ചിരിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്; ദൈവത്തിനും ചിരി ഏറെ ഇഷ്ടംതന്നെ. അതുകൊണ്ടാണല്ലോ ‘സന്തോഷിക്കുവിൻ, സന്തോഷിക്കുവിൻ, എപ്പോഴും സന്തോഷിക്കുവിൻ, അതാണ് നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം’ എന്ന് തിരുവചനത്തിൽ കൂടെക്കൂടെ ഓർമിപ്പിക്കുന്നത്. മനുഷ്യരെ മാത്രമല്ല, ദൈവത്തെപ്പോലും പൊട്ടിച്ചിരിപ്പിച്ച ഏതാനും കൊച്ചുമനുഷ്യരെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണ് ‘അസ്സീസ്സിയിലെ കൊച്ചുപൂക്കൾ’. ഈ കൊച്ചു മനുഷ്യർ വിശുദ്ധിക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങളും അതിൽ സംഭവിക്കുന്ന അബദ്ധങ്ങളും ശുദ്ധ മണ്ടത്തരങ്ങളും വായനക്കാരെ പൊട്ടിച്ചിരിപ്പിക്കും. മാത്രമല്ല, നമ്മെ കൂടുതൽ ദൈവോന്മുഖരാക്കുകയും ചെയ്യും
.
രോഗിയായ സന്യാസസഹോദരനെ സന്ദർശിക്കാനെത്തിയതായിരുന്നു അസ്സീസ്സിയിലെ ബ്രദർ ജൂണിപ്പർ. രോഗിയുടെ ഏത് ആഗ്രഹവും സാധിച്ചുകൊടുക്കാൻ അദ്ദേഹം തയ്യാർ. പന്നിയുടെ പിൻകാൽ പൊരിച്ചു വേണമെന്നാണ് രോഗി അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. സഹോദരസ്‌നേഹത്താൽ നിറഞ്ഞ ബ്രദർ ജൂണിപ്പർ മൂർച്ചയേറിയ ഒരു കത്തി കയ്യിലെടുത്തു. പിന്നെ പന്നിക്കുള്ള അന്വേഷണമാണ്. വയലിൽ മേഞ്ഞിരുന്ന പന്നിക്കൂട്ടത്തിൽ നിന്നും പൊരിക്കാൻ പാകത്തിലുള്ള ഒരെണ്ണത്തിനെ പിടിച്ചുനിർത്തി. ജീവനോടെ അതിന്റെ പിൻകാൽ മുറിച്ചെടുത്തു. നല്ലതുപോലെ മസാലയെല്ലാം ചേർത്ത് പൊരിച്ച് രോഗിക്കു നല്കി. പന്നിയെ പിടിച്ച കഥയൊക്കെ പറഞ്ഞ് ഇരുവരും ഹരംപിടിച്ചിരിക്കുമ്പോൾ അതാ വരുന്നു പന്നിയുടെ ഉടമസ്ഥൻ. പിന്നത്തെ കോലാഹലം പറയേണ്ടല്ലോ.
രോഷാകുലനായ മുതലാളിയുടെ കാൽ ക്കൽ വീണ് മാപ്പിരക്കണമെന്നും അയാൾക്ക് യാതൊരു പരാതിയുമില്ലാത്തവിധം പ്രശനം പരിഹരിക്കണമെന്നും വിശുദ്ധ ഫ്രാൻസിസ് ജൂണിപ്പറിനോട് നിർദേശിച്ചു. ജൂണിപ്പറിന് കാര്യത്തിന്റെ ഗൗരവമൊന്നും അത്രയങ്ങ് പിടികിട്ടിയില്ല. എങ്കിലും അനുസരണത്തെപ്രതി പന്നിമുതലാളിയുടെ അടുത്തേക്ക് ഒറ്റ ഓട്ടമാണ്. കോപാക്രാന്തനായ അയാൾ മാപ്പു ചോദിക്കാൻപോലും അവസരം കൊടുത്തില്ല. എങ്കിലെന്ത് ഉടമസ്ഥനെ ആകെമൊത്തം പൊളിച്ചടുക്കി ബ്രദർ ജൂണിപ്പർ. അവർ തമ്മിലുള്ള ഡയലോഗ് വായിച്ച് ചിരി നിർത്താൻ നാം വല്ലാതെ പണിപ്പെടും. പിന്നീട് വിശുദ്ധ ഫ്രാൻസിസും കൂട്ടരും കാണുന്നത് മറ്റൊരു രംഗമാണ്. നമ്മുടെ പന്നിയുടമ അതാ വലിയ കുട്ടനിറയെ അപ്പവും പന്നിക്കറിയുമായി ആശ്രമത്തിലേക്കു വരുന്നു. ഫ്രാൻസിസിനോടും സന്യാസിമാരോടും താൻ രോഷംകൊണ്ടതിന് അയാൾ ക്ഷമചോദിച്ചു. പരിഹാരമായി വിഭവസമൃദ്ധമായ ഒരു പന്നിവിരുന്നുതന്നെ നടത്തിക്കളഞ്ഞു. പിന്നെ, ജൂണിപ്പറിനെ നോക്കി, സന്യാസിയാണെങ്കിൽ ഇങ്ങനെവേണമെന്ന് ഒരു കമന്റും. ജൂണിപ്പർസഹോദരന്റെ സഹോദരസ്‌നേഹവും നിഷ്‌കളങ്കതയും വിനയവും എതിരാളിയുടെമേൽ വിജയക്കൊടി പാറിച്ച സംഭവമാണിത്, ഒപ്പം ഫ്രാൻസിസ് പിതാവിന്റെ അഭിനന്ദനവും അദ്ദേഹം നേടി.
ജൂണിപ്പറിന്റെ അഗാധമായ ഈ എളിമ നിമിത്തം പിശാചുക്കൾക്ക് അദ്ദേഹത്തെ വലിയ ഭയമായിരുന്നു. ബ്രദർ വളരെ ദൂരെനിന്നു വരുന്നതു കണ്ടാൽത്തന്നെ പിശാചുക്കൾ ഭയന്നോടുമായിരുന്നു. അദ്ദേഹത്തോടുള്ള ഭയംനിമിത്തം എങ്ങനെയും അദ്ദേഹത്തെ ഒതുക്കാൻ വല്ലാത്തൊരു കെണിയും ശത്രു ഒരുക്കി. നർമവും കണ്ണുനീരും ആകാംക്ഷയും കൗതുകവും എല്ലാം ചേർന്ന് നമ്മെ വല്ലാത്തൊരു അവസ്ഥയിലെത്തിക്കും ആ സംഭവം. എന്നാൽ അതും അദ്ദേഹത്തിന്റെ എളിമ കൂടുതൽ വെളിപ്പെടുത്തി എന്നതാണ് രസകരം.
ഒരിക്കൽ സന്യാസിമാർക്ക് ഭക്ഷണം തയ്യാറാക്കാൻ ബ്രദർ ജൂണിപ്പറിന് നിർദേശം കിട്ടി. ഇരന്നുകിട്ടിയ കോഴികളെ അറിവില്ലായ്മമൂലം തൂവലോടുകൂെട ത്തന്നെ അദ്ദേഹം കറിവച്ചു. മുട്ടയാകട്ടെ തോടു നീക്കം ചെയ്യാതെയും. വിരുന്ന് എങ്ങനെയുണ്ടാകും? വിശന്നുവലഞ്ഞെത്തിയ സന്യാസിമാരുടെ മുമ്പിൽ അപഹാസ്യനായി ജൂണിപ്പർ. എന്നാലും പരസ്യമായി അദ്ദേഹം മാപ്പു ചോദിച്ചു. അബദ്ധങ്ങൾ എളിമയിലേക്കു കുതിക്കാനുള്ള ചിറകുകളായിരുന്നു ജൂണിപ്പറിന് എന്നതിന് മറ്റെന്തു തെളിവുവേണം? പിശാചുക്കൾ അദ്ദേഹത്തിന്റെ എളിമയ്ക്കുമുമ്പിൽ ഭയന്നോടിയില്ലെങ്കിലല്ലേ അത്ഭുതം?
വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും വിഴുങ്ങാൻ പിശാച് എത്രമാത്രം അലറിനടന്നാലും അവന് അകത്തുപ്രവേശിക്കുക സാധ്യമല്ല. എന്നാൽ അവൻ എങ്ങനെ അകത്തുപ്രവേശിക്കുന്നു? എളിമ പരിശീലിക്കാൻ ഫ്രാൻസിസും സന്യാസിമാരും സ്വീകരിച്ച മാർഗങ്ങൾ, ഫ്രാൻസിസിന്റെ ആദ്യജാതൻ ബർണാർദ്പ്രഭു സന്യാസംസ്വീകരിക്കാൻ കാരണമെന്ത്? തണുപ്പു സഹിക്കാൻ കഴിയാതെ നിലവിളിച്ച സഹയാത്രികന് ഫ്രാൻസിസ് ചൂടുപകർന്ന അത്ഭുതം, പോർസ്യുങ്കുല ആശ്രമത്തിൽ അഗ്നിബാധയുണ്ടായിട്ടും അകത്തിരുന്നവർ അത് അറിയാതെ പോയതും, ഫ്രാൻസിസിനെ പരീക്ഷിക്കാൻ അദ്ദേഹത്തെ സ്വന്തം അരയിൽ കെട്ടിയിട്ട ഒരു കൊച്ചു പയ്യന്റെ മിസ്റ്റിക് അനുഭവവും, സന്യാസം ഉപേക്ഷിക്കാനൊരുങ്ങിയവൻ വിശുദ്ധ സന്യാസിയായതും, സുൽത്താനെ തോല്പിച്ച സാഹസിക യാത്രയിൽ സുൽത്താനെ മാത്രമല്ല, സത്രത്തിലെ വേശ്യയെയും മാനസാന്തരപ്പെടുത്തിയതും, 12 ഭരണി വീഞ്ഞിനുപകരം 20 ഭരണി വീഞ്ഞുകൊണ്ടുള്ള വിശുദ്ധ പ്രതികാരവുമെല്ലാം ഗ്രന്ഥം വിവരിക്കുന്നു.
വിശുദ്ധ ദാരിദ്ര്യം എന്ന പുണ്യം തേടി റോമിലേക്കൊരു യാത്ര. വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരെ നേരിട്ട് വിളിച്ചുവരുത്തി ദാരിദ്ര്യം സ്വന്തമാക്കി ഫ്രാൻസിസ്. ക്രിസ്തുവിനെപ്പോലെ 40-രാവും പകലും ഉപവസിച്ച് പ്രാർത്ഥിച്ചപ്പോൾ അഹങ്കാരം കീഴടക്കാതിരിക്കാൻ ചെറിയ പൊടിക്കൈകളാണ് വിശുദ്ധൻ പ്രയോഗിക്കുന്നത്. യാമപ്രാർത്ഥനകൾ പുസ്തകമില്ലാതെ ചൊല്ലേണ്ടി വന്ന കാലം. ഫ്രാൻ സിസും ബ്രദർ ലിയോയും ചേർന്നു നടത്തിയ പാതിരാ പ്രാർത്ഥന കേട്ട് ചിരിച്ചു ചിരിച്ച് അന്ന് ദൈവംതമ്പുരാൻ ശ്വാസംവിട്ടുകാണില്ല.
ബ്രദർ റൂഫിനോ, തന്നെ ശല്യപ്പെടുത്തിക്കൊണ്ടിരുന്ന ശത്രുവിനെ തുരത്തിയ സംഭവം വായിച്ചാൻ കൂട്ടച്ചിരിക്കു വകയുണ്ട്. വാലുംപൊക്കിയുള്ള അവന്റെ ആ ഓട്ടത്തിൽ സുബാസിനോ കുന്നുകളിലെ പാറക്കെട്ടുകൾ മറിഞ്ഞുവീണ്, കൂട്ടിയടിച്ച് അഗ്നിബാധവരെയുണ്ടായി.
സുമുഖനും കുലീന കുമാരനുമായ ബ്രദർ മസായൊ, ദൈവഹിതം തിരിച്ചറിയാൻ നടുറോഡിൽ വട്ടം കറങ്ങുന്നതു കണ്ടാൽ വട്ടല്ലാതെന്ത്? ആവശ്യത്തിന് വസ്ത്രമില്ലാതെ സുവിശേഷം പ്രസംഗിക്കുന്നതോ? അതും ബുദ്ധിഭ്രമമല്ലേ? എന്നാൽ സന്യാസിമാർക്ക് അവയൊക്കെ എളിമയിലേക്കും വിശുദ്ധിയിലേക്കുമുള്ള നിഗൂഡ മാർഗങ്ങളാണ്.
ദൈവം സ്‌നേഹരാജാവായി എഴുന്നള്ളുക എപ്പോഴായിരിക്കും? കഴിവും വിദ്യാഭ്യാസവുമില്ലാത്ത കൊച്ചുസഹോദരന്മാർ അനുസരണത്തെപ്രതി ദൈവസ്‌നേഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ സ്‌നേഹ രാജാവായ ഈശോമിശിഹാ പ്രതാപവാനും എന്നാൽ സ്‌നേഹാർദ്രനുമായി അവർക്കിടയിലേക്ക് എഴുന്നള്ളിവരികയുണ്ടായി. ദൈവസ്‌നേഹത്തെക്കുറിച്ച് സംസാരിക്കാൻ വലിയ പ്രസംഗ പാടവമോ കഴിവോ ആവശ്യമില്ല, ദൈവസ്‌നേഹം അനുഭവിക്കുന്നവരും ദൈവത്തെ സ്‌നേഹിക്കുന്നവരുമായാൽ മതിയെന്ന് ഫ്രാൻസിസിന്റെ കൂട്ടുകാർ വ്യക്തമാക്കുന്നു.
സൂപ്പുവേണ്ടാത്ത ജനറാളച്ചനെ പാതിരാത്രിയിൽ സൂപ്പുകുടിപ്പിച്ച ബ്രദർ ജൂണിപ്പർ വീണ്ടും നമ്മിൽ ചിരി പടർത്തും. എന്നാൽ ആ നിഷ്‌കളങ്കനെ ഒന്ന് തൊട്ട് ആശ്വസിപ്പിക്കാൻ ക്രൂശിതൻ ആണിയിൽ നിന്ന് കൈ വലിച്ചൂരുകവരെയുണ്ടായി. എന്തിനെന്നോ? മറ്റുള്ളവർ അദ്ദേഹത്തെക്കുറിച്ച് മോശമായി സംസാരിച്ചപ്പോൾ മൗനം പാലിച്ചതിനുള്ള സമ്മാനം. പരീക്ഷണങ്ങളിൽ വിജയിക്കുന്നതിനുള്ള കുറുക്കുവഴികളും ഇരുകണ്ണുകളും ചൂഴ്‌ന്നെടുക്കാൻ വിധിക്കപ്പെട്ട കുറ്റവാളിയെ രക്ഷപ്പെടുത്തിയ സംഭവവുമെല്ലാം നമ്മെ ഇരുത്തി വായിപ്പിക്കും. ക്രൂരനായ ചെന്നായയെ ഫ്രാൻസിസ് ശാന്തനാക്കിയ സംഭവം ഏറെ പ്രസിദ്ധമെങ്കിലും അതിലെ സാഹസികതയുടെ തീവ്രതയിലൂടെ കടന്നുപോകുമ്പോൾ ശ്വാസം നിലയ്ക്കുന്നതുപോലെതോന്നും.
ഫ്രാൻസിസ് കുന്നിൻമുകളിൽ പ്രാർത്ഥിച്ചിരിക്കെ പഞ്ചക്ഷതമുണ്ടായി എന്നാണ് പലയിടത്തും വായിച്ചിട്ടുള്ളത്. എന്നാൽ മിശിഹായോട് അനുരൂപനാകാൻ, അതുവരെ ഉണ്ടായിരുന്നതിലും തികച്ചും വ്യത്യസ്തവും കഠിനവുമായ അനുഭവങ്ങളിലൂടെയും തീവ്രപരീക്ഷണങ്ങളിലൂടെയും കടന്നുപോകേണ്ടി വന്നു അദ്ദേഹത്തിന്. ആകാംഷ ക്ലൈമാക്‌സിലെത്തിക്കും അത്തരം സന്ദർഭങ്ങൾ.
അസാധാരണക്കാരനായ വിശുദ്ധനാണ് ഫ്രാൻസിസ്. അദ്ദേഹം യാത്രചെയ്ത കഴുതയുടെ കടിഞ്ഞാണിലൂടെ പ്പോലും രോഗശാന്തി സംഭവിച്ചു. അദ്ദേഹത്തെ അനുകരിക്കുക സാധാരണക്കാർക്ക് ചിന്തിക്കുകതന്നെ അസാധ്യം. എന്നാൽ അദ്ദേഹത്തോടു ചേർന്ന്, അസിസിയിൽ വളർന്ന കൊച്ചുകൊച്ചുപൂക്കളായ കൊച്ചു സഹോദരന്മാരുടെ കൊച്ചു ജീവിതം നമുക്കും പ്രത്യാശ നല്കും. വിശുദ്ധിക്കുവേണ്ടി ഒന്നു ശ്രമിച്ചുനോക്കരുതോ? എന്ന് അവർ നമ്മോട് ചോദിക്കുംപോലെ… ഡോ. തോമസ് തുമ്പേപ്പറമ്പിൽ രചിച്ച് മീഡിയ ഹൗസ് പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുന്ന ‘അസിസിയിലെ കൊച്ചുപൂക്കൾ’ എന്ന ഗ്രന്ഥത്തിലെ എല്ലാ സംഭവങ്ങളും ഹൃദയങ്ങളെ സ്വാധീനിക്കത്തക്ക ശക്തവും വ്യക്തിപരമായ ധ്യാനത്തിനും പ്രാർത്ഥനയ്ക്കും സഹായകവുമാണ്.
ഫോൺ: 9746077500, 9746440800