ഭയം തോന്നുമ്പോൾ എന്തു ചെയ്യണം?

എത്ര ശക്തനായ മനുഷ്യനും ഭയം ഉണ്ടാകാം. ആത്മീയ വളർച്ചയോ അറിവോ ഒരാൾക്ക് ഭയത്തിൽനിന്നും സംരക്ഷണം നല്കണമെന്നില്ല. ചിലപ്പോഴൊക്കെ വലിയ ധീരതയും കരുത്തും പ്രകടിപ്പിക്കുന്നവർ മറ്റു ചിലപ്പോൾ ഭീതിനിറഞ്ഞ് ദുർബലരായി മാറാനും സാധ്യതയുണ്ട്. സാഹചര്യങ്ങൾ, വ്യക്തികൾ, ദുഷ്ടാരൂപികൾ ഇങ്ങനെ പലതും നമ്മുടെ ഭയത്തിന് കാരണമായിത്തീരാം. ഇത്തരം സാഹചര്യങ്ങളെ നാം എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത്.

1. കർത്താവിനെ തേടുക
ഭയം കർത്താവിനെ കൂടുതലായി അന്വേഷിക്കുവാനുള്ള മുന്നറിയിപ്പാണ്. ക്രിയാത്മകമായ ചിന്തകൾകൊണ്ടോ ‘എനിക്ക് ഭയമൊന്നും ഇല്ല’ എന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടോ ഭയത്തിൽനിന്നും രക്ഷപെടാനാകില്ല. ഉത്ക്കണ്ഠ, നിഷ്‌ക്രിയത്വം, തീരുമാനങ്ങൾ എടുക്കുവാൻ കഴിയാത്ത മാനസികാവസ്ഥ തുടങ്ങിയ പല രൂപത്തിലും ഭയം നമ്മെ കീഴടക്കും. ഒരു കൊച്ചുകുട്ടി പേടി തോന്നുമ്പോൾ അതിന്റെ മാതാപിതാക്കളുടെ അടുത്തേക്ക് ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിക്കും. അതുപോലെ ഭയം നമ്മെ ദൈവസാന്നിധ്യത്തിലേക്ക് നയിക്കണം. അവിടെ മാത്രമേ യഥാർത്ഥ സുരക്ഷിതത്വം അനുഭവപ്പെടുകയുള്ളൂ.
സങ്കീർത്തനങ്ങൾ 34:4-ൽ ദാവീദ് ഇപ്രകാരം പറയുന്നു: ”ഞാൻ കർത്താവിനെ തേടി. അവിടുന്ന് എനിക്ക് ഉത്തരമരുളി. സർവഭയങ്ങളിൽനിന്നും അവിടുന്ന് എന്നെ മോചിപ്പിച്ചു.”
ഒരു ക്രൈസ്തവ വിശ്വാസിക്ക് അവന്റെ ജീവിതത്തിലെ വിപരീത അനുഭവങ്ങൾ തനിയെ സഹിക്കേണ്ട ആവശ്യമില്ല. അവനോടൊപ്പം സഹിക്കാൻ അവനൊരു ദൈവമുണ്ട്. അതിനാൽ എല്ലാ ഭീതിയും ഹൃദയം തുറന്ന് കർത്താവിനോട് പങ്കുവയ്ക്കുമ്പോൾത്തന്നെ ആശ്വാസവും ശക്തിയും ലഭ്യമാകും.

2. ഉറക്കെ സ്തുതിക്കുക, പാടുക
മനസിൽ ഭീതി നിറയുമ്പോൾ നിശബ്ദ പ്രാർത്ഥനയും ധ്യാനവും കൂടുതൽ ബുദ്ധിമുട്ടേറിയതാകും. ദൈവത്തെക്കുറിച്ച് ചിന്തിക്കുന്നതിനെക്കാൾ കൂടുതൽ ഭീതിയുടെ കാരണങ്ങളെക്കുറിച്ച് ചിന്തിച്ചുപോകാം. അതിനാൽ ഉച്ചത്തിൽ സ്തുതിക്കുന്നതും പാടുന്നതും മനസ് ദൈവസാന്നിധ്യത്തിലേക്ക് ഉയർത്താൻ കൂടുതൽ സഹായിക്കും. അപ്പസ്‌തോല പ്രവർത്തനങ്ങൾ പതിനാറാം അധ്യായത്തിൽ തടവറയിൽ അടയ്ക്കപ്പെട്ട പൗലോസിനെയും സീലാസിനെയും നാം കാണുന്നു. കാരാഗൃഹത്തിന്റെ ഉള്ളറയിൽ കാലുകൾ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട അവസ്ഥയിൽ കഴിയുന്ന അവർക്ക് ഭയപ്പെടാൻ ധാരാളം ന്യായങ്ങളുണ്ട്. നാളെ എന്തും സംഭവിക്കാം. ശാരീരിക പീഡനങ്ങൾ മുതൽ മരണംവരെ സാധ്യതയുണ്ട്. പക്ഷേ അതോർത്തുകൊണ്ടിരുന്നാൽ ഭയം കൂടും…. ശരീരം തളരും. എന്നാൽ അവർ തിരഞ്ഞെടുത്ത വഴി മറ്റൊന്നായിരുന്നു.
രാത്രിയുടെ ഏകാന്തതയിൽ ചിന്തിച്ചു തളരാതെ അവർ കീർത്തനം പാടി ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു. ‘സ്തുതിപ്പ്’ നമ്മുടെ മനസിനെ ദൈവസാന്നിധ്യത്തിലേക്ക് ഉയർത്തും. ദൈവത്തിന്റെ മഹത്വം, ശക്തി, കരുണ, പരിപാലന എന്നിവയോർത്ത് സ്തുതിക്കുകയും പാടുകയും ചെയ്യുമ്പോൾ ഹൃദയത്തിൽനിന്നും ഭീതിയകലുകയും മനസ് ശക്തികൊണ്ട് നിറയുകയും ചെയ്യും. സാത്താന്റെയും ദുഷ്ടാരൂപികളുടെയും പ്രവൃത്തികൾ നിർവീര്യമാക്കപ്പെടാനും സ്തുതിപ്പ് സഹായകമാണ്. ഭാഷാവരത്തിൽ പ്രാർത്ഥിക്കുന്നതും സ്തുതിക്കുന്നതും വളരെ പ്രയോജനകരമാണെന്ന് നിരവധി ആത്മീയ ശുശ്രൂഷകർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

3. യേശുവിന്റെ നാമം ഉപയോഗിക്കുക
സുഭാഷിതം 18:10-ൽ നാം ഇങ്ങനെ വായിക്കുന്നു: ”കർത്താവിന്റെ നാമം ബലിഷ്ഠമായ ഒരു ഗോപുരമാണ്. നീതിമാൻ അതിൽ ഓടിക്കയറി സുരക്ഷിതനായി കഴിയുന്നു.” ഭയം നമ്മെ നശിപ്പിക്കാനായി പിന്തുടരുമ്പോൾ നമുക്കുള്ള സുരക്ഷിത സങ്കേതമാണ് യേശുവിന്റെ നാമം. ഉന്നതമായ ആ ഗോപുരത്തിന്റെ മുകളിലേക്ക് കടന്നുവന്ന് നമ്മെ ആക്രമിക്കാൻ ശത്രുവിന് കഴിയില്ല. ”യേശുവിന്റെ നാമത്തിനു മുമ്പിൽ സ്വർഗത്തിലും ഭൂമിയിലും പാതാളത്തിലും ഉള്ള സകലരും മുട്ടുകൾ മടക്കും” (ഫിലിപ്പി 2:10).
അതിനാൽ ഭയത്തെ കീഴടക്കാനുള്ള പരിശ്രമങ്ങൾ ഉപേക്ഷിച്ച് എപ്പോഴും യേശുനാമം ഉരുവിട്ടുകൊണ്ടിരിക്കുക.
യേശു യേശു യേശുവേ…
യേശു യേശു യേശുവേ…
യേശുനാമം പാവനം
യേശുനാമം പാവനം.
ശ്രീയേശുനാമം അതിശയനാമം… തുടങ്ങിയ ഗാനങ്ങൾ കൂടുതൽ സഹായകരമാണ്. പാടാൻ കഴിയാത്തവർ ഈശോ… ഈശോ.. എന്ന് നിരന്തരം ഉരുവിട്ടുകൊണ്ടിരുന്നാൽ മതി.

4. നിലവിളിക്കുക
നിസഹായതയുടെയും പൂർണമായ ആശ്രയത്വത്തിന്റെയും അടയാളമാണ് നിലവിളിച്ച് പ്രാർത്ഥിക്കുന്നത്. നിലവിളികേട്ട് ഓടിയെത്തുന്ന ദൈവമാണ് നമ്മുടെ കർത്താവ്. മത്തായി 14:30-31-ൽ നാം ഇപ്രകാരം വായിക്കുന്നു: ”കാറ്റ് ആഞ്ഞടിക്കുന്നതുകണ്ട് അവൻ ഭയന്നു. ജലത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയപ്പോൾ അവൻ നിലവിളിച്ചു പറയുന്നു: ”കർത്താവേ, രക്ഷിക്കണേ…” ഉടനെ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: ”അല്പവിശ്വാസീ… നീ സംശയിച്ചതെന്ത്?”
ദൈവസന്നിധിയിൽ എളിമപ്പെടാൻ ഭയം നമ്മളെ സഹായിക്കും. നമ്മുടെ അഹങ്കാരഭാവങ്ങളെല്ലാം ഉപേക്ഷിക്കുവാനും ഒരു ശിശുവിന്റെ മനസ് സ്വന്തമാക്കാനും ഭീതി കാരണമാകാം. വലിയ മനുഷ്യർക്ക് കരയുക വിഷമമാണ്. എന്നാൽ കൊച്ചുകുട്ടികൾക്ക് കരയാതിരിക്കുകയാണ് വിഷമം. ദൈവസന്നിധിയിൽ കുഞ്ഞാകുമ്പോഴേ നിലവിളിച്ചു പ്രാർത്ഥിക്കുവാൻ സാധിക്കുകയുള്ളൂ. അപ്പോൾ ”അമ്മയെപ്പോലെ ഞാൻ നിന്നെ ആശ്വസിപ്പിക്കും” എന്ന തിരുവചനം (ഏശയ്യാ 66:13) നമ്മിൽ യാഥാർത്ഥ്യമാവുകയും ചെയ്യും.

5. ദൈവവചനം വായിക്കുക
ദൈവത്തിന്റെ വചനം ജീവനുള്ള വചനമാണ്. അതിന് നമ്മുടെ ജീവിതത്തിന്റെയും മനസിന്റെയും അവസ്ഥകളിൽ വ്യതിയാനം വരുത്താനുള്ള കഴിവുണ്ട്. അതുകൊണ്ട് ധൈര്യവും പ്രത്യാശയും പകരുന്ന ബൈബിൾ ഭാഗങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത് ഭയത്തെ ഉന്മൂലനം ചെയ്യുവാൻ സഹായിക്കും.
സങ്കീർത്തനങ്ങൾ 23, 91, 121 ഇവയെല്ലാം ഭയം തോന്നുമ്പോൾ വായിക്കുവാൻ പറ്റിയ ബൈബിൾ ഭാഗങ്ങളാണ്. ”ഭയപ്പെടേണ്ട ഞാൻ നിന്റെ കൂടെയുണ്ട്. സംഭ്രമിക്കേണ്ട ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതുകൈകൊണ്ട് ഞാൻ നിന്നെ താങ്ങിനിർത്തും” (ഏശയ്യാ 41:10).
”കർത്താവാണ് എന്റെ സഹായകൻ, ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും” (ഹെബ്രായർ 13:6) തുടങ്ങിയ വചനങ്ങൾ ഉറക്കെ ആവർത്തിക്കുമ്പോൾ വചനത്തിന്റെ ആത്മാവ് നമ്മളിൽ നിറയും. നാം ശക്തരായിത്തീരുകയും ചെയ്യും.

6. കൂടുതൽ സേവനനിരതരാവുക
ഭയം നമ്മളിലേക്കുതന്നെ ഒതുങ്ങിക്കൂടാൻ പ്രേരിപ്പിക്കും. ഇത് നമ്മളെ കൂടുതൽ ദുർബലരാക്കിത്തീർക്കും. പകരം മറ്റുള്ളവർക്ക് നന്മ ചെയ്യാനും സഹായിക്കാനും കൂടുതൽ സമയം കണ്ടെത്തണം. നന്മപ്രവൃത്തികളിൽ വ്യാപൃതരാകുമ്പോൾ ആകുലപ്പെടാനുള്ള സമയം കുറയും. മറ്റുള്ളവർക്ക് ശക്തിയും സന്തോഷവും നല്കുന്ന കർമങ്ങൾ നമ്മളിലേക്കും ശക്തിയും സന്തോഷവുമായി തിരിച്ചുവരും.

7. കർത്താവിൽ ശരണപ്പെടുക
ശരണം പൂർണമായ ആശ്രയത്വമാണ്. ദൈവത്തിന്റെ കരുണയിലും നന്മയിലും ശക്തിയിലും വാഗ്ദാനങ്ങളിലും നാം പൂർണമായും വിശ്വസിക്കണം. അവിടുത്തെ തിരുമനസിനായി സമ്പൂർണമായി സമർപ്പിക്കണം. അപ്പോൾ സമാധാനം ഉള്ളിൽ നിറയും. പാപത്തിന്റെ പരിണിതഫലമായി, ലോകത്തിൽ നിറഞ്ഞിരിക്കുന്ന ഉത്ക്കണ്ഠപ്പെടുത്തുന്ന സാഹചര്യങ്ങൾക്കുള്ള ഏകരക്ഷാമാർഗം യേശുവാണ്. യേശുവിലേക്ക് നോക്കുക. ”അവിടുത്തെ നോക്കിയവരെല്ലാം പ്രകാശിതരായി”ട്ടുണ്ട് (സങ്കീർത്തനങ്ങൾ 33:5).

ബെന്നി പുന്നത്തറ

Leave a Reply

Your email address will not be published. Required fields are marked *