കണക്കുകൾ തകിടം മറിയുമ്പോൾ….

നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റുന്നതിന്റെ പിന്നിലുള്ള ആത്മീയ പാഠങ്ങൾ ദൈവവചനം നമ്മെ പഠിപ്പിക്കുന്നുണ്ട്: ”കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകൾ നിങ്ങളുടേതുപോലെയല്ല, നിങ്ങളുടെ വഴികൾ എന്റേതുപോലെയുമല്ല” (ഏശയ്യാ 55:8).
കണക്കുകൾ പിഴക്കുമ്പോൾ ദൈവത്തിലേക്ക് നോക്കാൻ പഠിക്കണം. മനക്കോട്ടകൾ തകരുമ്പോൾ നമ്മിലേക്കുമാത്രം നോക്കിയാൽ തകർച്ചയുടെ മുഴുവൻ കാരണങ്ങളും മനസിലാകില്ല. പരിസരങ്ങളിലേക്ക് നോക്കിയാലും നിരാശ അരിച്ചിറങ്ങിയെന്നു വരാം. എന്നാൽ ദൈവത്തിലേക്ക് നോക്കിയാൽ ഉത്തരം കിട്ടുന്നതോടൊപ്പം മനസിൽ പ്രത്യാശയുടെ നക്ഷത്രങ്ങൾ ഉദിക്കുകയും ആകുലതകൾ മാറുകയും ചെയ്യും. ”അവിടുത്തെ നോക്കിയവർ പ്രകാശിതരായി, അവർ ലജ്ജിതരാകുകയില്ല” (സങ്കീർത്തനങ്ങൾ 34:5).

കണക്കുകൂട്ടലുകൾ തെറ്റുന്നതല്ല, തെറ്റാൻ ദൈവം അനുവദിക്കുന്നതാണ് എന്ന ആത്മീയരഹസ്യം നാം ബോധത്തിൽ നിറയ്ക്കണം. അത് എന്തിനുവേണ്ടി? ദൈവത്തിൽമാത്രം ആശ്രയിക്കുന്നതിനുവേണ്ടി. ”… എന്നാൽ ഇതു ഞങ്ങൾ ഞങ്ങളിൽത്തന്നെ ആശ്രയിക്കാതെ, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ ആശ്രയിക്കുന്നതിനുവേണ്ടിയായിരുന്നു” (2 കോറിന്തോസ് 1:9). വർത്തമാനകാലത്തുമാത്രം കഴിയുന്ന നമ്മുടെ കണക്കുകൾ തെറ്റാം. എന്നാൽ ദൈവത്തിന് ഒരിക്കലും തെറ്റു പറ്റുകയില്ല. അവിടുന്ന് മൂന്നുകാലങ്ങളെയും കാണുന്നവനാണല്ലോ.

സങ്കല്പകോട്ടകൾ തകരാൻ ദൈവം അനുവദിക്കുന്നത് ആത്മാവിൽ ദരിദ്രരാകുന്നതിനുവേണ്ടിയാണ്. ആത്മാവിൽ ദരിദ്രരാകാതെ വിശുദ്ധിയിൽ വളരാനാവില്ല. ”ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ, സ്വർഗരാജ്യം അവരുടേതാണ്” (മത്തായി 5:3) എന്താണ് ആത്മാവിൽ ദാരിദ്ര്യം? ദൈവം കനിഞ്ഞാൽ മാത്രമേ മുമ്പോട്ട് പോകാൻ കഴിയൂ എന്ന അവസ്ഥയാണത്. എത്ര വളർന്നാലും തിരുമുമ്പിൽ വെറും പൈതലാണെന്ന ഭാവം. എനിക്ക് രാവിലെ കാപ്പി കുടിക്കാൻ, കുർബാനയിൽ പങ്കുചേരാൻ, പ്രാർത്ഥിക്കാൻ ദൈവം കരുണ കാണിക്കണം എന്ന ബോധ്യം മനസിൽ ഉറപ്പിക്കുക. ”മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം” (റോമാ 9:16).

ഞാൻ തിളങ്ങിനിന്നാൽ പരിശുദ്ധാത്മാവിന് പ്രകാശിക്കാനാവില്ല. ഞാൻ പൂജ്യമായി, ആത്മാവ് ശൂന്യമായാൽ പരിശുദ്ധാത്മാവ് സൂര്യനായി കത്തിജ്വലിക്കും.
സൂക്ഷ്മദർശിനിയുടെ മുമ്പിൽ മണിക്കൂറുകൾ അടുപ്പിച്ചിരുന്നിട്ടും അരുപ്പെ എന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ മനസ് മടുത്തിരുന്നില്ല. പ്രശസ്തനായ ഒരു ഡോക്ടറാകണമെന്ന ആഗ്രഹമേ അവനുണ്ടായിരുന്നുള്ളൂ. അവധിക്കാലത്ത് യാദൃശ്ചികമായി ലൂർദിലെത്തിയ അരൂപ്പെ തളർന്നു കിടന്നിരുന്ന ഒരു കുട്ടി സൗഖ്യം പ്രാപിക്കുന്നത് വിസ്മയപൂർവം നോക്കിക്കണ്ടു. മാഡ്രിഡിൽ തിരിച്ചെത്തിയ അരൂപ്പെക്ക് മൈക്രോസ്‌കോപ്പിൽ സൂക്ഷ്മജീവികളെ കാണാൻ കഴിഞ്ഞില്ല. കണ്ണുകളിലെങ്ങും കനത്ത മൂടൽമഞ്ഞ്. ഫിസിയോളജിയുടെയും മൈക്രോബയോളജിയുടെയും പുസ്തകങ്ങൾ കൈയിൽനിന്നും താഴേക്ക് വഴുതി വീണു. വൈദ്യശാസ്ത്രപഠനം തുടരാനാവുന്നില്ല. കണക്കുകൂട്ടലുകൾ മാറി മറിഞ്ഞു.

ഉള്ളിലെ ദൈവസ്വരം തിരിച്ചറിഞ്ഞ അയാൾ ഈശോസഭയിൽ ചേർന്ന് വൈദികനായി. ഹിരോഷിമയിൽ അണുബോംബ് വീണപ്പോൾ അവിടെയുള്ള നിസ്വരെ സഹായിക്കാൻ ഈ യുവവൈദികനുണ്ടായിരുന്നു. നീണ്ട പതിനെട്ടുവർഷം സഭയുടെ സുപ്പീരിയർ ജനറലായി. അടുത്തറിയാവുന്നവർ സഭാസ്ഥാപകനായ ഇഗ്നേഷ്യസ് ലയോളയെപ്പോലെ ഫാ. പെദ്രോ അരൂപ്പെയെയും വിശുദ്ധനായി ആദരിക്കുന്നു.

കണക്കുകൾ തെറ്റാൻ ദൈവം അനുവദിക്കുമ്പോൾ ആരുടെയെങ്കിലും രക്ഷ മുമ്പിൽ കാണുന്നുണ്ടാകും. താൻ ക്രിസ്തുവിനുവേണ്ടി ബന്ധനസ്ഥനായത് സുവിശേഷത്തിന്റെ പുരോഗതിക്ക് കാരണമായെന്ന് പൗലോസ് പറയുന്നത് ഓർക്കുക. പൊട്ടക്കിണറ്റിൽ വീണപ്പോൾ ജോസഫിന്റെയും യാക്കോബിന്റെയും സ്വപ്‌നങ്ങൾ തകർന്നു. എന്നാൽ സഹോദരരുടെ രക്ഷയ്ക്ക് കണക്കുകൾ പിഴയ്ക്കണമായിരുന്നു (ഉൽപത്തി 45:5). നമ്മുടെ വേദനകൾ ആർക്കെങ്കിലും അനുഗ്രഹമായി മാറും. വയലിലേക്ക് പണിക്കാർക്ക് ഭക്ഷണവുമായി പോയ ഹബക്കുക്കിന്റെ പദ്ധതി തകിടം മറിച്ച് ദൈവം അയാളെ ബാബിലോണിലെ സിംഹക്കുഴിയിലേക്ക് കൊണ്ടുപോയി. അതുവഴി ദാനിയേൽ ജീവൻ നിലനിർത്തി.

പ്ലാനുകൾ തകിടം മറിഞ്ഞപ്പോൾ ദൈവസ്വരം പിൻതുടർന്നവരെല്ലാം വിശുദ്ധരായി. വിശുദ്ധരായി മാറുന്നതിന് ദൈവം കണക്കുകളുടെ താളം തെറ്റാൻ അനുവദിക്കുമെന്നതാണ് ആത്മീയരഹസ്യം. പൊട്ടക്കിണറ്റിൽ വീണതുകൊണ്ട് ജോസഫ് ഈജിപ്തിലെ ഗവർണറായി. പ്രസിദ്ധനായ അഭിഭാഷകനായിരുന്നു അൽഫോൻസ് ലിഗോരി. ഒരു കേസിൽ തോറ്റപ്പോൾ ദൈവസ്വരം കേട്ട് മഹാവിശുദ്ധനായി. മാതാപിതാക്കൾ ഉൾപ്പെടെ പ്രിയപ്പെട്ടവരെല്ലാം മരണമടഞ്ഞപ്പോൾ ലോലക് എന്ന കരോൾ വോയ്റ്റിവ കന്യകാമറിയത്തിന് പൂർണമായും സമർപ്പിച്ചു. അതുവഴി വിശുദ്ധ ജോൺ പോൾ രണ്ടാമനെ നമുക്ക് ലഭിച്ചു.
കണക്കുകൾ തകിടം മറിയുമ്പോൾ കമ്പ്യൂട്ടറും കാൽക്കുലേറ്ററും കൺസൾട്ടേഷനും ശരിയായ ഉത്തരം തരില്ല. ചേക്കേറാൻ ചില്ലകളൊന്നും കിട്ടാതെ വഴിത്താരകളിൽ വിറങ്ങലിച്ചു നില്ക്കുമ്പോൾ ദൈവമുഖം കാണാൻ മൂന്നു വഴികൾ നിർദേശിക്കാം.

ഒന്ന്: കണക്കുകൾ തെറ്റുന്ന സന്ദർഭങ്ങൾ സഹനങ്ങൾ തരും. ആ സഹനകാലം വചനകാലമായി മാറ്റുക. അരമണിക്കൂർ തുടർച്ചയായി വചനം വായിച്ച് പത്തുമിനിട്ട് ധ്യാനിക്കുക. ഇത് ഏതാനും വട്ടം ആവർത്തിച്ചാൽ പരിശുദ്ധാത്മാവ് ആത്മാവിൽ ആനന്ദം നിറയ്ക്കും. പുതിയ വഴികൾ തെളിയുകയും ചെയ്യും.
രണ്ട്: കൊന്ത കൈയിലെടുത്ത് അമ്മയോടൊപ്പം ജപമാല ചൊല്ലിയാൽ സങ്കടങ്ങൾ മാറും. ജോൺ പോൾ പാപ്പ യൗവനകാലം മുതൽ എല്ലാ വിഷമസന്ധികളിലും ജപമാലപ്രാർത്ഥനയിലൂടെയാണ് ശക്തി നേടിയത്. ചാപ്പലിൽ അഥവാ അല്പം ഏകാന്തതയുള്ളിടത്ത് മുട്ടുകുത്തി അല്പം സ്വരത്തിൽ ജപമാല ചൊല്ലി പൂർത്തിയാകുമ്പോൾ അഴിയാത്ത കുരുക്കുകൾ അമ്മ അഴിച്ചിരിക്കും.

മൂന്ന്: ഉള്ളിൽത്തട്ടി, അർത്ഥം മനസിലാക്കി വിശ്വാസപ്രമാണം ആവർത്തിച്ചാൽ ദൈവശക്തി നമ്മിൽ നിറയുന്നത് നാം തിരിച്ചറിയും.
നോക്കെത്താത്ത ദൂരത്ത് കണ്ണുംനട്ട് നിരാശയോടെ യാത്ര ചെയ്യേണ്ടവരല്ല ദൈവമക്കൾ. പിതാവിന്റെ വക്ഷസ്സിലിരുന്ന് ദുഃഖത്തിന്റെ മുഖത്തുനോക്കി (യോഹന്നാൻ 1:18) പുഞ്ചിരിച്ച് മുമ്പോട്ട് പോകേണ്ടവരാണ് നാം. ദൈവം സർവശക്തനും പിതാവുമാണ്. സർവശക്തൻ: എല്ലാം നിയന്ത്രിക്കുവാൻ കഴിവുള്ളവൻ. പിതാവ്: നന്മ മാത്രം ആഗ്രഹിക്കുന്ന സ്‌നേഹതാതൻ. ആ മുഖത്തുനോക്കി യാത്ര ചെയ്യുന്നവർ സ്വർഗത്തിലെത്തും.

ഫാ. ജോസ് പൂത്തൃക്കയിൽ ഒ.എസ്.എച്ച്

Leave a Reply

Your email address will not be published. Required fields are marked *