ആറു വയസുകാരനായ മകനെയുംകൂട്ടി പിതാവ് തിയറ്ററിലെത്തി. അവന് പ്രിയപ്പെട്ട സിനിമ കാണിച്ചുകൊടുക്കുകയായിരുന്നു ഉദ്ദേശ്യം. സിനിമ ആരംഭിച്ചപ്പോൾമുതൽ മുന്നിലിരുന്ന മൂന്ന് കൗമാരക്കാരികൾ കൂവുകയും ബഹളം വയ്ക്കുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു. അവരുടെ പെരുമാറ്റം എല്ലാവരെയും അസ്വസ്ഥരാക്കിക്കൊണ്ടിരുന്നു. എന്നാൽ അവർ ആരെയും പരിഗണിക്കാൻ തയാറായില്ല. ആ സമയത്ത് ആറു വയസുകാരൻ പിതാവിനടുത്തേക്കു തിരിഞ്ഞു, ”അപ്പാ, ഇന്ന് ഞങ്ങൾക്ക് ടീച്ചർ പഠിപ്പിച്ചുതന്നത് മറ്റുള്ളവരെ ആദരിക്കണമെന്നാണ്”
”അത് നല്ല കാര്യമാണല്ലോ” പിതാവ് മറുപടി പറഞ്ഞു.
”അപ്പാ…” അവൻ വീണ്ടും വിളിച്ചു.
”എന്താ മോനേ?”
”എല്ലാവരും ഒന്നാം ക്ലാസിൽ പോവാറില്ലേ?”
”ഉവ്വ് മോനേ, എന്താ ചോദിച്ചത്?”
”പിന്നെന്താ ഈ ചേച്ചിമാർ ആരോടും ആദരവ് കാണിക്കാതെ പെരുമാറുന്നത്?”
തരിച്ചിരുന്ന പിതാവ് ഇങ്ങനെ ഓർത്തുപോയി, മറ്റുള്ളവരോട് ആദരവ് കാണിക്കണമെന്ന സ്നേഹത്തിന്റെ പ്രഥമപാഠം ഒരിക്കലും ആരും മറക്കാതിരിക്കട്ടെ.