”ഞാൻ ഒരു അധികപ്പറ്റാണ്. ഈ ലോകത്തിൽ എനിക്കൊരു ഇടമില്ല. എന്നെ സഹായിക്കുവാൻ ആരുമില്ല.” നമുക്കൊക്കെ മനസിൽ ഇങ്ങനെയുള്ള ചിന്തകൾ ചിലപ്പോൾ കടന്നുവരാറുണ്ട്. എന്നാലും നമ്മളാരും പെരുവഴിയാധാരമായിട്ടില്ല. എല്ലാവരാലും തീർത്തും ഉപേക്ഷിക്കപ്പെട്ട്, നിരാലംബനായി, പെരുവഴിയിലായ ഒരുവന്റെ കൂടെയും ദൈവമുണ്ട് എന്നത് നാം എപ്പോഴും മനസിൽ സൂക്ഷിക്കേണ്ട ഒരു സദ്വാർത്തയാണ്.
നല്ല വാർത്തയുടെ കാഹളധ്വനി മുഴക്കിയ ക്രിസ്തുവിന്റെ പരസ്യജീവിതം നല്കുന്ന സന്ദേശം അതുതന്നെയാണ്. ഇല്ലാത്തവന്റെയും നിലവിളിക്കുന്നവന്റെയും തെരുവിലിരുന്ന് ഭിക്ഷ യാചിക്കുന്നവന്റെയും ശബ്ദം ക്രിസ്തുവിന്റെ കാതുകളിൽ എത്തുന്നുണ്ടെന്നതാണ് ആ നല്ല വാർത്ത. ഒരു യാചകന്റെ ശബ്ദം ജനക്കൂട്ടത്തെ അലോസരപ്പെടുത്തുന്നതാണ്, എങ്കിൽ ദൈവത്തിന് അത് ഹൃദയസ്പർശിയാണ്.
ഒരു ഓർമപ്പെടുത്തൽ
ഈ ആശയം വളരെ പ്രധാനപ്പെട്ടതായതുകൊണ്ടാവാം മൂന്ന് സുവിശേഷങ്ങളിലും ഇത് പരാമർശിക്കപ്പെടുന്നത്. സംഭവം നടക്കുന്നത് ജറീക്കോയിലാണ്. അത്ര നല്ല പാരമ്പര്യമുള്ള ഒരു നഗരമല്ല ജറീക്കോ. അത് കോട്ടകളുടെയും തടസങ്ങളുടെയും ഓർമകൾ ഉണർത്തുന്ന ഒരു നഗരമാണ്. ദൈവാലയം സ്ഥിതി ചെയ്യുന്ന ജറുസലേമിന്റെ പ്രൗഢി അതിനില്ല. പക്ഷേ യേശുക്രിസ്തു ജറീക്കോയിലൂടെ കടന്നുവരുന്നു. അത് ഒരുപക്ഷേ നിനക്കും എനിക്കും ഒരു ഓർമപ്പെടുത്തലായിട്ടായിരിക്കാം.
എനിക്ക് പ്രൗഢിയില്ലല്ലോ, സൗന്ദര്യമില്ലല്ലോ, പൊക്കമില്ലല്ലോ, നിറമില്ലല്ലോ എന്നൊക്കെയുള്ള ഒരു അപകർഷതാബോധം നിന്നെ അലട്ടുന്നുണ്ടാവാം. ജറീക്കോയിലെ കോട്ടകൾപോലുള്ള പ്രശ്‌നങ്ങൾ നിന്റെ ജീവിതത്തിൽ ഉയർന്നു നില്പുണ്ടാവാം. അതിന്റെ നിഴൽവീണ താഴ്‌വരയിൽ ഭയചകിതനായി അരണ്ടിരിക്കുന്ന നിന്നെ ക്രിസ്തു കാണുന്നുണ്ട്. അല്ലെങ്കിൽ എന്തിന് അവിടുന്ന് ജറീക്കോയിലേക്ക് വരണം? തന്റെ രക്ഷാകര ദൗത്യം പൂർത്തീകരിക്കപ്പെടേണ്ട ഇടമായ ജറുസലേമിനെ നോക്കി നിരന്തരം യാത്ര ചെയ്തിരുന്ന ക്രിസ്തു ഇന്ന് ജറീക്കോയിൽ എത്തുന്നത് നിന്നെ ഓർത്തിട്ടാണ്. അതെ, ദൈവത്തിന് നിന്നെക്കുറിച്ച് സ്‌നേഹംനിറഞ്ഞ കരുതലുണ്ട്.
നിന്റെ ഒരു പ്രതിനിധിയെ ആണ് യേശു ജറീക്കോയിൽ കണ്ടുമുട്ടുന്നത്. അത് വഴിയരുകിൽ ഇരുന്ന് ഭിക്ഷ യാചിക്കുന്ന ഒരു കുരുടനാണ്. ഭിക്ഷ യാചിക്കേണ്ട ഒരു അവസ്ഥ ആരും സഹായിക്കാനില്ലാത്ത ഒരു സാഹചര്യമാണല്ലോ സൂചിപ്പിക്കുന്നത്. ഇവിടെ ദൈവം മാത്രമേ ആശ്രയമുള്ളൂ. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ഇവിടെയുണ്ട്. അത് ദൈവത്തിനുവേണ്ടിയുള്ള ദാഹവും അന്വേഷണവുമുള്ള ഒരു വ്യക്തിയുടെ അടുത്തേക്ക് മാത്രമേ അവിടുന്ന് വരുന്നുള്ളൂ എന്നതാണ്.
ആ കുരുടന് അങ്ങനെയൊരു ഗുണമുണ്ട്. വലിയൊരു ജനക്കൂട്ടത്തിന്റെ അകമ്പടിയോടെയാണ് യേശു കടന്നുവരുന്നത്. ഭൗതികനേട്ടത്തിലാണ് അവന്റെ ശ്രദ്ധയെങ്കിൽ അവന് ഇങ്ങനെ ചിന്തിക്കാമായിരുന്നു: ‘നല്ലൊരു ചാകര കിട്ടും. എത്ര ആളുകളാണ് കടന്നുപോകുന്നത്. എല്ലാവരോടും സഹായിക്കണേ, ഞാനൊരു കണ്ണുപൊട്ടനാണേ എന്ന് നിലവിളിച്ച് പറഞ്ഞാൽ നല്ലൊരു കളക്ഷൻ ഒപ്പിച്ചെടുക്കാം.’ എന്നാൽ അവൻ ചിന്തിച്ചത് നേരെ മറിച്ചാണ്. നശ്വരമായ നാണയത്തെയല്ല, അനശ്വരനായ ഉടയവനെയാണ് അവൻ തന്റെ അകക്കണ്ണുകൊണ്ട് തേടിയിരുന്നത്. അത്യാവശ്യം ജീവിക്കുവാൻവേണ്ടിയുള്ള വകയ്ക്കുവേണ്ടിയാണ് അവൻ ഭിക്ഷ യാചിച്ചിരുന്നതെന്ന് ചുരുക്കം. തന്റെ ജീവിതത്തിലേക്ക് പ്രകാശമായി കടന്നുവരുന്ന ദൈവത്തെയാണ് അവൻ അന്വേഷിച്ചത്.
എന്താണ് സംഭവിക്കുന്നതെന്ന് അവൻ ചോദിച്ചു. ‘നസറായനായ യേശു കടന്നുപോകുന്നു’ എന്നാണ് ജനക്കൂട്ടം ഉത്തരം നല്കിയത്. ജനക്കൂട്ടത്തിന്റെ കാഴ്ചപ്പാട് എപ്പോഴും എല്ലാക്കാലത്തും അങ്ങനെതന്നെയാണ്. യേശുവിനെ നസറായനായോ തച്ചന്റെ മകനായോ കാണുന്നവർക്ക് ദൈവാനുഭവം എന്നും അന്യമായിരിക്കും. എന്നാൽ ആ കുരുടന്റെ പ്രതികരണം നമ്മെ തീർത്തും അത്ഭുതപ്പെടുത്തും. അവർ പറഞ്ഞതല്ല, അവൻ കേട്ടത്. കാരണം അവൻ തന്റെ ജീവിതത്തിലേക്ക് ഒരു രക്ഷകൻ, മിശിഹാ കടന്നുവരും എന്ന് ദൃഢമായി വിശ്വസിച്ചവനാണ്. അതിനാൽ ഇപ്രകാരമാണ് അവൻ വിളിച്ചുപറഞ്ഞത്; ‘ദാവീദിന്റെ പുത്രനായ യേശുവേ എന്നിൽ കനിയണമേ.’ ഈ ദൈവശാസ്ത്രം ആര് അവനെ പഠിപ്പിച്ചു എന്നത് നമ്മെ അതിശയിപ്പിക്കുന്ന ഒരു കാര്യമാണ്. ദിവ്യരഹസ്യങ്ങൾ ജ്ഞാനികളിൽനിന്ന് മറച്ചുവച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തുന്ന ദൈവം തന്നെയല്ലാതെ മറ്റാര്! യേശു വെറും നസറായനല്ല, ദാവീദിന്റെ പുത്രനായ വാഗ്ദാനം ചെയ്യപ്പെട്ട മിശിഹാ ആണെന്ന ഏറ്റുപറച്ചിലാണ് അവനെ അനുഗ്രഹം സ്വീകരിക്കുവാൻ പ്രാപ്തനാക്കിയത്. എന്നാൽ നിലവിളിച്ച് പ്രാർത്ഥിച്ച ഉടനെതന്നെ അവന് മറുപടി ലഭിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
കാത്തിരിപ്പിന്റെ വെളിച്ചം
ദൈവത്തിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കുക എന്നതും ദൈവാന്വേഷണത്തിൽ സുപ്രധാനമാണ്. ഒരു പ്രാവശ്യം പ്രാർത്ഥിച്ചിട്ട് ഫലമില്ല എന്നുകണ്ട് പ്രാർത്ഥന നിർത്തരുത്. തുടർച്ചയായി പ്രാർത്ഥിച്ചുകൊണ്ടിരിക്കുക. കൂടുതൽ നല്ലത് നല്കുവാനായി ദൈവം നിന്നെ ഒരുക്കുകയാവാം, തന്റെ നിശബ്ദതയിലൂടെ. അതിനാൽ പ്രാർത്ഥനയ്ക്ക് മറുപടി കിട്ടാത്ത ഇരുട്ട് നിറഞ്ഞ നാളുകളെ ഉൾക്കണ്ണിന്റെ വിളക്കുകൊണ്ട് പ്രകാശിപ്പിച്ച് കാത്തിരിക്കുക.
മറ്റുള്ളവർ നിന്നെ കുറ്റപ്പെടുത്തും, പരിഹസിക്കും. ‘നിന്റെ പ്രാർത്ഥന നിർത്തിക്കൂടേ’ എന്ന് ചോദിക്കും. നിശബ്ദനായിരിക്കുക എന്നു പറഞ്ഞ് ആ കുരുടനെ ശകാരിച്ച ജനക്കൂട്ടത്തിന്റെ ഇരമ്പൽ ഇന്നുമുണ്ട്. അതിനെ അവഗണിച്ച് യേശുവിനെമാത്രം നോക്കുക. കടന്നുപോകുന്ന യേശു നിനക്കുവേണ്ടിമാത്രം നില്ക്കും. ”യേശു അവിടെ നിന്നു” (ലൂക്കാ 18:40). പ്രാർത്ഥനയ്ക്ക് മറുപടി കിട്ടാതെ തളരുന്ന എല്ലാവർക്കുമുള്ള സുവർണ വാക്യമാണിത്.
നിന്റെ ഇഷ്ടത്തെ, സ്വാതന്ത്ര്യത്തെ മാനിക്കുന്ന ഒരു ദൈവമാണ് യേശു. അവിടുന്ന് ഒന്നും നിന്റെമേൽ അടിച്ചേല്പിക്കുന്നില്ല. നിനക്ക് ഇഷ്ടമുള്ളത് ചോദിക്കാം. എല്ലാം അറിയുന്ന ദൈവം അവന്റെ ഇഷ്ടം അറിയുവാനായി കാത്തിരിക്കുകയാണ്. ”ഞാൻ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്?” കുരുടന് പലതും ചോദിക്കാമായിരുന്നു. പക്ഷേ എന്ത് വേണമെന്നതിനെക്കുറിച്ച് ഒരു തീർച്ച അവനുണ്ട്. അവന് ഒന്നേ ആവശ്യമുള്ളൂ. ”കർത്താവേ, എനിക്ക് കാഴ്ച വീണ്ടുകിട്ടണം.” അതെ, കാഴ്ചയ്ക്കുവേണ്ടിയാണ് നാം പ്രാർത്ഥിക്കേണ്ടത്. അതുണ്ടെങ്കിൽ എല്ലാമായി. കാഴ്ച ലഭിച്ചാൽ കാഴ്ചപ്പാടുകൾ മാറും.
ദൈവത്തെയും മനുഷ്യനെയും കാണേണ്ടവിധം കാണുവാൻ നമുക്ക് അപ്പോൾ സാധിക്കും. ഞാൻ ചോദിക്കുമ്പോൾ എനിക്കാവശ്യമുള്ളതെല്ലാം നല്കുന്ന ഒരാളായി ദൈവത്തെയും എന്റെ ഇഷ്ടങ്ങൾ സാധിക്കുന്ന ഉപകരണങ്ങളായി മനുഷ്യരെയും കാണുന്നതാണ് യഥാർത്ഥ അന്ധത. തനിക്ക് രൂപപ്പെടുത്തുവാൻ പറ്റുന്ന ഉരുപ്പടികളായി മറ്റുള്ളവരെ കാണുന്നതാണ് വൃക്ഷക്കാഴ്ച. നേരായ കാഴ്ചയ്ക്കുവേണ്ടി അനുനിമിഷം നാം പ്രാർത്ഥിക്കേണ്ടതുണ്ട്.
നിർമലകാഴ്ച ചോദിക്കാം
കാഴ്ച വീണ്ടുകിട്ടണം എന്ന് കുരുടൻ പറയുന്നു. അതിനർത്ഥം അവന് നേരത്തേ കാഴ്ചയുണ്ടായിരുന്നു എന്നതാണല്ലോ. കാഴ്ചയുണ്ടായിട്ട് അത് നഷ്ടപ്പെട്ടവന്റെ വേദന വളരെ വലുതാണ്. അതിനാലാണ് അവൻ കാഴ്ചയെ എല്ലാറ്റിനും അധികമായി ആഗ്രഹിച്ചത്. ഈ ലേഖനം വായിക്കുന്ന നിങ്ങളും ഒരുപക്ഷേ ആദ്യം ലഭിച്ച ദൈവസ്‌നേഹത്തിന്റെ നിർമലകാഴ്ച ജീവിതത്തിന്റെ വഴിത്താരയിൽ നഷ്ടപ്പെട്ട ഒരു വ്യക്തിയായിരിക്കാം. സമ്പത്തിന്റെ, ജീവിതവ്യഗ്രതയുടെ, ലോകമോഹങ്ങളുടെ ഒക്കെ ഒരു ‘ഹെയിൽസ്റ്റോം’ അതിന് കാരണമായിട്ടുണ്ടാകാം. സാരമില്ല, എല്ലാം പരിഹരിക്കുവാൻ സാധിക്കുന്നവൻ നിന്റെ മുമ്പിലുണ്ട്. ‘നിനക്ക് കാഴ്ചയുണ്ടാകട്ടെ’ എന്ന് അവിടുന്ന് പറഞ്ഞാൽ അത് സംഭവിക്കുകതന്നെ ചെയ്യും.
ആ കുരുടന് ലഭിച്ചത് വെറും ബാഹ്യമായ കാഴ്ചയല്ല എന്ന് അവന്റെ ശേഷിച്ച ജീവിതം തെളിയിക്കുന്നു. അവൻ രണ്ടു കാര്യങ്ങൾ ചെയ്തു. ഒന്ന്: അവൻ ദൈവത്തെ മഹത്വപ്പെടുത്തി. അനുഗ്രഹം സ്വീകരിച്ചവർക്ക് ഒരു കടമയുണ്ട്: തന്നെ അനുഗ്രഹിച്ച ദൈവത്തെ മറ്റുള്ളവരുടെ മുമ്പിൽ ഏറ്റുപറയുക എന്നത്. അത് വാക്കുകൊണ്ട് മാത്രമല്ല, പ്രവൃത്തികൊണ്ടും കൂടെ വേണം. അതാണ് കുരുടൻ രണ്ടാമത് ചെയ്തത്: അവൻ യേശുവിന്റെ പിന്നാലെ പോയി. ജീവിതം യേശുവിനായി സമർപ്പിക്കാതെയുള്ള നന്ദിപ്രകാശനം പൊള്ളയാണ്. എന്നാൽ ജീവിക്കുന്ന സാക്ഷികൾ ഉയരുമ്പോൾ എല്ലാവരും ദൈവമഹത്വം കാണുവാനും ദൈവത്തെ സ്തുതിക്കുവാനും ഇടയാകും. ശരിയായ കാഴ്ച സ്വീകരിച്ച് സ്വജീവിതംകൊണ്ട് ദൈവനാമത്തെ മഹത്വപ്പെടുത്തുവാനുള്ള കൃപക്കായി നമുക്ക് പ്രാർത്ഥിക്കാം.
അങ്ങയുടെ മഹത്വത്തിൽ പങ്കുചേരുവാനും അങ്ങയെ മഹത്വപ്പെടുത്തുവാനും എന്നെ ഈ ഭൂമിയിൽ സൃഷ്ടിച്ച പിതാവേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു, ആരാധിക്കുന്നു. എന്റെ കാഴ്ച നഷ്ടപ്പെട്ടത് പലപ്പോഴും ഞാൻ തിരിച്ചറിയുന്നില്ല. ലഭിച്ച കാഴ്ച നഷ്ടപ്പെടാതെ സൂക്ഷിക്കുവാനും നഷ്ടപ്പെടുമ്പോൾ അത് തിരിച്ചറിഞ്ഞ് പ്രാർത്ഥിക്കുവാനുമുള്ള കൃപ എനിക്ക് നല്കണമേ. യേശുവേ, എന്റെ രക്ഷകാ, ഞാൻ പ്രാർത്ഥിക്കുന്നു: ‘നിനക്ക് കാഴ്ചയുണ്ടാകട്ടെ’ എന്ന് എന്നോടും ഈ നിമിഷം പറയണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എനിക്ക് നേരായ കാഴ്ച ജീവിതത്തിലുടനീളം ലഭിക്കുവാൻ പ്രാർത്ഥിക്കണമേ, ആമ്മേൻ.
കെ.ജെ.മാത്യു