ജീവിതത്തിന്റെ പുതുമ വീണ്ടെടുക്കുന്നതെങ്ങനെ?

പുതിയതെല്ലാം പഴയതാകും. പുതിയ വസ്ത്രം, പുതിയ വാഹനം, പുതിയ മൊബൈൽ എല്ലാം കുറെ കഴിയുമ്പോൾ പഴഞ്ചനാകും. അപ്പോൾ മൂന്ന് കാര്യങ്ങളാണ് സംഭവിക്കുക.

1. ആനന്ദം നഷ്ടപ്പെടും.
പുതിയ മൊബൈൽഫോൺ കൈയിൽ കിട്ടിയപ്പോൾ എന്തൊരു സന്തോഷമായിരുന്നു. എന്നാൽ ഏതാനും നാളുകൾ കഴിയുമ്പോൾ ആദ്യമുണ്ടായിരുന്ന സന്തോഷം ആ മൊബൈൽഫോണിലൂടെ നമുക്ക് ലഭിക്കാതാകും.

2. ഉപയോഗിക്കാനുള്ള ആവേശം കുറവായിത്തീരുന്നു.
പുതിയ വസ്ത്രങ്ങൾ കിട്ടുമ്പോൾ അത് ധരിക്കാനും ആളുകളുടെ മുമ്പിൽ അതു ധരിച്ച് പ്രത്യക്ഷപ്പെടാനും ഒരു പ്രത്യേക ഉത്സാഹമുണ്ട്. എന്നാൽ പഴയതായി കഴിയുമ്പോൾ അത് ധരിക്കാനുള്ള ആവേശം കുറയും. പുതിയ മൊബൈൽഫോൺ എല്ലാവരെയും കാണിക്കുന്നതിൽ സന്തോഷം. അതിന്റെ സാധ്യതകളെല്ലാം പഠിച്ച് ഉപയോഗിക്കാൻ ഉത്സാഹം. ക്രമേണ അതെല്ലാം കുറയും.

3. ജാഗ്രതയില്ലായ്മ വളരും.
ആദ്യമൊക്കെ സെൽഫോൺ പോറൽ വീഴാതെ, അഴുക്ക് പിടിക്കാതെ സൂക്ഷിച്ച് ഉപയോഗിക്കും. കുറെ കഴിയുമ്പോൾ അത് ഉപയോഗിക്കുന്നത് അശ്രദ്ധയോടെ ആയിത്തീരും. കാരണം അത് പഴയതാണ്, പോറലുമുണ്ട്, നിറം മങ്ങിപ്പോയി, മൂല്യം കുറഞ്ഞു. അതുകൊണ്ട് പഴയ ശ്രദ്ധയില്ല.

ജീവിതത്തിലും ഇതേ അവസ്ഥകൾ ഉണ്ടാകാം. പുതുമ നഷ്ടപ്പെട്ടു കഴിയുമ്പോൾ ആനന്ദവും ആവേശവും കുറയും. ജാഗ്രതയില്ലായ്മ വളരും. ജോലി കിട്ടിയപ്പോൾ ആനന്ദം, ആവേശം, ശ്രദ്ധയോടെയുള്ള പെരുമാറ്റം. വിവാഹം കഴിഞ്ഞപ്പോഴും സമർപ്പിതജീവിതത്തിന് തുടക്കം കുറിച്ചപ്പോഴും ഇതേ അനുഭവംതന്നെ. പക്ഷേ ക്രമേണ എല്ലാം പഴയതായി. അപ്പോൾ എന്തുചെയ്യും? സാധനങ്ങൾ പഴയതായാൽ ഉപേക്ഷിച്ച് പുതിയൊരെണ്ണം വാങ്ങാം. പക്ഷേ ജീവിതം ഒന്നേയുള്ളൂ. അതുപേക്ഷിച്ച് വേറൊന്ന് സ്വന്തമാക്കാൻ കഴിയില്ല. അവിടെയുള്ള ഏകമാർഗം പഴയതായിപ്പോയ ജീവിതത്തെ പുതുതാക്കി മാറ്റുക എന്നതാണ്.

പരിശുദ്ധാത്മാവ് എല്ലാം പുതുതാക്കി മാറ്റുന്ന ദൈവമാണ്. അവിടുത്തേക്ക് മാത്രമേ അതിന് കഴിയുകയുള്ളൂ. അതിനായി നാം എന്താണ് ചെയ്യേണ്ടത്? സ്‌നേഹം കുറയുന്നതോ നഷ്ടപ്പെടുന്നതോ ആണ് ജീവിതത്തിന്റെ പുതുമ നഷ്ടപ്പെടുന്നതിന്റെ യഥാർത്ഥ കാരണം. എവിടെയൊക്കെ എങ്ങനെയെല്ലാം സ്‌നേഹം കൈമോശം വന്നുവെന്ന് തിരിച്ചറിയാൻ പരിശുദ്ധാത്മാവിന്റെ പ്രകാശം കൂടിയേ തീരൂ… അതിനായി നാം പ്രാർത്ഥിക്കണം. സ്‌നേഹം നഷ്ടപ്പെടാൻ ഇടയാക്കിയ സാഹചര്യങ്ങൾ മാറ്റമില്ലാതെ തുടരുമ്പോൾ അവിടെ എങ്ങനെയാണ് വീണ്ടും സ്‌നേഹം നിറയുക. സ്‌നേഹിക്കുവാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെയും വ്യക്തികളെയും നമ്മുടെ മാനുഷിക സ്‌നേഹംകൊണ്ട് സ്‌നേഹിക്കാനാകില്ല. അവിടെ ദൈവത്തിന്റെ അതിസ്വാഭാവികസ്‌നേഹം ആവശ്യമാണ്. അതിനാൽ പരിശുദ്ധാത്മാവേ അങ്ങയുടെ സ്‌നേഹംകൊണ്ട് എന്റെ ഹൃദയം നിറയ്ക്കണമേ എന്ന് നിരന്തരം പ്രാർത്ഥിക്കണം.

ഉള്ളിൽ ദൈവസ്‌നേഹം നിറയുമ്പോൾ ആനന്ദവും ആവേശവും ജീവിതത്തിലേക്ക് തിരിച്ചുവരും. പക്ഷേ അതിനുമുമ്പായി, അനുതാപത്തിന്റെ വഴിയിലൂടെ നാം യാത്ര ചെയ്യണം. അനുതാപമില്ലാത്ത ഹൃദയമാണ് ജീവിതത്തിന്റെ പുതുമ വീണ്ടെടുക്കാനുള്ള പ്രധാന തടസം. ഹൃദയം കഠിനമാക്കിവയ്ക്കുമ്പോൾ ദൈവസ്‌നേഹത്തിന്റെ പ്രവാഹം തടയപ്പെടുന്നതിനാൽ അരൂപിക്ക് നമ്മെ നവീകരിക്കാൻ സാധ്യമാകാതെ വരും. അതുകൊണ്ട് പാപബോധത്തിനും പശ്ചാത്താപത്തിനും വേണ്ടിയുള്ള പ്രാർത്ഥനയാണ് നാം ഏറ്റവും ആദ്യം ഉയർത്തേണ്ടത്. ”അത്യുന്നതനും മഹത്വപൂർണനുമായവൻ, അനന്തതയിൽ വസിക്കുന്ന പരിശുദ്ധൻ എന്ന നാമം വഹിക്കുന്നവൻ, അരുളിച്ചെയ്യുന്നു. ഞാൻ ഉന്നതമായ വിശുദ്ധ സ്ഥലത്ത് വസിക്കുന്നു. അനുതാപികളുടെ ഹൃദയത്തെയും വിനീതരുടെ ആത്മാവിനെയും നവീകരിക്കാൻ ഞാൻ അവരോടുകൂടെ വസിക്കുന്നു” (ഏശയ്യാ 57:15). ഹൃദയവും ആത്മാവും നവീകരിക്കപ്പെടുമ്പോഴാണ് ജീവിതം പുതുതാകുന്നത്. അതു സംഭവിക്കണമെങ്കിൽ അനുതാപത്തിലേക്കും എളിമയിലേക്കും നാം കടന്നുവരണം. അതിനായി നമുക്ക് പ്രാർത്ഥിക്കാം.
പ്രാർത്ഥന
”എല്ലാം പുതുതാക്കുന്ന കർത്താവേ… എന്റെ ജീവിതത്തെയും പുതുതാക്കുവാൻ തിരുമനസാകണമേ…”

Leave a Reply

Your email address will not be published. Required fields are marked *