കാൽ നൂറ്റാണ്ടിന്റെ സ്‌തോത്രഗീതം

മലബാറിൽ അന്ന് വൈദ്യുതിക്ഷാമം രൂക്ഷമായിരുന്നു. വോൾട്ടേജ് കുറവായതിനാൽ ബൾബുകൾക്കെല്ലാം മിന്നാമിനുങ്ങിന്റെ വെളിച്ചം മാത്രം. വോൾട്ടേജ് സ്റ്റെബിലൈസറുകളൊന്നും വ്യാപകമായിരുന്നില്ല. അതിനാൽ രാത്രി 10 മണി വരെ മെഴുകുതിരി കത്തിച്ചു വയ്ക്കുക മാത്രമേ നിർവ്വാഹമുള്ളൂ. അങ്ങനെ മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ, പകൽ സമയത്തെ ബാങ്ക് ജോലിയുടെ ക്ഷീണം മറന്നിരുന്ന്, അനേകം രാത്രികൾ കൊണ്ട് തയ്യാറാക്കിയ ശാലോം ടൈംസിന്റെ ആദ്യ ലക്കം… എങ്ങനെയാണ് ഒരു മാസിക പുറത്തിറക്കേണ്ടതെന്ന് യാതൊരു അറിവുമില്ല. സഹായിക്കാൻ കഴിവുള്ള മനുഷ്യരുമില്ല. എങ്കിലും ദൈവം നല്കിയ പ്രചോദനമനുസരിച്ച് ഓരോന്നും ചെയ്തു… അവിടുന്ന് ഇതിനെ വളർത്തി വലുതാക്കി. ഇന്ന് നിരവധി ഭാഷകളിൽ നിരവധി രാജ്യങ്ങളിൽനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്ധ്യാത്മിക മാസികയായി ഇതു വളർന്നു. പ്രസിദ്ധീകരണത്തിന്റെ 25 വർഷം പൂർത്തിയാകുന്ന ഈ നാളുകളിൽ കർത്താവിന്റെ കാരുണ്യത്തിനും പരിപാലനയ്ക്കും നന്ദി പറയുവാൻ വാക്കുകൾ പോരാ.

പിന്നിലേക്കു തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലുയരുന്ന ചിന്തകൾ ഇവയൊക്കെയാണ്. ഒന്ന്: ദൈവം ഒരു ദൗത്യം ഏല്പിക്കുമ്പോൾ അതു ചെയ്യാനുള്ള കൃപയും ആ നിയോഗം വഴി തന്നെ നമുക്കു ലഭിക്കും. അതിനാൽ നമ്മുടെ പരിമിതികളോർത്ത് ഭയപ്പെടരുത്. രണ്ട്: ദൈവം നല്കുന്ന പ്രചോദനങ്ങൾ അനുസരിക്കുമ്പോൾ അത് അനുഗ്രഹത്തിനു കാരണമാകുന്നു. ശാലോം ടൈംസ് മാസിക ആരംഭിക്കാനുള്ള പ്രചോദനം അനുസരിച്ചതു കൊണ്ടാണ് സൺഡേ ശാലോമും ശാലോം ടി വിയും അതിന്റെ തുടർച്ചയായി രൂപമെടുത്തത്. അന്ന് അറിവില്ലായ്മയും സമ്പത്തില്ലായ്മയും ഇതര പ്രതികൂലങ്ങളും ഓർത്ത് നിശബ്ദനായിരുന്നെങ്കിൽ എന്തുമാത്രം വലിയ നഷ്ടമാണ് ദൈവരാജ്യശുശ്രൂഷയ്ക്ക് ഉണ്ടാകുമായിരുന്നത്. ജീവിതവ്യഗ്രതകൊണ്ടും അവിശ്വാസംകൊണ്ടും കർത്താവ് നല്കിയ എത്രയോ നല്ല പ്രചോദനങ്ങൾ നാം അവഗണിച്ചിട്ടുണ്ടാകും. അവയോടൊക്കെ യേസ് പറഞ്ഞിരുന്നെങ്കിൽ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ഇന്ന് എത്രമാത്രം വ്യത്യാസമുള്ളതായിത്തീരുമായിരുന്നു.

മൂന്നാമത്തെ ചിന്ത ഇതാണ്: ദൈവരാജ്യത്തിന്റെ ശുശ്രൂഷകൾ കടുകുമണി പോലെയാണ് ആരംഭിക്കുന്നത്. തുടങ്ങുമ്പോൾ അതു തീരെ നിസ്സാരമെന്നു തോ ന്നാം. എന്നാൽ വളർന്നു കഴിയുമ്പോൾ അത് എ ന്തായിത്തീരുമെന്ന് ഒരിക്കലും നമ്മുടെ ബുദ്ധിക്ക് ഊഹിക്കാൻ കഴിയില്ല. തിരുസഭയുടെ ആരംഭംപോലും എത്രയോ നിസ്സാരമായിട്ടാണ്. ലോകത്തിന്റെ ഒരു കോണിൽ നിസ്സാരരായ ഒരു കൂട്ടം മനുഷ്യരിലൂടെ പെന്തക്കുസ്താദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട സഭയ്ക്ക് ലോകത്തിന്റെ ദൃഷ്ടിയിൽ പരിഗണനാർഹമായ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ അത് വളർന്ന് ലോകവ്യാപകമായി. ഇന്ന് കാണുന്ന പല വലിയ സ്ഥാപനങ്ങളും സന്യാസസമൂഹങ്ങളും പ്രസ്ഥാനങ്ങളും ആരംഭംകൊണ്ടത് എത്രയോ ദരിദ്രവും നിസ്സാരവും ആയ സാഹചര്യങ്ങളിലായിരുന്നു.

അതുകൊണ്ട് ചെറുതായിരിക്കുന്നതിലും ചെറിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിലും ലജ്ജിക്കരുത്. എല്ലാം ‘ഗംഭീര’മായി തുടങ്ങാൻ കാത്തിരുന്നാൽ പലതും നടക്കാതെ പോകും. പലർക്കും ദൈവം നല്കുന്ന പ്രചോദനങ്ങൾ സ്വീകരിക്കാൻ പറ്റാത്തതിന്റെ കാരണവും ഇവിടെയാണ്- ബിസിനസ്സിലും ശുശ്രൂഷകളിലും ജീവിതത്തിന്റെ ഇതര മേഖലകളിലും ചെറിയ തുടക്കങ്ങൾക്ക് തയ്യാറായാൽ അതു ക്രമേണ വളരും. പക്ഷേ അഹങ്കാരം മൂലം എല്ലാം വലുതായി തുടങ്ങാനുള്ള സാഹചര്യങ്ങൾ ഒരുക്കപ്പെടാൻ കാത്തിരുന്ന് കാലം കടന്നു പോവുകയും ചെയ്യും. അതുകൊണ്ട് ദൈവം നല്കുന്ന പ്രചോദനങ്ങൾ സ്വീകരിക്കാൻ ജാഗ്രതയുള്ള ഒരു ഹൃദയം നമുക്കുണ്ടാകണം. ചിലപ്പോൾ അത് ഒരു സ്ഥലത്തു പോകാനോ ഒരാളെ ഫോൺ ചെയ്യാനോ ആയിരിക്കാം. മറ്റു ചിലപ്പോൾ ഉണർന്നിരുന്നു പ്രാർത്ഥിക്കാനായിരിക്കും. അതല്ലെങ്കിൽ ഒരാളെ സഹായിക്കാനായിരിക്കാം. വളരെ നിസ്സാരമെന്ന് തോന്നുന്ന ഇത്തരം പ്രചോദനങ്ങൾ അനുസരിക്കാൻ തുടങ്ങുമ്പോൾ പരിശുദ്ധാത്മാവ് കൂടുതൽ വ്യക്തമായി സംസാരിക്കാൻ ആരംഭിക്കുന്നു. എന്നാൽ ദൈവിക പ്രചോദനങ്ങളെ നിരസിക്കുന്നതിനനുസരിച്ച് പരിശുദ്ധാത്മാവിന്റെ സ്വരം കേൾക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും.

അതിനാൽ നമുക്കു പ്രാർത്ഥിക്കാം
കർത്താവേ… അങ്ങയുടെ മൃദുലമായ ശബ്ദം എന്റെ അന്തരാത്മാവിൽ കേൾക്കുവാൻ എന്നെ പഠിപ്പിക്കണമേ. അവിടുന്നു പറയുന്നതെന്തുതന്നെ ആയാലും അത് അനുസരിക്കാനുള്ള വിശ്വാസവും എളിമയും എനിക്കു നല്കിയാലും.
ആമ്മേൻ

Leave a Reply

Your email address will not be published. Required fields are marked *