കരഞ്ഞുകൊണ്ടാണ് അവൻ സ്‌കൂളിൽ നിന്നും വീട്ടിലെത്തിയത്. അമ്മയെ വട്ടംപിടിച്ച് വീണ്ടും പൊട്ടിക്കരഞ്ഞു. അമ്മ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചുകൊണ്ട് കാര്യം തിരക്കി. സ്‌കൂളിലെ പ്രോഗ്രസ് റിപ്പോർട്ടിൽ പല വിഷയങ്ങൾക്കും തോറ്റിരിക്കുന്നു അവൻ. ടീച്ചർ എല്ലാവരുടെയും മുമ്പിൽവച്ച് വഴക്കു പറഞ്ഞു, മാത്രമല്ല ചില പരിഹാസ വാക്കുകളും. അത് കൂട്ടുകാർ ഏറ്റുപിടിച്ച് കോമഡിപ്പാട്ടുണ്ടാക്കി അവനെ വീടുവരെ കൂക്കിവിളിച്ചു – ‘മണ്ടൻ പുണ്യാളൻ.’ അവന്റെ കുഞ്ഞുമനസ് ആഴത്തിൽ മുറിഞ്ഞു. സത്‌സ്വഭാവവും പ്രാർത്ഥനാ ചൈതന്യവുംമൂലം അവനെ ഒരു കുഞ്ഞുവിശുദ്ധനായാണ് എല്ലാരും കരുതിയിരുന്നത്. എന്നിട്ടും പഠനത്തിൽ പിന്നിലായതിനാലാണ് മറ്റുള്ളവർ ഇത്രമാത്രം പരിഹസിച്ചത്. അമ്മ പറഞ്ഞു: ”സാരമില്ല മോനേ, പരിഹാരമുണ്ട്. നീ ഇന്നുമുതൽ പരിശുദ്ധാത്മാവിന്റെ നവനാൾ ആരംഭിക്കുക. അവിടുന്നാണ് ജ്ഞാനവും ബുദ്ധിയും അറിവുമെല്ലാം നല്കുന്നത്.” അവൻ അന്നുതന്നെ പരിശുദ്ധാരൂപിയുടെ നവനാൾ ആരംഭിച്ചു. കൃത്യം 9-ാം ദിനം പരിശുദ്ധാത്മാവായ ദൈവം അവനിൽ ഒരു അഗ്നിസ്ഫുലിംഗമായി വന്നു നിറഞ്ഞു. അവൻ അത് അനുഭവിച്ചു; ദൈവസ്‌നേഹാഗ്നിയുടെ ഒരു ജ്വലനം.
പിന്നെയുള്ളത് ഒരു അട്ടിമറിക്കഥപോലെയാണ്. പഠനത്തിലെ പിൻനിരക്കാരൻ ‘സ്റ്റാർ ഓഫ് ദ സ്‌കൂൾ’ ആയി ഉയർന്നു. യൂണിവേഴ്‌സിറ്റി അവാർഡു ജേതാവുമുതൽ മികച്ച വാഗ്മിയും സന്യാസസഭാസ്ഥാപകനും സ്‌കോളറുമായി ദൈവാരൂപി അവനെ മാറ്റി. എല്ലാറ്റിലുമുപരി സ്വർഗത്തിന്റെ ശ്രേഷ്ഠ പുരസ്‌കാരമായ വിശുദ്ധ പദവിയും നല്കി ദൈവം ആദരിച്ചു, ‘മണ്ടൻ’ എന്നു പരിഹസിക്കപ്പെട്ട ഈ വിൻസെന്റ് പള്ളോട്ടിയെ.
‘ഒരിക്കലും തീർന്നുപോകാത്ത സ്വർഗീയ കൃപകളുടെ നിധിശേഖരത്തിലേക്കുള്ള പാസ്‌വേർഡാണ് ദൈവാരൂപി. അവിടുത്തെ സ്‌നേഹിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നവർക്ക് ആവശ്യത്തിലധികം – അഥവാ- നിറഞ്ഞുതുളുമ്പി പുറത്തേക്ക് പ്രവഹിക്കാൻ മാത്രം കൃപകളുടെ സമൃദ്ധി അവിടുന്ന് പ്രദാനം ചെയ്യുന്നു’ എന്ന് സഭാ പിതാക്കന്മാരായ വിശുദ്ധ ബേസിലും മരിയ വിയാനിയും പഠിപ്പിക്കുന്നു. എന്നിട്ടും എന്തേ നമുക്കിതൊന്നും ലഭിക്കാത്തത്? – ചോദിച്ചിട്ടില്ലേ പലവട്ടം? പരിശുദ്ധാത്മാവിനുവേണ്ടി എത്രമാത്രം പ്രാർത്ഥിക്കുന്നു, ക്ഷണിക്കുന്നു? നൊവേനകൾ എത്ര ചൊല്ലിയിരിക്കുന്നു! ”ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്” (യോഹന്നാൻ 3:34) എന്ന് ഈശോ തീർത്തു പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും വിശുദ്ധർക്കൊക്കെ ലഭിച്ചതുപോലൊരു നിറവ് ലഭിക്കുന്നില്ലല്ലോ. ”സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല!” (ലൂക്കാ 11:13) എന്ന് എത്ര സുനിശ്ചിതമായിട്ടാണ് ഈശോ വാഗ്ദാനം ചെയ്യുന്നത്? എങ്കിൽ ചോദിച്ചപ്പോഴൊക്കെ അളവില്ലാതെ, വിശുദ്ധർക്കൊക്കെ നല്കിയതുപോലെതന്നെ നമുക്കും തന്നിട്ടുണ്ട്. പിന്നെന്താണ് പ്രശ്‌നം?
പൊട്ടക്കിണറ്റിലെ അഗ്നി
പൊട്ടക്കിണറ്റിൽ സുക്ഷിക്കപ്പെട്ട അഗ്നിയെക്കുറിച്ചൊരു സംഭവം 2മക്കബായർ 1:19-22 -ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒളിച്ചുവയ്ക്കപ്പെട്ട ആ തീജ്വാല നാളുകൾ പിന്നിട്ടപ്പോൾ ആരും ശ്രദ്ധിക്കാനില്ലാത്തതിനാൽ മഴയും മഞ്ഞും വെയിലും ഏറ്റ് മങ്ങി, മാലിന്യങ്ങളും കാടുംപിടിച്ച്, കല്ലും മണ്ണും വീണ് കെട്ടുപോയി, ഒടുവിൽ ഒരു കൊഴുത്ത ദ്രാവകംമാത്രമായിത്തീർന്നു.
മാമോദീസ മുതൽ പലപ്പോഴായി ദൈവാരൂപിയെ സ്വീകരിച്ചവരാണ് നാം. എന്നാൽ വളരെ കാര്യമായി ക്ഷണിച്ചുവരുത്തിയ പരിശുദ്ധാത്മാവായ ദൈവത്തെ വേണ്ടത്ര പരിഗണിക്കുകയോ സ്‌നേഹിക്കുകയോ അവിടുത്തോട് സംസാരിക്കുകയോ ചെയ്യാതെ അവഗണിച്ചു കളഞ്ഞുവോ? അവിടുന്നു നമ്മിൽ വന്നതുതന്നെ മറന്നുപോയോ? ദൈവം ഉള്ളിലുണ്ടെന്ന് ചിന്തിക്കുകപോലും ചെയ്യാതെ നമുക്കിഷ്ടമുള്ളതുപോലെയൊക്കെ ജീവിക്കുകയാണോ? പ്രാർത്ഥനയിലൂടെ ഊതിക്കത്തിച്ചില്ലേ? അങ്ങനെയെങ്കിൽ പൊട്ടക്കിണറ്റിൽ ഒളിപ്പിച്ച അഗ്നിപോലെ കെട്ടുറഞ്ഞു പോകാനിടയില്ലേ?
എത്ര വലിയ അഗ്നിയായാലും ജ്വലിപ്പിച്ചുകൊണ്ടിരുന്നില്ലെങ്കിൽ ജ്വാല കുറഞ്ഞുപോകും. കൂടാതെ അതിലേക്ക് വെള്ളവും കല്ലും മണ്ണും ചാരവുമെല്ലാം ഇട്ടാൽ അത് അണഞ്ഞുപോകുകയും ചെയ്യും. അതുപോലെ നമ്മിലെ പരിശുദ്ധാത്മാവാകുന്ന അഗ്നിയെ പ്രാർത്ഥനയാൽ ആളിക്കത്തിക്കാതിരുന്നാൽ ജ്വലനം കുറയും. അതിലേക്ക് പാപങ്ങളും അശുദ്ധിയും കാപട്യവും പൊങ്ങച്ചവും നീരസവും വെറുപ്പും സ്‌നേഹരാഹിത്യവുമാകുന്ന കല്ലും മണ്ണും ചാരവുമൊക്കെ വീണുകൊണ്ടിരുന്നാൽ ക്രമേണ അഗ്നി അണഞ്ഞുപോവുകയും ചെയ്യും. സാരമില്ലെന്നു കരുതുന്ന ലഘു പാപങ്ങളുടെ പൊടികൾ തുടർച്ചയായി വീണാൽ അത് പലയിടത്തും ചെറു കുന്നുകൾതന്നെ രൂപപ്പെടുത്തിക്കളയും. അവിടെപ്പിന്നെ തീ പിടിക്കുകയേ ഇല്ലല്ലോ? മൂലപാപങ്ങളുടെ കരിമ്പാറകളും സ്വയംസ്‌നേഹത്തിന്റെ തടിക്കഷ്ണങ്ങളും തിങ്ങിതിങ്ങി ദൈവാരൂപിയെ ഞെക്കിഞെരുക്കി ശ്വാസംമുട്ടിച്ചാലോ? അല്പംകഴിയുമ്പോൾ മന്ദോഷ്ണതയുടെ മഞ്ഞുമലകളുംകൂടെ വീണാൽ പിന്നെ അഗ്നിക്ക് നിലനില്‌പേ ഇല്ലാതാകും. ക്രമേണ അത് പൊട്ടക്കിണറ്റിലെ കൊഴുത്ത ദ്രാവകംപോലെ ആകാതിരിക്കുന്നതെങ്ങനെ?
വീണ്ടും ആളിക്കത്താൻ
പൊട്ടക്കിണറ്റിൽ നിന്നും എടുത്ത, അഗ്നികെട്ടുപോയ ആ ദ്രാവകം ബലിപീഠത്തിൽ ഒഴിച്ച് ദൈവത്തിന് അർപ്പിച്ചപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അഗ്നി ആളിക്കത്തിയെന്ന് 2 മക്കബായർ 1:22- തിരുവചനം രേഖപ്പെടുത്തുന്നു. എങ്കിൽ നമുക്കിനിയും പ്രതീക്ഷക്കു വകയുണ്ട്. നമ്മിലെ ദൈവാത്മാവാകുന്ന അഗ്നി കെട്ടിട്ട് നാളുകളെത്ര ആയാലും തീയുടെ അംശമേ ഇല്ലെങ്കിലും അനുതാപത്തോടെ ദൈവസന്നിധിയിലണഞ്ഞാൽ സ്‌നേഹത്തോടെ ദൈവാരൂപിയെ ക്ഷണിച്ചു പ്രാർത്ഥിച്ചാൽ അവിടുന്ന് നമ്മിൽ വീണ്ടും ആളിക്കത്തും.
സകലരെയും അതിശയിപ്പിക്കുമാറ് അവിടുന്ന് നമ്മെ ജ്വലിപ്പിക്കുമെന്ന് ദൈവത്തിന്റെ വചനംതന്നെ ഉറപ്പു തരുന്നു. ”കാരണം നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്” (ഹെബ്രായർ 12:29). എത്രമേൽ വലിയ അശുദ്ധിയും മഞ്ഞുമലകളും വൻമരങ്ങളും പാറകളും പാപക്കുന്നുകളും നിശ്ശേഷം ദഹിപ്പിച്ചു നശിപ്പിക്കാൻ അവിടുത്തെ അഗ്നിയുടെ ചെറു കാറ്റുമതി. ”ഇസ്രായേലിന്റെ പ്രകാശം അഗ്നിയായും അവന്റെ പരിശുദ്ധൻ ഒരു ജ്വാലയായും മാറും. അതു ജ്വലിച്ച് ഒറ്റദിവസംകൊണ്ട് അവന്റെ മുള്ളുകളും മുൾച്ചെടികളും ദഹിപ്പിച്ചുകളയും” (ഏശയ്യാ 10:17). തന്റെ സ്‌നേഹാഗ്നിയാൽ ശുദ്ധിചെയ്ത് ഇതുവരെയില്ലാത്ത അഭിഷേകത്താൽ നിന്നെ ജ്വലിപ്പിക്കാൻ അവിടുന്ന് നീ വരുന്നതും നോക്കിയിരിക്കുകയാണ്. ”ഭൂമിയിൽ തീയിടുവാനാണ് ഞാൻ വന്നത്. അത് ഇതിനകം കത്തിജ്വലിച്ചിരുന്നെങ്കിൽ!”(ലൂക്കാ 12:49) എന്ന് അവിടുന്ന് തിടുക്കംകൂട്ടുന്നതും നിനക്കുവേണ്ടിയല്ലേ? അപ്പോൾ ”നിന്റെ പ്രകാശം അന്ധകാരത്തിൽ ഉദിക്കും. നിന്റെ ഇരുണ്ടവേളകൾ മധ്യാഹ്നം പോലെയാകും” (ഏശയ്യാ 58:10).
പരിശുദ്ധാത്മാവാകുന്ന അഗ്നി നമ്മിൽ അണയാതിരിക്കാൻ, ആളിക്കത്തിക്കാൻ ഇന്ധനം കൂടുതൽ കൂടുതൽ ചേർത്തുകൊടുക്കണം. കൂദാശകൾ, പ്രാർത്ഥന, പുണ്യപ്രവൃത്തികൾ, പരിത്യാഗങ്ങൾ, നിരന്തര അനുതാപം, സ്‌നേഹപ്രകരണങ്ങൾ എന്നിങ്ങനെയുള്ള വിറകുകൾ – ഇന്ധനം- എത്രയധികം ഇട്ടുകൊടുക്കുന്നുവോ അത്രയധികമായി അഗ്നി ആളിക്കത്തും. അവയ്ക്കു കുറവുവന്നാൽ ജ്വലനവും മങ്ങുമല്ലോ. തന്മൂലം ഇന്ധനം കൂടുതൽ സ്വരൂപിക്കാം. വിശുദ്ധ മാർട്ടിൻ ഡി പോറസിനെപ്പോലെ അഗ്നിയുടെ മനുഷ്യരായി – ദൈവത്തിന്റെ തീയായി നമുക്കും മാറണ്ടേ? വിശുദ്ധരുടെയെല്ലാം വിശുദ്ധി പരിശുദ്ധാത്മാവാംദൈവം തന്നെയാണ്. ദൈവത്തിന്റെ ആത്മാവാൽ നിറയുന്നതിനനുസരിച്ച് നാം ദൈവികർ – വിശുദ്ധർ -ആയിക്കൊണ്ടിരിക്കും. നമ്മിലെ നാം കുറയുകയും ദൈവം വളരുകയും ചെയ്യും. അങ്ങനെ നമ്മിലെ കുറവുകളും അപ്രത്യക്ഷമാകുകയും ദൈവത്തിന്റെ ശക്തി നമ്മിൽ സ്വഭാവേന പ്രകടമാവുകയും ചെയ്യും. അപ്പോൾ വിശുദ്ധ പള്ളോട്ടിയെപ്പോലെ ‘സ്റ്റാർ ഓഫ് ദ സ്‌കൂളും’ അവാർഡ് വിന്നറുമൊക്കെയായി തനിയെ മാറിക്കൊള്ളും.
വിശുദ്ധ ലൂയി മോൺ ഫോർട്ട് പറയുന്നു, പരിശുദ്ധ മറിയത്തോട് ചേർന്നു വസിക്കുന്നവരിൽ, അവളുടെ വിമലഹൃദയത്തിൽ ജീവിക്കുന്നവരിൽ പരിശുദ്ധാത്മാവ് വളരെപെട്ടെന്ന് ആവസിക്കുന്നു. കാരണം പരിശുദ്ധ മറിയം പുണ്യങ്ങളുടെ സമൃദ്ധിയാണ്, സ്‌നേഹത്തിന്റെ പൂർണത, കൃപയുടെ നിറവ്. പരിശുദ്ധാത്മാവ് തനിക്ക് സന്തോഷത്തോടെ വസിക്കാൻ ഏറ്റം ഉചിതമായ ഇടം പരിശുദ്ധമറിയത്തിൽ കാണുമ്പോൾ അവളുടെ ഹൃദയത്തിൽ വസിക്കുന്നവരിലേക്കും വലിയ ആനന്ദത്തോടെ പറന്നെത്തുന്നു.” അതുകൊണ്ടാണത്രേ വിശുദ്ധരെല്ലാം ദൈവാരൂപിയാൽ ഇത്രമാത്രം പൂരിതരായത്. വിശുദ്ധരിലെ വിശുദ്ധിയും അതിലുപരി പരിശുദ്ധ അമ്മയുടെ സാന്നിധ്യവും കാണുമ്പോൾ ദൈവാരൂപിക്ക് അവരിൽ നിറഞ്ഞുവസിക്കാതിരിക്കാൻ കഴിയില്ലത്രേ. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ഈശോയെ ലോകത്തിന് നല്കിയ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ താമസമാക്കി നമുക്കും പരിശുദ്ധാത്മാവിനാൽ നിറയാം, കവിയാം, ഈശോയെ ലോകത്തിലേക്ക് പകരാം.
ആൻസിമോൾ ജോസഫ്