വിശുദ്ധ റിനെ ഗൂപ്പീൽ
അല്മായസഹോദരനാകുന്നതിനായി ജസ്യൂട്ട് സഭയിൽ ചേർന്നെങ്കിലും ആരോഗ്യകാരണങ്ങളാൽ വ്രതവാഗ്ദാനം നടത്താൻ സാധിക്കാതിരുന്ന ഫ്രഞ്ച് യുവാവായിരുന്നു റിനെ ഗൂപ്പീൽ. 1608-ൽ ഫ്രാൻസിലെ ആഞ്ചൗ പ്രദേശത്തുള്ള സെന്റ് മാർട്ടിൻ ഗ്രാമത്തിലാണ് റിനെയുടെ ജനനം. സെമിനാരിയിൽ പഠനം തുടരാൻ സാധിക്കാതെ വന്നതിനെ തുടർന്ന് വൈദ്യശാസ്ത്രം പഠിച്ച റിനെ പിന്നീട് രോഗികളെ ശുശ്രൂഷിക്കുന്നതിനായി ജസ്യൂട്ട് മിഷനറിമാരോടൊപ്പം ക്യുബക്കിലെത്തി. 1642-ൽ ക്യുബക്കിലുള്ള ഒരാശുപത്രിയിൽ വച്ചാണ് ജസ്യൂട്ട് വൈദികനായ വിശുദ്ധ ഐസക്ക് ജോഗ്സുമായി റിനെ കണ്ടുമുട്ടിയത്. അദ്ദേഹത്തോടൊപ്പം ഹ്യൂറോൺ കൗണ്ടിയിലുള്ള ജസ്യൂട്ട് മിഷനായ സാന്താ മേരിയിലെ രോഗികളെ പരിചരിക്കുന്നതിനായി പോകുവാൻ റിനെ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ അവിടേക്കുള്ള യാത്രാമധ്യേ ഹ്യൂറോൺ വംശജരുടെ ശത്രുക്കളായിരുന്ന മൊഹ്വാക്ക് ഇറോക്കീസ് ഇരുവരെയും ഏതാനും ഹ്യൂറോൺ വംശജരെയും തടവുകാരായി പിടിച്ചുകൊണ്ടുപൊയി.
അതിക്രൂരമായ പീഡനങ്ങളിലൂടെയാണ് നിഷ്ഠൂരരായ ഇറോക്കികൾ ഇവരെ മൊഹ്വാക്ക് പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. ക്രൂരമായ മർദ്ദനങ്ങൾക്ക് പുറമെ ഇവരുടെ താടിയും രോമങ്ങളും നഖങ്ങളും ഇറോക്കികൾ പിഴുതെടുത്തു. കഠിനമായ ഈ പീഡനങ്ങളുടെ നടുവിലൂടെ കടന്നു പോകുന്ന അവസരത്തിലാണ് അല്മായ സഹോദരനായി ഫാ. ജോഗ്സിന്റെ മുമ്പിൽ റിനെ വ്രതവാഗ്ദാനം നടത്തിയത്. ഇറോക്കികളുടെ അധീനതയിലുള്ള ഒസർനീനോൺ എന്ന ഗ്രാമത്തിൽ അവസാനം ഇവർ എത്തിച്ചേർന്നു.
ഇറോക്കികളുടെ കയ്യിൽ നിന്ന് രക്ഷപെട്ട ഫാ. ഐസക്ക് ജോഗ്സ് എഴുതിയ ‘രക്തസാക്ഷിത്വത്തിന്റെ വഴി’ എന്ന ലേഖനത്തിൽ റിനെയുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട് – ”ഒസർനീനോണിലെത്തി ആറാഴ്ച കഴിഞ്ഞപ്പോൾ എനിക്കും റിനെയ്ക്കും തിരികെ ജസ്യൂട്ട് മിഷനിലെത്താമെന്നുള്ള പ്രതീക്ഷ ഇല്ലാതായി. ദൈവം ഒരുക്കിയിരിക്കുന്നത് എന്താണെങ്കിലും അത് പൂർണമനസോടെ സ്വീകരിക്കാൻ ഞങ്ങൾ പരസ്പരം ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു
ഒരു ദിവസം ബഹളത്തിൽനിന്ന് മാറിയിരുന്ന് പ്രാർത്ഥിക്കാൻ തടവിൽ പാർപ്പിച്ചിരുന്ന ഗ്രാമത്തിൽനിന്ന് ഞങ്ങൾ കുറച്ചകലേയ്ക്ക് പോയി. വിജാതീയരായ ഈ ആദിവാസി ഗോത്രങ്ങളുടെ മാനസാന്തരത്തിനായി ഞങ്ങളുടെ ജീവനും രക്തവും സ്വീകരിക്കുവാൻ തീക്ഷ്ണതയോടെ ഞങ്ങൾ പ്രാർത്ഥിച്ചു. പെട്ടെന്ന് ഇറോക്കികളായ രണ്ട് യുവാക്കൾ അവിടേക്ക് വന്ന് ഞങ്ങളോട് തിരികെ ഗ്രാമത്തിലേക്ക് പോകുവാൻ ആവശ്യപ്പെട്ടു. അവരുടെ വാക്കുകളിൽ എന്തോ ദുഃസൂചന ഉള്ളതുപലെ എനിക്ക് തോന്നി. ജപമാല ചൊല്ലിക്കൊണ്ടാണ് ഞങ്ങൾ ഗ്രാമത്തിലേക്ക് തിരിച്ചുപോന്നത്.
നാലാമത്തെ രഹസ്യം ചൊല്ലിക്കഴിഞ്ഞപ്പോൾ ഞങ്ങൾ ഗ്രാമത്തിന്റെ പ്രവേശനകവാടത്തിലെത്തി. അവിടെ ഞങ്ങളെ കാത്ത് ആ യുവാക്കൾ നിൽപ്പുണ്ടായിരുന്നു. ഒരക്ഷരം പോലും മിണ്ടാതെ അതിലൊരു യുവാവ് തന്റെ വസ്ത്രത്തിനടിയിൽ നിന്ന് ഒരു ആയുധമെടുത്ത് റിനെയുടെ തലയ്ക്കടിച്ചു. ഈശോ ഈശോ എന്ന് നിലവിളിച്ചുകൊണ്ട് റിനെ നിലത്തുവീണു. (സംസാരവും ജീവിതവും ഈശോ എന്ന നാമം ഉച്ചരിച്ചുകൊണ്ട് അവസാനിപ്പിക്കണമെന്ന് പലപ്പോഴും ഞങ്ങൾ അന്യോന്യം ഓർമിപ്പിച്ചിരുന്നു.) പിതാവിന്റെ പക്കലേക്ക് റിനെ യാത്രയാകുന്നതിന് മുമ്പ് ഞാൻ പാപമോചനം നൽകി. ഞങ്ങൾ തടവിലാക്കപ്പെട്ട ശേഷം പലതവണ റിനെയ്ക്ക് ഞാൻ പാപമോചനം നൽകിയിരുന്നു. 1642 സെപ്റ്റംബർ 29, വിശുദ്ധ മിഖായേലിന്റെ തിരുനാൾദിനമായിരുന്നു അന്ന്. അങ്ങനെ, റിനെ ഗൂപ്പീൽ എന്ന നിഷ്കളങ്കനായ മാലാഖ തനിക്കുവേണ്ടി കുരിശുമരണം വരിച്ച ക്രിസ്തുവിന്റെ രക്തസാക്ഷിയായി മാറി.”
ഒരിക്കൽ നടക്കാതെപോയ വ്രത വാഗ്ദാനം തന്റെ രക്തസാക്ഷിത്വംവഴി റിനെ പൂർത്തീകരിച്ചു. സഹോദരങ്ങളെ ശുശ്രൂഷിക്കുന്നതിനായി ഇറങ്ങിത്തിരിച്ച റിനെ പ്രാർത്ഥിച്ചതിന്റെ പേരിൽ, പ്രത്യേകിച്ചും, കുരിശുവരച്ചതിന്റെ പേരിലാണ് രക്തസാക്ഷിത്വം വരിച്ചത്. ഗ്രാമത്തിലുണ്ടായിരുന്ന ഇറോക്കികളായ കുട്ടികളുടെ നെറ്റിയിൽ റിനെ കുരിശുവരയ്ക്കുന്നത് കണ്ട ദേഷ്യത്തിൽ അവരുടെ മുത്തച്ഛനാണ് റിനെയെ കൊലപ്പെടുത്താൻ ഉത്തരവിട്ടത്.
നോർത്ത് അമേരിക്കയിലെ ആദ്യ രക്തസാക്ഷിയായ റിനെ അനസ്തേഷ്യയുടെയും അനസ്തിസ്റ്റുകളുടെയും സ്വർഗീയ മധ്യസ്ഥനുമാണ്. അദ്ദേഹത്തെ 1930 ജൂൺ 29-ന് പയസ് പതിനൊന്നാം പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.
രഞ്ജിത് ലോറൻസ്