വിശുദ്ധ ഫ്രാൻസിസ് സാലസിനെ സൗഖ്യപ്പെടുത്തിയ അത്ഭുതപ്രാർത്ഥന

വിശുദ്ധ ഫ്രാൻസിസ് സാലസ് അന്ന് പതിനേഴ് വയസുള്ള ഒരു വിദ്യാർത്ഥിയായിരുന്നു. പാരീസിൽ പഠിച്ചുകൊണ്ടിരുന്ന ആ നാളുകളിൽ അദ്ദേഹത്തിന് വലിയൊരു ആത്മീയ വരൾച്ച അനുഭവപ്പെട്ടു. തന്റെ കുറവുകളോർത്ത് അദ്ദേഹം നിരാശപ്പെട്ടു. ജീവിതം നശിച്ചു എന്നൊരു തോന്നൽ. ക്രമേണ ഉറക്കം നഷ്ടപ്പെട്ടു. വിശപ്പില്ലാതായി. കാണുന്നവരെല്ലാം സഹതപിക്കത്തക്കവിധം വിഷാദഗ്രസ്തനായി അദ്ദേഹം അലഞ്ഞു തിരിഞ്ഞു. ഒരു സായാഹ്നത്തിൽ അദ്ദേഹം പട്ടണത്തിലെ ഒരു ദേവാലയത്തിലേക്ക് കയറിച്ചെന്നു. അവിടെ ‘എത്രയും ദയയുള്ള മാതാവേ’ എന്ന പ്രാർത്ഥന പ്രിന്റ് ചെയ്തിരിക്കുന്ന കാർഡ് കണ്ടു. അദ്ദേഹം അതെടുത്തുകൊണ്ട് അൾത്താരയുടെ മുന്നിൽ മുട്ടുകുത്തിനിന്നു. തന്റെ നിസഹായതയുടെയും നിരാശയുടെയും ആഴത്തിൽനിന്ന് അദ്ദേഹം മാതാവിനെ വിളിച്ചു പ്രാർത്ഥിച്ചു. എത്രയും ദയയുള്ള മാതാവേ… ആ നിമിഷങ്ങളിൽത്തന്നെ ഫ്രാൻസിസ് സാലസിന്റെ വിഷാദം വിട്ടുപോയി. മനസ് സന്തോഷവും സമാധാനവുംകൊണ്ട് നിറഞ്ഞു. നഷ്ടപ്പെട്ട ഉറക്കം വീണ്ടുകിട്ടി. തന്റെ ശേഷിച്ച ജീവിതം മുഴുവനും പുസ്തകങ്ങളെഴുതിയും പ്രസംഗിച്ചും തന്റെ മരിയഭക്തിയെ അദ്ദേഹം സാക്ഷ്യപ്പെടുത്തി.

ഈ പ്രാർത്ഥനയുടെ അത്ഭുതശക്തിയുടെ മറ്റൊരു ഉദാഹരണം അൽഫോൺസ് റാറ്റിസ്‌ബോൺ ആണ്. പാരീസിൽ ജനിച്ചുവളർന്ന ഒരു യഹൂദനായിരുന്നു അദ്ദേഹം. ഉല്ലാസത്തിനുവേണ്ടിയാണ് അന്ന് അയാൾ റോമിലെത്തിയത്. യഹൂദനായിരുന്നുവെങ്കിലും മതവിശ്വാസം ഒട്ടുമില്ലാതിരുന്ന അൽഫോൺസ് റോമിലൂടെ അലയുന്നതിനിടയിൽ ഒരു സുഹൃത്തുമൊന്നിച്ച് ‘സാൻ ആൻഡ്രിയാ ഡെല്ലെഫ്രാറൊ’ ദേവാലയത്തിലെത്തി. അവിടെ ഉണ്ടായിരുന്ന ‘എത്രയും ദയയുള്ള മാതാവേ’ എന്ന പ്രാർത്ഥനാകാർഡ് കാണിച്ചുകൊണ്ട് സുഹൃത്ത് ചോദിച്ചു ”ഇതു പ്രാർത്ഥിക്കുവാൻ ധൈര്യമുണ്ടോ?”

അൽഫോൺസ് കാർഡ് വാങ്ങി തമാശരൂപത്തിൽ പ്രാർത്ഥിക്കുവാൻ തുടങ്ങി. പക്ഷേ ജപത്തിന്റെ അവസാനമായപ്പോഴേക്കും ഹൃദയത്തിൽ മാറ്റം. എന്തോ ഒന്ന് ഉള്ളിൽ സംഭവിച്ചതുപോലെ. പെട്ടെന്ന് മാതാവിന്റെ ഒരു ദർശനം അൽഫോൺസിനുണ്ടായി. അത് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. നിരീശ്വരനും യഹൂദനുമായിരുന്ന അദ്ദേഹം കത്തോലിക്കാവിശ്വാസം സ്വീകരിക്കുകയും പിന്നീട് ഈശോസഭയിൽ ചേർന്ന് വൈദികനാകുകയും ചെയ്തു. കുറെക്കാലത്തിനുശേഷം യഹൂദസമൂഹത്തിന്റെ ഇടയിലെ പ്രേഷിതപ്രവർത്തനത്തിനായി രണ്ട് സന്യാസസമൂഹങ്ങൾ അദ്ദേഹം സ്ഥാപിച്ചു – ഒന്ന് പുരുഷന്മാർക്കും മറ്റൊന്ന് സ്ത്രീകൾക്കുംവേണ്ടി. ‘കോൺഗ്രിഗേഷൻ ഓഫ് ഔവർ ലേഡി ഓഫ് സയൺ.’ ജറുസലേമിലെ ഐൻ കരീം പട്ടണത്തിൽ അദ്ദേഹം സ്ഥാപിച്ച റാറ്റിസ്‌ബോൺ ആശ്രമത്തിലാണ് ഫാ. അൽഫോൺസിന്റെ കബറിടം സ്ഥിതി ചെയ്യുന്നത്.

ക്ലെയർവോക്‌സിലെ വിശുദ്ധ ബർണാഡാണ് ഈ പ്രാർത്ഥനയുടെ രചയിതാവ് എന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാൽ ആധുനിക പണ്ഡിതരുടെ അഭിപ്രായം മറ്റൊന്നാണ്. എട്ടാം നൂറ്റാണ്ടുമുതൽ പൗരസ്ത്യ സഭകളിൽ ഉപയോഗിച്ചിരുന്ന ദീർഘമായ ഒരു മരിയൻ പ്രാർത്ഥനയുടെ സംക്ഷിപ്തരൂപമാണ് ഇതെന്ന് അവർ ഉറപ്പിച്ചു പറയുന്നു. പതിനൊന്നാം നൂറ്റാണ്ടിലാണ് ഇതിന്റെ ലാറ്റിൻ തർജമ ഉണ്ടായത്. 1641-ൽ അന്തരിച്ച ക്ലൗഡ് ബർണാഡ് എന്ന ഫ്രഞ്ചുപുരോഹിതനാണത്രേ ഈ പ്രാർത്ഥന ജനകീയമാക്കിയത്.

ജൂലിയാന തെരേസ്

Leave a Reply

Your email address will not be published. Required fields are marked *