ഫലമണിഞ്ഞു ശോഭിക്കുമ്പോൾ…

ഒരിക്കൽ ഒരു സന്യാസിയുടെ ഭക്തിതീക്ഷ്ണതയും ആത്മീയാനുഷ്ഠാനങ്ങളും സാത്താനെ വല്ലാതെ അസ്വസ്ഥനാക്കി. എങ്ങനെയും അദ്ദേഹത്തെ ദൈവത്തിൽനിന്നകറ്റി തന്റെ വലയിലാക്കുവാൻ സാത്താൻ കിണഞ്ഞു പരിശ്രമിച്ചു. രോഗങ്ങളും വേദനകളും കഷ്ടനഷ്ടങ്ങളുമൊക്കെ കൊടുത്തുനോക്കി. എന്നാൽ കുരിശുകളിലൂടെ സന്യാസി കൂടുതൽ ദൈവത്തിലേക്കടുക്കുകയാണ് ചെയ്തത്.
ഇതു ഗ്രഹിച്ച സാത്താൻ ഒടുവിൽ ഒരു നവീനതന്ത്രം പ്രയോഗിച്ചു. സന്യാസിയുടെ ത്യാഗമനഃസ്ഥിതിയെയും അത്ഭുതരോഗശാന്തിവരത്തെയും പ്രസംഗപാടവത്തെയും പ്രേഷിത പ്രവർത്തനങ്ങളെയുമെല്ലാം വാനോളം പുകഴ്ത്തുവാൻ തുടങ്ങി. സന്യാസിയിൽ ക്രമേണ മാറ്റങ്ങൾ ദൃശ്യമായി. സന്തോഷത്തോടൊപ്പം ചെറിയ അഹങ്കാരവും സന്യാസിയെ വലയം ചെയ്തു. ചിന്തകളിലും ജീവിതചര്യയിലും മാറ്റംവന്ന സന്യാസിയുടെ ഹൃദയത്തിൽനിന്ന് പഴയതുപോലെ പ്രാർത്ഥനകൾ ഉയരാതായി. ക്രമേണ പ്രാർത്ഥനതന്നെ ഇല്ലാതായി. തന്റെ തന്ത്രം ഫലിച്ചതിൽ സന്തോഷിച്ച് സാത്താൻ തുള്ളിച്ചാടി.
യേശുനാഥൻ അരുളിച്ചെയ്യുന്നു: ”മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു സംസാരിക്കുമ്പോൾ നിങ്ങൾക്കു ദുരിതം! അവരുടെ പിതാക്കന്മാർ വ്യാജപ്രവാചകന്മാരോടും അങ്ങനെതന്നെ ചെയ്തു” (ലൂക്കാ 6:26). തന്നത്താൻ നന്നായി അറിയുന്നവൻ സ്വന്തം ദൃഷ്ടിയിൽ ഹീനനാകയാൽ, അയാൾ മനുഷ്യപ്രശംസകളിൽ സന്തോഷിക്കുകയില്ലെന്ന് ‘മിശിഹാനുകരണം’ ഓർമപ്പെടുത്തുന്നു.

അസാധാരണമായ മികവോടെ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക്, ബഹുമതികളും സ്തുതിപ്പുകളും ലഭിക്കുക സ്വാഭാവികമാണ്. ആത്മീയമേഖലയിൽ ഫലമണിഞ്ഞ് ശോഭിക്കുന്നവർക്ക് ലോഭമില്ലാതെ പ്രശംസകൾ ലഭിക്കും. സ്തുതിപ്പിന്റെയും ബഹുമതികളുടെയും കിരീടങ്ങൾക്കുള്ളിൽ അപകടം പതിയിരിപ്പുണ്ടെന്നതാണ് സത്യം. സാത്താന്റെ ആത്യന്തികമായ ലക്ഷ്യം ദൈവത്തിൽനിന്ന് മനുഷ്യനെ അകറ്റുക എന്നുള്ളതാണല്ലോ. അതിനായി പല കെണികളും പ്രയോഗിക്കുന്ന സാത്താന്റെ ഫലപ്രദമായ തന്ത്രങ്ങളിലൊന്നാണ് പുകഴ്ത്തലും പ്രശംസയും.
ആത്മീയമായി ദൗർബല്യമുള്ളവരെയാണ് ഇത് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. ആഴമായ ഉൾക്കാഴ്ചയും ആത്മീയ പക്വതയുമില്ലാത്തവരെ സ്തുതിപ്പുകളും ബഹുമതികളും അഹങ്കാരത്തിലേക്ക് നയിക്കാൻ സാധ്യതകളേറെയാണ്. ഫരിസേയരെ ഭയന്ന് സ്വന്തം വിശ്വാസം ഏറ്റുപറയാൻ തയാറാകാതിരുന്ന അധികാരികളെപ്പറ്റി യേശു അഭിപ്രായപ്പെട്ടതിപ്രകാരമാണ്: ”ദൈവത്തിൽനിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അവർ അഭിലഷിച്ചു” (യോഹന്നാൻ 12:43).

അപമാനങ്ങളെയും അവമതികളെയും ഹൃദയപൂർവം സ്വാഗതം ചെയ്തിരുന്ന വിശുദ്ധ കൊച്ചുത്രേസ്യാ ബഹുമതിയുടെ അപകടം നിറഞ്ഞ മാർഗത്തെപ്പറ്റി ഏറെ പ്രതിപാദിച്ചിട്ടുണ്ട്. വിശുദ്ധ തന്റെ ആത്മകഥയിൽ പറയുന്നു: ”മനുഷ്യരുടെ ദൃഷ്ടിയിൽ എന്റെ സകല പരിശ്രമങ്ങൾക്കും വിജയമേയുള്ളൂ. ഇതിന്റെ ഫലമായി സഹസന്യാസിനികൾ എന്നെ വളരെ സ്തുതിക്കുന്നുണ്ട്. എന്നാൽ സ്തുതിപ്പിന്റെ അപകടം നന്നായറിയാവുന്നതുകൊണ്ട് സ്തുതിക്ക് പകരം എന്തെങ്കിലും അവമാനം കിട്ടുവാൻ ഞാൻ വാഞ്ചിക്കുന്നു. അപമാനത്തിനായി ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യും. എനിക്കത് ലഭിച്ചുകഴിയുമ്പോൾ ഞാൻ അതിരറ്റ് സന്തോഷിക്കും. കാരണം അതെന്റെ ആത്മാവിനെ ആനന്ദംകൊണ്ട് നിറയ്ക്കുന്നു.”

അപമാനങ്ങളും നിന്ദനങ്ങളുമാകുന്ന പോഷകസമൃദ്ധമായ അപ്പം ഹൃദയപൂർവം സ്വീകരിക്കുന്നത് ആത്മാവിന് ഉണർവും ആനന്ദവും ഓജസും നല്കും. യേശുനാഥൻ അരുളിച്ചെയ്യുന്നു: ”എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ; സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും” (മത്തായി 5:11-12).
അവമതികളും നിന്ദനങ്ങളും എളിമയിൽ ആഴപ്പെടുത്തുമെന്നും അതുവഴി ദൈവികദർശനം സാധ്യമാകുമെന്നും ഗ്രഹിച്ചിരുന്ന വിശുദ്ധ ഫ്രാൻസിസ് അസീസി തന്നെ സ്തുതിക്കുന്നവരിൽനിന്ന് ഓടിയകലുകയും തന്നെ ലഘുവായിട്ടെങ്കിലും കുറ്റപ്പെടുത്തുന്നവർക്ക് നന്ദി പറയുകയും ചെയ്യുക പതിവായിരുന്നു. അദ്ദേഹത്തിന്റെ സുകൃതങ്ങളെപ്പറ്റി ജനാവലി തുടർച്ചയായി പുകഴ്ത്തിയിരുന്നതിനാൽ, തന്നെ നിന്ദിക്കുവാൻ ശിഷ്യന്മാർക്ക് പ്രത്യേകം നിർദേശം കൊടുത്തു. പിതാവ് പ്രാർത്ഥനയിൽ ലയിച്ചിരുന്ന സമയത്ത് വളരെയധികം ഉയരത്തിൽ ആകാശത്തിലേക്ക് ഉയർന്നുപോയിരുന്നതായി എപ്പോഴും കൂടെയുണ്ടായിരുന്ന ലിയോ സഹോദരൻ സാക്ഷ്യപ്പെടുത്തിയിരുന്നു. അങ്ങനെ ഫ്രാൻസിസ് പിതാവ് ദൈവത്താൽ പ്രശംസിക്കപ്പെട്ടു. വിശുദ്ധ പൗലോസ് ശ്ലീഹാ അറിയിക്കുന്നു: ”അഭിമാനിക്കുന്നവൻ കർത്താവിൽ അഭിമാനിക്കട്ടെ. എന്തെന്നാൽ തന്നെത്തന്നെ പ്രശംസിക്കുന്നവനല്ല, കർത്താവ് പ്രശംസിക്കുന്നവനാണ് സ്വീകാര്യൻ” (2 കോറിന്തോസ് 10:17-18).

അവഹേളനങ്ങൾ ആത്മരക്ഷയ്ക്ക്
ഒരു മിത്രത്തിന്റെ നാവിൽനിന്നും വീഴുന്ന മുഖസ്തുതി പലപ്പോഴും ഒരാളെ വഴിതെറ്റിക്കുന്നു. അതുപോലെ ശത്രുവിന്റെ നാവിൽനിന്നും വരുന്ന അവഹേളനം പലപ്പോഴും അവനെ നന്നാക്കുവാനും ഉപകരിക്കും. നാമറിയാതെ നമ്മിൽ കുടികൊള്ളുന്ന തിന്മകളെ കണ്ടെത്തുവാൻ ചിലപ്പോൾ പരിഹാസങ്ങൾ സഹായിക്കും. വിശുദ്ധ അഗസ്റ്റിൻ സ്വന്തം അമ്മയായ മോണിക്കയുടെ ഒരു ജീവിതാനുഭവം വിവരിക്കുന്നത് ഇപ്രകാരമാണ്: ”ഒരിക്കൽ അമ്മയ്ക്ക് വീഞ്ഞിനോട് താല്പര്യം തോന്നി. യുവതിയായി വളർന്നുവന്ന കാലത്ത് സ്വന്തം ഭവനത്തിലെ കലവറയിൽവച്ച് പാത്രങ്ങളിലേക്ക് വീഞ്ഞ് പകരുന്നതിനിടയക്ക് അൽപമൊന്ന് രുചിച്ചുനോക്കും, ആസക്തികൊണ്ടല്ല സഹജമായ കൗതുകംകൊണ്ടുമാത്രം. അചിരേണ ദിവസംതോറും അല്പം മുന്തിരിച്ചാറ് കുടിക്കുക അമ്മയ്‌ക്കൊരു ശീലമായി. കൂടെയുണ്ടായിരുന്ന ഒരു ജോലിക്കാരിയൊഴികെ മറ്റാരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഒരിക്കൽ ഈ ജോലിക്കാരിയെ അമ്മ എന്തിനോ വഴക്കു പറയുവാനിടയായി. ഒട്ടും കൂസാതെ വേലക്കാരി കൊച്ചമ്മയെ ‘മദ്യപ’യെന്ന് വിളിച്ച് പരിഹസിച്ചു.
ആ വാക്ക് അമ്മയുടെ ഹൃദയത്തിൽ തുളച്ചുകയറി. വിശ്വരൂപത്തിൽ തന്റെ ദുഃശീലം മനസിലാക്കിയ അവൾ ആ ക്ഷണത്തിൽ മേലിലൊരിക്കലും വീഞ്ഞ് കുടിക്കുകയില്ലെന്ന് ശപഥം ചെയ്തു. മരണംവരെ ആ ശപഥം പാലിക്കുകയും ചെയ്തു.” തിരുലിഖിതങ്ങൾ വെളിപ്പെടുത്തുന്നു: ”മുഖസ്തുതി പറയുന്നവനെക്കാൾ ശാസിക്കുന്നവനാണ് പിന്നീട് പ്രീതിപാത്രമാവുക” (സുഭാഷിതങ്ങൾ 28:23).

സ്തുതിപ്പുകളെ സ്വീകരിക്കേണ്ട വിധം
ആത്മരക്ഷയ്ക്കുതകുംവിധം സ്തുതിപ്പുകളെ സ്വീകരിക്കേണ്ടത് എപ്രകാരമാണ്? പ്രഭാഷകൻ ഓർമപ്പെടുത്തുന്നു: ”ബഹുമാനിതനാകുമ്പോൾ ഞെളിയരുത്” (പ്രഭാഷകൻ 11:4). അഹന്തയിലേക്കും ആത്മപ്രശംസയിലേക്കും വ്യക്തികൾ എത്തിച്ചേരുമ്പോഴാണ് സ്തുതിപ്പുകൾ അപകടകാരികളാകുന്നത്. പ്രശംസകൾ ആത്മീയോൽക്കർഷത്തിന് ഇടയാകുംവിധം എപ്രകാരമാണ് സ്വീകരിക്കേണ്ടതെന്ന് വിശുദ്ധ അഗസ്റ്റിൻ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
അദ്ദേഹം പറയുന്നതിപ്രകാരമാണ്: ഒരാൾക്ക് ദൈവം പ്രദാനം ചെയ്ത വിശിഷ്ടമായ ഏതെങ്കിലും പ്രത്യേക കഴിവിന്റെ പേരിലായിരിക്കും മറ്റുള്ളവർ അയാളെ അഭിനന്ദിക്കുന്നത്. മനുഷ്യർ ഒരാളെ പ്രശംസിക്കുമ്പോൾ ആ വ്യക്തിക്ക് പ്രശംസാർഹമായ ആ കഴിവും അനുഗ്രഹങ്ങളും ദാനമായി നല്കിയ ദൈവത്തിന് ആദ്യമായി നന്ദി പറഞ്ഞ് അവിടുത്തെ സ്തുതിച്ച് മഹത്വപ്പെടുത്തണം.

അടുത്തതായി പ്രശംസിക്കുന്ന ആളിലുള്ള നന്മയെക്കുറിച്ചാണ് ഓർക്കേണ്ടത്. കാരണം മുഖസ്തുതിയല്ലാത്ത സത്യസന്ധവും ആത്മാർത്ഥവുമായ അഭിനന്ദനങ്ങൾ ചൊരിയുവാൻ ഹൃദയവിശാലതയുള്ളവർക്കേ കഴിയൂ. മികച്ച പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് അവരർഹിക്കുന്ന അംഗീകാരവും പ്രോത്സാഹനവും നല്കുന്നത് അവരെ കർമോത്സുകരാക്കുകയും കൂടുതൽ പ്രവർത്തിക്കാൻ അവർക്ക് പ്രചോദനം നല്കുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. ഇപ്രകാരമുള്ള ശരിയായ പ്രോത്സാഹനവും അഭിനന്ദനവും നല്കുന്ന വ്യക്തിയുടെ നന്മയിൽ സന്തോഷിച്ച് നന്ദി അറിയിക്കുക.

കത്തിജ്വലിക്കുന്ന തീനാളത്തിന്റെ വശ്യമായ ഭാവങ്ങൾ ഈയാംപാറ്റയെ ആകർഷിച്ച് സമ്പൂർണ നാശത്തിലേക്ക് നയിക്കുന്നു. അപ്രകാരം ലോകത്തിന്റെ മോഹിപ്പിക്കുന്ന നേട്ടങ്ങളും ബഹുമതികളും നമ്മുടെ ആത്മനാശത്തിന് കാരണമാകുംവിധം നമ്മെ കീഴ്‌പ്പെടുത്താതിരിക്കട്ടെ. അൽഫോൻസാമ്മയെപ്പോലെ നമുക്കും പ്രാർത്ഥിക്കാം: ”ഓ! ഈശോനാഥാ, അങ്ങേ ദിവ്യഹൃദയത്തിലെ മുറിവിൽ എന്നെ മറയ്ക്കണമേ. സ്‌നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്റെ ആശയിൽനിന്ന് എന്നെ വിമുക്തയാക്കണമേ. കീർത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തിൽനിന്ന് എന്നെ രക്ഷിക്കണമേ. ഒരു പരമാണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്‌നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമേ” ആമ്മേൻ.

റോസമ്മ നടുത്തൊട്ടിയിൽ

Leave a Reply

Your email address will not be published. Required fields are marked *