ആസ്ട്രിയായിലെ ആൻ രാജ്ഞിയുടെ ആധ്യാത്മിക പിതാവായിരുന്നു വിശുദ്ധ വിൻസന്റ് ഡി പോൾ. സഭാകാര്യങ്ങളുടെ നല്ല നടത്തിപ്പിനും മെത്രാന്മാരെ തിരഞ്ഞെടുക്കുന്നതിനുമായി രാജ്ഞി രൂപംകൊടുത്ത കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. ഒരിക്കൽ രാജ്ഞിയുടെ സുഹൃത്തായ ഒരു പ്രഭ്വി തന്റെ മകനെ മെത്രാനാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഞിയെ സമീപിച്ചു. വിഷയം കമ്മിറ്റിയിൽ ചർച്ചയ്ക്കുവന്നു. പ്രഭ്വിയുടെ മകൻ മെത്രാൻസ്ഥാനത്തിന് അയോഗ്യനാണെന്ന് മനസിലാക്കിയ വിൻസന്റ് ഡി പോൾ തന്റെ എതിർപ്പ് അറിയിച്ചു. പക്ഷേ രാജ്ഞിക്ക് തന്റെ സുഹൃത്തിന്റെ അപേക്ഷ നിരസിക്കാൻ മടിയും. അതിനാൽ വിൻസന്റ് ഡി പോൾ തന്നെ പ്രഭ്വിയുടെ മന്ദിരത്തിലെത്തി. മകനെ മെത്രാനാക്കാൻ സാധ്യമല്ലായെന്നും അതിന്റെ കാരണങ്ങൾ ഇന്നതൊക്കെയാണെന്നും സവിനയം അറിയിച്ചു. കോപംകൊണ്ട് ജ്വലിച്ച പ്രഭ്വി ശകാരങ്ങൾ വർഷിച്ചുകൊണ്ട് ഒരു കസേരയെടുത്ത് വിൻസന്റ് അച്ചന്റെ നേരെയെറിഞ്ഞു. അത് അദ്ദേഹത്തിന്റെ തലയിൽത്തന്നെ കൊണ്ടു. നെറ്റി പൊട്ടി ചോരയൊഴുകി. പക്ഷേ അദ്ദേഹം അപ്പോഴും ശാന്തത വെടിഞ്ഞില്ല. തന്റെ തൂവാലയെടുത്ത് രക്തം തുടച്ചുകൊണ്ട് വിശുദ്ധൻ തന്നോടുകൂടെയുണ്ടായിരുന്ന സഹോദരനോട് പറഞ്ഞു:
”കണ്ടാലും, ഒരമ്മയ്ക്ക് തന്റെ മകനോടുള്ള സ്‌നേഹം.”