വിശുദ്ധിയിലേക്ക് വരിക, സ്വാതന്ത്ര്യത്തോടെ

യേശുവിനെ ഒറ്റിക്കൊടുക്കാനായി യൂദാസിന് ദൈവം ജന്മം കൊടുത്തു. അതിനായി തിരഞ്ഞെടുത്തു. പിന്നെ അവൻ ജനിക്കാതിരുന്നെങ്കിൽ എന്നു പറയുന്നതിന്റെ അർത്ഥം എന്താണ്?’ ഒരു വേദപാഠക്ലാസിൽവച്ച് ഒരു കുട്ടി എന്നോട് ഈ ചോദ്യം ഉന്നയിച്ചു. അന്ന് അറിവിന്റെ തലത്തിൽനിന്നും എന്തൊക്കെയോ പറഞ്ഞ് അവനെ സംതൃപ്തനാക്കാൻ ശ്രമിച്ചെങ്കിലും ഈ ചോദ്യത്തിനുള്ള ഉത്തരം പലപ്പോഴും വ്യക്തിപരമായ പ്രാർത്ഥനയിൽ ഞാൻ ഈശോയോട് ചോദിച്ചിട്ടുണ്ട്.

ഒരു വാഹനാപകടത്തിലൂടെ ഈ ചോദ്യത്തിനുത്തരമാകുന്ന ചില ബോധ്യങ്ങളിലേക്ക് ഞാൻ എത്തി. ഡ്രൈവ് ചെയ്ത് ഒരു സ്ഥലത്തേക്ക് പോവുകയായിരുന്നു. വാഹനത്തിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ മുൻപിലത്തെ സീറ്റിൽ ഈശോയെ ക്ഷണിച്ചിരുത്തി, ഈശോയോട് സംസാരിച്ചും സ്തുതിച്ചും ആയിരുന്നു യാത്ര. പെട്ടെന്ന് റോങ്ങ് സൈഡിൽനിന്നും യാതൊരു മുന്നറിയിപ്പും ഇല്ലാതെ വന്ന മറ്റൊരു വാഹനം എന്റെ വാഹനത്തിന് സാരമായ പരിക്കേൽപിച്ചു.
ഒരു വാഹനാപകടത്തിന്റെ നൂലാമാലകളെല്ലാം സെറ്റിൽ ചെയ്ത് ഒരു വശത്ത് പോറലുകളുള്ള, ചളുങ്ങിയ വാഹനവുമായി യാത്ര തുടർന്നപ്പോൾ, ഞാൻ ഈശോയോട് ചോദിച്ചു: ”കർത്താവേ, നീ കൂടെ ഉണ്ടായിട്ടും നീ ഇരുന്ന സൈഡിനുതന്നെയാണല്ലോ ഇടി കിട്ടിയത്? എന്തുകൊണ്ടാ ഈശോയേ നീ അപകടം തടയാഞ്ഞത്?”

പതിയെ പതിയെ ഈശോ ചില ബോധ്യങ്ങളിലേക്ക് എന്നെ നയിക്കുകയായിരുന്നു. അന്ന് ആ അപകടം ഉണ്ടാവും എന്ന് ഈശോയ്ക്ക് തന്റെ അനന്തജ്ഞാനത്തിൽ ഉറപ്പായും അറിയാമായിരുന്നു. അതിനാൽ ആ അപകടം ഒഴിവാക്കാനായി ഞാൻ വാഹനം സ്റ്റാർട്ട് ചെയ്തപ്പോൾ അത് സ്റ്റാർട്ട് ആകാതിരിക്കാമായിരുന്നു. അതായത് ഞാൻ വാഹനവുമായി പുറത്തിറങ്ങിയാൽ അപകടം ഉണ്ടാകും എന്നതിനാൽ വാഹനം സ്റ്റാർട്ട് ആകാൻ ദൈവം അനുവദിക്കുന്നില്ല. ആ ഒരു സാധ്യതയെ ലോകത്തിലെ എല്ലാ കാര്യങ്ങളിലും ദൈവം ഇടപെടുന്ന ഒരു തത്വമാക്കി മാറ്റുകയാണെങ്കിൽ അത് ഇപ്രകാരമായിരിക്കും. എവിടെയൊക്കെ തിന്മ സംഭവിക്കാൻ സാധ്യതയുണ്ടോ അവിടെയൊക്കെ ദൈവം ഒരു തടസ്സം/ബ്ലോക്ക് ഇടും. അങ്ങനെയാണെങ്കിൽ നാളെ രാവിലെ ഞാൻ കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ നോക്കുമ്പോൾ എനിക്ക് സാധിക്കില്ലായിരിക്കും. കാരണം ദിവസത്തിന്റെ ഏതോ ഒരു യാമത്തിൽ ഞാൻ ചെയ്‌തേക്കാവുന്ന ഒരു തിന്മ ദൈവം മുൻകൂട്ടി കണ്ടു, അതിന് ദൈവം ഒരു തടസം വച്ചു. ഇപ്രകാരം പല പ്രവർത്തനങ്ങളും പാതിവഴിയിൽ മരവിപ്പിക്കപ്പെടും.

ആ ഒരു സ്ഥിതി വന്നാൽ ജീവിതം താളം തെറ്റും. പലർക്കും രാവിലെ എഴുന്നേൽക്കാൻ സാധിക്കില്ല. പലരും വഴിയിൽവച്ച് നിന്നുപോകും. എല്ലാത്തിനുംമുമ്പിൽ ഒരു തടസം! എന്നാൽ, ദൈവം മനുഷ്യന് നല്കിയ ഏറ്റവും വലിയ ദാനമാണ് ഇച്ഛാശക്തി. നിയമാവർത്തനം 30:19 ‘ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാൻ മുൻപിൽ വച്ചിരിക്കുന്നു.’ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യരായ നമുക്ക് നല്കി.
എല്ലാം ദൈവം തിരഞ്ഞെടുത്തു നല്കിയിരുന്നുവെങ്കിൽ നാം ഒരു പ്രോഗ്രാം ചെയ്തുവച്ചിരിക്കുന്ന സോഫ്റ്റ്‌വെയർ ആയേനെ. മത്തായി 7:13-14-ൽ ഈശോ പറയുകയാണ്, നിന്റെ മുമ്പിൽ ജീവനിലേക്ക് നയിക്കുന്ന ഇടുങ്ങിയ വഴിയും വിനാശത്തിലേക്ക് നയിക്കുന്ന വിസ്തൃതമായ വഴിയും ഉണ്ട്. എന്നിട്ട് ഒരു അപ്പന്റെ വാത്സല്യത്തോടെ ഈശോ പറയുകയാണ്, മക്കളേ, ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്ത് ജീവനിലേക്ക് പ്രവേശിക്കുക. ഇതാ വീണ്ടും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം നമുക്ക് നല്കുന്നു.

ദൈവം നമുക്ക് നല്കിയിരിക്കുന്ന സ്വാതന്ത്ര്യത്തെ എത്രമാത്രം ദുരുപയോഗിക്കാം എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് യൂദാസ്. ഒരു രാത്രി മുഴുവൻ പ്രാർത്ഥനയിൽ ചെലവഴിച്ചതിനുശേഷം യേശു തനിക്ക് ഇഷ്ടമുള്ളവരെ ശിഷ്യരായി തിരഞ്ഞെടുത്തുവെന്ന് സുവിശേഷം പഠിപ്പിക്കുന്നു (മർക്കോസ് 3:15). ആരായിരുന്നു ഈശോയ്ക്ക് ഇഷ്ടമുള്ള ശിഷ്യർ? അധികാരപ്രിയനും (മർക്കോസ് 10:37) ക്ഷിപ്രകോപിയും (ലൂക്കാ 9:54) കർക്കശക്കാരനുമായ (മർക്കോസ് 9:38) യോഹന്നാൻ. അമിതാവേശവും ആത്മീയ അഹങ്കാരവുമുള്ള (മത്തായി 26:33) പേടിത്തൊണ്ടനും (മത്തായി 26:74) കൊലപാതകവാസനയുള്ളവനുമായ (യോഹന്നാൻ 18:10) പത്രോസ്.

ശിഷ്യഗണത്തിലെ പ്രമുഖരായിരുന്ന പത്രോസിനോടും യോഹന്നാനോടും തുലനം ചെയ്യുമ്പോൾ യൂദാസിന്റെ പണക്കൊതിയും കള്ളത്തരങ്ങളും (യോഹന്നാൻ 12:6) വളരെ നിസാരമായിരുന്നിരിക്കണം. ഈശോയുടെ ശിഷ്യന്മാർക്ക് അന്നും ഇന്നും കുറവുകൾ ഉണ്ട്. കുറവുകളെ ദൈവമഹത്വം വെളിപ്പെടുത്താവുന്ന സാധ്യതകളാക്കി മാറ്റാനും ദൈവദൂഷണത്തിനു കാരണമാക്കി മാറ്റാനുമുള്ള സ്വാതന്ത്ര്യം അന്നും ഇന്നും ക്രിസ്തുശിഷ്യന്റെ മുൻപിൽ ഉണ്ട്. യേശു യൂദാസിനെ ശിഷ്യനായി തിരഞ്ഞെടുത്തപ്പോൾ അവൻ ഒറ്റുകാരൻ യൂദാസല്ലായിരുന്നു. യേശു പത്രോസിനെ തിരഞ്ഞെടുത്തപ്പോൾ പത്രോസ് മാർപ്പാപ്പ വിശുദ്ധ പത്രോസും ആയിരുന്നില്ല. യൂദാസും പത്രോസും തിരഞ്ഞെടുത്ത വഴികളാണ് അവരെ ഇന്ന് അവരായിരിക്കുന്ന അവസ്ഥകളിലേക്ക് നയിച്ചത്.

ശിഷ്യനാകാൻ തന്നെ വിളിച്ച ഗുരുവിനെക്കാൾ ഉപരിയായി ഗുരു ഏല്പിച്ചുകൊടുത്ത ദൗത്യത്തെ, പണസഞ്ചിയെ യൂദാസ് സ്‌നേഹിച്ചു തുടങ്ങിയപ്പോൾ അവൻ അന്ധകാരത്തിലേക്കുള്ള യാത്ര തുടങ്ങുകയായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ അടിമത്വത്തിൽനിന്നും ഇസ്രായേലിന് മോചനം നേടിക്കൊടുക്കാവുന്ന ഒരു വിപ്ലവനേതാവായി യേശുവിനെ മാറ്റണം എന്ന വ്യാമോഹം യൂദാസിന് ഉണ്ടായിരുന്നിരിക്കാം. സ്വന്തം അജണ്ടയിലേക്ക്, സ്വന്തം സ്വാർത്ഥ താല്പര്യങ്ങളിലേക്ക് യേശുവിനെ വലിച്ചിഴക്കാൻ യൂദാസ് നടത്തിയ ശ്രമം അവനെ ഒരു ഒറ്റുകാരനാക്കി. യൂദാസിന്റെ വീഴ്ച മുൻകൂട്ടി കണ്ട് ഈശോ മൂന്നുതവണ അവന് മുന്നറിയിപ്പ് നല്കി. സുഭാഷിതങ്ങൾ 29:1 ”കൂടെക്കൂടെ ഗുണദോഷിക്കപ്പെട്ടിട്ടും മർക്കടമുഷ്ടി പിടിക്കുന്നവൻ രക്ഷപ്പെടാനാവാത്ത തകർച്ചയിൽ പെട്ടെന്ന് പതിക്കും.”
യൂദാസിന്റെ ഏറ്റവും വലിയ പാപം അവന്റെ ധനമോഹമോ ഒറ്റിക്കൊടുക്കലോ ആയിരുന്നില്ല. അത് അവൻ പശ്ചാത്തപിച്ചില്ല എന്നതാണ്. തിരിച്ചുവന്നാൽ കൈ നീട്ടി ആലിംഗനം ചെയ്യാൻ കാത്തിരുന്ന ദൈവത്തിന്റെ സ്‌നേഹം തിരിച്ചറിയാനാകാതെ അവൻ സ്വയം നശിച്ചു. ഈശോ ‘അവൻ ജനിക്കാതിരുന്നെങ്കിൽ’ എന്നു പറഞ്ഞ് വിലപിച്ചത് അവൻ അനുതപിക്കാതെ നാശം സ്വയം തിരഞ്ഞെടുത്തതിലാണ്.

ഈശോയുടെ ക്ഷമിക്കുന്ന സ്‌നേഹം ഹൃദയത്തിൽ സ്വീകരിച്ച് പത്രോസിനെപ്പോലെ തിരിച്ചുവന്ന് വിശുദ്ധിയിലേക്ക് നമുക്ക് വളരാം. ”നാം പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, അവൻ വിശ്വസ്തനും നീതിമാനുമാകയാൽ, പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതികളിലുംനിന്ന് നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും” (1 യോഹന്നാൻ 1:9).

ഫാ. ജോൺ മസിയാസ് ഓത്തിക്കൽ ഒ.പി.

Leave a Reply

Your email address will not be published. Required fields are marked *