ഏകാന്തതയെ അതിജീവിക്കുവാൻ…

ഒറ്റപ്പെടലും ഏകാന്തതയും ഈ കാലഘട്ടത്തിലെ മനുഷ്യന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. മനുഷ്യൻ ഏകനായിരിക്കുന്നത് നല്ലതല്ല എന്ന് ദൈവംതന്നെ കണ്ടതാണ്. അതിനാൽ അവന്റെ ജീവിതത്തെ പകുത്ത് നല്കുവാൻ അവിടുന്ന് ഒരു പങ്കാളിയെ നല്കി. എങ്കിലും ഇന്ന് ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവർ കടുത്ത ഏകാന്തത നേരിടുന്നുണ്ട്.

പല കാരണങ്ങൾകൊണ്ട് ഏകാന്തത ഉണ്ടാകാം. സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് ചില പ്രത്യേക സാഹചര്യങ്ങൾമൂലം ഒറ്റപ്പെട്ട് ജീവിക്കേണ്ടി വന്നവരുണ്ട്. കപ്പലപകടത്തിൽപ്പെട്ട് കൂടെയുള്ള എല്ലാവരും മരിച്ചുപോയി. എന്നാൽ ജീവൻ ശേഷിച്ച റോബിൻസൺ ക്രൂസോ ഒരു വിജനമായ ദ്വീപിൽ എത്തിച്ചേർന്നതും അടിച്ചേൽപിക്കപ്പെട്ട ആ ഏകാന്തവാസത്തെ അദ്ദേഹം തികച്ചും സർഗാത്മകമായി കൈകാര്യം ചെയ്തതുമായ കഥ നമുക്ക് സുപരിചിതമാണല്ലോ.
എന്നാൽ ഇന്ന് മനുഷ്യരിൽ, ഭൂരിഭാഗവും അനുഭവിക്കുന്ന ഏകാന്തത വ്യത്യസ്തമായ ഒന്നത്രേ. ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന ഒരു അവസ്ഥ. എല്ലാവരുമുണ്ടെങ്കിലും ‘എനിക്ക് ആരുമില്ല’ എന്ന് ചിന്തിക്കുന്നവരുടെ എണ്ണം ഇന്ന് വർധിച്ചുവരികയാണ്.
കടുത്ത ജീവിതപ്രതിസന്ധികൾക്കിടയിലാണ് ഇത്തരത്തിലുള്ള ഏകാന്തത സംജാതമാകുന്നത്. സഹായിക്കുവാൻ ആളുകളുണ്ടെങ്കിലും അവരുടെ സഹായം കാര്യമാത്ര പ്രസക്തമാകുന്നില്ല. ഇവിടെ ‘ഞാൻ തനിച്ചാണ്’ എന്ന ചിന്ത ആ മനുഷ്യന്റെ മനസിനെ ദുർബലമാക്കുന്നു. അയാളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഒരു വിഷാദത്തിലേക്ക് അയാൾ വഴുതിവീഴുകയും ചെയ്യുന്നു.

എന്നാൽ ഈ ഏകാന്തതയുടെ അനുഭവങ്ങളെ തികച്ചും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്നവരുണ്ട്. പാത്‌മോസ് ദ്വീപിലേക്ക് നാടുകടത്തപ്പെട്ട വിശുദ്ധ യോഹന്നാൻ അവരിലൊരാളാണ്. ഒരു ദ്വീപിൽ ഒരാൾ ഒറ്റയ്ക്ക് കഴിയേണ്ടിവരിക. അതും ഒരു ദിവസമല്ല, അനേക നാളുകൾ. സംസാരിക്കുവാൻ ആരുമില്ല, ഹൃദയനൊമ്പരങ്ങൾ പങ്കുവയ്ക്കുവാൻ ഒരു മനുഷ്യജീവിയുമില്ല. ഏത് മനുഷ്യന്റെയും സമനില തെറ്റുന്ന സാഹചര്യം. പക്ഷേ യോഹന്നാൻ തകർന്നുപോയില്ല, തളർന്നുപോയില്ല. നേരെ മറിച്ച് അദ്ദേഹത്തിന്റെ മനസ് പുതുവെളിച്ചത്താൽ നിറഞ്ഞു. പുതിയ ദർശനങ്ങൾ അദ്ദേഹം സ്വീകരിച്ചു.
മാത്രവുമല്ല ലോകമെമ്പാടുമുള്ള മനുഷ്യരെ പ്രത്യാശയിലേക്ക് നയിക്കുന്ന ഒരു ഗ്രന്ഥം അതിലൂടെ രൂപപ്പെട്ടു: വെളിപാടിന്റെ പുസ്തകം. ഡൊമീഷ്യൻ ചക്രവർത്തിയുടെ കാലത്തുണ്ടായ ക്രൂരമായ മതമർദനത്തിൽ ധീരതയോടെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുവാൻ ഏഷ്യാ മൈനറിലെ ഏഴു സഭകളെ ഉദ്ദേശിച്ച് എഴുതപ്പെട്ട പുസ്തകമാണിത്. എങ്കിലും കാലാകാലങ്ങളിൽ ക്രിസ്തുവിനെപ്രതി പീഡനം ഏല്‌ക്കേണ്ടിവരുന്ന എല്ലാ വിശ്വാസികൾക്കും നോക്കിക്കാണാവുന്ന ഒരു പ്രകാശഗോപുരമായി വെളിപാടിന്റെ പുസ്തകം ഇന്നും നിലകൊള്ളുന്നു. ആയിരുന്നവനും ആയിരിക്കുന്നവനും വരുവാനിരിക്കുന്നവനുമായ ദൈവത്തിന്റെ കുഞ്ഞാടിന്റേതും അവിടുത്തോട് ചേർന്ന് നില്ക്കുന്നവരുടേതുമാണ് അവസാനവിജയം എന്നും അതിനാൽ ഈ ലോകത്തിലെ താല്ക്കാലിക പീഡനങ്ങളിൽ പതറിപ്പോകേണ്ടതില്ല എന്നും ഈ പുസ്തകം വിശ്വാസികളെ ഓർമിപ്പിക്കുന്നു. അതിനാൽ സദ്ഫലങ്ങൾ കായ്ക്കുന്ന ഒരു മഹാവൃക്ഷമാണ് ഏകാന്തത എന്ന് തിരിച്ചറിയുക.

ഏകാന്തതയുടെ നാളുകളെ ദൈവധ്യാനത്തിന്റെ നാളുകളായി മാറ്റി യോഹന്നാൻ. ദൈവം എപ്പോഴും അങ്ങനെയാണ് പ്രവർത്തിക്കുന്നത്. തന്നിലേക്ക് മനുഷ്യന്റെ ശ്രദ്ധ ആകർഷിക്കുവാൻ അവിടുന്ന് അവനെ മരുഭൂമിയുടെ ഏകാന്തതയിലേക്കും ശൂന്യതയിലേക്കും നയിക്കുന്നു. ഹോസിയായുടെ ഗ്രന്ഥത്തിൽ അവിടുന്ന് ഇപ്രകാരം പറയുന്നുണ്ടല്ലോ: ”ഞാൻ അവളെ വശീകരിച്ച് വിജനപ്രദേശത്തേക്ക് കൊണ്ടുവരും. അവളോട് ഞാൻ ഹൃദ്യമായി സംസാരിക്കും” (ഹോസിയാ 2:14). പാത്‌മോസ് ദ്വീപിന്റെ വിജനതയിൽ യോഹന്നാൻ ക്രിസ്തുവിലേക്ക് മുഖമുയർത്തി. അവിടുത്തെ പ്രകാശമാനമായ മുഖം യോഹന്നാന്റെ മനസിൽ ഒരു കുളിർമഴയായി പെയ്തിറങ്ങി.

തിരക്കുപിടിച്ച നമ്മുടെ ജീവിതയാത്രയിൽ നമുക്കും ഒരു പാത്‌മോസ് ദ്വീപ് കണ്ടെത്തണം. ദൈവം അവിടെവച്ച് നമ്മെ നിശ്ചയമായും കാണും. അവിടുത്തെ മുഖത്തിന്റെ ജ്വലിക്കുന്ന കിരണങ്ങൾ നമ്മുടെ മനസിന്റെ അസ്വസ്ഥതകളിലേക്ക്, ഭയപ്പാടുകളിലേക്ക് അരിച്ചിറങ്ങുവാൻ അനുവദിക്കു. ദൈവവും ഞാനും മാത്രമായിരിക്കുന്ന വ്യക്തിപരമായ പ്രാർത്ഥനയുടെ ഒരു തുരുത്തായിരിക്കാം അത്.

പാത്‌മോസ് ദ്വീപിൽവച്ച് യേശുക്രിസ്തു യോഹന്നാന് ദർശനം നല്കുക മാത്രമല്ല ജീവനുള്ള തന്റെ വചനങ്ങളാൽ അദ്ദേഹത്തെ ബലപ്പെടുത്തുകയും ചെയ്തു. അവിടുന്ന് അരുളിച്ചെയ്തു: ‘ഭയപ്പെടേണ്ട.’ മനുഷ്യന്റെ അടിസ്ഥാനപരമായ ഒരു പ്രബലനിഷേധ വികാരമത്രേ ഭയം. അത് അവനെ നിരുന്മേഷനും നിഷ്‌ക്രിയനുമാക്കും. എന്നാൽ യേശുവിന്റെ സാന്നിധ്യവും വാക്കുകളുമാണ് ഒരു വ്യക്തിക്ക് തന്റെ കർമമണ്ഡലത്തിൽ കുതിച്ചുപായുവാനുള്ള ഊർജവും കരുത്തും നല്കുന്നത്. അതിനാൽ ഏകാന്തതയുടെ പാത്‌മോസ് ദ്വീപിൽ എത്താത്ത ഒരു വ്യക്തിക്ക് ഒരു കാലത്തും ഫലപ്രദമായി യേശുവിന് സാക്ഷ്യം വഹിക്കുവാൻ കഴിയുകയില്ല.
അവിടുന്ന് തുടർന്നു: ”ഞാനാണ് ആദിയും അന്തവും, ജീവിക്കുന്നവനും. ഞാൻ മരിച്ചവനായിരുന്നു. എന്നാൽ, ഇതാ, ഞാൻ എന്നേക്കും ജീവിക്കുന്നു. മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകൾ എന്റെ കൈയിലുണ്ട്” (വെളിപാട് 1:17-18). യേശു സർവ്വാധിപതിയാണ്, സർവ്വാധികാരിയാണ്. എല്ലാം അവിടുത്തെ കാൽക്കീഴിലാണ്.

നരകത്തിലേക്ക് ഒരുവനെ വലിച്ചിഴക്കുവാൻ പോരുന്ന പ്രലോഭനത്തിന്റെ ഭീകരരൂപങ്ങൾ നൃത്തമാടുമ്പോൾ, മരണത്തിന്റെയും രോഗത്തിന്റെയും ഭയത്തിന്റെയും താഴ്‌വരയിലൂടെ നടക്കുവാൻ ഇടയാകുമ്പോൾ അവിടുത്തെ വചനം നമുക്ക് സൗഖ്യവും ശക്തിയും പ്രത്യാശയും നല്കും. മരുഭൂമിയിൽ തളർന്നിരുന്ന ഏലിയാ പ്രവാചകനെ ശക്തിപ്പെടുത്തിയ കർത്താവ് ഇന്നും ജീവിക്കുന്നു. അതിനാൽ ഏകാന്തതയുടെ നിമിഷങ്ങളെ സ്വർഗീയ നിമിഷങ്ങളായി മാറ്റുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം:

ഏകാന്തതയിലും ശൂന്യതയിലും മരുഭൂമിയിലും സ്വയം വെളിപ്പെടുത്തുന്ന കർത്താവേ, അങ്ങേക്കുവേണ്ടി കാത്തിരിക്കുവാൻ എന്നെ പഠിപ്പിക്കണമേ. അങ്ങയെ കാണുവാൻ എന്റെ കണ്ണുകളെയും അങ്ങയെ ശ്രവിക്കുവാൻ എന്റെ കാതുകളെയും തുറന്നുതന്നാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ശൂന്യതയുടെ നിമിഷങ്ങളെ ക്രിയാത്മക നിമിഷങ്ങളാക്കി മാറ്റുവാൻ സർവശക്തനായ കർത്താവിനോട് എനിക്കായി പ്രാർത്ഥിക്കണമേ. ആമ്മേൻ.

കെ.ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *