”നിന്റെ കളപ്പുരകളിലും നിന്റെ പ്രയത്‌നങ്ങളിലും കർത്താവ് അനുഗ്രഹം വർഷിക്കും. നിന്റെ ദൈവമായ കർത്താവ് നിനക്കു തരുന്ന ദേശത്ത് അവിടുന്നു നിന്നെ അനുഗ്രഹിക്കും” (നിയമാവർത്തനം 28:8).
സ്‌നേഹത്തോടെ കൃഷിഭൂമിയെയും വിളകളെയും കാണണമെന്ന് എന്റെ പിതാവ് പറയുന്നത് ചെറുപ്പംമുതൽ കേട്ടിരുന്നു. ഉപദേശം എന്നതിലുപരി അതൊരു മാതൃകയായിരുന്നു. മക്കളെപ്പോലെ വിളകളെയും അദ്ദേഹം സ്‌നേഹിച്ചിരുന്നു. പ്രതീക്ഷിച്ചതുപോലെ വിളവുകൾ ലഭിക്കാതെ വന്നപ്പോഴും കാർഷികോത്പന്നങ്ങളുടെ വിലകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായപ്പോഴും അദ്ദേഹം കൃഷിയെ തള്ളിപ്പറയുന്നത് ഒരിക്കലും കേട്ടിരുന്നില്ല. വിളകളെ കീടബാധയിൽനിന്നും സംരക്ഷിക്കുന്നതിൽ ശ്രദ്ധപുലർത്തിയിരുന്നു. മക്കൾക്ക് പ്രതിരോധ കുത്തിവയ്പുകൾ നൽകുന്നതുപോലെ. എന്നാൽ, പ്രകൃതിക്ക് ദോഷംവരുന്ന കീടനാശിനികളൊന്നും ഉപയോഗിച്ചതായി ഓർമയില്ല.
പിതാവിന് ശേഷം കൃഷിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തപ്പോൾ കൃഷിയിലും രീതിയിലും മാറ്റങ്ങൾ കൊണ്ടുവന്നു. അങ്ങനെയാണ് തേയില കൃഷിയിലേക്ക് തിരിഞ്ഞത്. കൊളുന്ത് എടുത്തതിനുശേഷം തേയിലച്ചെടിയിൽ കീടനാശിനി പ്രയോഗം പതിവായിരുന്നു. അവ കൊടും വിഷങ്ങളാണെന്ന കാര്യം ചിന്തിച്ചിരുന്നില്ല. ആയിടയ്ക്കാണ് നവീകരണ ധ്യാനത്തിൽ സംബന്ധിച്ചത്. പടർന്നുപിടിക്കുന്ന പല മാരകരോഗങ്ങളുടെയും കാരണം ഭക്ഷ്യവസ്തുക്കളിലെ വിഷാംശമാണെന്നും മനുഷ്യന്റെ ആർത്തിപിടിച്ച മനോഭാവമാണ് കാരണമെന്നും ഒരു ക്ലാസിൽ കേട്ടു. ഭക്ഷ്യോത്പന്നങ്ങളിൽ മായം കലർത്തി ലാഭം കൊയ്യുന്നവരെക്കുറിച്ച് ചിന്തിച്ചപ്പോൾ അറിയാതെ അമർഷം മനസിൽ രൂപപ്പെട്ടു.
എന്നാൽ, അടുത്ത നിമിഷം മറ്റൊരു ചിന്ത ഹൃദയത്തിലൂടെ മിന്നൽപ്പിണർപ്പോലെ പാഞ്ഞുപോയി. തേയിലക്ക് തളിക്കുന്ന മാരക വിഷമുള്ള കീടനാശിനികളെക്കുറിച്ചായിരുന്നു അപ്പോൾ ഓർമിച്ചത്. അന്നുവരെ അതിന്റെ ഗൗരവത്തെക്കുറിച്ചോ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റിയോ ആലോചിച്ചിരുന്നില്ല. വിഷമടിച്ചുള്ള ലാഭം വേണ്ടെന്ന് അവിടെവച്ചു തീരുമാനമെടുത്തു. എന്നാൽ, നടപ്പിലാക്കാൻ പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കാരണം, വർഷങ്ങളായി ആവർത്തിച്ച് കീടനാശിനി പ്രയോഗം നടത്തിയിരുന്നതിനാൽ അതിൽനിന്നും പെട്ടെന്ന് പിൻവാങ്ങിയപ്പോൾ കീടബാധ കൂടി.
എന്നാൽ, ഒരു വർഷം കഴിഞ്ഞപ്പോഴേക്കും കാര്യങ്ങളിൽ വ്യത്യാസം വരാൻ തുടങ്ങി. രണ്ടു വർഷമായപ്പോൾ തേയിലച്ചെടികൾ സ്വഭാവികമായ പ്രതിരോധശേഷി കൈവരിച്ചു. തേയിലച്ചെടികൾ ഉണങ്ങിപ്പോകുന്ന വിധത്തിലുള്ള രോഗബാധയെത്തുടർന്ന് വളരെ അപൂർവമായി മാത്രമേ പിന്നീട് കീടനാശിനികൾ ഉപയോഗിക്കേണ്ടതായി വന്നിട്ടുള്ളൂ. അതും ബന്ധപ്പെട്ട വകുപ്പ് നിർദ്ദേശിക്കുന്ന കുറഞ്ഞ അളവിൽമാത്രം. വർഷത്തിൽ അഞ്ചും ആറും തവണ കീടനാശിനികൾ പ്രയോഗിച്ചുകൊണ്ടിരുന്ന സ്ഥാനത്ത് രണ്ട് വർഷം കൂടുമ്പോൾ ഒരിക്കലായി അവയുടെ ഉപയോഗം. അതും പൂർണമായി നിർത്താൻ കഴിയുന്ന വിധത്തിലേക്ക് ഇപ്പോൾ എത്തിയിട്ടുണ്ട്. പുതിയ നാമ്പുകൾ വളരുന്ന അവസരത്തിൽ ഒരിക്കൽപ്പോലും അതിനുശേഷം കീടനാശിനികൾ തളിച്ചിട്ടില്ല.
പിന്നീട് ഏത്തവാഴ കൃഷി ചെയ്തപ്പോഴും ഒരു കീടനാശിനിയും ഉപയോഗിച്ചില്ല. കുറച്ചു വാഴകൾ കേടുവന്ന് പോയിട്ടുണ്ടെങ്കിലും കീടനാശിനികൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്താൽ അതൊന്നും നഷ്ടമായി കരുതുന്നില്ല. ഇതിൽനിന്നും തിരിച്ചറിഞ്ഞ മറ്റൊരു വസ്തുത- കീടനാശിനികൾ തളിക്കുമ്പോൾ യഥാർത്ഥത്തിൽ കീടങ്ങൾ നശിക്കുന്നില്ല. മറിച്ച്, തല്ക്കാലത്തേക്ക് അവയുടെ ശക്തി കുറയുകയാണ്. കുറച്ചുകഴിയുമ്പോൾ അവ കൂടുതൽ ശക്തിപ്രാപിക്കുന്നു. അടുത്ത പ്രാവശ്യം അവയെ നശിപ്പിക്കാൻ കൂടുതൽ വീര്യമേറിയ വിഷമാണ് തളിക്കേണ്ടിവരുന്നത്. അതിന്റെ അർത്ഥംതന്നെ വിഷങ്ങൾക്ക് കീടങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്നുമാത്രമല്ല, ടോണിക്കുപോലെ അവയ്ക്ക് ശക്തമായി വളരാൻ അവസരം ഒരുക്കുകയും ചെയ്യുന്നു എന്നല്ലേ? കീടനാശിനികൾ ഉത്പാദിപ്പിക്കുന്ന കമ്പനികൾക്ക് വാണിജ്യ താല്പര്യങ്ങൾ മാത്രമേ ഉണ്ടാകൂ. അതുകൊണ്ട് കീടങ്ങൾ ഇല്ലായ്മ ചെയ്യുക അവരുടെ ലക്ഷ്യമാവില്ല. അങ്ങനെ സംഭവിച്ചാൽ കുറയുന്നത് അവരുടെ കച്ചവടമല്ലേ?
പച്ചക്കറികളിലും മറ്റു കാർഷിക ഉത്പന്നങ്ങളിലും മാരക വിഷം തളിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കൃഷിക്കാർ കൂടുതൽ ബോധവാന്മാരാകണം. കഴിക്കുന്നവർക്കുമാത്രമല്ല, കൃഷിചെയ്യുന്നവർക്കും മാരകമായ രോഗങ്ങൾ സമ്മാനിക്കും. കാറ്റിലൂടെയും വെള്ളത്തിലൂടെയും ചുറ്റുപാടുകളിലേക്കും എത്തുന്നതിനാൽ സമൂഹത്തിനും വിഷപ്രയോഗം ഏറെ ദോഷകരമാണ്. പ്രകൃതിക്കും മനുഷ്യനും ഹാനികരമല്ലാത്ത ജൈവകീടനാശിനികളിലേക്കും കൃഷിരീതികളിലേക്കും തിരിച്ചുപോകേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
കൃഷികളെ കീടങ്ങളിൽനിന്നും വന്യമൃഗങ്ങളിൽനിന്നും സംരക്ഷിക്കുന്നതിനായി പ്രാർത്ഥനയുടെ കവചം തേടുകയും വേണം. പൂർവികർ കാണിച്ചുതന്ന വഴി അതായിരുന്നു. ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഉണ്ടായ വളർച്ച ദൈവത്തിൽനിന്നും അകറ്റുകയല്ല, കൂടുതൽ അടുപ്പിക്കുകയാണ് വേണ്ടത്.
അൽഫോൻസ് ജോസഫ്