ഈശോയ്‌ക്കൊരുമ്മ

ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാളായ ജൂൺ 23-ന് രാവിലെ തിരുസ്വരൂപത്തിന് മുമ്പിൽ ചെന്നപ്പോൾ ഈശോയ്ക്ക് തിരുനാൾ മുത്തം നല്കണമെന്ന് ഒരാഗ്രഹം. എന്നാൽ തിരുഹൃദയരൂപം ഭിത്തിയിൽ ഉയരത്തിലായിരുന്നതിനാൽ തൊട്ടുമുത്താൻ മാത്രമേ കഴിഞ്ഞുള്ളൂ.
അന്ന് രാവിലെ വിശുദ്ധ കുർബാനയ്ക്ക് പള്ളിയിൽ എത്തിയപ്പോൾ എല്ലാവർക്കുമൊപ്പം എനിക്കും തിരുഹൃദയത്തിന്റെ ചിത്രത്തോടുകൂടിയ സമർപ്പണ പ്രാർത്ഥന ലഭിക്കുകയും വൈദികനോടൊപ്പം അതേറ്റു ചൊല്ലുകയും ചെയ്തു. കുർബാനയ്ക്കുശേഷം നടത്തിയ കുമ്പസാരത്തിൽ വൈദികൻ നല്കിയ പ്രായശ്ചിത്തം എന്റെ കണ്ണുകളെ ഈറനണിയിച്ചു. ഈശോയുടെ ഒരു ചിത്രമോ രൂപമോ ചുംബിക്കുക എന്ന അസാധാരണമായ പ്രായശ്ചിത്തമാണ് എനിക്ക് ലഭിച്ചത്.
ഞാൻ ആഗ്രഹിക്കുന്നതിലും എത്രയോ അധികമായി ഈശോ എന്റെ സ്‌നേഹചുംബനം ആഗ്രഹിക്കുന്നുവെന്ന് കുമ്പസാരക്കൂട്ടിൽവച്ച് എന്റെ തമ്പുരാൻ പറഞ്ഞുതരികയായിരുന്നു. കൈയിലിരുന്ന ഈശോയുടെ തിരുഹൃദയചിത്രം ആഞ്ഞാഞ്ഞു ചുംബിക്കുമ്പോൾ നീ എന്റെ മണവാട്ടിയാണ് (ഉത്തമഗീതം 4:10) എന്ന് പറയുന്ന ഈശോയുടെ സ്‌നേഹം അനുഭവിക്കുകയായിരുന്നു.

വേറോനിക്ക

Leave a Reply

Your email address will not be published. Required fields are marked *