വഴിതെറ്റിക്കുന്ന കുസൃതികൾ

 

കെന്നഡി വില്യംസൺ എന്ന എഴുത്തുകാരൻ തന്റെ ബാല്യകാലത്തിലെ ഒരു സംഭവത്തെക്കുറിച്ച് എഴുതുന്നതിപ്രകാരമാണ്. ”ചെറുപ്പത്തിൽ ഞാൻ കൂട്ടുകാരമൊത്ത് അടുത്തുള്ള നദിയിൽ കുളിക്കാൻ പോവുക പതിവായിരുന്നു. പോകുന്ന വഴിയിൽ ഒരു നാൽക്കവലയുണ്ട്. അവിടെ അടുത്തുള്ള പട്ടണത്തിലേക്കും ബോട്ടുജെട്ടിയിലേക്കും പോകുന്ന റോഡുകൾ ചൂണ്ടിക്കാണിക്കുന്ന ബോർഡുകളുണ്ടായിരുന്നു. ഒരിക്കൽ എനിക്കൊരു കുസൃതി തോന്നി. ഞാൻ ആ വഴിചൂണ്ടികൾ പരസ്പരം മാറ്റിവച്ചു. അതായത് ബോട്ടുജെട്ടിയിലേക്കുള്ള റോഡ് അടയാളപ്പെടുത്തിയ ബോർഡ് പട്ടണത്തിലേക്കുള്ള റോഡിന്റെ ദിശയിലും പട്ടണത്തിലേക്കുള്ള റോഡ് രേഖപ്പെടുത്തിയ ബോർഡ് ജെട്ടിയുടെ ദിശയിലും. അന്ന് ഞാൻ ചെയ്തതോർത്ത് എനിക്ക് വലിയ സന്തോഷമായിരുന്നു. നഗരത്തിലേക്കുള്ള യാത്രക്കാർ വഴിതെറ്റി, ജെട്ടിയിലെത്തി തിരിച്ചുപോകുന്നതും ബോട്ടുമാർഗം യാത്ര ചെയ്യേണ്ടവർ നഗരത്തിലെത്തി ഇഭിഭ്യരാകുന്നതും ഓർത്ത് ഞാൻ ചിരിച്ചു. കുറെ ദിവസങ്ങൾ ആ ബോർഡുകൾ അങ്ങനെതന്നെ ഇരുന്നു. പിന്നീടാരോ അത് ശരിയായ ദിശയിൽ ക്രമീകരിച്ചുവയ്ക്കുകയുണ്ടായി.
ക്രമേണ ഞാനതെല്ലാം മറന്നു. വർഷങ്ങൾ കടന്നുപോയി. വാർധക്യത്തിലെത്തിയതിനുശേഷം ഒരു ദിവസം ബൈബിൾ വായിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ആ സംഭവം ഓർമയിലേക്ക് വന്നു. പരിശുദ്ധാത്മാവ് എന്റെ പ്രവൃത്തിയുടെ പരിണതഫലങ്ങൾ എനിക്ക് ബോധ്യപ്പെടുത്തിത്തന്നു.

ബോട്ടിൽ മറുകരയ്ക്ക് പോകേണ്ടവർ ബോർഡിലെ തെറ്റായ ദിശമൂലം വഴിതെറ്റി നഗരത്തിലേക്ക് പോകുമ്പോൾ അവർക്ക് യാത്ര ചെയ്യേണ്ട ബോട്ട് നഷ്ടപ്പെടും. കുട്ടികളെയും എടുത്തുകൊണ്ട് നടക്കുന്ന അമ്മമാരും ഭാരമുള്ള ബാഗുകളും സാധനങ്ങളും വഹിച്ചുകൊണ്ട് നടന്നിരുന്നവരും അന്ന് എത്രയോ സഹിച്ചിട്ടുണ്ടാകും! അവസാനത്തെ ബോട്ടിൽ പോകാൻ ഒരുങ്ങിവന്നവർക്ക് അത് നഷ്ടമായാൽ പിന്നീട് അടുത്ത ദിവസമേ യാത്ര തുടരാനാവൂ. ആ രാത്രിയിൽ അവർ എന്തുമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടാകാം. ഉദ്ദേശിച്ച സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയാത്തതിനാൽ ഓരോരുത്തരും സങ്കടത്തോടും ദേഷ്യത്തോടുംകൂടി ആ ബോർഡിന്റെ ദിശ മാറ്റിവച്ച എന്നെ ശപിച്ചിട്ടുണ്ടാകാം.

എന്റെ തമാശ അനേകരുടെ കണ്ണീരിന് കാരണമായല്ലോ എന്നോർത്ത് ഞാൻ കരഞ്ഞു. അതിനെക്കാളും എന്നെ സങ്കടപ്പെടുത്തിയ കാര്യം എനിക്കിനി ഒരിക്കലും ആ തെറ്റ് തിരുത്താനോ ഞാൻമൂലം വേദനിച്ചവരോട് മാപ്പ് ചോദിക്കാനോ കഴിയില്ല എന്ന വസ്തുതയാണ്. തുടർന്ന് മറ്റുള്ളവരുടെ വഴികൾ തെറ്റിപ്പോകാൻ എന്റെ സൗഹൃദവും വാക്കുകളും കാരണമായതിന്റെ നീണ്ട പട്ടിക മുന്നിൽ തെളിഞ്ഞപ്പോൾ ഞാനാകെ തകർന്നുപോയി.

യൗവനത്തിന്റെ ചൂടിൽ മതത്തെയും ദൈവവിശ്വാസത്തെയും പരിഹസിച്ചു സംസാരിച്ചതിന്റെ ഫലമായി എത്രയോ പേരുടെ വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ടാകാം. ദൈവമേ…. ഞാനിതിനെല്ലാം എങ്ങനെ പരിഹാരം ചെയ്യും. പെട്ടെന്ന് ക്രൂശിക്കപ്പെട്ടവനായ ക്രിസ്തുവിന്റെ രൂപം മുന്നിൽ തെളിഞ്ഞു. എന്റെ എല്ലാ പാപങ്ങൾക്കും പരിഹാരബലിയായവൻ. അവന്റെ ആണിപ്പാടുകളും മുൾക്കിരീടവും എന്റെ കുസൃതികളുടെയും അറിവില്ലായ്മയുടെയും ഭീകരത എനിക്ക് വ്യക്തമാക്കിത്തന്നു. ഞാനറിയാതെ എഴുന്നേറ്റ് മുട്ടുകുത്തിനിന്ന് പ്രാർത്ഥിച്ചു:
കർത്താവേ….. കരുണ തോന്നണമേ…

Leave a Reply

Your email address will not be published. Required fields are marked *