൻ തോന്നിയത്?”
”അതേയ്, അതു വേണമെന്ന് അവന് ആഗ്രഹമുണ്ടായിരുന്നു.”
”അത് നിനക്കെങ്ങനെ മനസ്സിലായി?”
”അവൻ അതിനുവേണ്ടി അമ്മയോട് ചോദിക്കുകയും കരയുകയുമൊക്കെ ചെയ്യുന്നത് ഞാൻ കണ്ടു.”
അമ്മ പെട്ടെന്നു നിന്നു. കുനിഞ്ഞ് അവനൊരു മുത്തം കൊടുത്തിട്ടു പറഞ്ഞു, ”മിടുക്കനാണന്റെ കുട്ടൻ, കേട്ടോ. ഇപ്പോൾ ഈശോയ്ക്ക് മോനെയോർത്ത് സന്തോഷമായിട്ടുണ്ടാവും.”
”അതെനിക്കറിയാം, ഇഷ്ടമുള്ള സാധനങ്ങൾ വേണ്ടെന്നുവച്ച് ഈശോയ്ക്ക് ഇങ്ങനെ ഗിഫ്റ്റ് കൊടുക്കാമെന്ന് അമ്മതന്നെയല്ലേ പറഞ്ഞുതന്നത്.”
”ഓ, അത് അമ്മയങ്ങു മറന്നുപോയി!”
”ഈ അമ്മേടെ ഒരു കാര്യം!” ജോണുട്ടൻ തലയിൽ കൈവച്ച് അങ്ങനെ പറയുന്നതു കേട്ട് അമ്മ ചിരിച്ചുപോയി. അതുകണ്ട് ജോണുട്ടനും ചിരിച്ചു.