അത്ഭുതങ്ങൾക്ക് തുടക്കമിടുന്നതിന്…

ഡൊമിനിക് സാവിയോയും കൂട്ടുകാരും പന്തുകളിച്ചുകൊണ്ടിരുന്നപ്പോൾ ഡോൺ ബോസ്‌കോ ചോദിച്ചു. മക്കളേ, ഇപ്പോൾ ലോകം അവസാനിച്ചാൽ നിങ്ങൾ എന്തു ചെയ്യും?
എല്ലാവരും പറഞ്ഞു, ഞങ്ങൾ ഓടിപ്പോയി കുമ്പസാരിക്കും. എന്നാൽ ഡൊമിനിക് സാവിയോ മാത്രം പറഞ്ഞു. ഞാൻ അപ്പോഴും പന്തുകളിച്ചുകൊണ്ടിരിക്കും. ഹൃദയം കളങ്കപ്പെടുത്താതെ സൂക്ഷിക്കുമ്പോൾ ദൈവതിരുമുമ്പിൽ എത്താൻ ഭയപ്പെടേണ്ടതില്ലല്ലോ. ഈശോ പറയുന്നു: ”നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല.”

കുട്ടികളും അത്ഭുതവും
യേശു അപ്പം വർധിപ്പിക്കുന്ന അത്ഭുതത്തിൽ, ഇത്തരത്തിൽ ശിശുമനോഭാവത്തോടെ തന്റെ കൈവശമുണ്ടായിരുന്ന അഞ്ചപ്പവും രണ്ടു മീനും യേശുവിന്റെ കൈയിൽ കൊടുക്കുന്ന ഒരു കുട്ടിയെ നാം കാണുന്നു. അവന്റെ സമർപ്പണത്തിൽനിന്നാണ് അത്ഭുതത്തിന് തുടക്കമാവുന്നത്. ഈ വചനഭാഗം ഈ ആഴമായ ചില ഉൾക്കാഴ്ചകൾ നല്കുന്നുണ്ട്. അന്ത്രയോസ് യേശുവിനോട് പറഞ്ഞു. ഇവിടെ ഒരു ബാലന്റെ കൈവശം അഞ്ചപ്പവും രണ്ട് മീനുമുണ്ട്. അന്ത്രയോസ് അവനെ യേശുവിന്റെ മുമ്പിൽ കൊണ്ടുവന്നു. അന്ത്രയോസ് ബുദ്ധിയുടെ ആളല്ല മറിച്ച് വിശ്വാസത്തിന്റെ ആളാണ്.
കാനായിലെ കല്യാണ വീട്ടിൽ പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ യേശുവിന്, ബെദ്‌സയ്ദായിലെ തളർവാതരോഗിക്ക് പൂർണ്ണസൗഖ്യം കൊടുത്ത കർത്താവിന്, ഈ അഞ്ചപ്പം കൊണ്ട് അത്ഭുതം പ്രവർത്തിക്കാൻ കഴിയുമെന്ന് അന്ത്രയോസിന് ചിന്തിക്കാൻ സാധിക്കും. ദൈവത്തെ ഈ ലോകത്തിന്റെ വിജ്ഞാനം കൊണ്ട് അറിയുക സാധ്യമല്ലെന്ന് ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. അന്ത്രയോസ് ശിശുസഹജമായ ആശ്രയബോധത്തോടെ തന്റെ അരികിലേക്ക് എത്തിച്ച ബാലനിൽനിന്ന് അപ്പം സ്വീകരിച്ച യേശു പറഞ്ഞു ആളുകളെയെല്ലാം ഇരുത്തുവിൻ. പിന്നെ യേശു അപ്പമെടുത്ത് വാഴ്ത്തി മുറിച്ചുകൊണ്ട് പറഞ്ഞു, ആളുകൾക്ക് കൊടുക്കുവിൻ. അത് വിളമ്പിയപ്പോൾ ആളുകൾ തൃപ്തിയാവോളം കഴിച്ചു. ബാക്കി വന്നത് 12 കുട്ട നിറയെ ശേഖരിച്ചു.
മുൻഗണന
വചനം കേൾക്കാൻ ദാഹത്തോടെ വന്ന ജനത്തെക്കുറിച്ചും ധ്യാനിക്കണം. തീർച്ചയായും നാം ഈ ലോകത്തിൽ ജീവിക്കുമ്പോൾ രാഷ്ട്രീയവും ലോകകാര്യങ്ങളും എല്ലാം ആവശ്യമാണ്. പക്ഷേ നമ്മുടെ ജീവിതത്തിൽ നാം എന്തിനാണ് മുൻഗണന കൊടുക്കുന്നത് എന്ന് ചിന്തിക്കേണ്ടതുതന്നെ. ഇവിടെ ജനങ്ങൾ യേശുവിനും അവിടുത്തെ വചനത്തിനും പ്രാധാന്യം കൊടുക്കുന്നു. ഈ ജനങ്ങളെ കണ്ടപ്പോൾ യേശുവിന് മനസ്സലിവ് തോന്നി.
മത്തായി 6:33 നിങ്ങൾ ആദ്യമേ അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക. ബാക്കിയെല്ലാം കൂട്ടിച്ചേർത്ത് നല്കപ്പെടും. നാം കർത്താവിനും അവിടുത്തെ കാര്യങ്ങൾക്കും മുൻഗണന കൊടുത്തു കഴിയുമ്പോൾ നമ്മുടെ ജീവിതത്തിൽ എന്തെല്ലാം ആവശ്യമുണ്ടോ അത് മുഴുവൻ നമ്മെക്കാൾ നന്നായിട്ടറിയാവുന്ന ദൈവം നമുക്കായി കൂട്ടിച്ചേർത്ത് തരും.

പ്രതിസന്ധികളിൽ…
ഇവിടെ യേശു പീലിപ്പോസിനോട് ചോദിച്ചു. ഇവർക്ക് നമ്മൾ എങ്ങനെ ഭക്ഷണം കൊടുക്കും. പക്ഷേ അടുത്ത വചനം പറയുന്നു. അവനെ പരീക്ഷിക്കാൻ വേണ്ടിയാണ് യേശു ഇത് ചോദിച്ചത് എന്ന്. നമ്മുടെ ജീവിതത്തിൽ ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ ഈശോ ഇങ്ങനെ ചോദിക്കുകയാണ്. ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കും. വിശ്വാസത്തിന്റെയും എളിമയുടെയും ദൈവാശ്രയത്വത്തിന്റെയും മാർഗത്തിലൂടെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നു.
ദൈവം എന്തു ചെയ്യുമ്പോഴും മനുഷ്യരുടെ സഹായത്തോടെയാണ് ചെയ്യുന്നത്. ലോകരക്ഷകന് പിറക്കാൻ സമയമായപ്പോൾ പരിശുദ്ധ മറിയത്തിന്റെ സഹകരണം ആവശ്യപ്പെടുന്നു. ഇസ്രായേൽ ജനത്തെ ഈജിപ്തിന്റെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുന്ന സമയത്ത് മോശയെന്ന ഒരു മനുഷ്യന്റെ സഹായം തേടുന്നു. സഭയെ സ്ഥാപിക്കുവാൻ 12 അപ്പസ്‌തോലന്മാരുടെ സഹകരണം ദൈവം തേടുന്നു. അപ്പം വർധിപ്പിക്കുന്ന അത്ഭുതത്തിൽ ഒരു ബാലന്റെ സഹകരണമാണ് അവിടുന്ന് സ്വീകരിക്കുന്നത്. ഇന്ന് ദൈവരാജ്യം ഭൂമിയിൽ കൊണ്ടുവരുവാൻ അവിടുന്ന് നമ്മുടെ ഓരോരുത്തരുടെയും സഹായം തേടുകയാണ്. നാം ഇതാ കർത്താവേ എന്ന് പറഞ്ഞ് നമ്മെതന്നെ പൂർണ്ണമായി സമർപ്പിച്ചാൽ അവിടുന്ന് നമ്മെ ഉപയോഗിക്കുന്നു.

അപ്പമാകുവാൻ…
വാഴ്ത്തി മുറിച്ച് കൊടുക്കുന്ന ഈ അപ്പം ഞാനും നിങ്ങളുമാണ്. ആദ്യമായി അവിടുന്ന് നമ്മെ കരങ്ങളിലെടുക്കുന്നു. അത് വളരെ സന്തോഷമാണ്. പിന്നെ അവിടുന്ന് നമ്മുടെ മേൽ തന്റെ അഭിഷേകം ചൊരിയുന്നു. മൂന്നാമത്തെ ഘട്ടത്തിൽ അവിടുന്ന് അപ്പത്തെ മുറിക്കുന്നു. അതിന്റെ രൂപവും ഭാവവും മാറുന്നു. വേദനിക്കുന്നു, ചെറുതാകുന്നു, അഞ്ചപ്പത്തെ വർദ്ധിപ്പിക്കുന്നതിന് മുമ്പ് ഈ അപ്പത്തെ ചെറുതാക്കണമായിരുന്നു. അതാണ് ദൈവത്തിന്റെ പദ്ധതി.
പരിശുദ്ധ കന്യകാമറിയത്തെ സ്വർഗത്തിന്റെ രാജ്ഞിയായി ഉയർത്തുന്നതിന് മുമ്പ് കാലിത്തൊഴുത്തിൽ പ്രസവിക്കത്തക്കവിധം എളിമയുടെ അഗാധങ്ങളിലേക്ക് ദൈവം നയിച്ചു. അവൾ പരാതികൂടാതെ തന്നെത്തന്നെ ചെറുതാക്കിയപ്പോൾ ദൈവം അവളെ ലോകത്തിന് മുഴുവൻ അമ്മയായി വർദ്ധിപ്പിച്ചു നല്കി. നമ്മെ സഹനങ്ങളിലൂടെ, അപമാനങ്ങളിലൂടെ, കടത്തി വിടുമ്പോൾ ദൈവത്തെ ചോദ്യം ചെയ്യരുത്. അവിടുന്ന് നമ്മിൽ വലിയ കാര്യങ്ങൾ ചെയ്യാൻ പോവുകയാണ്. സ്വർഗീയമായ വരങ്ങളാലും ദാനങ്ങളാലും കൃപകളാലും നമ്മെ നിറയ്ക്കാൻ പോവുകയാണ്.
ബഹുമാനപ്പെട്ട മാത്യു നായ്ക്കംപറമ്പിലച്ചൻ പറയുന്ന ഒരു സംഭവമുണ്ട്. അച്ചനെ ഇതുപോലെ ദൈവം കരങ്ങളിലെടുത്തു. അന്ന് അച്ചനെ ദൈവം മുറിക്കുകയായിരുന്നു. തെറ്റിദ്ധാരണകളുടെയും കുറ്റംപറച്ചിലിന്റെയും അപമാനത്തിന്റെയുമായ ഒരു കാലം. അതിനുശേഷം ദൈവം ലോകരാഷ്ട്രങ്ങളിലേക്ക് അച്ചനെ വിഭജിച്ചു കൊടുത്തു. അങ്ങനെ അച്ചൻ മെക്‌സിക്കോയിലെത്തി. അവിടെ പതിനായിരക്കണക്കിന് ആളുകൾക്കുവേണ്ടി നടത്തുന്ന ഒരു പ്രോഗ്രാം.
അമേരിക്കയിലെ ഡോക്ടർമാർ കൈവിട്ട കഴുത്തിന് താഴോട്ട് തളർന്ന ഒരു പെൺകുട്ടി അവിടെയെത്തി. അമേരിക്കൻ ഡോക്‌ടേഴ്‌സ് വിധിയെഴുതി. ഇനി ഒരിക്കലും ഇവൾ എഴുന്നേറ്റ് നടക്കുകയില്ല. ശുശ്രൂഷയുടെ അഞ്ചാം ദിവസം വൈകുന്നേരം ദിവ്യകാരുണ്യ ആരാധനയുടെ സമയത്ത് ഈ പാവപ്പെട്ട മലയാളി വൈദികൻ ഇപ്രകാരം വിളിച്ചു പറഞ്ഞു. കഴുത്തിന് താഴേക്ക് തളർന്നുപോയ ഒരു പെൺകുട്ടിയുടെ ശരീരത്തിൽ പരിശുദ്ധാത്മാവിന്റെ മിന്നലൊളി പതിക്കുന്നു. അവൾ എഴുന്നേറ്റ് നടക്കുന്നു.
ആ പെൺകുട്ടി ചാടിയെഴുന്നേറ്റു. ഓടി സ്റ്റേജിൽ കയറി. മെക്‌സിക്കൻ ജനവും അവളെ ചികിത്സിച്ച ഡോക്‌ടേഴ്‌സും അത്ഭുതപ്പെട്ടു. അവൾ യേശു ആരാണെന്നറിഞ്ഞു. ഇതാണ് അപ്പം നല്കുന്ന സന്ദേശം. നാം യേശുവിന്റെ കൈകളിൽ അപ്പവും മീനുമാകുമ്പോൾ നമ്മെ മുറിച്ച് ഒരു അഭിഷേകമാക്കി മാറ്റുന്നു. ഒരു കുടുംബത്തിൽ അപ്പമാകാൻ അപ്പൻ തയ്യാറാകുമ്പോൾ, അമ്മ തയ്യാറാകുമ്പോൾ, യേശുവിനെ അറിഞ്ഞ ഒരു മകനോ മകളോ തയ്യാറാകുമ്പോൾ, അവരിലൂടെ ഒരു കുടുംബം മുഴുവൻ രക്ഷയുടെ അനുഭവത്തിലേക്ക് കടന്നു വരും.

അപ്പമാകുമ്പോൾ….
ഹൈന്ദവനായ ഒരു ഡോക്ടർസുഹൃത്ത് യേശുവിനെ അറിഞ്ഞു. വീട്ടിൽ ചെന്ന് പറഞ്ഞപ്പോൾ മാതാപിതാക്കൾ അംഗീകരിക്കാൻ തയ്യാറായില്ല. വീട്ടിൽ അവൻ ഒറ്റപ്പെട്ടു. സഹനത്തിലൂടെ മുറിക്കപ്പെട്ടു. ചെറുതാകാൻ അവൻ സ്വയം കർത്താവിന്റെ കരങ്ങളിൽ വിട്ടുകൊടുത്തു. ഒരു നല്ല ചൂടുള്ള ദിവസം ഈ ഹൈന്ദവഡോക്ടറുടെ പിതാവ് കട്ടിലെടുത്ത് മുറ്റത്തിട്ട് ഉറങ്ങുകയായിരുന്നു. വെളുപ്പിന് രണ്ട് മണിക്ക് ഉണർന്ന നേരത്ത് തന്റെ കട്ടിലിൽ ആരോ ഇരിക്കുന്നതായി തോന്നി. അദ്ദേഹം നോക്കിയപ്പോൾ വെള്ള വസ്ത്രം ധരിച്ച് കഴുത്തിൽ ഒരു ചുവന്ന ഷാളിട്ട് കർത്താവായ യേശുക്രിസ്തു പുഞ്ചിരിയോടെ ഇരിക്കുന്നു.
ഭയന്നു വിറച്ച ആ മനുഷ്യൻ വാവിട്ട് നിലവിളിച്ചു. ഭവനത്തിലുള്ളവർ ഓടി വന്ന് ചോദിച്ചു. എന്ത് പറ്റി? അദ്ദേഹം പറഞ്ഞു. യേശു എന്റെ കട്ടിലിൽ ഇരിക്കുന്നത് ഞാൻ കണ്ടു. നമ്മുടെ മകൻ പറഞ്ഞത് സത്യമാണ്. അന്ന് രാത്രി തന്നെ ആ കുടുംബം യേശുവിനെ നാഥനും രക്ഷകനുമായി സ്വീകരിച്ചു. അവൻ മുറിക്കപ്പെടാനായി കൊടുത്തതുകൊണ്ടാണ് ഇത് സംഭവിച്ചത്.
മുറിക്കപ്പെടുന്ന അപ്പമാകാനും സുവിശേഷത്തിലെ ബാലനെപ്പോലെ ഉള്ളതു ദൈവകരങ്ങളിൽ കൊടുക്കാനും അന്ത്രയോസിനെപ്പോലെ എളിമയുടെയും വിശ്വാസത്തിന്റെയും പാതയിലൂടെ യേശുവിനെ അനുഗമിക്കാനും അവിടുന്ന് നമ്മെ വിളിക്കുന്നു.

ഡോ. ജോൺ ഡി.

Leave a Reply

Your email address will not be published. Required fields are marked *