കണക്ക് ക്ലാസിൽ അശ്രദ്ധയോടെ ഇരിക്കുമ്പോഴാണ് വിനീതിന് കാൽവണ്ണയിൽ ചെറിയ ചൊറിച്ചിൽ അനുഭവപ്പെട്ടത്. ചൊറിഞ്ഞുനോക്കിയപ്പോൾ സുഖം തോന്നി. ക്ലാസ് അത്ര ആകർഷകമല്ല. ക്ലാസ് ശ്രദ്ധിക്കുന്നതിനെക്കാൾ സുഖം ചൊറിയുമ്പോഴാണെന്ന് അവന് തോന്നി. അതിനാൽ ശക്തിയായി ചൊറിയുവാൻ തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ ഒരു ചെറിയ മുറിവ് അവിടെയുണ്ടായി. അവൻ അതത്ര കാര്യമാക്കിയില്ല. എന്നാൽ അടുത്ത ദിവസം ആ മുറിവ് പഴുത്തു. രണ്ടുദിവസം കഴിഞ്ഞപ്പോൾ അത് ഒരു വ്രണമായി മാറി. വ്രണമായപ്പോൾ ശക്തമായ വേദനയായി. അങ്ങനെ ആശുപത്രിയിലേക്ക് പോയി. ‘ഒരു ചെറിയ ചൊറിച്ചിലല്ലേ. ഇത്രയും വിരൂപമായ വ്രണം ഉണ്ടാക്കിയത്.’ ഇഞ്ചക്ഷനും മരുന്നുകളുമൊക്കെയായി ആശുപത്രി കട്ടിലിൽ കിടക്കവേ അരികത്തിരുന്ന മമ്മിയോടവൻ ചോദിച്ചു: മമ്മി ഒന്നും പറഞ്ഞില്ല, ചിരിച്ചതേയുള്ളൂ.
ദുഃശീലമാകുന്ന ഒരു ചെറിയ ചൊറിച്ചിലായിരിക്കും പാപപ്രവണതകൾ നമ്മിൽ ഉണ്ടാക്കുന്നത്. ദുഃശീലങ്ങളിൽ താല്പര്യം തോന്നുന്നുവെങ്കിൽ ഏറെ താമസിയാതെ അത് വലിയൊരു വ്രണമായി മാറും. അത് നമ്മെ മാനസികമായും ശാരീരികമായും പീഡിപ്പിക്കും. ദുഃശീലത്തിന്റെ ചൊറിച്ചിലിനെ ആരംഭത്തിൽത്തന്നെ ചെറുത്തുനിൽക്കണം. അപ്പോൾ സമൂഹത്തിന് നന്മ ചെയ്യുവാനുതകുന്ന സത്ഗുണങ്ങൾ നമ്മിൽ രൂപപ്പെടും.