കണ്ടുമുട്ടിയ വ്യക്തികളിൽ ഏറ്റവും വലിയ ധനികൻ ആരാണെന്നു ചോദിച്ചാൽ ഞാൻ പറയും അത് അദ്ദേഹമാണെന്ന്. സാം എന്നാണ് അദ്ദേഹത്തിന്റെ പേര്. സാം ബ്രദറിനോട് എന്തു പറയുന്നു എന്ന് ചോദിച്ചാൽ നിറഞ്ഞ ചിരിയോടെ അദ്ദേഹം പറയും, ”ദൈവകൃപയാൽ സന്തോഷമായിരിക്കുന്നു.” ആര്, എവിടെവച്ച്, ഏതു സാഹചര്യത്തിൽ ചോദിച്ചാലും സാം ബ്രദറിന് ഒറ്റ ഉത്തരമേ ഉള്ളൂ ‘ദൈവകൃപയാൽ സുഖം, സന്തോഷം.’
ഒരു ശരാശരി മലയാളി ഇതേ ചോദ്യം കേൾക്കുമ്പോൾ പല മറുപടിയാകും പറയുക. ചിലപ്പോൾ സുഖം എന്ന് പറയും, ചിലപ്പോൾ സന്തോഷം എന്നു പറയും, മറ്റു ചിലപ്പോൾ പറയും ‘അങ്ങനെ അങ്ങു കഴിഞ്ഞുപോകുന്നു’ എന്ന്. എന്നാൽ സാം ബ്രദർ വ്യത്യസ്തനാണ്, കാരണം അദ്ദേഹം എപ്പോഴും ദൈവകൃപയാൽ സന്തോഷമായി ജീവിക്കുന്നു.
നന്ദി നമ്മെ പ്രകാശിപ്പിക്കുന്നു
അമേരിക്കയിലെ ഏറ്റവും പ്രാധാന്യമുള്ള ആഘോഷമാണ് ‘താങ്ക്സ് ഗിവിംഗ്’ എന്നത്. നവംബർ മാസത്തിലെ അവസാനത്തെ ആഴ്ചയാണ് അത് ആഘോഷിക്കപ്പെടുക. പ്രത്യേകതരം വിഭവങ്ങളൊരുക്കി, എല്ലാ നന്മകൾക്കും നന്ദി പ്രകാശിപ്പിക്കുവാൻ സ്നേഹമുള്ളവർ ഒത്തുചേരുന്ന ദിനം. പലരും അത് പലവിധത്തിൽ ആഘോഷിക്കുന്നു. ചിലർ ദൈവത്തോട് നന്ദി പറയുവാൻ രാവിലെതന്നെ ദൈവാലയങ്ങളിൽ ഒത്തുചേരുമ്പോൾ, മറ്റു ചിലർ ഭൗതികമായ ഉത്സവമാക്കി അതിനെ മാറ്റുന്നു. എന്തായാലും നന്ദിയുടെ സ്മാരകമായി ഒരു ദിനം മാറുന്നു. ബാക്കി ദിവസങ്ങളത്രയും സ്വന്തം ലാഭനഷ്ടങ്ങളുടെ കണക്കുനോക്കി ഓടിയാലും ‘താങ്ക്സ് ഗിവിംഗ്’ ദിവസം എല്ലാവരും ഒന്നുചേരുന്നു, ഒരുമിച്ച് ദൈവത്തിന് നന്ദി പറയാൻ. എന്നാൽ, ജീവിതത്തിലെ മുഴുവൻ ദിവസങ്ങളും ‘താങ്ക്സ് ഗിവിംഗ് ഡേ’ ആക്കി മാറ്റിയിരിക്കുകയാണ് സാം ബ്രദർ.
അപ്പോൾ നമ്മൾ ചിന്തിച്ചേക്കാം, ഈ വ്യക്തിക്ക് സങ്കടങ്ങൾ ഒന്നുമില്ലേയെന്ന്. ഉണ്ട്, ധാരാളം സങ്കടങ്ങളുടെയും പ്രതിസന്ധികളുടെയും ജീവിതമാണ് അദ്ദേഹത്തിന്റേത്. പതിനഞ്ചുവർഷം മുൻപ് സൗദി അറേബ്യയിൽനിന്നും അമേരിക്കയിലേക്ക് കടന്നുവന്ന ഒരു കുടുംബത്തിന്റെ നാഥനാണ് സാം. എന്നാൽ എല്ലാ പ്രതിസന്ധികളെയും സങ്കടങ്ങളെയും ദൈവസ്നേഹത്തിന്റെ പ്രതിഫലനങ്ങളായാണ് അദ്ദേഹം മനസിലാക്കുന്നത്. ജീവിതമത്രയും ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുവാനുള്ളതാണെന്നും എപ്പോഴും സന്തോഷമായിരിക്കുവാനുള്ളതാണെന്നും പ്രാർത്ഥിക്കുവാൻ നിരന്തരം ദൈവസന്നിധിയിൽ എത്തണമെന്നും സമൂഹത്തിന് മുന്നിൽ സ്വന്തം ജീവിതംകൊണ്ട് പഠിപ്പിച്ചു കൊടുക്കുന്ന ഒരു സാധാരണക്കാരൻ. എപ്പോഴും സന്തോഷമായിരിക്കുവിൻ എന്ന വേദവാക്യം ജീവിതത്തിലേറ്റി ജീവിക്കുന്ന ചുരുക്കം ചിലരിൽ ഒരാൾ.
പിന്നാമ്പുറം
എങ്ങനെയാണ് എപ്പോഴും ചിരിക്കുന്ന മുഖവുമായി ജീവിക്കുവാൻ കഴിയുന്നത് എന്നതിന്റെ രഹസ്യം ഒരിക്കൽ അദ്ദേഹം പറഞ്ഞു: ”എന്റെ കരച്ചിലും സങ്കടവുമെല്ലാം ഞാനും ഈശോയും തനിയെയുള്ള നിമിഷങ്ങളിൽ അവിടുത്തെ ക്രൂശിൻ ചുവട്ടിൽ ഇറക്കിവയ്ക്കും. പിന്നെ ഉള്ളത് അവിടുന്ന് തരുന്ന സന്തോഷവും സമാധാനവുമാണ്. അത് ഞാൻ കണ്ടുമുട്ടുന്നവർക്ക് കൊടുക്കും.” ജീവിതത്തെ ഇത്ര മനോഹരമായി ചിട്ടപ്പെടുത്തിയതിന്റെ ഫലം എത്ര മനോഹരമാണ്!
ഓരോ ദിവസം പുലരുമ്പോഴും ദൈവം പുത്തൻ പുത്തൻ സ്നേഹം നല്കാൻ വിളിച്ചുണർത്തി എന്നു വിശ്വസിക്കുന്നു. ഓരോ ദിവസത്തിന്റെയും പ്രഭാതം മുതൽ പ്രദോഷം വരെ കടന്നുപോകുന്ന എല്ലാ കാര്യങ്ങളിലും കണ്ടുമുട്ടുന്ന എല്ലാ വ്യക്തികളിലും ദൈവിക ചലനത്തിന്റെ മാഹാത്മ്യം അറിയുന്നു. വൈകുന്നേരങ്ങളിൽ ദൈവപരിപാലനയുടെ നന്മ ഏറ്റുപറഞ്ഞ് ദൈവത്തെ സ്തുതിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതശൈലി നമ്മെ വളരെയേറെ ദൈവത്തോട് അടുക്കുവാൻ പഠിപ്പിക്കുന്നു. ഒരു ജീവിതം മുഴുവൻ സന്തോഷമായി കഴിയാൻ അദ്ദേഹത്തിന്റെ ഈ ചെറിയ ശൈലി നമുക്കും ജീവിതത്തിൽ പകർത്താം. എന്തിനും ഏതിനും നന്ദി പറയുന്ന കർത്താവിന്റെ മക്കളായി മാറിയാൽ നമുക്കും പറയാൻ സാധിക്കും – ”ദൈവകൃപയാൽ സുഖം.”
ജയിംസ് വടക്കേക്കര