വാക്കുകൾ മധുരമാകാൻ

നാലുപേർ ചേർന്ന് മൗനവ്രതം എടുക്കാൻ തീരുമാനിച്ചു. പെട്ടെന്നാണ് ഒന്നാമൻ ഓർത്തത് വിളക്കണയ്ക്കാൻ മറന്നുപോയെന്ന്. അതയാൾ വിളിച്ചു പറഞ്ഞപ്പോൾ രണ്ടാമൻ: ‘മറന്നുപോയാലും നീ അതു വിളിച്ചു പറയാമോ? നാം മൗനവ്രതത്തിലല്ലേ?’ ഇതുകേട്ട മൂന്നാമൻ: ‘അവനതു വിളിച്ചു പറഞ്ഞപ്പോഴും നീ മൗനം പാലിക്കേണ്ടിയിരുന്നില്ലേ.’ ‘നിങ്ങളെല്ലാം മൗനവ്രതം തെറ്റിച്ചെന്ന്’ അപ്പോൾ നാലാമനും.
സങ്കീർത്തകൻ പ്രാർത്ഥിച്ചു: ”കർത്താവേ, എന്റെ നാവിന് കടിഞ്ഞാൺ ഇടണമേ. എന്റെ അധരകവാടത്തിന് കാവൽ ഏർപ്പെടുത്തണമേ” (141:3). ശബ്ദങ്ങളുടെ കോലാഹലങ്ങൾക്കിടയിൽ മൗനത്തിന്റെ ശക്തി അപാരമാണെന്നറിഞ്ഞാൽ അതിഭാഷണം ഒഴിവാക്കാനാകും. മാത്രമല്ല, ആന്തരികശൂന്യതയുടെ അടയാളമാണ് അതിഭാഷണം. അതു നിയന്ത്രിച്ചാൽ ദൈവശക്തി നമ്മിൽ നിലനില്ക്കും. നാവിനെക്കുറിച്ച് അഞ്ച് പ്രധാനകാര്യങ്ങൾ പറഞ്ഞുതരുന്ന യാക്കോബുശ്ലീഹ(3:1-12)യോടു ചേർന്ന് അത് ധ്യാനിക്കുന്നത് നല്ലതാണ്.

കടിഞ്ഞാൺ വേണം
കുതിരയെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ലോഹംകൊണ്ടുള്ള ഉപകരണമാണ് കടിഞ്ഞാൺ. നാവിന്റെ അടിഭാഗത്താണ് ഇത് ഇടുന്നത്. ആവേശത്തിൽ കുതിച്ചു ചാടുമ്പോഴും മന്ദതയിൽ മുങ്ങിപ്പോകുമ്പോഴും കടിഞ്ഞാൺ ഉപയോഗിക്കും. അതമർത്തുമ്പോൾ നാവ് മാത്രമല്ല, ശരീരം മുഴുവൻ വേദനിക്കും. അങ്ങനെ ശരീരം മുഴുവൻ നിയന്ത്രണത്തിന് വിധേയമാകുന്നു.

ചുക്കാൻ ഇടണം
വൻകപ്പലുകളെപ്പോലും നിയന്ത്രിക്കുന്നത് ചുക്കാനാണ്. ഗതി തിരിച്ചുവിടാനും വേഗത നിയന്ത്രിക്കാനുമെല്ലാം ചുക്കാൻ പ്രയോഗിക്കും. അതിന്റെ പിടിവിട്ടാൽ നൗകയുടെ ഗതി മാറും. ഏറ്റം ശക്തമായ കപ്പലുപോലും പെട്ടെന്ന് തകർന്നടിയും, അപകടത്തിൽപെടും. നാവിന് ചുക്കാനിടാത്തവരും ഇതുപോലെതന്നെ. ഫലമോ? അനിയന്ത്രിതമായ കുത്തൊഴുക്കിൽ ജീവിതത്തിന്റെ ഗതി മാറും. വളരെ ശക്തരായി കരുതപ്പെടുന്നവർപോലും പറയുന്ന ചില ഒറ്റപ്പെട്ട വാക്കുകളാണ് അവരെ തിരസ്‌കൃതരാക്കുന്നത്.
എല്ലാ ചോദ്യങ്ങളും മറുപടി അർഹിക്കുന്നില്ല. ആരോപണങ്ങളിൽ കോപിക്കേണ്ടതുമില്ല. പീലാത്തോസിന്റെ മുമ്പിൽ നിന്ന യേശുവിനെ പ്പോലെ. ആരോപണങ്ങൾ ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കേണ്ടതാണ്. ശേഷം വചനം പറയുന്നു: അവന്റെ നിശബ്ദത ദേശത്തിന്റെ അധിപതിയെ നടുക്കി (മത്തായി 27:14). ശബ്ദത്തിന് ചെയ്യാനാവാത്തത് നിശബ്ദതക്ക് കൈമാറാനാകും. നമ്മുടെ നിഷ്‌കളങ്കത തെളിയിക്കാൻ കാര്യം പറയാം, അതിഭാഷണം വേണ്ട. ചുക്കാൻ പിടിക്കുക. നിശബ്ദതയ്ക്ക് ചിലപ്പോൾ ശബ്ദത്തെക്കാൾ ശബ്ദമുണ്ട്! വാഗ്വാദത്തിനിടയിൽ നിന്റെ പരിശുദ്ധിയുടെ നൗക തകർന്നുപോകരുത്.

‘തീ’വചനം
ഏതാനും വർഷങ്ങൾക്കുമുമ്പാണ് കാനഡയിലെ വടക്കൻഭാഗത്തുള്ള ഫോർട്ട് മാക്മുറേ എന്ന പ്രദേശത്ത് വലിയ തീപിടുത്തമുണ്ടായത്. പല പ്രാവശ്യം ഞാനവിടെ പോയിട്ടുണ്ട്. വാർത്ത കേട്ടപ്പോൾ അതിശയം തോന്നി. കാരണം, വളരെ തണുപ്പുള്ള സ്ഥലമാണത്. ഐസിനുമീതെ തീ പടരുന്നതെങ്ങനെ? എന്തായാലും തീയണയ്ക്കുവാൻ ആഴ്ചകൾ പലതു വേണ്ടിവന്നു. ഏറ്റം പച്ചപിടിച്ച ജീവിതങ്ങളെപ്പോലും നാവെന്ന തീ കത്തിച്ച് ചാമ്പലാക്കും. എത്രയെത്ര സ്‌നേഹിതരുടെ സൽപ്പേരാണ് നിന്റെ നാവിലെ വാക്കുമൂലം ചാരമായിത്തീർന്നത്? കുറച്ചൊക്കെ സൂക്ഷിച്ചിരുന്നെങ്കിൽ കുറെക്കൂടി സംയമനം പാലിക്കാമായിരുന്നു. ചിലരൊക്കെ തഴച്ചു വളർന്നേനെ.
സദ്‌വചനവും തീയാണ്. ആത്മാവിനെ കത്തിക്കുന്ന തീ. തണുത്തുറഞ്ഞതിനെ ചൂടാക്കുന്ന തീ. വചനത്തിന്റെ തീയിൽ സഹോദരനെ ഉണർത്തേണ്ടവനാണ് നീ. കടഞ്ഞെടുത്ത വാക്കാണ് വചനം. അഗ്നിയിൽ സ്‌നാനം ചെയ്ത വചനം ജീവൻ നല്കുന്നു. ദുർബലന്റെ പാഴ്‌വാക്കുകളോ മരണം വിതറുന്നു. ”അതിൽ ദുഷ്ടതയുടെ ഒരു ലോകംതന്നെയുണ്ട്” (യാക്കോബ് 3:6). ”ജീവനെ നശിപ്പിക്കാനും പുലർത്താനും നാവിന് കഴിയും” (സുഭാഷിതങ്ങൾ 18:21).

മെരുക്കാനാവാത്ത മൃഗം
കൂട്ടിലടച്ചിരിക്കുന്ന മൃഗമാണ് നാവ്. സൃഷ്ടിയിലേ ദൈവം അതു പ്രത്യേകം കരുതി നാവിനെ പല്ലിലും ചുണ്ടിലും പൂട്ടിയിട്ടു. പക്ഷേ അത് പൂട്ടു പൊട്ടിച്ചും പുറത്തിറങ്ങുന്നു. പക്ഷികളെയും ഇഴജന്തുക്കളെയും എന്തിനേറെ വന്യമൃഗങ്ങളെപ്പോലും മനുഷ്യൻ ഇണക്കിനിർത്തുന്നുണ്ട്. എന്നാൽ, ഈ ചെറുമൃഗത്തെ നിയന്ത്രിക്കുന്നതിൽ പാടേ പരാജയപ്പെടുന്നു. മെരുക്കിയില്ലെങ്കിൽ തന്നെത്തന്നെയും മറ്റുള്ളവരെയും നശിപ്പിക്കും. പ്രഭാഷകൻ പറയുന്നത് എത്രയോ സത്യം: ”വാക്ക് അളന്നുതൂക്കി ഉപയോഗിക്കുക, വായ്ക്ക് വാതിലും പൂട്ടും നിർമിക്കുക” (28:25).
വാൾത്തലകൊണ്ട് കുത്തിയാൽ മുറിവേൽക്കും. വന്യമൃഗങ്ങൾ ഉപദ്രവിച്ചാലും തകർന്നുവീഴും. എന്നാൽ, നാവിന്റെ പ്രഹരമേറ്റാലോ? നിങ്ങളുടെ അസ്ഥികൾ തകരും (പ്രഭാഷകൻ 28:17). ഫ്രാൻസിസ് പാപ്പ സ്ഥാനമെടുത്തശേഷം മെത്രാൻസംഘത്തോടും ആലോചനാസംഘത്തോടും ആദ്യം പറഞ്ഞത് വത്തിക്കാനിൽ പരദൂഷണം പറയരുത് എന്നത്രേ. ആദ്യംതന്നെ ഇതു പറയുന്നത് പരദൂഷണത്തിന് നിത്യനഗരത്തിന്റെ അസ്തിവാരം തകർക്കാനാകും എന്നു മനസ്സിലാക്കിയതിനാലാണ്.

അരുവി
മധുരം ഒഴുക്കേണ്ട അരുവിയാണിത്. പക്ഷേ, കയ്പും ഒഴുകുന്നുണ്ട്. പ്രശ്‌നം ഉറവയാണ്. ഉറവ മധുരമെങ്കിൽ ജലവും മധുരിക്കും. അശുദ്ധമെങ്കിൽ കയ്ക്കും. ഉറവ നന്നാകണം. ഒരേ വായിൽനിന്ന് അനുഗ്രഹവും ശാപവും ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? ഇനിയും ദൈവത്തിന്റെ നാവായി നാം തീർന്നിട്ടില്ല. വഞ്ചന നിറഞ്ഞ ജീവിതത്തിൽ കാപട്യം വെളിവാകാതിരിക്കാനുള്ള തത്രപ്പാടായിരിക്കും ജീവിതം. ഭക്തി വ്യർത്ഥമാകും, നാവിനെ നിയന്ത്രിക്കാതെപോയാൽ (യാക്കോബ് 1:26).
വാക്കിന്റെ ഉറവിടത്തെ പരിശുദ്ധാത്മാവിൽ ശുദ്ധി ചെയ്യാതെ വാക്കിനെ ശുദ്ധമാക്കുന്നതെങ്ങനെ? നല്ല അരുവികളാകണം നമുക്ക്. അതിന് ഉറവിടങ്ങളെ ശുദ്ധി ചെയ്യാം.

റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ.

Leave a Reply

Your email address will not be published. Required fields are marked *