എന്നിട്ട് എന്റെ ആലയത്തിൽ വന്നുനിന്ന് ഞങ്ങൾ സുരക്ഷിതരാണെന്ന് നിങ്ങൾ പറയുന്നുവോ? ജറെമിയ 7:10

ദൈവം നല്കിയ നിർദേശമനുസരിച്ച് ജറെമിയാ പ്രവാചകൻ ദൈവാലയത്തിന്റെ വാതിലിന് പുറത്തുനിന്നപ്പോൾ അദ്ദേഹത്തിന് കർത്താവിന്റെ അരുളപ്പാട് ഉണ്ടാവുകയും അദ്ദേഹം ഉറക്കെ വിളിച്ചു പറയുകയുമാണ്: നിങ്ങളുടെ മാർഗങ്ങളും പ്രവൃത്തികളും നേരെയാക്കുവിൻ. എങ്കിൽ ഈ സ്ഥലത്ത് വസിക്കുവാൻ ഞാൻ നിങ്ങളെ അനുവദിക്കാം. കർത്താവിന്റെ ആലയം, കർത്താവിന്റെ ആലയം, കർത്താവിന്റെ ആലയം എന്ന പൊള്ളവാക്കുകളിൽ വിശ്വസിക്കരുത്. നിങ്ങളുടെ മാർഗങ്ങളും പ്രവൃത്തികളും തിരുത്തിയാൽ, അയൽക്കാരനോട് യഥാർത്ഥമായ നീതി പുലർത്തിയാൽ, പരദേശിയെയും അനാഥനെയും വിധവയെയും ചൂഷണം ചെയ്യാതെയും ഇവിടെ നിഷ്‌കളങ്ക രക്തം ചിന്താതെയുമിരുന്നാൽ നിങ്ങളുടെതന്നെ നാശത്തിന് അന്യദേവന്മാരുടെ പുറകെ പോകാതിരുന്നാൽ, ഇവിടെ നിങ്ങളുടെ പിതാക്കന്മാർക്ക് ഞാൻ നല്കിയ ഈ ദേശത്ത് എന്നേക്കും വസിക്കുവാൻ ഞാൻ നിങ്ങളെ അനുവദിക്കും.
തുടർന്ന് ജനത്തിന്റെ കുറ്റങ്ങൾ എടുത്തുപറയുന്നു. എന്നിട്ട്, എന്റെ നാമത്തിൽ ഉള്ള ഈ ആലയത്തിൽ എന്റെ സന്നിധിയിൽ വന്നുനിന്ന് ഞങ്ങൾ സുരക്ഷിതരാണെന്ന് നിങ്ങൾ പറയുന്നുവോ? എന്ന് അവിടുന്ന് ചോദിക്കുകയാണ്.
കർത്താവിന്റെ ചോദ്യം ആരംഭിക്കുന്നത് ‘എന്നിട്ട്’ എന്ന ഒരു വാക്കോടുകൂടിയാണ്. തെറ്റുകൾ നിരന്തരം ചെയ്യുകയും മാനസാന്തരപ്പെടാതിരിക്കുകയും ചെയ്തിട്ട് എന്റെ ആലയത്തിൽവന്ന് എന്നാലും ദൈവം കാത്തുകൊള്ളും എന്ന് പ്രാർത്ഥിക്കുന്നതുകൊണ്ട് കാര്യമില്ല എന്ന് അവിടുന്ന് സൂചിപ്പിക്കുകയാണ്. അവസാനം കർത്താവ് നല്കുന്ന മുന്നറിയിപ്പ് ഇതാണ്. മാനസാന്തരപ്പെട്ടില്ലെങ്കിൽ ഷീലോയോട് ചെയ്തതുപോലെ ഈ ജനത്തോടും ചെയ്യും.
വാഗ്ദാനനാട് കയ്യടക്കിയ ഇസ്രായേൽക്കാർ കൂടാരം അടിച്ച് സ്ഥിരതാമസം നടത്തിയത് ഷീലോ യിലാണ്. ജനം ദൈവകല്പനകൾ പാലിച്ച് ജീവിച്ച കാലമത്രയും അവർ അവിടെ സമാധാനത്തോടെ ജീവിച്ചു. എന്നാൽ സാവകാശം അവർ കല്പനകൾ ലംഘിച്ചുതുടങ്ങി. ദൈവാലയത്തിൽ വന്ന് പ്രാർത്ഥിച്ചാൽ മതി, ദൈവം കാത്തുകൊള്ളും എന്ന് അവർ കരുതി. എന്നാൽ പിന്നീട് അവിടം പൂർണ്ണമായും നശിക്കുകയാണുണ്ടായത്. അതുകൊണ്ടാണ് എന്തു തെറ്റും ചെയ്തിട്ട് എന്റെ ആലയത്തിൽവന്ന് ഞങ്ങൾ സുരക്ഷിതരാണ്, ദൈവം കാക്കും എന്ന് നിങ്ങൾ പറഞ്ഞാൽ മതിയോ എന്ന് കർത്താവ് ചോദിക്കുന്നത്.
ദൈവം കൂടെ നില്ക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പ്രദേശങ്ങൾക്കും മാത്രമാണ് നിലനില്പ്പ്. അല്ലാത്തവരും അല്ലാത്തതും സാവകാശം ക്ഷയിക്കും. തിന്മയിൽ തുടരുകയും എന്നിട്ട് പ്രാർത്ഥിക്കുകയും ചെയ്തതുകൊണ്ട് വലിയ ഗുണമൊന്നുമില്ല എന്ന കർത്താവിന്റെ മുന്നറിയിപ്പ് ഓർത്തുകൊണ്ട് നമുക്ക് വിശുദ്ധ ജീവിതം നയിക്കാൻ ശ്രമിക്കുകയും ലോകത്തിനുവേണ്ടി കൂടുതൽ പ്രാർത്ഥിക്കുകയും ചെയ്യാം.

ഫാ. ജോസഫ് വയലിൽ സി.എം.ഐ.

Leave a Reply

Your email address will not be published. Required fields are marked *