നമുക്ക് ആരോടാണ് സാദൃശ്യം?

1973-ൽ അഭിഷിക്തനായ ഫാ. സ്‌കെറിയന്റെ ഒരു മനോഹര ജീവിതസാക്ഷ്യം ഉണ്ട്. അദ്ദേഹത്തിന്റെ ശുശ്രൂഷ സ്വന്തം മഹത്വം തേടിയുള്ളതായിരുന്നു. 1985 ഒക്‌ടോബർ 18-ന് അമേരിക്കയിൽവച്ച് അദ്ദേഹം ഒരപകടത്തിൽ പെട്ടു. യാത്ര ചെയ്തിരുന്ന വാഹനത്തിൽനിന്നും തെറിച്ചു വഴിയിൽ വീണു. കഴുത്തൊടിഞ്ഞു. തലയുടെ വലതുഭാഗം തകർന്നു. തലച്ചോറിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി. ജീവൻ നിലനിൽക്കാനുള്ള സാധ്യത പതിനഞ്ചു ശതമാനം മാത്രമായിരുന്നു. അനേകർ അച്ചനുവേണ്ടി പ്രാർത്ഥിച്ചു. എട്ടുമാസത്തിനുശേഷം ഇടവകയിൽ തിരിച്ചെത്തി.
ഒരു ദിവസം അച്ചൻ അർപ്പിച്ച ദിവ്യബലിയിലെ സുവിശേഷവായന, ഫലശൂന്യമായ അത്തിവൃക്ഷത്തെക്കുറിച്ചുള്ള ഉപമയായിരുന്നു. അദ്ദേഹം വായിച്ചു – മൂന്നു വർഷമായി ഞാൻ ഈ അത്തിവൃക്ഷത്തിൽനിന്നു ഫലം അന്വേഷിച്ചുവരുന്നു. ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക, എന്തിന് നിലം പാഴാക്കണം? കൃഷിക്കാരൻ അവനോടു പറഞ്ഞു. യജമാനനേ, ഈ വർഷംകൂടി അതു നിൽക്കട്ടെ. ഞാൻ അതിന്റെ ചുവടു കിളച്ചു വളമിടാം. മേലിൽ അതു ഫലം നൽകിയേക്കാം. ഇല്ലെങ്കിൽ നീ അതു വെട്ടിക്കളഞ്ഞുകൊള്ളുക (ലൂക്കാ 13:7-9).
വായിച്ചുകൊണ്ടിരുന്നപ്പോൾ ആ പേജ് പ്രകാശപൂരിതമായി വലിപ്പം വർധിച്ച് അച്ചന്റെ നേർക്കുവന്നു. തന്റെ അപകടം കഴിഞ്ഞയുടൻ നടന്ന ഒരു സംഭാഷണം അദ്ദേഹമോർത്തു. വിധികാത്ത് അദ്ദേഹം യേശുവിന്റെ മുമ്പിൽ നിൽക്കുകയായിരുന്നു. യേശു, അച്ചനെ അദ്ദേഹത്തിന്റെ വൈദികവൃത്തിയുടെ ആരംഭം മുതലുള്ള രംഗങ്ങൾ കാട്ടിക്കൊടുത്തു. അച്ചൻ സ്വയം മനസിലാക്കി, എവിടെയൊക്കെ, എങ്ങനെയൊക്കെയാണ് താൻ പരാജയപ്പെട്ടതെന്ന്. അച്ചൻ പൊതുസമ്മതനാണോ എന്ന വിഷയം ഈശോ പരിഗണിച്ചില്ല. ഇപ്പോൾ അദ്ദേഹം വിധികാത്തു നിൽക്കുന്നത് ഏകനായിട്ടാണ്. ഈശോയോടു പുലർത്തിയ മനോഭാവം മാത്രമാണിവിടെ മാനദണ്ഡമായെടുക്കുന്നത്. വിധി പ്രസ്താവിക്കപ്പെട്ടു. നരകമാണ് നിശ്ചയിക്കപ്പെട്ടത്.
അപ്പോൾ അച്ചൻ കണ്ടു. ഈശോയുടെ അമ്മ മറിയം മകന്റെ മുമ്പിൽ ആത്മാർത്ഥമായി ഒരു നിർദേശവുമായി നിൽക്കുന്നു. മകനേ, അദ്ദേഹത്തിന്റെ ജീവനും നിത്യാത്മാവും തിരികെ നൽകാമോ? ഈശോ പറഞ്ഞു: അമ്മേ അദ്ദേഹം കഴിഞ്ഞ പന്ത്രണ്ട് വർഷമായി സ്വന്തം പ്രതാപത്തിനായി പ്രയത്‌നിക്കുകയായിരുന്നു. എനിക്കുവേണ്ടി ഒന്നും പ്രവർത്തിച്ചിട്ടില്ല. അമ്മ വീണ്ടും പറഞ്ഞു: നമ്മൾ അദ്ദേഹത്തിന് പ്രത്യേക അനുഗ്രഹങ്ങളും ബലവും കൊടുത്താൽ ഫലങ്ങൾ ദർശിക്കാൻ കഴിയും. അഥവാ ഇനിയും ഫലശൂന്യമെങ്കിൽ അങ്ങയുടെ ഹിതംപോലെ ഭവിക്കട്ടെ.
ചെറിയ നിശബ്ദതയ്ക്കുശേഷം ഈശോ പറഞ്ഞു: ”അമ്മേ, അവൻ നിന്റേതാണ്.” അപകടം നടന്ന സമയത്തല്ല, ‘അമ്മേ, അവൻ നിന്റേതാണ്’ എന്ന് ഈശോ പറഞ്ഞ നിമിഷമായിരുന്നു അച്ചന്റെ പരിവർത്തനം നടന്നത്. അച്ചൻ വൈദികജീവിതം പുനരാരംഭിച്ചു. ദൈവമഹത്വത്തിനായുള്ള ശുശ്രൂഷ ചെയ്തുകൊണ്ട്, നിലനിൽക്കുന്ന ഫലങ്ങൾ പുറപ്പെടുവിച്ചുകൊണ്ടുള്ള വർഷങ്ങളായിരുന്നു പിന്നീട്. യജമാനൻ വർഷത്തിലൊരിക്കലല്ല എപ്പോഴും ആ അത്തിമരത്തെ സന്ദർശിച്ചുകൊണ്ടിരുന്നു.
ഫാ. റനിയെരോ കന്താലമെസാ പറയുന്നു: സത്യത്തോട് ചേർന്നു നിൽക്കുവാനുള്ള നിർണായകവും അന്തിമവുമായ ചുവട് എടുക്കുവാൻ നാം സത്യസന്ധമായും ആഗ്രഹിക്കുന്നുവെങ്കിൽ വിനയപൂർവം തിരിച്ചറിയുക. ബാബേൽ സംരംഭം ഇന്നും മുന്നോട്ടുപോകുന്നു. നമ്മിലെല്ലാം ഏറിയും കുറഞ്ഞും അതുണ്ട്. എന്നാൽ ചരിത്രപരമായി ഒരിക്കൽ മാത്രം സംഭവിച്ചതും അപ്പസ്‌തോല പ്രവർത്തനം രണ്ടാം അധ്യായത്തിൽ വിവരിക്കുന്നതുമായ, ബാബേലിൽനിന്നും പന്തക്കുസ്തയിലേക്കുള്ള മാറ്റം ആത്മീയമായി നമ്മുടെ ജീവിതത്തിൽ ദിവസവും സംഭവിക്കണം. പഴയ മനുഷ്യരിൽനിന്നും പുതിയ മനുഷ്യരിലേക്കുള്ള യാത്രപോലെയാണ് അത്.
ബാബേൽ ഗോപുരം നിർമിക്കുന്നതിന് അവർക്കുണ്ടായിരുന്ന പ്രേരണ എന്തായിരുന്നു? ബൈബിൾ അക്കാര്യം വ്യക്തമാക്കുന്നു. നമുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീർത്തു പ്രശസ്തി നിലനിർത്താം. അല്ലെങ്കിൽ ഭൂമുഖത്താകെ നാം ചിന്നിച്ചിതറിപ്പോകും (ഉൽപത്തി 11:4). നമുക്ക് ഒരു നാമമുണ്ടാക്കാം, ദൈവത്തിന് മഹത്വം നൽകാം എന്നല്ല അവരുടെ ആത്മഗതം. അവരുടെ സംരംഭം അവസാനിക്കുന്നത് അവർക്കു പരസ്പരം മനസിലാകാതെ വന്നതിലാണ്. എന്നാൽ പന്തക്കുസ്തയിൽ എല്ലാവർക്കും അപ്പസ്‌തോലന്മാരുടെ ഭാഷ മനസിലായി ദൈവത്തിന്റെ മഹാപ്രവൃത്തികളെക്കുറിച്ച് (അപ്പസ്‌തോല പ്രവർത്തനങ്ങൾ 2:11) അപ്പസ്‌തോലന്മാർ ശക്തമായി പറയുന്നത് ഓരോരുത്തരും തന്താങ്ങളുടെ ഭാഷയിൽ കേൾക്കുന്നു. അവർ തങ്ങൾക്ക് സ്മാരകം ഉണ്ടാക്കുകയല്ലായിരുന്നു. പിന്നെയോ, ദൈവത്തിന് മഹത്വം നൽകുകയായിരുന്നു.
കർത്താവിന്റെ മുന്തിരിത്തോപ്പിൽ അധ്വാനിക്കുകയും വിയർപ്പൊഴുക്കുകയും ചെയ്യുന്നവരാണ് നമ്മിൽ പലരും. നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യം ഉണ്ട് നമ്മുടെ സമൂഹത്തെ, ശുശ്രൂഷയെ, സേവനത്തെ, ടീമിനെ, സെന്ററിനെ ഒക്കെ പണിതുയർത്തുമ്പോൾ നമുക്ക് ആരോടാണ് സാദൃശ്യം? ബാബേലിലെ പണിക്കാരോടോ പന്തക്കുസ്തയിലെ ശിഷ്യരോടോ? നാം ആരുടെ മഹത്വം ആണ് തേടുന്നത്? നാം നിർമിക്കുന്നത് ബാബേൽ ഗോപുരങ്ങളാണോ അതോ പന്തക്കുസ്തയുടെ മട്ടുപ്പാവുകളോ?
നമുക്കെപ്പോഴും ഓർമിക്കാം. നമുക്ക് ശക്തമായ പ്രവൃത്തികൾ കർത്താവിനുവേണ്ടി ചെയ്യാനാവും. എന്നാൽ അവയ്ക്കു പിന്നിൽ പരസ്പര വിരുദ്ധമായ കാഴ്ചപ്പാടുണ്ടാവാം. ഒന്ന് ബാബേൽ ഗോപുരനിർമാതാക്കളുടേത്. അടുത്തത് പന്തക്കുസ്തയിലെ ശിഷ്യന്മാരുടേത്. ബാബേൽ ഗോപുരത്തിന്റെ അവസാനം ആശയക്കുഴപ്പത്തിലാണെത്തുന്നത്. എന്നാൽ പന്തക്കുസ്തയുടെ മട്ടുപ്പാവിൽനിന്നോ കൂട്ടായ്മയിലേക്ക് നയിക്കുന്ന ഐക്യമാണ് ഉണ്ടായത്.

സിറിൾ ജോൺ

Leave a Reply

Your email address will not be published. Required fields are marked *