”ഇതാ പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തിയുടെയും മീതെ ചവിട്ടി നടക്കാൻ നിങ്ങൾക്ക് ഞാൻ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കയില്ല” (ലൂക്കാ 10:19). ഈ തിരുവചനത്തിന്റെ അനന്ത ശക്തിയാൽ, ഞങ്ങളുടെ കൃഷിഭൂമിയെയും വിളവുകളെയും അനുഗ്രഹിക്കണമേ. എല്ലാ അനുഗ്രഹങ്ങളുടെയും നിറകുടമായ പരിശുദ്ധാത്മാവേ, ഞങ്ങൾ വസിക്കുന്ന ഭൂമിയും കൃഷിയിടങ്ങളും അതിന്റെ അതിർത്തികളും അങ്ങയുടെ സംരക്ഷണവലയത്തിൽ കാത്തുസൂക്ഷിക്കണമേ. കൃഷിയെ നശിപ്പിക്കുന്ന എല്ലാ കീടങ്ങളെയും ക്ഷുദ്രജീവികളെയും ഉന്മൂലനം ചെയ്ത് അവയെ ഫലസമൃദ്ധമാക്കണമേ. വചനം ഏറ്റു പറഞ്ഞ് പ്രാർത്ഥിക്കാം:
സങ്കീർത്തനങ്ങൾ 65:9-11: ”അവിടുന്ന് ഭൂമിയെ സന്ദർശിച്ച് അതിനെ നനയ്ക്കുന്നു. അങ്ങ് അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു. ദൈവത്തിന്റെ നദി നിറഞ്ഞൊഴുകുന്നു. അവിടുന്ന് അതിന്റെ ഉഴവുചാലുകളെ സമൃദ്ധമായി നനയ്ക്കുന്നു. കട്ടയുടച്ച് നിരത്തുകയും മഴ വർഷിച്ച് അതിനെ കുതിർക്കുകയും ചെയ്യുന്നു. അവിടുന്ന് അതിന്റെ മുളകളെ അനുഗ്രഹിക്കുന്നു. സംവത്സരത്തെ അവിടുന്ന് സമൃദ്ധികൊണ്ട് മകുടം ചാർത്തുന്നു.”