മിടുക്കൻ സംശയങ്ങൾ

അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം. ആറ്, ഏഴ് ക്ലാസിലെ കുട്ടികളുടെ ധ്യാനം നടക്കുന്ന സമയം. ധ്യാനപ്രസംഗകരിൽ മിക്കവാറും എല്ലാവരുംതന്നെ ഒരു വചനം പല തവണ പറഞ്ഞു: ”ദൈവത്തോട് ചേർന്ന് നില്ക്കുവിൻ; അവിടുന്ന് നിങ്ങളോടും ചേർന്നു നില്ക്കും” (യാക്കോബ് 4:8). ഒഴിവുസമയത്ത് ഒരു മിടുക്കൻ എന്റെ അടുത്ത്, പ്രായത്തിൽ കവിഞ്ഞ പക്വതയോടെ വന്നു ചോദിച്ചു. ”എനിക്കൊരു സംശയം. ഉത്തരം തര്വോ സിസ്റ്റർ?”

അറിയുമെങ്കിൽ തീർച്ചയായും എന്ന് ഞാൻ മറുപടി പറഞ്ഞു. ”ദൈവത്തോട് ചേർന്ന് നില്ക്കുവിൻ. അവിടുന്ന് നിങ്ങളോടും ചേർന്നുനില്ക്കുമെന്ന് ഒത്തിരി പ്രാവശ്യം കേട്ടു. ഞാനത് പിന്നേം പിന്നേം ചിന്തിച്ചു. അതുകൊണ്ട് എന്താ കാര്യമെന്ന്. സിസ്റ്ററിന് എന്നെ സഹായിക്കാമോ?” പറഞ്ഞുതീരുംമുമ്പേ അടുത്ത ശുശ്രൂഷയ്ക്കുള്ള മണി അടിച്ചു. ഞാൻ പറഞ്ഞു, ”അടുത്ത ഇന്റർവെൽ സമയത്ത് ആവട്ടെ.”

‘അതുകൊണ്ട് എന്താ കാര്യം? എന്നിട്ട് എന്താ ഗുണം?’ – ഈ ചോദ്യം എന്നിൽ നിക്ഷേപിച്ചിട്ട് ആ കുഞ്ഞ് ധ്യാനഹാളിലേക്ക് പോയി. ദിവ്യകാരുണ്യസന്നിധിയിൽ ചെന്നിരുന്നതേ അവന്റെ ചോദ്യം എന്റേതായി മാറി. വേറെ ഒന്നുംതന്നെ പ്രാർത്ഥിച്ചില്ല. എന്നിട്ട് എന്താ ഗുണം? അതുകൊണ്ട് എന്താ കാര്യം? സമയം പോയത് അറിഞ്ഞതേയില്ല. കണ്ണുകൾ അടയ്ക്കുകപോലും ചെയ്യാതെ ദിവ്യകാരുണ്യത്തിൽ നോക്കിയിരുന്നപ്പോൾ ഒരു കാഴ്ച.

കുറെ മുട്ടകൾക്ക് മുകളിൽ അടയിരിക്കുന്ന ഒരു പിടക്കോഴി. അതിന്റെ ചുണ്ടുകൊണ്ട് അകന്നിരിക്കുന്ന മുട്ട തന്റെ തൂവലുകൾക്കിടയിലേക്ക് ചേർത്തു ചേർത്ത് വയ്ക്കുന്നു. നന്നായി അസ്വസ്ഥയാകുന്ന ആ കോഴി മെല്ലെ എഴുന്നേല്ക്കുമ്പോൾ മുട്ടകളിൽ ചിലത് വിരിഞ്ഞ് കോഴിക്കുഞ്ഞുങ്ങൾ പുറത്തുവന്നു. ഞാൻ പരിസരബോധം വീണ്ടെടുത്ത് മുട്ടിന്മേൽനിന്ന് ജപമാല ചൊല്ലി, കരുണക്കൊന്ത ചൊല്ലി, പലവിചാരത്തിൽനിന്നും രക്ഷപ്പെടാനായി.

കുട്ടികളെ ടീ ബ്രേക്കിന് വിട്ടു. ഞാൻ ചാപ്പലിൽനിന്നും എഴുന്നേറ്റ് അവർക്ക് ചായ പകർന്നുകൊടുക്കാനായി പോയി. തുടർന്ന് അവരുടെ വിശ്രമസമയമാണ്. കുളിക്കാനും വ്യക്തിപരമായി പ്രാർത്ഥിക്കാനുമൊക്കെ നിർദേശം കൊടുത്തിരിക്കുന്നു. നമ്മുടെ മോൻ ഒരു ചെറിയ ചിരിയുമായി സാവകാശം വന്നു. അവന്റെ വരവ് നിറഞ്ഞ ധ്യാനാത്മകതയിൽതന്നെയാണ്. ”ഉത്തരം കിട്ടിയോ സിസ്റ്റർ?”

ഉത്തരം
വരൂ മോനേ, നമുക്ക് ഇവിടിരിക്കാമെന്നു പറഞ്ഞ് രണ്ടു കസേരകൾ അടുപ്പിച്ച് ഞങ്ങൾ ഇരുന്നു. അല്പസമയം പ്രാർത്ഥിക്കാം. അവൻ അതും അനുസരിച്ചു. കണ്ണുകൾ നന്നായി അടച്ച് കൈകൾ നെഞ്ചോട് ചേർത്തുവച്ച് അവൻ പ്രാർത്ഥിച്ചു. ഉടൻതന്നെ കോഴിയും കുഞ്ഞുങ്ങളും എന്റെ മനസിലേക്ക് ഓടിയെത്തി. ഞാൻ പറഞ്ഞു, ”അങ്ങനെ ഇരുന്നാൽ സൃഷ്ടി നടക്കും.” ”എന്ത് സിസ്റ്റർ…?” അവന് ആകാംക്ഷയായി. ”സൃഷ്ടിയോ…? എന്നുവച്ചാൽ എന്താ…?” ഞാൻ വിവരിച്ചു. ”കോഴിക്കുഞ്ഞുങ്ങളെ കണ്ടിട്ടുണ്ടോ? എങ്ങനെയാ കോഴിക്കുഞ്ഞുങ്ങൾ ഉണ്ടായത്?”

”അതോ, അത് എന്റമ്മ മുട്ടകൾ കോഴിച്ചോട്ടിൽ വച്ചുകൊടുത്തിട്ടാ.” ”എന്ത് കോഴിച്ചോട്ടിലോ…?” ഞാൻ ചോദിച്ചു. ”ആന്ന്. കോഴീല്ലേ… വെല്ല്യ കോഴി. അതിന്റെ വയറിന്റെ അടീല് മുട്ടവച്ചു.” ”എന്നിട്ടോ?” ”കുറെ ദിവസം കഴിഞ്ഞപ്പോൾ മുട്ട പൊട്ടി കോഴിക്കുഞ്ഞുങ്ങൾ വന്നു.” ”എത്ര മുട്ട ഉണ്ടായിരുന്നു?” ”ഒമ്പത്.” ഒരു സംശയവുമില്ലാത്ത മറുപടി.

”ഒമ്പത് കോഴിക്കുഞ്ഞുങ്ങൾ ഉണ്ടായോ എന്നു ഞാൻ ചോദിച്ചു. ”ഏയ്, ആറേ ആറ്.” ഉത്തരവും ഭംഗിയായി വന്നു. അപ്പോൾ അവൻ ചിരിച്ചുകൊണ്ട് എന്നോട് ചോദിക്കുകയാണ്, ”കോഴീടെ കാര്യം പറഞ്ഞ് എന്റെ ചോദ്യം മറപ്പിക്കാനാണോ ശ്രമം?” ഞാൻ പറഞ്ഞു, ”അങ്ങനെയല്ല. എന്തുകൊണ്ടാ ഒമ്പതും വിരിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടാകാത്തത്?” ”മൂന്നെണ്ണം കേടാരുന്നു സിസ്റ്റർ. വല്ലാത്ത നാറ്റമായിരുന്നു അത് അമ്മ പൊട്ടിച്ചപ്പോൾ.”

ആ ഉത്തരത്തിന് തുടർച്ചയായി ഞാൻ വിശദീകരിച്ചു. ”ആ മുട്ടകൾക്ക് തള്ളക്കോഴിയുടെ ചൂട് വേണ്ടിടത്തോളം കിട്ടിയില്ല. മോൻ പറഞ്ഞില്ലേ, കോഴിച്ചോട്ടിൽ നിന്നാണ് കോഴിക്കുഞ്ഞുങ്ങൾ ഉണ്ടായതെന്ന്. ഒമ്പത് മുട്ടയ്ക്കും കോഴിച്ചോട്ടിൽ സ്ഥലം കിട്ടിയിട്ടുണ്ടാവില്ല. ആവശ്യത്തിന് ചൂട് കിട്ടിയാലേ മുട്ടകൾ വിരിയൂ. അതുപോലെ ദൈവത്തോട് ചേർന്ന് നമ്മളും നമ്മളോട് ചേർന്ന് ദൈവവും നിൽക്കുമ്പോൾ നമ്മളുടെ ദുഃഖത്തിന്റെയും സങ്കടത്തിന്റെയും പുറംതോട് പൊട്ടി സന്തോഷം, സ്‌നേഹം, സമാധാനം, വിജയം തുടങ്ങി കുറെ നല്ല നല്ല കാര്യങ്ങൾ ഉണ്ടാകും.

അതായത് നമ്മൾ പുതിയ സൃഷ്ടിയാകുന്നു. ഇങ്ങനെ സന്തോഷമൊക്കെ ഉണ്ടാകുവാനാണ് നാം ദൈവത്തോടും ദൈവം നമ്മോടും ചേർന്നിരിക്കുന്നത്. അതിനുള്ള മാർഗമാണ് ഈ ധ്യാനവും നമ്മുടെ വീട്ടിലെ പ്രാർത്ഥനയും വിശുദ്ധ കുർബാനയും ബൈബിൾ വായനയും ഒക്കെ.”
”ഗുഡ് സിസ്റ്റർ, ഗുഡ്. എനിക്ക് ക്ലിയറായി.” അവൻ നന്ദി പറഞ്ഞു.

ഉൾക്കാഴ്ചകൾ
ഞാനിങ്ങനെ കൂടി കൂട്ടിച്ചേർത്തു. ”മോന്റെ ബൈബിൾ തുറന്ന് വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷം പതിനഞ്ചാം അധ്യായം അഞ്ചാം വാക്യം ഒന്നു വായിച്ചേ…” അവൻ ആ ഭാഗം വായിച്ചു. ”ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കും. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല.”

എന്തു മനസിലായി എന്നു ഞാൻ ചോദിച്ചപ്പോൾ അവൻ പറഞ്ഞു, ”അതുതന്നെ. എന്റെ ക്വസ്റ്റ്യന്റെ ആൻസർ തന്നെ. ആദ്യം ഞാൻ സിസ്റ്ററിന്റെ അടുത്തുവന്ന് ചോദിച്ചത് അതല്ലേ. ദൈവത്തോട് ചേർന്ന് നില്ക്കുവിൻ. അവിടുന്ന് നിങ്ങളോടും ചേർന്നുനില്ക്കും. അതുകൊണ്ട് എന്താ ഗുണം എന്ന്. എന്താ കാര്യം എന്ന് പിടികിട്ടി.” ”കൊള്ളാം, ഇനി സംശയമൊന്നും ഇല്ലല്ലോ. നന്നായി ധ്യാനിച്ചോളൂ. മിടുക്കനാണ് കേട്ടോ. പഠിച്ച് പഠിച്ച് ആരാകും?”

”അതൊരു കൺഫ്യൂഷനാ. ധ്യാനം കഴിയട്ടെ എന്നിട്ട് കൺഫേം ആക്കണം.” അവന്റെ ബുദ്ധിയും കൃപാവരങ്ങളും കണ്ട് അവനോട് ഞാൻ വീണ്ടും ചോദിച്ചു. ഏതൊക്കെ ഫലങ്ങളാണ് പുറപ്പെടുവിക്കുന്നതെന്ന്. ദൈവത്തിന്റെ ഫലങ്ങൾ എന്ന് ശരിയുത്തരം അവൻ പറഞ്ഞപ്പോൾ അവന്റെ കൈയിൽനിന്നും ബൈബിൾ വാങ്ങി ഗലാത്തി 5:22-23 ഞാൻ വായിച്ചു കേൾപ്പിച്ചു. ”എന്നാൽ ആത്മാവിന്റെ ഫലങ്ങൾ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്.” അല്പസമയം പ്രാർത്ഥിച്ച് അവനെ ധ്യാനഹാളിലേക്ക് പറഞ്ഞുവിട്ടു. ധ്യാനം കഴിഞ്ഞ് പോകാൻ നേരത്ത് അവൻ നന്ദി പറയാൻ എന്നെ തേടിവന്നു. വെറുതെ നന്ദി അല്ല. ”ദൈവത്തോട് ചേർന്നു നില്ക്കുവിൻ. അവിടുന്ന് നിങ്ങളോടും ചേർന്നുനില്ക്കും.” ബൈ, ബൈ, പ്രെയ്‌സ് ദ ലോർഡ് സിസ്റ്റർ.
എത്ര പ്രാവശ്യം വായിച്ചിട്ടുള്ള, ധ്യാനിച്ചിട്ടുള്ള ഒരു ഭാഗമാണ് ഒരു കുഞ്ഞിന്റെ സംശയമായി തീർന്നതും അതിനുത്തരമായി വളർന്നതും. ഓരോ വചനവും വളർന്നു പടർന്നാൽ എന്തെന്ത് മാറ്റങ്ങളും ഉൾക്കാഴ്ചകളുമാണ് ഉണ്ടാകുന്നത്.

പ്രാർത്ഥിക്കാം: ഓ! ദൈവമേ, അങ്ങയോട് ചേർന്നുനിന്ന്, അങ്ങ് ചേർന്നുനിന്ന് അങ്ങയുടെ ഫലങ്ങൾ പുറപ്പെടുവിക്കാൻ സഹായിക്കണമേ, ആമ്മേൻ.

സിസ്റ്റർ മേരി മാത്യു എം.എസ്.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *