”ഗുരോ…. സീസറിന് നികുതി കൊടുക്കുന്നത് നിയമാനുസൃതമാണോ? അവരുടെ ദുഷ്ടത മനസിലാക്കിക്കൊണ്ട് യേശു പറഞ്ഞു കപടനാട്യക്കാരേ, നിങ്ങൾ എന്നെ പരീക്ഷിക്കുന്നതെന്ത്? നികുതിക്കുള്ള നാണയം എന്നെ കാണിക്കുക. അവർ ഒരു ദെനാറ അവനെ കാണിച്ചു. യേശു ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടേതാണ്? സീസറിന്റേത് എന്ന് അവർ പറഞ്ഞു. അവൻ അരുളിചെയ്തു: സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” (മത്തായി 22:16-21).
റോമാചക്രവർത്തിയുടെ രൂപവും മുദ്രയും ഉള്ള നാണയം അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. പക്ഷേ ദൈവത്തിന് അവകാശപ്പെട്ടത് എന്താണ് എന്നറിഞ്ഞാലല്ലേ അത് ദൈവത്തിന് കൊടുക്കാൻ പറ്റൂ. സീസറിനുള്ളത് എന്താണെന്ന് മനസിലായി. പക്ഷേ എന്താണ് നമ്മുടെ ദൈവത്തിനുള്ളത്. സൃഷ്ടിയുടെ പുസ്തകത്തിൽ ഇതിനുള്ള ഉത്തരം മറഞ്ഞുകിടക്കുന്നുണ്ട്. അവിടെ ദൈവം പറയുന്നു: നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം…. അങ്ങനെ ദൈവം തന്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു (ഉല്പത്തി 1:26-27). സീസർ രൂപപ്പെടുത്തിയ നാണയത്തിൽ സീസറിന്റെ രൂപവും ലിഖിതവും ഉള്ളതുപോലെ ദൈവം സൃഷ്ടിച്ച മനുഷ്യനിൽ സ്രഷ്ടാവിന്റെ ഛായയും സാദൃശ്യവും പതിഞ്ഞിരിക്കുന്നു. നാം ദൈവത്തിന്റേതാണ് എന്നതിന്റെ അടയാളമാണ് നമ്മിലുള്ള ദൈവത്തിന്റെ ഛായ. ഇതിലൂടെ യേശുവിന്റെ വചനത്തിന്റെ അർത്ഥം കൂടുതൽ വ്യക്തമാകും. ദൈവത്തിനുള്ളത് ദൈവത്തിന് കൊടുക്കുക എന്നു പറഞ്ഞാൽ നമ്മെത്തന്നെ ദൈവത്തിന് നല്കുക എന്നാണർത്ഥം. അതുകൊണ്ടാണ് നമുക്കുള്ളതെല്ലാം കൊടുത്താലും നമ്മെത്തന്നെ ദൈവത്തിന് സമർപ്പിക്കുന്നില്ലെങ്കിൽ നമ്മുടെ സമർപ്പണം അപൂർണമായിത്തീരുന്നത്.
ക്രിസ്ത്വാനുകരണത്തിൽ തോമസ് അക്കെമ്പിസ് പറയുന്നതിപ്രകാരമാണ്. ”ഒരു മനുഷ്യൻ തന്റെ സർവ്വ സമ്പത്തും ദാനം ചെയ്താലും അത് ഒന്നുമല്ല. വലിയ പ്രായശ്ചിത്ത പ്രവൃത്തികൾ നിർവഹിച്ചാലും അത് തുലോം നിസാരമായിരിക്കും. എല്ലാവിധ അറിവുകളും സ്വായത്തമാക്കിയാലും അയാൾ പൂർണതയിൽനിന്നും അകലെയാണ്. ഉന്നതമായ പുണ്യങ്ങളും തീക്ഷ്ണമായ ഭക്തിയുമുണ്ടെങ്കിലും ആ വ്യക്തി അപ്പോഴും ഏറ്റവും അത്യാവശ്യമായ ഒന്നിന്റെ അഭാവംമൂലം കുറവുള്ളവനായിരിക്കും. എന്താണ് ഏറ്റവും പ്രധാനപ്പെട്ട ആ വസ്തുത? അത് തനിക്കുള്ളതെല്ലാം നല്കുന്നതിനുമുമ്പ് തന്നെത്തന്നെ ദൈവത്തിന് നല്കുക എന്നതാണ്.”
ദൈവത്തിന് നമ്മുടെമേലുള്ള ഉടമസ്ഥാവകാശം അംഗീകരിച്ച് നമ്മുടെ ജീവിതത്തെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുമ്പോഴേ ആന്തരിക സ്വാതന്ത്ര്യവും സമാധാനവും കണ്ടെത്താനാകൂ. നാം നമ്മുടേതല്ല, കർത്താവിന്റെ സ്വന്തമാണ്. ഈ ചിന്ത നിരന്തരം നമ്മെ ഭരിക്കട്ടെ.
ഫാ. റോബർട്ട് സേവ്യർ