ദൈവം എന്നെ പഠിപ്പിച്ച വിശ്വാസം

അന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കുള്ള ശാലോം ടി.വിയിലെ വചനം തിരുവചനം കാണാനിരുന്നു. വിഷയം ‘വിശ്വാസം’ ആണെന്ന് കേട്ടതേ ഞാൻ ടി.വി ഓഫ് ചെയ്ത് എന്റെ മുറിയിലേക്ക് പോയി. എനിക്ക് നല്ല വിശ്വാസമുണ്ടല്ലോ, പിന്നെ എന്തിനിതു കേൾക്കണം എന്ന ചിന്തയായിരുന്നു കാരണം. ഞാൻ മുറിയിൽ എത്തിയതേ യേശു എന്റെ അടുത്തുവന്ന് ചോദിക്കുന്നതുപോലെ: ”നിനക്ക് വിശ്വാസം ഉണ്ടോ?”

‘ഞാൻ പറഞ്ഞു: ”തീർച്ചയായും. ദൈവം ഉണ്ടെന്നും അങ്ങ് ദൈവപുത്രനാണെന്നും ഞാൻ വിശ്വസിക്കുന്നു.” യേശു ചിരിച്ചുകൊണ്ട് പറഞ്ഞു: ”പിശാചിനും നിന്റെ അത്രയും വിശ്വാസമുണ്ട്. പിശാച് മഹോന്നതനായ ദൈവത്തിന്റെ പുത്രാ എന്ന് എന്നെ വിളിച്ച് അഭിസംബോധന ചെയ്യുന്നത് നീ ബൈബിളിൽ വായിച്ചിട്ടില്ലേ? ദൈവമുണ്ടെന്നും ഞാൻ മനോഹന്നതനായ ദൈവത്തിന്റെ പുത്രനാണെന്നും പിശാചും വിശ്വസിക്കുന്നു. എന്റെ ശക്തിയിലും പരിശുദ്ധിയിലും നീതിയിലും അധികാരത്തിലും സാത്താന് വിശ്വാസമുണ്ടണ്ട്. അപ്പോൾപ്പിന്നെ എന്താണ് ശരിയായ വിശ്വാസം? നീ എന്റെ സ്‌നേഹത്തിൽ വിശ്വസിക്കണം. എന്റെ സ്‌നേഹത്തിലുള്ള വിശ്വാസമത്രേ ഒരുവന് ദൈവമക്കളാകാൻ കഴിവ് നല്കുന്നത് (യോഹന്നാൻ 1:12). നീ എന്റെ സ്‌നേഹത്തിൽ വിശ്വസിച്ചുകൊണ്ട് നിന്റെ ജീവിതയാത്രയിൽ ഉണ്ടാകുന്ന തടസങ്ങളാകുന്ന മലകളെ ഇവിടെനിന്ന് മാറി കടലിൽ ചെന്നു വീഴുക എന്നു പറഞ്ഞാൽ (മത്തായി 21:21) അതു സംഭവിക്കുമെന്ന് സത്യം സത്യമായി ഞാൻ നിന്നോട് പറയുന്നു.

എന്നെ ഏറ്റവും അധികം വേദനിപ്പിക്കുന്നത് എന്താണെന്ന് നിനക്കറിയാമോ? പാപങ്ങളാണോ? അല്ല, ഞങ്ങളുടെ (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്) സ്‌നേഹത്തിൽ വിശ്വസിക്കാത്തതാണ് ഏറ്റവും വലിയ വേദന. പാപിയെ വിശുദ്ധീകരിക്കാൻ എനിക്ക് ഒരു നിമിഷം മതി.
എന്റെ സ്‌നേഹത്തിൽ വിശ്വസിക്കുന്നവർ മാത്രമേ നിർഭയനായി എന്റെ കരുണയിൽ ശരണപ്പെടുന്നുള്ളൂ. അവർ മാത്രമേ എന്റെ നന്മയിൽ പ്രത്യാശ വയ്ക്കുകയുള്ളൂ. അതായത് ഞാൻ അവർക്ക് നന്മയായിട്ടുള്ളത് മാത്രമേ ചെയ്യുകയുള്ളൂവെന്ന് വിശ്വസിക്കുന്നു. അങ്ങനെ എന്റെ സ്‌നേഹത്തിലുള്ള വിശ്വാസം ഒരുവനെ ദൈവപരിപാലനയിൽ ആശ്രയിക്കാൻ പഠിപ്പിക്കും. അത് അവന്റെ ഹൃദയത്തെ സമാധാനത്തിൽ നിലനിർത്തുന്നതിനും സന്തോഷത്താൽ നിറയ്ക്കുന്നതിനും സഹായിക്കുന്നു. ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു. എന്റെ സ്‌നേഹത്തിൽ വിശ്വസിക്കാത്ത കാലത്തോളം നിങ്ങൾ പിശാചിന് കളിക്കോപ്പായിരിക്കുന്നു. എന്റെ സ്‌നേഹത്തിൽ വിശ്വസിക്കുന്ന ഒരുവൻ എന്റെ സാന്നിധ്യത്തിന്റെ മാധുര്യം അനുഭവിക്കുന്നു. അവന്റെമേലുള്ള എല്ലാ അധികാരവും അവകാശവും എനിക്ക് നല്കുന്നു. എന്റെ ഹിതത്തിന് സ്വയം കീഴ്‌വഴങ്ങുന്നു. ഞാൻ അവന് പിതാവായിരിക്കുകയും അവൻ എന്റെ പുത്രനായിരിക്കുകയും ചെയ്യും.
പ്രാർത്ഥന
പിതാവേ, ഞാൻ അങ്ങയുടെ സ്‌നേഹത്തിൽ വിശ്വസിക്കുന്നു. അങ്ങയുടെ കരുണയിൽ ഞാൻ ശരണപ്പെടുന്നു. അങ്ങയുടെ നന്മയിൽ ഞാൻ പ്രത്യാശവയ്ക്കുന്നു ആമ്മേൻ.

Leave a Reply

Your email address will not be published. Required fields are marked *