ഈജിപ്തിലെ വിശുദ്ധ മറിയം

അഞ്ചാം നൂറ്റാണ്ടിൽ പാലസ്തീനായിൽ ജീവിച്ചിരുന്ന ഒരു സന്യാസ വൈദികനായിരുന്നു വിശുദ്ധ സോസിമോസ്. ഒരിക്കൽ അദ്ദേഹം ജോർദാൻനദി കടന്ന് അക്കരെയുള്ള മരുഭൂമിയിലേക്ക് പോയി. അക്കാലത്ത് ആ മരുഭൂമിയിൽ ധാരാളം താപസന്മാരുണ്ടായിരുന്നു. ഏകാന്തതയിൽ പ്രാർത്ഥനയും പരിത്യാഗപ്രവൃത്തികളുമായി കഴിഞ്ഞിരുന്ന ആ താപസ പിതാക്കന്മാരെ സന്ദർശിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. മരുഭൂമിയുടെ ഉൾപ്രദേശത്തേക്ക് കടന്നുചെന്നപ്പോൾ കറുത്തിരുണ്ട ഒരു രൂപം അദ്ദേഹത്തിന്റെ മുന്നിൽ പെട്ടു. മരുഭൂമിയിലെ കഠിനമായ ചൂടും ചുട്ടുപൊള്ളുന്ന സൂര്യതാപവും ഏറ്റ് ശരീരം മുഴുവൻ കറുത്തിരുണ്ടുപോയ ഒരു മനുഷ്യരൂപം. അദ്ദേഹത്തെ കണ്ടതേ ആ രൂപം ഓടിയകലാൻ തുടങ്ങി. സോസിമോസും പിന്നാലെ ഓടി… കുറേക്കഴിഞ്ഞപ്പോൾ ആ രൂപം ഓട്ടം നിർത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു:

വന്ദ്യനായ സോസിമോസ്… നിങ്ങളെന്തിനാണ് എന്നെ പിൻതുടരുന്നത്. ഞാൻ നഗ്നയായ ഒരു സ്ത്രീയാണ്. എന്റെ വസ്ത്രങ്ങൾ പഴകി ദ്രവിച്ചുപോയി. അതിനാൽ അങ്ങയുടെ പുറങ്കുപ്പായം എനിക്കുനേരെ വലിച്ചെറിഞ്ഞുതരിക. എങ്കിൽ ലജ്ജയില്ലാതെ എനിക്കങ്ങയോട് സംസാരിക്കാനാകും.
സോസിമോസ് ഞെട്ടിപ്പോയി! ഇവൾ തന്റെ പേര് എങ്ങനെയറിഞ്ഞു! ആശ്ചര്യഭരിതനായി അദ്ദേഹം തന്റെ മേൽക്കുപ്പായം ഊരി അവൾക്കുനേരെ എറിഞ്ഞു. അതെടുത്ത് ധരിച്ചുകൊണ്ട് ആ രൂപം അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞുനിന്നു. അവൾ ആരാണെന്നറിയാൻ സോസിമോസ് നിർബന്ധിച്ചപ്പോൾ ആ രൂപം ഇങ്ങനെ പറഞ്ഞു:
അലക്‌സാണ്ട്രിയായിലെ ഒരു ധനിക കുടുംബത്തിലാണ് ഞാൻ ജനിച്ചത്. സുന്ദരിയും മിടുക്കിയുമായിരുന്ന ഞാൻ കുടുംബത്തിന്റെ അഭിമാനവും സന്തോഷവും ആയിരുന്നു. പക്ഷേ കൗമാരപ്രായത്തിൽത്തന്നെ ലോകമോഹങ്ങൾ എന്നെ വശീകരിച്ചു. സ്വതന്ത്രമായി ജീവിക്കുവാൻവേണ്ടി ഞാൻ വീടുവിട്ടിറങ്ങി. ലൈംഗികദാഹത്താൽ ജ്വലിച്ച ഞാൻ ഒരു വേശ്യയെപ്പോലെ പതിനേഴുവർഷം ജീവിച്ചു.

ഒരിക്കൽ അലക്‌സാണ്ട്രിയായിൽനിന്നും ജറുസലേമിലേക്ക് പോകുന്ന ഒരു തീർത്ഥാടകസംഘത്തിന്റെ കപ്പലിൽ ഞാൻ കയറിക്കൂടി. കഴിയുന്നത്ര തീർത്ഥാടകരെ പാപത്തിലേക്ക് വഴിതെറ്റിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ജറുസലേമിലെത്തിയ ഞാനും ജനക്കൂട്ടത്തോടൊപ്പം കാൽവരിയിലെ ദൈവാലയത്തിലേക്ക് നടന്നു. അന്ന് വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാളായിരുന്നു. പക്ഷേ ദൈവാലയത്തിന്റെ വാതിൽക്കലെത്തിയപ്പോൾ അദൃശ്യനായ ആരോ എന്നെ തടഞ്ഞു നിർത്തുന്നതുപോലെ. ഞാൻ പല പ്രാവശ്യം ജനങ്ങൾക്കിടയിലൂടെ ഉള്ളിൽ കടക്കാൻ നോക്കി. പക്ഷേ സാധിക്കുന്നില്ല. പെട്ടെന്ന് എനിക്ക് സങ്കടമായി. ഞാൻ പാപിയായതുകൊണ്ടായിരിക്കാം എനിക്ക് ദേവാലയത്തിനുള്ളിൽ കടക്കാനാകാത്തത് എന്ന ചിന്ത എന്റെ പാപകരമായ ജീവിതത്തെക്കുറിച്ച് ഓർക്കാൻ കാരണമായി. അന്ന് ആദ്യമായി ഞാൻ എന്റെ മ്ലേച്ഛകരമായ ജീവിതം ഓർത്ത് കരഞ്ഞു. അടുത്തുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തിന്റെ മുന്നിൽ മുട്ടുകുത്തി ഞാൻ ഏങ്ങലടിച്ച് ഒരുപാടുനേരം കരഞ്ഞു. പാപം ഉപേക്ഷിച്ച് ഇനിമേൽ വിശുദ്ധ ജീവിതം നയിച്ചുകൊള്ളാമെന്ന് പരിശുദ്ധ മറിയത്തിന് വാക്കുകൊടുത്തു. അതിനുശേഷം തടസമില്ലാതെ ദേവാലയത്തിന്റെ ഉള്ളിലേക്ക് പോകാനും ഹെലേന രാജ്ഞി കണ്ടെത്തിയ കർത്താവിന്റെ കുരിശിനെ ആരാധിക്കാനും എനിക്ക് സാധിച്ചു.

ദൈവാലയത്തിൽനിന്നും പുറത്തിറങ്ങിയപ്പോൾ ഉള്ളിൽ ഒരു ശബ്ദം മുഴങ്ങി ”നീ ജോർദാന്റെ അക്കരയിലേക്ക് രക്ഷപ്പെടുക.” അങ്ങനെ ഞാൻ ഇവിടെയെത്തി. കുറ്റിച്ചെടികളും പുല്ലും മറ്റും പറിച്ചുതിന്നാണ് ഞാനീ പതിനേഴുവർഷം ജീവിച്ചത്. കഠിനമായ ചൂടും പട്ടിണിയും ശരീരത്തിന്റെ മോഹങ്ങളും ലോകത്തിലേക്ക് തിരികെ പോകാൻ പലപ്പോഴും എന്നെ പ്രേരിപ്പിച്ചിരുന്നു. അപ്പോഴൊക്കെ പരിശുദ്ധ കന്യകയുടെ സഹായം ഞാൻ തേടി. ക്രമേണ ദൈവത്തിന്റെ വെളിച്ചം എന്റെ ഹൃദയം മുഴുവൻ നിറഞ്ഞു. ആന്തരികസമാധാനവും ദൈവസാന്നിധ്യവുംവഴി ഞാനിപ്പോൾ സംതൃപ്തയാണ്. അങ്ങ് അടുത്ത വ്യാഴാഴ്ച വിശുദ്ധ കുർബാനയുമായി എന്റെ അടുക്കൽ വരണം. കാരണം കഴിഞ്ഞ പതിനേഴുവർഷമായി ഞാൻ മനുഷ്യരെ കാണുകയോ കർത്താവിന്റെ തിരുശരീര-രക്തങ്ങൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

അതനുസരിച്ച് വിശുദ്ധ സോസിമോസ് വിശുദ്ധ കുർബാനയുമായി വ്യാഴാഴ്ച ജോർദാന്റെ കരയിൽ എത്തിച്ചേർന്നു. അപ്പോൾ അതാ മറിയം നദിയുടെ മറുകരയിൽ. അവൾ വെള്ളത്തിന്റെ മുകളിൽ കൈകൊണ്ട് ഒരു കുരിശുവരച്ചു. അതിനുശേഷം വെള്ളത്തിന് മുകളിലൂടെ നടന്ന് സോസിമോസിന്റെ അടുത്തെത്തി വിശുദ്ധ കുർബാന സ്വീകരിച്ചു. ദൈവത്തിന് നന്ദി പറഞ്ഞ് സ്തുതിച്ചപ്പോൾ അവളുടെ പാദങ്ങൾ ഭൂമിയിൽനിന്നും രണ്ടടിയോളം ഉയർന്നുപൊങ്ങി. ഇതെല്ലാം കണ്ട് സോസിമോസ് മറിയത്തിന്റെ മുന്നിൽ മുട്ടുകുത്തി ആശീർവാദം സ്വീകരിക്കാൻ ശ്രമിച്ചു. എന്നാൽ മറിയം പറഞ്ഞു ”എന്റെ മുന്നിൽ മുട്ടുകുത്തരുത്. കാരണം അങ്ങ് കർത്താവിന്റെ പുരോഹിതനാണ്. അടുത്ത വർഷം ഇതേ ദിവസം അങ്ങ് എന്നെ കാണാൻ വരണം.” ഇതുപറഞ്ഞ് മറിയം ജോർദാന്റെ വെള്ളത്തിനുമീതെ വീണ്ടും കുരിശടയാളം വരച്ചു. അതിനുശേഷം കരയിലൂടെ എന്നവിധം വെള്ളത്തിന് മുകളിലൂടെ നടന്ന് അക്കര കടന്നു.

ഒരു വർഷം കഴിഞ്ഞ് പറഞ്ഞതനുസരിച്ച് സോസിമോസ് മറിയത്തെ അന്വേഷിച്ചുചെന്നു. അപ്പോൾ അവൾ മരിച്ചുകിടക്കുന്നതാണ് കണ്ടത്. അതിനടുത്ത് ഒരു അത്ഭുതലിഖിതവും ഉണ്ടായിരുന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു ”പാപിയായ എനിക്കുവേണ്ടി അങ്ങ് പ്രാർത്ഥിക്കുക. എന്നെ ഇവിടെത്തന്നെ സംസ്‌കരിക്കുകയും ചെയ്യണം.”
സോസിമോസ് എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ചു. കാരണം കുഴി കുഴിക്കാൻ അദ്ദേഹത്തിന്റെ കൈയിൽ ഒന്നും ഇല്ലായിരുന്നു. പെട്ടെന്ന് നോക്കിയപ്പോൾ അടുത്തൊരു സിംഹം. അതൊരു കുഴി മാന്തി അതിൽ വിശ്രമിക്കുകയാണ്. സിംഹം പെട്ടെന്ന് കുഴിയിൽനിന്നും കയറിനിന്നു. സോസിമോസ് മറിയത്തിന്റെ ശരീരം ആ കുഴിയിൽ സംസ്‌കരിച്ചു. സിംഹം ശാന്തതയോടെ അവിടെനിന്ന് പോവുകയും ചെയ്തു.
വിശുദ്ധ സോസിമോസാണ് മറിയത്തിന്റെ കഥ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തത്. ലൈംഗിക പ്രലോഭനങ്ങളിൽ അകപ്പെട്ട് വിഷമിക്കുന്നവരുടെയും പ്രായശ്ചിത്തവും പരിഹാരവും അനുഷ്ഠിക്കുന്നവരുടെയും പ്രത്യേക മധ്യസ്ഥയാണ് വിശുദ്ധ മറിയം.

Leave a Reply

Your email address will not be published. Required fields are marked *