വൈദികൻ പ്രാർത്ഥിച്ചു, ഉറുമ്പുകൾ പിൻവാങ്ങി

ഞങ്ങളുടെ വീടിന്റെ ടെറസിന്റെ ഉള്ളിൽ നിറയെ ഉറുമ്പുകൂടായിരുന്നു. രണ്ടു വർഷത്തോളമായി ഇവ ചെറിയ സുഷിരങ്ങളുണ്ടാക്കി വീടിനകത്ത് ഭക്ഷണമേശ, അടുക്കള, വസ്ത്രം വയ്ക്കുന്ന അലമാര, പുസ്തകങ്ങൾ, കിടക്ക തുടങ്ങി എല്ലായിടത്തും വരിയായി ഇറങ്ങിവന്ന് എല്ലാ വസ്തുക്കളും നശിപ്പിക്കുകയായിരുന്നു. മക്കളുടെ വസ്ത്രങ്ങൾ ഉറുമ്പുകടി നിമിത്തം വളരെയധികം കേടായി. കുടുംബപ്രാർത്ഥനയ്ക്കുപയോഗിക്കുന്ന പായപോലും മടക്കിവച്ചാൽ പിറ്റേന്ന് എടുക്കുമ്പോൾ നിറയെ ഉറുമ്പായിരിക്കും. ഒരു വസ്ത്രംപോലും തേയ്ക്കാതെ എടുത്ത് ഇടാൻ പറ്റാത്ത അവസ്ഥയായിരുന്നു. വസ്ത്രം വെറുതെ എടുത്ത് ധരിച്ചാൽ ഉടനെ ഉറുമ്പുകടി തുടങ്ങും.
രാവിലെ എഴുന്നേറ്റാൽ അടുക്കളയും മറ്റും പൂർണമായി തുടച്ചു വൃത്തിയാക്കിയാൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. ഞങ്ങൾ ഈ കാരണത്താൽ വളരെ വിഷമം അനുഭവിച്ചു. പ്രാർത്ഥിച്ചു. പല കാര്യങ്ങൾ പ്രയോഗിച്ചിട്ടും ഒരു കുറവും ഉണ്ടായില്ല. അവസാനം ഉറുമ്പ് നശിക്കുന്നതിനായി ഒരു രാസവസ്തു തളിക്കാൻ തീരുമാനിച്ചു. അത് വാങ്ങിയ അന്ന് വൈകിട്ട് അടുത്തുള്ള ബനഡിക്‌ടൈൻ ആശ്രമത്തിലെ വൈദികൻ വീട്ടിൽ വന്നു. ഇക്കാര്യം പറഞ്ഞപ്പോൾ പ്രത്യേകമായി പ്രാർത്ഥിക്കുകയും ചെയ്തു. പിറ്റേന്നു മുതൽ ഉറുമ്പുകൾ കുറയാൻ തുടങ്ങി. നാലു ദിവസങ്ങൾക്കുള്ളിൽ എല്ലാ ഉറുമ്പുകളും ഒഴിവായി. ഇപ്പോൾ വീട്ടിൽ ഉറുമ്പുശല്യമില്ല. ധൈര്യമായി കട്ടിലിൽ കിടക്കാം, വസ്ത്രം എടുത്ത് ധരിക്കാം, ഭക്ഷണസാധനങ്ങൾ ധൈര്യമായി മേശപ്പുറത്ത് വയ്ക്കാം.

റോസി ടോമി, ഇടുക്കി

Leave a Reply

Your email address will not be published. Required fields are marked *