അപ്പയ്‌ക്കൊരു പഞ്ചാരമുത്തം

ടി.വി. കണ്ടിരിക്കുകയായിരുന്നു ലിനുമോൾ. വലിയ ഇഷ്ടമുള്ള പരിപാടിയൊന്നുമായിരുന്നില്ലെങ്കിലും നേരം പോവാൻ മറ്റൊന്നുമില്ലാത്തതുകൊണ്ട് ഇരുന്നതാണ്. അപ്പോഴാണ് ഒരു അടിപൊളി പാട്ട് വന്നത്. പുതിയൊരു സിനിമയിലെ പാട്ട്. അതു കണ്ടു തുടങ്ങിയപ്പോൾ അറിയാതെ അവൾ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് നൃത്തം ചെയ്യാൻ തുടങ്ങി. ആ സമയത്താണ് അപ്പ അവിടേക്ക് കടന്നുവന്നത്.
അത്ര സഭ്യമല്ലാത്ത വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്ന നായികയെ അപ്പ ശ്രദ്ധിച്ചു. വേഷം അതുപോലെയല്ലെങ്കിലും ആ താരത്തെ അനുകരിച്ച് നൃത്തം ചെയ്യുകയാണ് ലിനുമോൾ. അപ്പ അവളെ അല്പനേരം നോക്കിയിരുന്നു. ലിനുമോളാകട്ടെ അപ്പയെ നോക്കി ഇടയ്‌ക്കൊന്നു ചിരിച്ചുകൊണ്ട് നൃത്തം തുടർന്നു. പാട്ട് കഴിഞ്ഞപ്പോൾ അവൾ അപ്പയുടെ മടിയിൽ കയറിയിരുന്നു കൊഞ്ചാൻ തുടങ്ങി. ” അപ്പേ, എന്റെ ഡാൻസ് സൂപ്പറാണോ?” എന്നൊക്കെയാണ് ചോദിക്കുന്നത്. ”മോളുടെ ഡാൻസ് സൂപ്പറാണല്ലോ.” അപ്പയുടെ മറുപടി കേട്ട് അവൾക്ക് പെരുത്തു സന്തോഷമായി.

അവളങ്ങനെ അപ്പയുടെ മീശരോമങ്ങൾ പിടിച്ചു കളിച്ചുകൊണ്ടിരുന്നപ്പോൾ അപ്പ ചോദിച്ചു, ”അല്ല ലിനുമോളേ, അമ്മ ഈ നായികയെപ്പോലെ ഡാൻസ് ചെയ്യുന്നത് മോൾക്കിഷ്ടമാണോ?”
ചോദ്യം കേട്ട ലിനുമോൾ ആലോചനയിലായി. കുറച്ചു നേരം ആലോചിച്ചിട്ടാണ് മറുപടി പറഞ്ഞത്, ”അല്ല!!”
”അതെന്താ?”വീണ്ടും അപ്പയുടെ അന്വേഷണം.
”അത്… അമ്മ… നല്ല ഡ്രസിടുന്നതാ എനിക്കിഷ്ടം. പിന്നെ… അതുപോലുള്ള ഡാൻസൊന്നും അമ്മ ചെയ്യില്ലല്ലോ.”
”ഓ, അതുകൊണ്ടാണല്ലേ….”

അപ്പയുടെ സംസാരം കേട്ടപ്പോൾ ലിനുമോൾ വിശദീകരിച്ചു, ”അതുമാത്രമല്ല… ഉടുപ്പായാലും പാട്ടായാലും ഡാൻസായാലും മറ്റെന്തു കാര്യമായാലും ഈശോയ്ക്കിഷ്ടമുള്ളതാണോ എന്ന് ആലോചിച്ചിട്ട് ചെയ്യണം എന്ന് അപ്പ പറഞ്ഞുതന്നിട്ടുണ്ടല്ലോ…”
ആ മറുപടി കേട്ട അപ്പയ്ക്കു സന്തോഷമായി. ലിനുമോളാകട്ടെ അല്പം ചമ്മലിലായിരുന്നു.
”ഇപ്പോൾ ചെയ്ത ഡാൻസ് നല്ലതല്ലായിരുന്നു, അല്ലേ?” അവൾ സ്വയം ഉറപ്പു വരുത്തി.

അവളുടെ ചമ്മൽ മനസ്സിലായ അപ്പ അവളെ ഒന്നുകൂടി തന്നോട് ചേർത്തിരുത്തി. എന്നിട്ടു പറഞ്ഞു, ”മോൾക്ക് മനസ്സിലായല്ലോ. അതുമതി. ശരിയല്ലെന്നു മനസ്സിലായാൽ അതു വീണ്ടും ചെയ്യാതിരുന്നാൽ മതി. ടി.വിയിലും മൊബൈലിലും പലതും കാണും. ശരിയേതാണെന്നു മനസ്സിലാവണമെങ്കിൽ നമ്മൾ ഈശോയോട് എപ്പോഴും കൂട്ടായിരിക്കണം. അപ്പോൾ ഈശോയ്ക്കിഷ്ടമുള്ളതും അല്ലാത്തതും തിരിച്ചറിയാൻ പറ്റും.”
”ശരി അപ്പേ.” ലിനുമോൾ അപ്പയ്‌ക്കൊരു പഞ്ചാരമുത്തം കൊടുത്തുകൊണ്ട് പിന്നെയും മീശരോമങ്ങൾ പിടിച്ചുകളിക്കാൻ തുടങ്ങി.

സിജി ജോസ്

Leave a Reply

Your email address will not be published. Required fields are marked *