ഒരു യാത്രയ്ക്കിടയിലാണ് ആ യുവവൈദികനുമായി സംസാരിക്കുവാൻ ഇടയായത്. ആദ്യമായി വികാരിയായി പോസ്റ്റിങ്ങ് ആയതുകൊണ്ടുതന്നെ അച്ചന്റെ ഇടവകയിലുള്ളത് വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത, സാധാരണക്കാരായ, കൃഷിയും പശുവളർത്തലുമൊക്കെയായി ഉപജീവനത്തിനുവേണ്ടി അധ്വാനിക്കുന്ന ജനങ്ങൾ. അച്ചന്റെ ഭക്ഷണകാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ മനസിലായി നല്ല സൗകര്യങ്ങളുള്ള ഇടവകയിലും കുടുംബത്തിലും ജനിച്ചുവളർന്ന അച്ചനാണെന്ന്.
പക്ഷേ അച്ചൻ കൂട്ടിച്ചേർത്തു, കോൺവെന്റുകളും ഹോട്ടൽ സൗകര്യങ്ങളുമൊന്നുമില്ലെങ്കിലും ഞാവിവിടെ വന്നതിനുശേഷം അധികമൊന്നും ഭക്ഷണം ഉണ്ടാക്കേണ്ടതായി വന്നിട്ടില്ല. കാരണം രാവിലെ കുർബാനയ്ക്ക് വരുമ്പോൾ ഇടവകാംഗങ്ങളിൽ ചിലർ പാത്രത്തിൽ ഭക്ഷണവുമായാണ് വരുന്നത്. സ്വന്തം വീട്ടിലായിരുന്നപ്പോൾ പുട്ടും ഇഡ്ഡലിയും ദോശയുമൊക്കെ കഴിച്ച് വളർന്ന ഞാൻ സെമിനാരിയിൽ ചെന്നപ്പോഴും ഇതൊക്കെത്തന്നെയാണ് അധികസമയവും ലഭിച്ചിരുന്നത്. വികാരിയായി വന്ന ഇടവകയിലും അച്ചനോടുള്ള സ്‌നേഹം മുഖാന്തിരം പ്രഭാതത്തിൽത്തന്നെ ആൾക്കാർ പണ്ടുമുതലേ അച്ചന് ഇഷ്ടമില്ലാത്ത ഭക്ഷണങ്ങളായ പുട്ടും ഇഡ്ഡലിയും ദോശയുമൊക്കെയാണ് കൊണ്ടുവരുന്നത്.
അതിനുശേഷം ആ വൈദികൻ പറഞ്ഞ കാര്യങ്ങൾ എന്റെ കണ്ണുകൾ നനയിച്ചു. എനിക്ക് വലിയ താല്പര്യമില്ലാത്ത ഭക്ഷണമാണ് ജനം കൊണ്ടുവന്ന് തരുന്നതെങ്കിലും ഞാനത് കഴിക്കും. കാരണം, നേരത്തേ എഴുന്നേറ്റ് പശുവിനെ കറന്ന് വീട്ടുകാര്യങ്ങൾ ക്രമപ്പെടുത്തി ഭക്ഷണമൊക്കെ ഉണ്ടാക്കി രാവിലെ 6.45-ന്റെ കുർബാനയ്ക്ക് വരണമെങ്കിൽ അവരുടെ ത്യാഗവും സ്‌നേഹവും എത്രയോ വലുതാണ്. ചിലപ്പോഴെങ്കിലും കണ്ണീരോടെയാണ് ഞാൻ ഭക്ഷണം കഴിക്കാറ്. കാരണം ഞാൻ കഴിക്കുന്ന ഭക്ഷണമുണ്ടാക്കിയവർ അത്രമാത്രം കഷ്ടപ്പെട്ടാണല്ലോ അത് തന്നതെന്ന് എനിക്ക് ഓർമ്മവരും.
രുചിയുണ്ടാകുന്നതെങ്ങനെ?
ജീവിതത്തിൽ വിപരീതാനുഭവങ്ങളെയോർത്ത്, ഇല്ലായ്മയോർത്ത്, ഏറ്റവും പ്രിയപ്പെട്ടവരുടെ അവഗണനയും തിരസ്‌കരണത്തെയുമോർത്ത് അനേകർ ദുഃഖത്തിലും അസംതൃപ്തിയിലും കഴിയുന്നുണ്ട്. എന്നാൽ ഈ സാഹചര്യങ്ങളിലെല്ലാം സ്‌നേഹമെന്ന കാഴ്ചയിലൂടെ എല്ലാ അനുഭവങ്ങളെയും കാണുവാൻ സാധിച്ചാൽ ജീവിതത്തിലെ പ്രതികൂലങ്ങളിലും സന്തോഷം കണ്ടെത്താൻ സാധിക്കുമെന്ന് ഈ പങ്കുവയ്ക്കൽ എന്നെ പഠിപ്പിക്കുന്നതായി എനിക്കു തോന്നി. എന്നാൽ സ്‌നേഹം നഷ്ടപ്പെട്ടാൽ ജീവിതം കയ്‌പ്പേറിയതായി മാറും. ഈ കയ്പ് നാമുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലെല്ലാം അസംതൃപ്തി പടർത്തും. അച്ചൻ കഴിച്ചുമടുത്ത ഭക്ഷണമാണ് ഇടവകജനം വീണ്ടും കൊടുക്കുന്നതെങ്കിലും ജനത്തിന്റെ സ്‌നേഹവും ഇതിനുവേണ്ടി അവർ എടുക്കുന്ന കഷ്ടപ്പാടും അച്ചന്റെ ഇഷ്ടമില്ലായ്മയെ ആനന്ദത്തിന്റെ കണ്ണീരാക്കി മാറ്റി.
സ്‌നേഹം എല്ലാം സഹിക്കുന്നു- പൗലോസ് ശ്ലീഹായുടെ വാക്കുകൾ നമ്മെ നയിക്കട്ടെ. പലപ്പോഴും നമ്മിൽ സ്‌നേഹം നഷ്ടപ്പെടുമ്പോഴാണ് ജീവിതത്തിൽ സന്തോഷം നഷ്ടപ്പെടുന്നത്. ദൈവം മനുഷ്യനെ സരളഹൃദയത്തോടെയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ അടിസ്ഥാനപരമായി സ്‌നേഹം നഷ്ടപ്പെടുന്നതിലൂടെ ദൈവം നഷ്ടപ്പെടുന്നു, പരിശുദ്ധാത്മാവ് നഷ്ടപ്പെടുന്നു. അവിടം പിശാചിന്റെ വാസസ്ഥലമായി മാറുന്നു.
ഇന്നനേകർക്ക് കുടുംബത്തിലും ജോലിമേഖലയിലും അസംതൃപ്തിക്കുള്ള ഏകകാരണം സ്വാർത്ഥതയിൽ നിന്നുണ്ടാകുന്ന സ്‌നേഹമില്ലായ്മയാണ്, സഹനമില്ലായ്മയാണ്. മാതാപിതാക്കൾ എനിക്കിന്ന് അസംതൃപ്തിക്ക് കാരണമെങ്കിൽ, അവരോടുള്ള സ്‌നേഹത്തിൽ എനിക്ക് കുറവ് വന്നു. വികാരിയച്ചൻ ഇന്നെനിക്ക് അസ്വസ്ഥതക്ക് കാരണമെങ്കിൽ അച്ചനോടുള്ള സ്‌നേഹത്തിന് കുറവ് വന്നു. സഭയെ എനിക്ക് അംഗീകരിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ സഭയോടുള്ള സ്‌നേഹം എനിക്ക് കുറഞ്ഞു. എന്റെ ജോലിമേഖലയിൽ എനിക്ക് ആനന്ദവും സന്തോഷവും ലഭിക്കുന്നില്ലെങ്കിൽ എന്നിൽ സ്‌നേഹം നഷ്ടപ്പെട്ടു.
എന്റെ ഭർത്താവ് എനിക്ക് ഭാരമാണെങ്കിൽ, എന്റെ ഭാര്യ, മക്കൾ അസ്വസ്ഥതക്ക് കാരണമാകുന്നുവെങ്കിൽ എന്നിൽ സ്‌നേഹം നഷ്ടപ്പെട്ടു. സ്‌നേഹം നഷ്ടപ്പെട്ടാൽ ദൈവം നഷ്ടപ്പെട്ടു. ദൈവം നഷ്ടപ്പെട്ടാൽ നമുക്കെന്തൊക്കെ ഭൗതിക സമൃദ്ധിയുണ്ടെങ്കിലും ഒന്നിലും സംതൃപ്തി കണ്ടെത്താൻ കഴിയുകയില്ല. ഈശോയുടെ സ്‌നേഹത്തിന് പിന്നിൽ ത്യാഗം ഉണ്ടായിരുന്നു. ത്യാഗമില്ലാത്ത സ്‌നേഹം കാപട്യമാണ്. ഇന്നെനിക്ക് ഏറ്റവും അസംതൃപ്തിക്കുള്ള കാരണം എന്താണ്? ആ മേഖലയിൽ സ്‌നേഹംതന്നെയായ ഈശോയെ ക്ഷണിക്കാം. നമ്മെ തൃപ്തിപ്പെടുത്താൻ അവിടുത്തേക്ക് കഴിയും.
ഡൊമിനിക് സാവിയോ