പ്രമുഖ കമ്പനികൾ ജോലി ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാൻ മാനേജ്മെന്റ് കൺസൾട്ടന്റ് കമ്പനികളുടെ സഹായവും ഉപദേശവും തേടാറുണ്ട്. ഇതുപോലെ ഈശോയും തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിനുമുമ്പായി പ്രശസ്തരായ മാനേജ്മെന്റ് വിദഗ്ധരുടെ അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ അവർ ഇപ്രകാരം ഒരു മറുപടിയായിരിക്കും നല്കുക:
താങ്കൾ തിരഞ്ഞെടുത്ത പന്ത്രണ്ട് വ്യക്തികളെയും ഞങ്ങൾ ഇന്റർവ്യൂ ചെയ്യുകയുണ്ടായി. എന്നാൽ ഫലം വളരെ നിരാശാജനകമാണ്. ഒരാളൊഴികെ ബാക്കി എല്ലാവരും താങ്കളുടെ പ്രസ്ഥാനത്തിന് യോജിച്ചവരല്ല എന്നാണ് മനഃശാസ്ത്രജ്ഞരുൾപ്പെടുന്ന ഞങ്ങളുടെ വിദഗ്ധ സംഘം കണ്ടെത്തിയിരിക്കുന്നത്. ഞങ്ങളുടെ പഠനത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ കുറച്ചുകൂടി വിദ്യാഭ്യാസയോഗ്യതയും വാക്ചാതുരിയുമുള്ളവരെ തിരഞ്ഞെടുക്കാൻ താങ്കൾ പരിശ്രമിക്കേണ്ടതാണ്. ഓരോ വ്യക്തിയെക്കുറിച്ചുമുള്ള ഞങ്ങളുടെ നിരീക്ഷണങ്ങൾ താഴെ ചേർക്കുന്നു.
പത്രോസ് : കോപസ്വഭാവക്കാരനും എടുത്തുചാട്ടക്കാരനുമാണ്.
അന്ത്രയോസ് : നേതൃത്വപാടവം നന്നേ കുറവ്.
യാക്കോബ്, യോഹന്നാൻ : പ്രസ്ഥാനത്തെക്കാൾ ഉപരിയായി വ്യക്തിപരമായ നേട്ടങ്ങൾക്ക് മുൻഗണന കല്പിക്കുന്നവർ.
തോമാ : ചോദ്യം ചെയ്യുന്ന പ്രവണതയും സംശയപ്രകൃതിയും.
മത്തായി : മുന്നറിയിപ്പു കൂടാതെ ജോലി ഉപേക്ഷിക്കുന്ന പ്രകൃതി.
യൂദാസ് സ്കറിയോത്ത : താങ്കൾ തിരഞ്ഞെടുത്തവരിൽ കഴിവുള്ള ഏക വ്യക്തി. കൂർമബുദ്ധിയും ബിസിനസ് നൈപുണ്യവും കൂടാതെ മികച്ച വാഗ്മിയുമാണ് അദ്ദേഹം. താങ്കളുടെ വലംകൈയാകാൻ എന്തുകൊണ്ടും യോഗ്യൻ. താങ്കളുടെ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു!
ലോകത്തിന്റെ കണ്ണുകളിൽ കുറവുള്ളവരായിരിക്കാം നമ്മൾ. നമ്മുടെ നോട്ടത്തിലും നമുക്കേറെ കുറവുകളുണ്ടായിരിക്കാം. എന്നാൽ നമ്മൾ കാണുന്നതുപോലെയോ വിലയിരുത്തുന്നതുപോലെയോ അല്ല ദൈവം കാണുന്നതും വിലയിരുത്തുന്നതും. പത്രോസാകുന്ന പാറമേൽ തന്റെ സഭയെ പണിതുയർത്താമെന്നു കണ്ട അവിടുത്തേക്ക് എല്ലാ കുറവുകൾക്കും മുകളിൽ നമ്മുടെ സാധ്യതകളെ കാണാൻ കഴിയും. അതിനാൽ ഞാൻ കുറവുള്ള വ്യക്തിയായതുകൊണ്ട് ദൈവത്തിന് എന്നെ ഉപയോഗിക്കുവാൻ പറ്റില്ല എന്നു വിചാരിക്കരുത്. അതോടൊപ്പംതന്നെ ഓർമിക്കുക – ദൈവം തിരഞ്ഞെടുത്തവരുടെ കുറവുകൾ കാണുമ്പോൾ അതിനെപ്രതി അവരുടെ തിരഞ്ഞെടുപ്പുകളെ സംശയിക്കരുത്.