അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു. പിറ്റേ ദിവസം രാവിലെ പോയാൽ സമയത്ത് എത്തിച്ചേരാൻ വിഷമമായതിനാൽ തലേന്ന് ഉച്ച കഴിഞ്ഞുതന്നെ പോവുകയാണ്. കൂടെ ഭാര്യയുമുണ്ട്. വഴിയിൽ ഇടയ്‌ക്കെല്ലാം ബ്ലോക്ക് ഉണ്ടായതിനാൽ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ സമയമെടുത്തു. രണ്ടാമത്തെ ബസ് മാറിക്കയറി. അതിൽ യാത്ര ചെയ്ത് ടൗണിലെ ബസ് സ്റ്റാൻഡിലിറങ്ങി വീണ്ടും ലോക്കൽ ബസിൽ കയറിയിട്ടുവേണം താമസസ്ഥലത്തെത്താൻ.
രാത്രി എട്ടു മണിക്കാണ് അവസാനത്തെ ലോക്കൽ ബസ്. എന്നാൽ നേരം വൈകിയതോടെ ആ ബസ് കിട്ടില്ല എന്ന അവസ്ഥയായി.
പിന്നെയുള്ള ഒരേയൊരു വഴി ലിമിറ്റഡ് സ്റ്റോപ് ബസിൽത്തന്നെ യാത്ര തുടർന്ന് താമസസ്ഥലത്തിനടുത്തുള്ള ജംഗ്ഷനിൽ ഇറങ്ങി ഓട്ടോറിക്ഷ വിളിച്ചു പോകുക എന്നുള്ളതാണ്. എന്നാൽ നിസ്സാരമായ ബസ് കൂലിക്കു പകരം വലിയ തുക ഓട്ടോ ചാർജ് കൊടുക്കേണ്ടിവന്നാൽ പരുങ്ങലിലാവുന്ന അത്രയും മോശം സാമ്പത്തികസ്ഥിതിയാണ്. ആ നിസ്സഹായാവസ്ഥയിൽ ‘എത്രയും ദയയുള്ള മാതാവേ…’ ചൊല്ലാനാരംഭിച്ചു. ജംഗ്ഷനിൽ ഇറങ്ങുമ്പോഴും ആ ജപം ഉരുവിട്ടുകൊണ്ടിരിക്കുകയായിരുന്നു. താമസസ്ഥലത്തേക്കു പോകുന്ന റോഡിലേക്ക് ക്രോസ് ചെയ്തു കടക്കാൻ ശ്രമിക്കുമ്പോഴതാ പത്തു മിനിട്ടോളം വൈകിയിട്ടും സ്റ്റോപ്പിൽ ഞങ്ങൾക്കു പോകാനുള്ള ബസ് കിടക്കുന്നു! ഓടി അതിൽ കയറിയിരുന്നപ്പോൾ ഞങ്ങൾക്കായി പരിശുദ്ധ അമ്മ ചെയ്ത അത്ഭുതത്തിന് നന്ദി പറഞ്ഞു. അടുത്ത ‘എത്രയും ദയയുള്ള മാതാവേ…’ ചൊല്ലിയത് നന്ദിപ്രകടനമായിട്ടായിരുന്നു.
ബിനു ജോസഫ്, തൃശൂർ